Janayugom Online
velayudhapanicker copy

ആറാട്ടുപുഴ വേലായുധപണിക്കര്‍ ചരിത്രം സൃഷ്ടിച്ച ചരിത്രപുരുഷന്‍

Web Desk
Posted on January 12, 2019, 3:38 pm

ഡി ഹര്‍ഷകുമാര്‍

ചരിത്രം രചിച്ചെങ്കിലും ചരിത്രം ആദരിക്കാന്‍ മറന്നുപോയ കേരള നവോത്ഥാന നായകരിലെ ആദ്യ രക്തസാക്ഷിയാണ് ആറാട്ടുപുഴ വേലായുധ പണിക്കര്‍. ഈഴവരാദി പിന്നാക്ക സമുദായക്കാര്‍ക്ക് ഒരിക്കലും ഈ നാമം വിസ്മരിക്കാന്‍ കഴിയില്ല. ഒരുപക്ഷേ ഈഴവ സമുദായത്തില്‍ ജനിച്ചതുകൊണ്ടാണ് ഈ അവഗണനയുണ്ടായതെന്ന് ആരെങ്കിലും പ്രകോപിതനായി പറഞ്ഞാല്‍ അതിന് ഒട്ടും അതിശയം കാണേണ്ടതില്ല. 19-ാം നൂറ്റാണ്ടിലെ ഇരുണ്ട കാലയളവില്‍ തിന്മകള്‍ക്കെതിരെ പടപൊരുതിയത് ഒറ്റയ്ക്കായിരുന്നു. ജാതിക്കോമരങ്ങള്‍ ഉറഞ്ഞുതുള്ളിയ നാളുകളില്‍ തന്റെ ധീരതയും ആരെയും വെല്ലുവിളിക്കുന്ന ആരോഗ്യശേഷിയും സമ്പന്നമായ കുടുംബത്തിന്റെ ധനശേഷിയുമാണ് സ്വപ്‌നതുല്യമായ ഈ പോരാട്ടങ്ങള്‍ക്ക് കരുത്തു പകര്‍ന്നത്. യുഗപുരുഷന് പ്രചോദനമായ ചരിത്രപുരുഷനാണ് വേലായുധ പണിക്കര്‍.
കല്ലിശ്ശേരി വേലായുധ ചേകവര്‍ക്ക് ഇടപ്പിള്ളി രാജാവ് പണിക്കര്‍ സ്ഥാനം കല്‍പിച്ചുകൊടുക്കുകയായിരുന്നു. തലമുറകള്‍ക്ക് ഉപയോഗിക്കുവാനും അനുവാദം നല്‍കിയത് പണിക്കര്‍ക്ക് വീരശൃംഖലയും സമ്മാനിച്ചായിരുന്നു.
തന്ത്രി പ്രമുഖനായിരുന്ന തരണനെല്ലൂര്‍ നമ്പൂതിരി മുറജപത്തിനു മുന്നോടിയായി പത്മനാഭപുരം ക്ഷേത്രത്തിലേക്ക് കൊണ്ടുപോകുകയായിരുന്ന സാളഗ്രാമം (വിഷ്ണുവിന്റെ പ്രതീകമായി ആദരിക്കുന്ന കല്ല്) കായംകുളം കായലില്‍ വച്ച് ചില അക്രമികള്‍ തട്ടിയെടുത്തു. രാജാവ് എത്ര ശ്രമിച്ചിട്ടും സാളഗ്രാമം വീണ്ടെടുക്കാന്‍ കഴിഞ്ഞില്ല. വേലായുധ പണിക്കരും സംഘവും അക്രമികളെ കീഴ്‌പ്പെടുത്തി രാജാവ് പറഞ്ഞ തീയതിക്കു മുന്നേ സാളഗ്രാമം രാജാവിനെ ഏല്‍പ്പിച്ചു. അങ്ങനെയാണ് പണിക്കര്‍ സ്ഥാനം കിട്ടുന്നത്.
