റെജി കുര്യന്‍

ന്യൂഡല്‍ഹി

May 25, 2021, 9:26 pm

സിബിഐ ഡയറക്ടര്‍ നിയമനം: കേന്ദ്രസര്‍ക്കാര്‍ നോമിനികളെ ചീഫ് ജസ്റ്റിസ് വെട്ടിനിരത്തി

Janayugom Online

സിബിഐ ഡയറക്ടര്‍ നിയമനത്തില്‍ കേന്ദ്ര സര്‍ക്കാരിന് തിരിച്ചടി. കാലാവധി പൂര്‍ത്തിയാക്കാന്‍ ആറുമാസത്തിലധികം സര്‍വീസ് ദൈര്‍ഘ്യമുള്ളവരെ മാത്രമേ സ്ഥാനത്തേക്ക് നിയോഗിക്കാവു എന്ന സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എന്‍ വി രമണ നിലപാടെടുത്തു. സമിതിയിലെ മറ്റൊരംഗമായ അധീര്‍ രഞ്ജന്‍ ചൗധരിയും ചീഫ് ജസ്റ്റിസിനൊപ്പം ചേര്‍ന്നതോടെ പ്രധാനമന്ത്രിയുടെ വിശ്വസ്തരെ ഒഴിവാക്കി സാധ്യതാ പട്ടികയ്ക്ക് അന്തിമ രൂപം നല്‍കി.

പ്രധാനമന്ത്രി അധ്യക്ഷനായി ലോക്‌സഭാ പ്രതിപക്ഷ നേതാവ്, സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എന്നിവരടങ്ങിയ സമിതിയാണ് സിബിഐ ഡയറക്ടറെ തീരുമാനിക്കുന്നത്. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന ഒന്നര മണിക്കൂര്‍ നീണ്ട യോഗത്തില്‍ വിരമിക്കല്‍ കാലാവധി ആറുമാസത്തില്‍ അധികമുള്ള ഉദ്യോഗസ്ഥരെയേ പരിഗണിക്കാവൂ എന്ന സുപ്രീം കോടതിയുടെ മുന്‍ ഉത്തരവു പാലിക്കണമെന്ന നിലപാടാണ് ചീഫ് ജസ്റ്റിസ് സ്വീകരിച്ചത്. ഇതോടെ മോഡിയുടെ വിശ്വസ്തരായ ബിഎസ്എഫ് മേധാവി രാകേഷ് അസ്താന, എന്‍ഐഎ മേധാവി വൈ സി മോഡി എന്നിവര്‍ അന്തിമപട്ടികയില്‍ നിന്നും പുറത്തായി.

അധിര്‍ രഞ്ജന്‍ ചൗധരിയും ചീഫ് ജസ്റ്റിസിന്റെ നിര്‍ദ്ദേശത്തെ പിന്തുണച്ചതോടെ പ്രധാനമന്ത്രിയുടെ അഭിപ്രായം ന്യൂനപക്ഷമായി ചുരുങ്ങുകയായിരുന്നു. ഇതാദ്യമായാണ് സിബിഐ ഡയറക്ടര്‍ നിയമനത്തില്‍ കോടതി ഉത്തരവു പാലിക്കപ്പെടണമെന്ന നിര്‍ദ്ദേശം ചീഫ് ജസ്റ്റിസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. അസ്താനയും വൈ സി മോഡിയും ഉള്‍പ്പെടെ നൂറിലധികം പേരുകളാണ് ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ടിരുന്നത്. മഹാരാഷ്ട്ര ഡിജിപി സുബോധ് കുമാര്‍ ജയ്‌സ്വാള്‍, സശസ്ത്ര സീമാ ബല്‍ ഡയറക്ടര്‍ ജനറല്‍ കുമാര്‍ രാജേഷ് ചന്ദ്ര, ആഭ്യന്തര മന്ത്രാലയം സ്‌പെഷ്യല്‍ സെക്രട്ടറി വി എസ് കെ കൗമുദി, യുപിഡിജി പി ഹിതേഷ് ചന്ദ്ര അവാസ്തി എന്നിവരാണ് അവസാന പട്ടികയില്‍ ഇടം നേടിയത്. സീനിയോരിറ്റി പ്രകാരം സുബോധാണ് മുന്നിലുള്ളത്. പ്രധാനമന്ത്രിയുടെ കീഴിലുള്ള കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയമാണ് നിയമനം പ്രഖ്യാപിക്കുക.

Eng­lish summary;Appointment of CBI Direc­tor: Cen­tral Gov­ern­ment nom­i­nees sacked by Chief Justice

You may also like this video;