പരീക്ഷാത്തട്ടിപ്പ് പ്രതികളെ ഒഴിവാക്കി റാങ്ക് പട്ടിക: സിവിൽ പൊലീസ് ഓഫീസർ നിയമന ശുപാർശ പത്ത് ദിവസത്തിനകം നൽകും

Web Desk
Posted on November 11, 2019, 10:30 pm

തിരുവനന്തപുരം: കേരള ആംഡ് പൊലീസ് (കെഎപി) നാലാം ബറ്റാലിയൻ റാങ്ക് ലിസ്റ്റിൽ ഉൾപ്പെട്ട പ്രതികളായ ഉദ്യോഗാർഥികളെ ഒഴിവാക്കി നാലാം ബറ്റാലിയനിലേക്കും മറ്റു ബറ്റാലിയനുകളിലേക്കും നിയമന ശുപാർശ നൽകാൻ കമ്മിഷൻ തീരുമാനിച്ചു. കേരള പൊലീസിൽ കെഎപി നാലാം ബറ്റാലിയൻ കാസർകോട് യൂണിറ്റിന്റെ പരീക്ഷയിൽ ക്രമക്കേട് നടന്നതുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായി ക്രൈംബ്രാഞ്ച് നൽകിയ ഇടക്കാല അന്വേഷണ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിലാണ് കുറ്റക്കാരെ ഒഴിവാക്കി മറ്റുള്ളവർക്ക് അടിയന്തരമായി നിയമന ശുപാർശ നൽകാൻ പിഎസ്‌സി തീരുമാനിച്ചത്.

നവംബർ 21,22 തീയതികളിൽ നിയമന ശുപാർശ മെമ്മോ ഉദ്യോഗാർഥികൾക്ക് നേരിട്ട് നൽകുവാനുളള നടപടികൾ സ്വീകരിക്കാൻ ജില്ലാ ഓഫീസർമാർക്ക് നിർദ്ദേശം നൽകാനും ഇന്നലെ ചേർന്ന പിഎസ്‌സി യോഗം തീരുമാനിച്ചു. എട്ട് ബറ്റാലിയനുകളിലായി 3000ത്തോളം ഒഴിവാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. കേസന്വേഷണത്തെ തുടർന്ന് റാങ്ക് പട്ടിക നാല് മാസമായി മരവിപ്പിച്ചിരിക്കുകയായിരുന്നു. പുരുഷ സിവിൽ പൊലീസ് ഓഫീസർമാരുടെ ഏഴ് ബറ്റാലിയനുകളിലെ നിയമനമാണ് ആദ്യം നടത്തുന്നത്. പ്രത്യേക പരിഗണന നൽകി വേഗത്തിൽ നടപടികൾ പൂർത്തിയാക്കാൻ ജില്ലാ ഓഫീസുകൾക്ക് പിഎസ്‌സി നിർദ്ദേശം നൽകി.

ഒരു വർഷമാണ് പൊലീസ് റാങ്ക്പട്ടികയുടെ കാലാവധി. അതിനുള്ളിൽ പരമാവധി നിയമനം നടത്താനാണ് തീരുമാനം. തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളജ് കത്തിക്കുത്ത് കേസിലെ പ്രതികളിൽ മൂന്നു പേർ കാസർകോട് ബറ്റാലിയൻ പൊലീസ് റാങ്ക്പട്ടികയിൽ മുന്നിലെത്തിയിരുന്നു. ഇതിനെത്തുടർന്ന് പിഎസ്‌സി വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് ഇവർ നടത്തിയ പരീക്ഷാത്തട്ടിപ്പ് പുറത്തറിഞ്ഞത്. ഉത്തരങ്ങൾ മൊബൈൽ ഫോണും സ്മാർട്ട് വാച്ചും ഉപയോഗിച്ച് പകർത്തുകയായിരുന്നു. തുടർന്ന് അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. തട്ടിപ്പുമായി ബന്ധപ്പെട്ട് ഇതിനകം ആറു പേർ അറസ്റ്റിലായി. ഇവരിൽ നസീം, ശിവരഞ്ജിത്ത്, പ്രണവ് എന്നിവർ റാങ്ക്പട്ടികയിൽ ഉണ്ടായിരുന്നവരാണ്. ഇവരെ നീക്കം ചെയ്താണ് കാസർകോട് ബറ്റാലിയൻ റാങ്ക്പട്ടിക പിഎസ്‌സി പരിഷ്കരിച്ചത്.