കോർപ്പറേറ്റ് സ്ഥാപനങ്ങൾ ഉൾപ്പെടെയുള്ള വൻകിട കമ്പനികളുടെ രജിസ്ട്രേഷൻ, നടത്തിപ്പ് എന്നിവയുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ഇളവ് നല്കിക്കൊണ്ട് കമ്പനി നിയമത്തിൽ ഭേദഗതി വരുത്താൻ മന്ത്രിസഭാ യോഗം തീരുമാനിച്ചു. ഇതോടെ ജയിൽ ശിക്ഷ ഉൾപ്പെടെ ലഭിച്ചേക്കാവുന്ന കുറ്റകൃത്യങ്ങൾ പിഴയും മറ്റുമായി ഒതുങ്ങും. 2019 ലെ രണ്ടാം കമ്പനി ഭേദഗതി നിയമം എന്ന പേരിലാണ് ഭേദഗതികൾ വരുത്തുന്നത്.
കോർപ്പറേറ്റ് സ്ഥാപനങ്ങൾ പല വിധത്തിൽ നടത്തുന്ന നിരവധി തട്ടിപ്പുകൾ പുറത്തുവന്നുകൊണ്ടിരിക്കേയാണ് അവയ്ക്ക് നിയമസാധുത നല്കുന്നതിന് ഇടയാക്കുന്ന നിയമഭേദഗതിക്ക് അനുമതി നൽകിയിരിക്കുന്നത്. ഭേദഗതി അനുസരിച്ച് ജയിൽ ശിക്ഷ ഉൾപ്പെടെ വ്യവസ്ഥ ചെയ്ത 66 കുറ്റകൃത്യങ്ങളിൽ 23 എണ്ണത്തെ വിചാരണ ഒഴിവാക്കി ഒത്തുതീർപ്പിലൂടെ പരിഹരിക്കാവുന്നവയാക്കി മാറ്റി. വിചാരണ ഒഴിവാക്കി ഒത്തുതീർപ്പിലൂടെ പരിഹരിക്കാവുന്ന ഏഴ് കുറ്റകൃത്യങ്ങളെ ഒഴിവാക്കുകയും ചെയ്തു. കോർപ്പറേറ്റുകളുടെ സാമൂഹ്യ പ്രതിബദ്ധത (സിഎസ്ആർ) വ്യവസ്ഥകളിലും ഇളവുകൾ നൽകുന്നുണ്ട്. ഇതനുസരിച്ച്, 50 ലക്ഷത്തിൽ താഴെ ബാധ്യതയുള്ള കമ്പനികൾ ഇതിനായി കമ്മിറ്റി രൂപീകരിക്കേണ്ടതില്ല.
ഈ തുക സാമൂഹ്യ പ്രതിബദ്ധതയുള്ള പദ്ധതികളിൽ വിനിയോഗിക്കുന്നതിൽ വീഴ്ച വരുത്തിയാൽ വസ്തുനിഷ്ഠമായി പരിശോധിച്ച് വഞ്ചനയല്ലെന്നോ പൊതുതാല്പര്യങ്ങൾക്ക് ദോഷകരമല്ലെന്നോ ബോധ്യപ്പെടുന്ന സാഹചര്യങ്ങളിൽ കുറ്റകൃത്യ സ്വഭാവം ഉപേക്ഷിക്കാനും ഭേദഗതി നിയമത്തിൽ വ്യവസ്ഥകളുണ്ടാകും. വൻകിട കോർപ്പറേറ്റുകളെ സഹായിക്കുന്നതിന് വ്യവസ്ഥകൾ ഉദാരമാക്കുന്നതിനുള്ള മറ്റൊരു നിയമഭേദഗതിക്കാണ് കേന്ദ്രം അംഗീകാരം നല്കിയിരിക്കുന്നതെന്നർത്ഥം. നിയമം അനുസരിക്കുന്ന കോർപ്പറേറ്റുകൾക്ക് കൂടുതൽ സൗകര്യങ്ങൾ നല്കുകയും നീതിന്യായ വ്യവസ്ഥയിൽ നേരിടുന്ന തടസങ്ങൾ നീക്കുകയുമാണ് ബിൽ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ പറഞ്ഞു. നിയമത്തിൽ കുറ്റകൃത്യങ്ങൾ ഒഴിവാക്കി സംരംഭങ്ങൾ സുഗമമായി നടത്തുന്നതിന് സാഹചര്യമൊരുക്കുകയാണ് ലക്ഷ്യമിടുന്നത്. വ്യാപാര വ്യവസായങ്ങൾ നടത്തുന്നതിലുള്ള എല്ലാ തടസങ്ങളും നീക്കി വിവേചനങ്ങൾ അവസാനിപ്പിക്കുകയെന്നതും ബിൽ കൊണ്ട് ലക്ഷ്യം വയ്ക്കുന്നുവെന്ന് മന്ത്രി വ്യക്തമാക്കുന്നു.
ENGLISH SUMMARY: Approval of Company Law Amendment in favor of corporate
YOU MAY ALSO LIKE THIS VIDEO