Janayugom Online
leela kpsc janayugom

അരങ്ങിലെ ജ്വാല

Web Desk
Posted on September 09, 2018, 7:42 am

അറുപതുകളില്‍ കേരളത്തെ ദുഃഖക്കടലിലാഴ്ത്തിയ ‘തുലാഭാര’ത്തിലെ നായികയാകാന്‍ ഉര്‍വശി ശാരദ തയ്യാറെടുത്തത് നാടകത്തില്‍ അതേ റോള്‍ അഭിനയിച്ച് ഫലിപ്പിച്ച കെപിഎസി ലീലയെന്ന ദുഃഖപുത്രിയെ ഗൃഹപാഠം ചെയ്ത്. ഒരു പൂവില്‍ വസന്തം ഒതുക്കാനാകുമെന്ന് അരങ്ങില്‍ തെളിയിച്ച അതുല്യനടി. ഭാവാഭിനയം കൊണ്ട് ജനമനസ്സില്‍ സ്ഥാനം നേടിയ അഭിനയത്തികവിനെക്കുറിച്ച്.… കേരളം എന്നോ മറന്ന ആ നടനപ്രതിഭാസത്തെക്കുറിച്ച്…

പ്രദീപ് ചന്ദ്രന്‍
അരങ്ങിലെ മങ്ങിയ വെളിച്ചത്തില്‍ കാണികളുടെ ഭാവപ്പകര്‍ച്ച ഇടംകണ്ണിലൂടെ അവള്‍ കാണുന്നുണ്ടായിരുന്നു. അതുല്യനായ സംവിധായകന്‍ കൊച്ചുകുട്ടികളെപ്പോലെ പൊട്ടിക്കരയുന്നു. മക്കള്‍ക്ക് ചോറില്‍ വിഷം കലര്‍ത്തിക്കൊടുക്കാന്‍ ഒരുങ്ങുമ്പോള്‍ ‘അയ്യോ… കുഞ്ഞുങ്ങളെ കൊല്ലരുതേ, അവരെ ഞങ്ങള്‍ വളര്‍ത്തിക്കൊള്ളാം’ എന്ന് കരഞ്ഞുകൊണ്ട് പറയുന്ന സ്ത്രീകള്‍, കണ്ണീരടക്കാന്‍ പാടുപെടുന്ന പുരുഷന്മാര്‍. തിരശീല വീഴുമ്പോഴും കണ്ണീര്‍ക്കടല്‍ ചുറ്റും ആര്‍ത്തലയ്ക്കുന്നുണ്ടായിരുന്നു.
അറുപതുകളില്‍ കേരളത്തിലെ നാടകശാലകളെ ദുഃഖപ്പെരുമഴയിലാഴ്ത്തിയ കെപിഎസിയുടെ ‘തുലാഭാരം’ നാടകം അരങ്ങേറുന്നതിന്റെ നേര്‍ചിത്രങ്ങളാണവ. വിശന്നുകരഞ്ഞ് തളര്‍ന്നുറങ്ങുന്ന മക്കള്‍ക്ക് ചോറില്‍ വിഷം കലര്‍ത്തിക്കൊടുക്കാനൊരുങ്ങുന്ന അമ്മയായി ഭാവാഭിനയത്തിന്റെ ഉജ്ജ്വലമുഹൂര്‍ത്തങ്ങള്‍ കാഴ്ചവച്ച കെപിഎസി ലീലയെ ഇന്ന് കേരളത്തിലാര്‍ക്കും അറിയില്ല. കൂടെ അഭിനയിച്ചവര്‍ ഉത്തുംഗശൃംഗങ്ങളില്‍ വിരാജിക്കുമ്പോഴും ആ കലാകാരിക്ക് പശ്ചാത്താപമില്ല. തുലാഭാരത്തിലെ വിജയയെ രംഗത്ത് അവതരിപ്പിക്കുക എന്നതായിരുന്നു തന്റെ ജീവിതനിയോഗമെന്ന് അവര്‍ തിരിച്ചറിയുന്നു.
