Web Desk

ന്യൂഡല്‍ഹി

January 01, 2021, 8:26 am

പുതുവര്‍ഷ പ്രതീക്ഷയായി കോവിഡ് വാക്സിന്‍; ഇന്ന് അനുമതി നല്‍കിയേക്കും

Janayugom Online

കോവിഡ് ഭീതി നിറച്ച ഒരാണ്ട് കടന്നു പോകുമ്പോള്‍ ശുഭപ്രതീക്ഷയായി പുതുവര്‍ഷം. രാജ്യത്ത് കോവിഡ് പ്രതിരോധ വാക്സിന് ഇന്ന് അനുമതി നല്‍കിയേക്കുമെന്നാണ് സൂചന.

വാക്സിന്‍ വിതരണം തുടങ്ങാന്‍ ഒരുങ്ങുന്നതിന്റെ ഭാഗമായി നാളെ മുതല്‍ എല്ലാ സംസ്ഥാനങ്ങളിലും ഡ്രൈ റണ്‍ നടത്തുമെന്ന് കേന്ദ്രം അറിയിച്ചിട്ടുണ്ട്. ഇന്നലെ കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളുമായി നടന്ന യോഗത്തിലാണ് ഇക്കാര്യം അറിയിച്ചത്. വാക്സിന്‍ അനുമതി ഉടന്‍ നല്‍കിയേക്കുമെന്ന സൂചനയാണ് ഇത് നല്‍കുന്നത്.

രണ്ടാമത്തെ ഡ്രൈ റണ്‍ ആണ് രാജ്യത്ത് നടക്കാന്‍ പോകുന്നത്. കഴിഞ്ഞമാസം 28, 29 തീയതികളിലായി നാല് സംസ്ഥാനങ്ങളില്‍ ഡ്രൈ റണ്‍ നടത്തിയിരുന്നു. എല്ലാ സംസ്ഥാനങ്ങളിലും തിരഞ്ഞെടുത്ത പ്രദേശങ്ങളിലാണ് ഡ്രൈ റണ്‍ നടത്തുക. ഡ്രൈ റണ്ണില്‍ പങ്കെടുക്കുന്നവര്‍ക്ക് ഡമ്മി വാക്സിനുകള്‍ നല്‍കും. വാക്സിന്‍ വിതരണ പ്രക്രിയയില്‍ ഉണ്ടാകാവുന്ന തടസങ്ങളും വിതരണകേന്ദ്രങ്ങളില്‍ ഉണ്ടാകാനിടയുള്ള പാളിച്ചകളും മനസ്സിലാക്കാനും ആസൂത്രണം, നടപ്പാക്കല്‍, വിശകലനം എന്നീ സംവിധാനങ്ങള്‍ തമ്മിലുള്ള ബന്ധം പരിശോധിക്കാനുമാണ് ഡ്രൈ റണ്‍ നടത്തുന്നത്.

അതേസമയം വാക്സിന് ഉടന്‍ അനുമതി നല്‍കിയേക്കുമെന്ന് ഡ്രഗ് കണ്‍ട്രോള്‍ അതോറിറ്റി ഓഫ് ഇന്ത്യ (ഡിസിജിഐ) അറിയിച്ചു. ഏറ്റവും സന്തോഷകരമായ വാര്‍ത്ത പുതുവര്‍ഷാരംഭത്തില്‍ അറിയിക്കാനാകുമെന്നാണ് ഇന്നലെ നടത്തിയ വെബിനാറില്‍ ഡിസിജിഐ ജനറല്‍ ഡോ. വി ജി സൊമാനി പ്രതീക്ഷ പ്രകടിപ്പിച്ചത്. വാക്സിന്റെ അടിയന്തര ഉപയോഗത്തിന് അംഗീകാരം നല്‍കാനുള്ള വിദഗ്ധ സമിതിയുടെ യോഗം ഇന്ന് നടക്കാനിരിക്കെയാണ് പ്രതികരണം.

വാക്സിനേഷന്‍ പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോ‍ഡിയും അറിയിച്ചിരുന്നു. ജനങ്ങള്‍ക്ക് ഇന്ത്യയില്‍ തന്നെ നിര്‍മ്മിച്ച വാക്സിന്‍ ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാക്സിന്‍ ലഭിക്കുംവരെ വിശ്രമമില്ലെന്ന് ഞാന്‍ പറഞ്ഞിരുന്നു. എ­ന്നാല്‍ 2021ല്‍ മരുന്നും ജാഗ്രതയുമായിരിക്കണം നമ്മുടെ മന്ത്രമെന്നും മോഡി പറഞ്ഞു.

സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ, ഭാരത് ബയോടെക്, ഫൈസര്‍ എന്നിവ നിര്‍മ്മിക്കുന്ന വാക്സിനുകളുടെ അടിയന്തര ഉപയോഗ അംഗീകാരത്തിനായി സർക്കാർ നിയോഗിച്ച പാനൽ ഈ ആഴ്ചയില്‍ അപേക്ഷ സ്വീകരിച്ചിരുന്നു. ഓക്സ്ഫോഡ് സര്‍വകലാശാലയും അസ്ട്രസെനകയുമായി ചേര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് കോവിഷീഡ് വാക്സിനും ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച് (ഐസിഎംആര്‍) പങ്കാളിത്തത്തോടെ ഭാരത് ബയോടെക് കോവാക്സിനുമാണ് നിര്‍മ്മിക്കുന്നത്. ഇരു കമ്പനികളും വിദഗ്ധ സമിതിക്ക് വിവരങ്ങള്‍ കൈമാറി. ഫൈസര്‍ വിവരങ്ങൾ നൽകുന്നതിന് കൂടുതല്‍ സമയം ആവശ്യപ്പെട്ടിട്ടുണ്ട്.

Eng­lish sum­ma­ry: Approval of covid vaccine

You may also like this video: