നിയമന അഴിമതി: എം കെ മുനീറടക്കം നാല് ഉന്നതര്‍ക്കെതിരെ അന്വേഷണം

Web Desk
Posted on May 26, 2018, 10:44 pm

തിരുവനന്തപുരം: യോഗ്യതാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി സംസ്ഥാന ബാലാവകാശ കമ്മിഷന്‍ ചെയര്‍പേഴ്‌സണായി 2013 മെയ് 3 ന് നീലാ ഗംഗാധരനെ നിയമിച്ചതില്‍ അഴിമതിയുണ്ടെന്ന ഹര്‍ജിയില്‍ അന്ന് മന്ത്രിയായിരുന്ന ഡോ. എം കെ മുനീറടക്കം 4 പ്രമുഖര്‍ക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്താന്‍ തിരുവനന്തപുരം വിജിലന്‍സ് കോടതി ഉത്തരവിട്ടു. മന്ത്രിയെ കൂടാതെ മുന്‍ ചീഫ് സെക്രട്ടറി ഡോ. കെ എം എബ്രഹാം, മുന്‍ നിയമ വകുപ്പ് സെക്രട്ടറി സി പി രാമരാജ പ്രേമ പ്രസാദ്, കമ്മിഷണന്‍ ചെയര്‍പേഴ്‌സണായി നിയമിതയായ നീലാ ഗംഗാധരന്‍ എന്നിവര്‍ക്കെതിരായാണ് അന്വേഷണം. ബാലസംഘം സംസ്ഥാന സമിതി മുന്‍ രക്ഷാധികാരി കുളത്തൂര്‍ തോപ്പില്‍ വീട്ടില്‍ രാധ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി ഉത്തരവ്.
നിയമനം സംബന്ധിച്ച് സര്‍ക്കാര്‍ നോട്ടിഫിക്കേഷന്‍ ചെയ്തശേഷം നിഷ്‌ക്കര്‍ഷിച്ച യോഗ്യതാ മാനദണ്ഡങ്ങള്‍ ഇല്ലാത്ത വ്യക്തിയെ ഇന്റര്‍വ്യൂ പോലും ചെയ്യാതെ നിയമവിരുദ്ധമായി നിയമിച്ച് അനര്‍ഹമായ സാമ്പത്തിക നേട്ടം ഉണ്ടാക്കി കൊടുത്തുവെന്നാണ് കേസ്. നിയമനം സംബന്ധിച്ച് സാമൂഹ്യ നീതി വകുപ്പ് 2012 ഡിസംബര്‍ 25 ന് ആണ് പത്രപരസ്യം നല്‍കിയത്. യോഗ്യതാ മാനദണ്ഡമായി പരസ്യത്തില്‍ പറഞ്ഞത് വിദ്യാഭ്യാസം, കുട്ടികളുടെ ആരോഗ്യം, ക്ഷേമം, ബാലവികസനം , ബാലനീതി, ബാലവേല ഉന്മൂലനം, ബാല മന:ശാസ്ത്രം, സോഷ്യോളജി, ബാലനിയമം എന്നീ മേഖലകളില്‍ ഏതെങ്കിലും ഒന്നില്‍ 10 വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം വേണമെന്നായിരുന്നു.
എന്നാല്‍ 4 പേരും ഗൂഢാലോചന നടത്തി പരസ്യത്തില്‍ നിഷ്‌ക്കര്‍ഷിച്ച 6 മേഖലയില്‍ ഒരു വകുപ്പില്‍ പോലും നേരിട്ട് ഭരണപരമായ നിയന്ത്രണച്ചുമതല ഇല്ലാത്ത നീല ഗംഗാധരനെ 2013 മെയ് 3 ന് നിയമിക്കുകയായിരുന്നുവെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. ഒരു വര്‍ഷത്തോളം സ്ഥാനം വഹിച്ച് ഹൈക്കോടതി ജഡ്ജിക്ക് സമാനമായ പദവിയും ശമ്പളവും മറ്റാനുകൂല്യങ്ങളും കൈപ്പറ്റിയ ശേഷം സംഭവം വിവാദമായപ്പോള്‍ നീല രാജിവച്ച് സ്ഥാനമൊഴിഞ്ഞ് പോയതായും ഹര്‍ജി ഭാഗം കോടതിയില്‍ പറഞ്ഞു.