കാണികളുടെ ഇടയിലിരുന്ന് കൊച്ചുകുട്ടികളെപ്പോലെ പൊട്ടിക്കരഞ്ഞ ആ സംവിധായകന്‍ കലയെ മാറ്റത്തിന്റെ പോരാളിയാക്കാമെന്ന് തിരിച്ചറിഞ്ഞ തോപ്പില്‍ ഭാസിയായിരുന്നു. നാടകത്തില്‍ വിജയയുടെ ഉറ്റസുഹൃത്തും കാലാന്തരത്തില്‍ കുട്ടികളെ കൊന്ന കുറ്റത്തിന് വധശിക്ഷ വാങ്ങിക്കൊടുത്ത പ്രോസിക്യൂട്ടറുമായി ഭാവാഭിനയത്തിന്റെ ഉജ്ജ്വല മുഹൂര്‍ത്തം കാഴ്ചവച്ചത് കെപിഎസി ലളിതയും. 1968ല്‍ സുപ്രിയയുടെ ബാനറില്‍ എ വിന്‍സന്റ് സംവിധാനം ചെയ്ത ‘തുലാഭാര’ത്തിലെ വിജയയുടെ റോള്‍ അവതരിപ്പിച്ച ശാരദയ്ക്കായിരുന്നു ഇന്ത്യയിലെ ഏറ്റവും മികച്ച അഭിനേത്രിക്കുള്ള അവാര്‍ഡ്. രണ്ടാമത്തെ നല്ല ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും ആ വര്‍ഷം ‘തുലാഭാര’ത്തിനായിരുന്നു. തമിഴിലും തെലുങ്കിലും ഹിന്ദിയിലേയ്ക്കും റീമേക്ക് ചെയ്ത ‘തുലാഭാരം’ അവിടെയെല്ലാം തരംഗമായി.


വിജയയുടെ റോള്‍ സ്‌ക്രീനില്‍ അവതരിപ്പിക്കുന്നതിന് മുമ്പ് നായികയായിരുന്ന ശാരദ മൂന്ന് തവണ നാടകം കണ്ട് തന്റെ റോള്‍ മനസ്സിലുറപ്പിച്ചു. ലീല അരങ്ങില്‍ കാട്ടിയ അഭിനയപാടവത്തിന്റെ ഒരംശം പോലും ശാരദയ്ക്ക് സ്‌ക്രീനില്‍ ആവാഹിക്കാന്‍ കഴിഞ്ഞില്ലെന്ന് പ്രഗത്ഭര്‍ പലരും വിധിയെഴുതി. ‘ഒരു അഭിനേത്രിയുടെ ജീവിതകാലം കൊണ്ട് അഭിനയിച്ചുതീര്‍ക്കേണ്ടത് ഒരു കഥാപാത്രത്തിലൂടെ ലീല ആവിഷ്‌ക്കരിച്ചു’ എന്ന എന്‍ ഗോവിന്ദന്‍കുട്ടിയുടെ വാക്കുകള്‍ക്ക് അറംപറ്റിയോ? അങ്ങനെ ഉറച്ച് വിശ്വസിക്കുന്ന ലീല, ആ ഒരു റോള്‍ രംഗത്ത് അവതരിപ്പിക്കുന്നതിനുവേണ്ടിയുള്ളതായിരുന്നു തന്റെ ജന്മമെന്നും തിരിച്ചറിയുന്നു.
മൂവാറ്റുപുഴയ്ക്കും പിറവത്തിനുമിടയ്ക്കുള്ള പാമ്പാക്കുട എന്ന ഗ്രാമത്തില്‍ നിന്ന് കെപിഎസിയിലേയ്ക്ക് ലീല എത്തുന്നതിലും നാടകീയതകളേറെയാണ്. അച്ഛന്‍ കുര്യാക്കോസും അമ്മ മറിയാമ്മയും കമ്മ്യൂണിസ്റ്റ് സഹയാത്രികരായിരുന്നു. സര്‍ സിപിയുടെ പോലീസ് മനുഷ്യനെ വേട്ടയാടിയിരുന്ന കാലം. പാര്‍ട്ടി പ്രവര്‍ത്തകരുടെ അഭയസ്ഥാനമായിരുന്നു ലീലയുടെ വീട്. ഡിസംബറിലെ തണുപ്പുള്ള ഒരു രാത്രിയില്‍ കൂടപ്പിറപ്പുകളായ സഹോദരങ്ങളുടെ സംരക്ഷണം കൂടി ഒന്‍പതുകാരിയെ ഏല്‍പ്പിച്ച് മാതാപിതാക്കള്‍ ഒളിവില്‍പ്പോയി. ആളനക്കം കേട്ടാല്‍ അടുത്തവീട്ടില്‍ അഭയം തേടണമെന്ന് പറഞ്ഞേല്‍പ്പിച്ചാണവര്‍ പോയത്. അര്‍ദ്ധരാത്രിയില്‍ പൊലീസ് എത്തിയെന്ന് മനസ്സിലായതോടെ കുട്ടികളെയുമെടുത്ത് അയല്‍വീട്ടിലെ ഗേറ്റില്‍ മുട്ടിവിളിച്ചെങ്കിലും ആ പെസഹ രാത്രിയിലും വാതില്‍ തുറന്നില്ല. അടുത്തുള്ള പുല്ലാനിക്കാട്ടില്‍ അഭയം തേടുകയേ നിവര്‍ത്തിയുണ്ടായിരുന്നുള്ളു. പുലര്‍ച്ചെ വീട്ടിലെത്തിയപ്പോള്‍ കണ്ടത് പൊലീസും സിപിയുടെ അഞ്ച് രൂപ പൊലീസും ചേര്‍ന്ന് സകലതും തകര്‍ത്തിട്ടിരിക്കുന്ന കാഴ്ചയാണ്.