ആറാട്ടുപുഴയിലെ പ്രമുഖ പാരമ്പര്യ കുടുംബമായിരുന്നു വലിയകടവ്. വളരെ സമ്പന്നമായ കുടുംബത്തിലെ അംഗമായിരുന്നു പണിക്കര്‍. ഇവിടെ നിന്നും വിവാഹം കഴിച്ചുകൊണ്ടുപോയ ഏരുവയില്‍ കുറ്റിത്തറ ഗോവിന്ദനാണ് പണിക്കരുടെ അച്ഛന്‍. പണിക്കര്‍ക്ക് രണ്ട് സഹോദരിമാരും ഉണ്ടായിരുന്നു. 1825 ല്‍ ജനിച്ച വേലായുധ പണിക്കരുടെ അമ്മ പണിക്കരെ പ്രസവിച്ചശേഷം 13-ാം ദിവസം മരിച്ചു. ദുഃഖം പോലും അറിയാനാകാത്ത നാളുകളില്‍ അനാഥത്വം. പിന്നീട് പെരുമാള്‍ ചേകവര്‍ എന്ന മുത്തച്ഛന്റെ സംരക്ഷണയിലാണ് വളര്‍ന്നത്. സ്വന്തം പായ്ക്കപ്പലില്‍ വിദേശരാജ്യങ്ങളുമായി വ്യാപാരം നടത്തിയിരുന്ന ഇദ്ദേഹത്തിന് 160 ഏക്കര്‍ തെങ്ങിന്‍തോപ്പും 300 ഏക്കര്‍ കൃഷിയിടവും അനവധി സ്ഥാവരജംഗമ വസ്തുക്കളുമുണ്ടായിരുന്നു. പണിക്കര്‍ പിന്നീട് വെളുമ്പി പണിക്കത്തിയെ വിവാഹം ചെയ്തു.
1854 ല്‍ മംഗലത്ത് പുതിയതായി ക്ഷേത്രം പണിത് ശിവപ്രതിഷ്ഠയും 1855 ല്‍ ചെറുവരണത്ത് പ്രതിഷ്ഠയും നടത്തുകയും ചെയ്തു. എല്ലാ ജാതിക്കാര്‍ക്കും പ്രാര്‍ഥനാ സൗകര്യം ഏര്‍പ്പെടുത്തി. 1856 ലാണ് ശ്രീനാരായണഗുരു ജനിക്കുന്നത്. 1888ലാണ് അരുവിപ്പുറം ശിവപ്രതിഷ്ഠ ഗുരുവിനെക്കാള്‍ എത്രയോ കാലം മുമ്പാണ് വേലായുധ പണിക്കരുടെ നീക്കമെന്നതും ആലോചിക്കണം.
അക്കാലത്ത് ദുര്‍ദേവതകളെ മാത്രമേ അവര്‍ണര്‍ക്ക് ആരാധിക്കുവാന്‍ അവസരമുണ്ടായിരുന്നുള്ളു. മംഗലത്ത് പ്രതിഷ്ഠക്ക് മുമ്പായി വേലായുധ പണിക്കര്‍ ബ്രാഹ്മണ വേഷത്തില്‍ വൈക്കത്തപ്പന്റെ പൂജാവിധികളും ചടങ്ങുകളും അവിടെ താമസിച്ചാണ് മനസിലാക്കിയത്. അയിത്തക്കാരന്റെ ക്ഷേത്ര പ്രവേശനം. 1853 ലാണ് ഈ സംഭവം. ക്ഷേത്രത്തിന് ശുദ്ധികലശം ചെയ്യുന്നതിന് അവരാവശ്യപ്പെട്ട നൂറ്റിയൊന്നു പണത്തിനെക്കാള്‍ കൂടുതല്‍ നല്‍കിയാണ് പണിക്കര്‍ തിരികെ പോന്നത്.
1862 ല്‍ അദ്ദേഹം ഈഴവരുടെ ആദ്യത്തെ കഥകളിയോഗം സ്ഥാപിച്ചു. കലയിലെ രാജാവും രാജാക്കന്മാരുടെ കലയുമായിരുന്ന കഥകളി സവര്‍ണര്‍ക്കു മാത്രമായിരുന്നു. ഈ കല പഠിക്കാന്‍ ഈഴവര്‍ക്ക് അവകാശമുണ്ടായിരുന്നില്ല. ആദ്യകാലത്ത് എതിര്‍ത്തിരുന്നവര്‍ പണിക്കരുടെ വരവോടെ എതിര്‍ക്കാന്‍ ശക്തിയില്ലാതെ സര്‍ക്കാരിന് പരാതി നല്‍കുകയായിരുന്നു.
ഈഴവരാണു നെയ്യുന്നതെങ്കിലും അച്ചിപ്പുടവ എന്ന വിശേഷാല്‍ വസ്ത്രം ധരിക്കാന്‍ അവര്‍ക്ക് അനുവാദം ഉണ്ടായിരുന്നില്ല. പ്രത്യേകിച്ച് മുട്ടിനുതാഴെ. ഈ ആചാരങ്ങളെല്ലാം ലംഘിക്കുന്നവര്‍ക്ക് കൊടിയ മര്‍ദ്ദനമായിരുന്നു സവര്‍ണരുടെ ശിക്ഷാനടപടി. 1858 ല്‍ ