Saturday
19 Oct 2019

ആറു പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമം, ആറളം അമ്പലക്കണ്ടിയിലെ 261 കുടുംബങ്ങള്‍ സ്വന്തം ഭൂമിയുടെ അവകാശികളാകുന്നു

By: Web Desk | Saturday 2 February 2019 10:22 PM IST


സ്വന്തം ലേഖകന്‍

ഇരിട്ടി(കണ്ണൂര്‍): ആറു പതിറ്റാണ്ടുകാലത്തെ കാത്തിരിപ്പിന് വിരാമമിട്ട് ആറളം ഗ്രാമപഞ്ചായത്തില്‍ അമ്പലക്കണ്ടിയിലെ 261 കുടിയേറ്റ കര്‍ഷകര്‍ക്ക് പട്ടയം ലഭിക്കുന്നു. 62 വര്‍ഷം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് പ്രദേശത്തുകാര്‍ സ്വന്തം ഭൂമിയുടെ അവകാശികളായി മാറുന്നത്. ഫെബ്രുവരി എട്ടിന് ഉച്ചയ്ക്ക് 12 മണിക്ക് അമ്പലക്കണ്ടിയില്‍ നടക്കുന്ന ചടങ്ങില്‍ റവന്യൂവകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ പട്ടയങ്ങള്‍ വിതരണം ചെയ്യും.
2018 ജൂലൈ 15ന് നടത്തുവാന്‍ തീരുമാനിച്ചിരുന്ന പട്ടയമേള കനകത്തിടം തറവാടിന്റെ പേരിലുള്ള ട്രസ്റ്റ് ഈ സ്ഥലം ദേവസ്വം ഭൂമിയാണെന്ന് കാണിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയതിനെത്തുടര്‍ന്ന് മാറ്റിവെച്ചിരുന്നു. എന്നാല്‍ നിരവധി തവണ ഹിയറിങ്ങുകള്‍ നടത്തിയിട്ടും പരാതിക്കാര്‍ക്ക് ഈ കേസുമായി ബന്ധപ്പെട്ട യാതൊരു രേഖകളും ഹാജരാക്കാന്‍ കഴിയാത്തതിനാല്‍ ഹൈക്കോടതിയുടെ നിര്‍ദ്ദേശാനുസരണം കൂത്തുപറമ്പ് ലാന്റ് ട്രിബ്യൂണലില്‍ വിചാരണ പൂര്‍ത്തിയാക്കി കേസ് തള്ളിക്കൊണ്ട് തീര്‍പ്പാക്കി.

രണ്ട് സെന്റ് മൂതല്‍ രണ്ടര ഏക്കര്‍ വരെയുള്ള 261 കുടുംബങ്ങളുടെ കൈവശ ഭൂമിക്കാണ് പട്ടയം അനുവദിക്കുന്നത്. അമ്പലക്കണ്ടി ടൗണ്‍ ഉള്‍പ്പെടെയുള്ള സര്‍വെ നമ്പര്‍ 238-ല്‍ ഉള്‍പ്പെട്ട 134 ഏക്കര്‍ ഭൂമി കൈവശം വെച്ചിരിക്കുന്ന കര്‍ഷക കുടുംബങ്ങളാണ് മന്ത്രിയില്‍ നിന്നും പട്ടയം ഏറ്റുവാങ്ങുന്നത്. പട്ടയം ലഭിക്കുന്നവയില്‍ അമ്പലക്കണ്ടി സെന്റ് സെബാസ്റ്റ്യന്‍ പള്ളിയുടെ സ്ഥലവും അമ്പലക്കണ്ടി മഹാവിഷ്ണു ക്ഷേത്രത്തിന്റെ സ്ഥലവും ഉള്‍പ്പെടുന്നു. അമ്പലക്കണ്ടി ടൗണിലെ അഞ്ച് വ്യാപാര സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് പട്ടയം ലഭിക്കും.
സിപിഐ കണ്ണൂര്‍ ജില്ല അസിസ്റ്റന്റ് സെക്രട്ടറി കൂടിയായ കെ ടി ജോസിന്റെ നേതൃത്വത്തില്‍ ആറളം വില്ലേജ് കര്‍ഷക സംരക്ഷണ സമിതി എന്ന ജനകീയ കൂട്ടായ്മ രൂപീകരിച്ച് വര്‍ഷങ്ങളായി നിരന്തരസമരങ്ങളും നിയമപോരാട്ടങ്ങളും നടത്തിയിരുന്നു. സിപിഐയുടെയും അഖിലേന്ത്യ കിസാന്‍സഭയുടെയും നേതൃത്വത്തില്‍ വില്ലേജ്താലൂക്ക് ഓഫീസ് മാര്‍ച്ചുകളും ധര്‍ണ്ണകളും ഉള്‍പ്പെടെ നിരവധി പ്രക്ഷോഭ സമരങ്ങള്‍ പട്ടയപ്രശ്‌നവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിരുന്നു. സിപിഐ ജില്ലാ കൗണ്‍സില്‍ നിരവധി തവണ ഈ വിഷയം അധികാരികളുടെ ശ്രദ്ധയിലെത്തിച്ചിരുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തുമ്പോഴെല്ലാം അമ്പലക്കണ്ടി പട്ടയവിഷയത്തില്‍ അനുകൂലമായ നടപടികള്‍ക്കായുള്ള നീക്കങ്ങള്‍ റവന്യൂവകുപ്പിന്റെ നേതൃത്വത്തില്‍ നടന്നുവന്നിരുന്നു. പി എസ് ശ്രീനിവാസന്‍, ഇ ചന്ദ്രശേഖരന്‍നായര്‍, കെ ഇ ഇസ്മയില്‍, കെ പി രാജേന്ദ്രന്‍ തുടങ്ങിയവര്‍ മന്ത്രിമാരായിരുന്ന കാലത്ത് മുതല്‍ പട്ടയം നല്‍കാനുള്ള ശ്രമങ്ങള്‍ നടത്തിയെങ്കിലും നിയമപ്രശ്‌നങ്ങളുടെ നൂലാമാലകളില്‍പെട്ട് മുടങ്ങുകയായിരുന്നു.
ഏറ്റവുമൊടുവില്‍ റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ അമ്പലക്കണ്ടിയിലെ പട്ടയ പ്രശ്‌നത്തിന് ഉടന്‍ പരിഹാരം ഉണ്ടാക്കുമെന്ന് നാട്ടുകാരുടെ നിവേദക സംഘത്തിന് ഉറപ്പുനല്‍കിയിരുന്നു. പട്ടയവിതരണം നാടിന്റെ മഹോത്സവമാക്കി മാറ്റാനുള്ള ഒരുക്കത്തിലാണ് കര്‍ഷകസംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നാടൊന്നടങ്കം.

Related News