എട്ടാം ക്ലാസില്‍ പഠിച്ചുകൊണ്ടിരിക്കുമ്പോള്‍ കാലില്‍ അസഹ്യമായ വേദന പിടികൂടി. വാതം ആണെന്നായിരുന്നു വൈദ്യരുടെ കണ്ടെത്തല്‍. പ്രതിവിധിയും നിര്‍ദ്ദേശിച്ചു. നൃത്തം പഠിപ്പിച്ചാല്‍ മാറിയേക്കും. അങ്ങനെയാണ് കോഴിക്കോട് ബാലെ ട്രൂപ്പ് നടത്തിയിരുന്ന ഉദയഭാനുവിന്റെ അടുക്കല്‍ ലീലയെ പിതാവ് എത്തിച്ചത്. ആഴ്ചയിലൊരു ദിവസം ഭരതനാട്യത്തിന് ക്ലാസെടുക്കാന്‍ കലാമണ്ഡലം രാജരത്‌നംപിള്ള അവിടെയെത്തുമായിരുന്നു. മകളെ തിരികെ കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ കുര്യാക്കോസിനോട് ലീലയെ കലാമണ്ഡലത്തില്‍ ചേര്‍ക്കണമെന്ന് നിര്‍ബന്ധിക്കുന്നത് രാജരത്‌നംപിള്ളയാണ്. ഭരതനാട്യവും മോഹിനിയാട്ടവും അഭ്യസിച്ചു. അവിടെ വച്ച് നാടകരചയിതാവായ ഏരൂര്‍ വാസുദേവ് കണ്ടുമുട്ടുന്നതാണ് ലീലയുടെ ജീവിതത്തിലെ അടുത്ത വഴിത്തിരിവ്. പി ജെ ആന്റണിയുമൊത്തൊരുക്കുന്ന നാടകത്തിലെ നായികാവേഷത്തിനിണങ്ങുന്ന കുട്ടിയെ കണ്ടെത്താനായിരുന്നു ഏരൂര്‍ വാസുദേവിന്റെ വരവ്. ‘മുന്തിരിച്ചാറില്‍ കുറേ കണ്ണുനീരി‘ല്‍ നായിക ട്രീസയുടെ വേഷമായിരുന്നു ആദ്യം തന്നെ. അവിടെ നിന്നാണ് കെപിഎസിയിലേയ്ക്ക് എത്തപ്പെടുന്നത്. പിന്നീടുള്ള കെപിഎസിയുടെ 15 വര്‍ഷങ്ങള്‍ ലീലയുടേതുകൂടിയായിരുന്നു.
‘മുടിയനായ പുത്രനി‘ലെ ശാരദയായിട്ടാണ് അരങ്ങേറ്റം. ആ റോള്‍ കൈകാര്യം ചെയ്തിരുന്നത് ഒ മാധവന്റെ ഭാര്യ വിജയകുമാരിയായിരുന്നു. അവര്‍ പ്രസവത്തിനായി പോയ ഒഴിവിലാണ് ലീലയ്ക്ക് റോള്‍ ലഭിക്കുന്നത്. തുടര്‍ന്ന് ‘പുതിയ ആകാശം പുതിയ ഭൂമി’, ‘അശ്വമേധം’, ‘ശരശയ്യ’, ‘യുദ്ധകാണ്ഡം’, ‘കൂട്ടുകുടുംബം’ തുടങ്ങിയ നാടകങ്ങളില്‍ അഭിനയിച്ചു. കെ പി ഉമ്മര്‍, കെപിഎസി ഖാന്‍, ആലുംമൂടന്‍, കെപിഎസി ജോണ്‍സണ്‍, പൊന്‍കുന്നം രവി, കെപിഎസി ലളിത, ശ്രീലത തുടങ്ങിയവരായിരുന്നു സമകാലികര്‍. സുലോചനയായിരുന്നു കെപിഎസിയിലെ നക്ഷത്രതാരം. ലീലയാകട്ടെ ചെറിയ റോളുകളിലും.
