Web Desk

June 02, 2020, 3:30 pm

അറബിക്കടലിലെ ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി മാറി, നാളെ തീവ്രത കൂടി കര തൊടും

arabian-sea-cyclone
Janayugom Online

അറബിക്കടലിലെ ന്യൂനമര്‍ദ്ദത്തിന്റെ തീവ്രത കനക്കുന്നു. ന്യൂനമര്‍ദ്ദം ചുഴലിക്കാറ്റായി രൂപാന്തരം പ്രാപിച്ചു. നാളെ കാറ്റിന്റെ തീവ്രത കൂടും. നിസര്‍ഗ എന്ന് പേരിട്ടിരിക്കുന്ന ഈ ചുഴലിക്കാറ്റ് നാളെ മഹാരാഷ്ട്രയിലെ അലിബാഗ് വഴി കരയില്‍ കടക്കും. കരയില്‍ കടക്കുമ്പോള്‍ കാറ്റിന്റെ വേഗത 120 കിലോമീറ്റര്‍ വരെയാകുമെന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

മുംബൈ നഗരം അതീവ ജാഗ്രതയിലാണ്. ഒരുനൂറ്റാണ്ടിനിടെ നഗരം നേരിടുന്ന ഏറ്റവും വലിയ ചുഴലിക്കാറ്റാണിത്. കഴിഞ്ഞ ദിവസം സംസ്ഥാന മുഖ്യമന്ത്രി ഉദ്ധവ് താക്കറെയുമായി കേന്ദ്ര ആഭ്യന്തര മന്ത്രി വീഡിയോ കോണ്‍ഫറന്‍സിംഗ് വഴി ചുഴലിക്കാറ്റ് നേരിടാനുള്ള ഒരുക്കങ്ങള്‍ വിലയിരുത്തി.
അടുത്ത പന്ത്രണ്ട് മണിക്കൂറിനിടെ നിസര്‍ഗ കൂടുതല്‍ കരുത്താര്‍ജ്ജിക്കുമെന്നാണ് റിപ്പോര്‍ട്ട്. രണ്ടാഴ്ചയ്ക്കിടെ രാജ്യം നേരിടുന്ന രണ്ടാമത്തെ ചുഴലിക്കാറ്റാണിത്.
മുംബൈയും സമീപ ജില്ലകളും അതീവ ജാഗ്രതയിലാണ്. സുരക്ഷയ്ക്കായി സാധ്യമായ എല്ലാ മുന്‍കരുതലുകളും സ്വീകരിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോഡി ട്വിറ്ററിലൂടെ ജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.
ഗുജറാത്തിന്റെ തെക്കന്‍ തീരത്തെയും മഹാരാഷ്ട്രയുടെ വടക്കന്‍ തീരത്തെയും ആയിരിക്കും ചുഴലിക്കാറ്റ് ഏറ്റവും അധികം ബാധിക്കുക. മുപ്പതിലധികം ദുരന്ത നിവാരണ സംഘങ്ങളെ നിയോഗിച്ചിട്ടുണ്ട്. 45 പേര്‍ വീതമാണ് ഓരോ സംഘത്തിലുമുള്ളത്.
ഗുജറാത്ത് തീരത്തുള്ള വിവിധ ഗ്രാമങ്ങളില്‍ നിന്നായി 20,000 പേരെ മാറ്റിപ്പാര്‍പ്പിച്ചു. മഹാരാഷ്ട്ര തീരത്തും ഒഴിപ്പിക്കല്‍ നടപടികള്‍ തുടരുകയാണ്.
തിരമാലകള്‍ രണ്ട് മീറ്ററിലധികം ഉയരത്തില്‍ വീശാനും സാധ്യതയുണ്ട്. കടലില്‍ പോയിട്ടുള്ള മീന്‍പിടുത്തക്കാരോട് തിരിച്ച് വരാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. കൊറോണ രോഗികളില്ലാത്ത ആശുപത്രികളില്‍ വൈദ്യസഹായം ആവശ്യമുള്ളവര്‍ക്ക് അത് ഒരുക്കിയിട്ടുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി.
കൊറോണ രോഗികളുള്ള ആശുപത്രികളില്‍ വൈദ്യുതബന്ധം ഉറപ്പാക്കാന്‍ വേണ്ട നടപടികള്‍ കൈക്കൊണ്ടിട്ടുണ്ടെന്നും അധികൃതര്‍ അറിയിച്ചു. 

Eng­lish sum­ma­ry nis­ar­ga cyclone enters maha­rash­tra coast tomorrow
you may also like this video