ആറളം ഫാമിലെ ഭൂമി ദീർഘകാലത്തേക്ക് സ്വകാര്യ സംരംഭകർക്ക് പാട്ടത്തിന് കൊടുക്കാനുള്ള തീരുമാനവുമായി ബന്ധപ്പെട്ട് മാനേജ്മെന്റ് നടത്തിയ വാദം കള്ളമാണെന്ന് വ്യക്തമായതോടെ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് സാധ്യത.പട്ടികവർഗ്ഗ വികസന വകുപ്പിന്റെ അധീനതയിലുള്ള ആറളം ഫാമിലെ ഭൂമി ദീർഘകാലത്തേക്ക് സംരംഭകകൃഷിക്കായി സ്വകാര്യ സംരംഭകർക്ക് പാട്ടത്തിന് കൊടുക്കാനുള്ള തീരുമാനത്തെക്കുറിച്ച് അറിയില്ലെന്നാണ് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഓഫീസിൽ നിന്നുള്ള വിവരാവകാശ രേഖയിലൂടെ വ്യക്തമാകുന്നത്. ആറളം ഫാമിലെ ഭൂമി കൈമാറ്റം സംബന്ധിച്ച് പത്ര വാർത്തയുടെ അടിസ്ഥാനത്തിൽ തില്ലങ്കേരി സ്വദേശിനി നൽകിയ വിവരാവകാശ അപേക്ഷയിലാണ് ഇതുസംബന്ധിച്ച് കണ്ണൂർ ഐടിഡിപി പ്രൊജക്ട് ഓഫിസര്‍ക്കോ, ടി ആർ ടി എം സൈറ്റ് മാനേജർക്കോ ഭൂമികൈമാറ്റം സബന്ധിച്ച് വിവരമൊന്നും ഇല്ലെന്ന് മറുപടി നൽകിയിരിക്കുന്നത്.
ഫാമിലെ 650 ഏക്കർ ഭൂമിയാണ് സംരഭകകൃഷിക്കായി ദീർഘകാലത്തേക്ക് പാട്ടത്തിന് കൊടുക്കാൻ ആറളം ഫാം മാനേജ്‌മെന്റ് ധാരണാപത്രം ഉണ്ടാക്കിയിരിക്കുന്നത്. സംഭവം വിവാദമായതോടെ ഇതുസംബന്ധിച്ച് പട്ടിക വർഗ്ഗ വികസന വകുപ്പിന്റെ അറിവോ സമ്മതമോ ഉണ്ടായിട്ടില്ലെന്ന പട്ടികജാതി, പട്ടികവർഗ്ഗ വികസന വകുപ്പ് മന്ത്രി ഒ ആർ കേളുവും വിശദീകരിച്ചിരുന്നു. മന്ത്രിയുടെ പ്രസ്താവന പൂർണ്ണമായും ശരിവെക്കുന്ന രീതിയിലാണ് പട്ടികവർഗ വികസന വകുപ്പ് ഡയറക്ടർ ഓഫീസിൽ നിന്നുള്ള വിവരാവകാശ രേഖയും വ്യക്തമാക്കുന്നത്. എല്ലാ വകുപ്പുകളുമായി ചർച്ച നടത്തി ആവശ്യമായ നിയമങ്ങളും ചട്ടങ്ങളും ഉണ്ടാക്കിയാണ് സംരംഭകകൃഷിക്കായി സ്വകാര്യ സംരംഭകർക്ക് ഭൂമി നൽകുന്നതെന്ന ഫാം മാനേജ്‌മെന്റിന്റെ വാദം പൂർണമായും തള്ളുന്നതാണ് ഡയറക്ടറുടെ വിശദീകരണം.
ഭൂമി പാട്ടത്തിന് കൊടുക്കുവാനുള്ള തീരുമാനം അനധികൃതമാണെന്ന് അഖിലേന്ത്യാ കിസാന്‍സഭ ജില്ലാ കമ്മിറ്റിയും ആറളം ഫാം ലേബര്‍ യൂണിയനും (എഐടിയുസി) തുടക്കത്തില്‍ തന്നെ ചൂണ്ടികാട്ടിയിരുന്നു. ഇത്തരം അനധികൃത നടപടി സ്വീകരിച്ച ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരങ്ങള്‍ നടത്തുകയും ബന്ധപ്പെട്ടവര്‍ക്ക് നിവേദനം നല്‍കുകയും ചെയ്തിരുന്നു. തുടക്കത്തില്‍ തന്നെ കിസാന്‍സഭയും യൂണിയനും ഉന്നയിച്ച വാദം ശരിയാണെന്നുള്ളത് പട്ടികവര്‍ഗ്ഗവികസനവകുപ്പ് ഡയറക്ടരുടെ വിശദീകരണം കൂടി വന്നതോടെ വ്യക്തമായിരിക്കുകയാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.