‘പുതിയ ആകാശം പുതിയ ഭൂമി’ കാണാന്‍ ഒരിക്കല്‍ ജവഹര്‍ലാല്‍ നെഹ്‌റു എത്തി. നര്‍ത്തകിയുടെ വേഷമണിഞ്ഞിരുന്ന ലീലയെ കവിളില്‍ തട്ടി അഭിനന്ദിച്ചാണ് നെഹ്‌റു മടങ്ങിയത്. തുലാഭാരത്തിലെ വിജയയായി അരങ്ങത്ത് കത്തിപ്പടരുമ്പോള്‍ നാടകം കാണാനെത്തിയ നടന്‍ സത്യന്‍ കൈ ഉയര്‍ത്തി അഭിനന്ദിച്ചത് ഇപ്പോഴും ലീലയുടെ കണ്ണില്‍ നിന്ന് മാഞ്ഞിട്ടില്ല. ചായ സല്‍ക്കാരത്തിന് കെപിഎസി സംഘത്തെ ക്ഷണിച്ച പ്രേംനസീര്‍ ആപ്പിള്‍ മുറിച്ചുനീട്ടിയതും ലീലയുടെ നേര്‍ക്കായിരുന്നു. ഇത് കണ്ട് തെല്ലൊരു മനഃസ്ഥാപത്തോടെ സുലോചന പറഞ്ഞ വാക്കുകള്‍ക്കും അറംപറ്റിയിരുന്നോ? ‘ലീലയെ ആണല്ലോ എല്ലാവര്‍ക്കും ഇഷ്ടം’. സുലോചനയ്ക്ക് ശേഷം ലീലയായിരുന്നു നക്ഷത്രതാരം. തുലാഭാരം കളിക്കാത്ത ഒരിടവും അന്ന് കേരളക്കരയിലുണ്ടായിരുന്നില്ല. ആ നാടകം കാണാത്തവരും കുറവായിരുന്നു. അതേ നാടകം സിനിമയാക്കിയപ്പോള്‍ നായികയെ രംഗത്ത് അവതരിപ്പിച്ച ശാരദയ്ക്ക് ഉര്‍വ്വശിപട്ടം കിട്ടി. ലീലയെ തേടി ഒരു പുരസ്‌കാരവും എത്തിയില്ല. സംഭവിച്ചതെല്ലാം നല്ലതിനെന്ന പക്ഷക്കാരിയാണ് ലീല. കലാജീവിതം കൈവിട്ടുവെങ്കിലും നല്ലൊരു കുടുംബജീവിതമാണ് വന്നുചേര്‍ന്നത്. കെപിഎസിയില്‍ വാദ്യോപകരണങ്ങള്‍ കൈകാര്യം ചെയ്തിരുന്ന ഡേവിഡിനെയാണ് വിവാഹം കഴിച്ചത്. ഷെല്ലി, സാന്‍ഡി, ടോണി എന്നിങ്ങനെ മൂന്ന് മക്കളാണ്. ഡേവിഡ് രണ്ട് വര്‍ഷം മുമ്പ് മരിച്ചു. മകനോടൊപ്പം കൊല്ലം കടപ്പാക്കട ഭാവനാനഗര്‍-231ല്‍ ലീലാഭവനിലാണ് താമസം. എഴുപതുകളില്‍ അവര്‍ അഭിനയ രംഗത്ത് നിന്ന് സ്വയം വിരമിച്ചു. കൂടെ അഭിനയിച്ചവര്‍ പ്രശസ്തിയുടെ പടവുകള്‍ കയറിപ്പോകുന്നത് സന്തോഷത്തോടെ നോക്കിനിന്നു. അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ ലഭിക്കാതെ പോയതിലും ഒട്ടും നിരാശയില്ല. കെപിഎസി എന്ന നാലക്ഷരത്തെ പേരിനോട് ചേര്‍ത്തുവയ്ക്കാന്‍ കഴിഞ്ഞത് തന്നെ വലിയൊരു സുകൃതമായി അവര്‍ കരുതുന്നു.
ഉര്‍വ്വശിപട്ടത്തെക്കാള്‍ വലിയ ബഹുമതികള്‍ തനിക്ക് ലഭിച്ചുവെന്നും അവര്‍ ഉറച്ച് വിശ്വസിക്കുന്നു. തുലാഭാരത്തിലെ ലീലയുടെ അഭിനയത്തെ കുറിച്ച് കേട്ടറിഞ്ഞ എംഎന്‍ ഗോവിന്ദന്‍നായര്‍ സ്വന്തം കൈപ്പടയിലെഴുതിയ കത്ത് തുടങ്ങുന്നതിങ്ങനെ: ’ ലീലമോളേ, തുലാഭാരത്തിലെ നിന്റെ അഭിനയത്തെക്കുറിച്ച് കേട്ട് എനിക്ക് നിന്നെ കണ്ട് അഭിനന്ദിക്കാതെ ഇവിടെ ഇരിക്കാന്‍ കഴിയുന്നില്ല’- എമ്മെന്റെ ഈ കത്ത് ഓസ്‌കാറിനെക്കാളും വലിയ ബഹുമതിയായി അവര്‍ കണക്കാക്കുന്നു.