Web Desk

ന്യൂഡൽഹി:

June 16, 2020, 10:26 pm

ഉചിതമായ നടപടികൾ കൈക്കൊള്ളണം: സിപിഐ

Janayugom Online

ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിലുണ്ടായിരിക്കുന്ന സംഘർഷം ലഘൂകരിക്കാനും മേഖലയിൽ സമാധാനം ഉറപ്പാക്കാനും ഉചിതമായ നടപടികൾ കൈക്കൊള്ളണമെന്ന് സിപിഐ ജനറൽ സെക്രട്ടറി ഡി രാജ ആവശ്യപ്പെട്ടു. ഗൽവാൻ താഴ്‌വരയിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള സംഘർഷവും മരണത്തിനും നാശനഷ്ടങ്ങൾക്കും കാരണമായ ഏറ്റമുട്ടലുകളും വർധിക്കുന്ന സാഹചര്യത്തിൽ അദ്ദേഹം ഞെട്ടലും ഉൽക്കണ്ഠയും രേഖപ്പെടുത്തി. ഇതിന്റെ ഫലമായി ഇന്ത്യൻ സൈന്യത്തിലെ കമാൻഡിങ് ഓഫീസറും രണ്ട് ജവാന്മാരും മരിച്ചു. ജവാൻമാരെ അഭിവാദ്യം ചെയ്യുന്നു.

ലഡാക്കിലെയും സിക്കിമിലെയും യഥാർത്ഥ നിയന്ത്രണ രേഖയിൽ നിന്ന് ഘട്ടംഘട്ടമായി പിൻവാങ്ങുന്നതിനായുള്ള സൈനിക, നയതന്ത്ര തല ചർച്ചകൾ പുരോഗമിക്കുമ്പോഴാണ് ഏറ്റുമുട്ടൽ നടന്നിരിക്കുന്നത്. ഇരുരാജ്യങ്ങളും അംഗീകരിച്ച ചട്ടക്കൂടിന്റെയും ചർച്ചകളുടെയും അടിസ്ഥാനത്തിൽ ഇപ്പോഴത്തെ പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് സിപിഐയുടെ അഭിപ്രായമെന്ന് രാജ പറഞ്ഞു.

പരസ്പരം സ്വീകാര്യമായ പരിഹാരമെന്ന അടിസ്ഥാന താല്പര്യം വച്ചുകൊണ്ട് ഇന്ത്യ‑ചൈന അതിർത്തി തർക്കത്തിന് തീർപ്പുണ്ടാക്കാൻ ഇരുപക്ഷവും ശ്രമങ്ങൾ ശക്തമാക്കേണ്ടതുണ്ട്. രണ്ട് പ്രധാന ഏഷ്യൻ രാജ്യങ്ങൾ തമ്മിലുള്ള ഏത് സൈനിക ഏറ്റുമുട്ടലും ഇരുരാജ്യങ്ങൾ തമ്മിലുള്ള സഹകരണത്തെയും സൗഹൃദത്തെയും മാത്രമല്ല ബാധിക്കുക, ഏഷ്യ‑പസഫിക് മേഖലയിലെ സമാധാനത്തെയും സ്ഥിരതയെയും അപകടത്തിലാക്കുകയും ചെയ്യുമെന്ന് രാജ കൂട്ടിച്ചേർത്തു.

ENGLISH SUMMARY:Appro­pri­ate mea­sures should be tak­en: CPI

YOU MAY ALSO LIKE THIS VIDEO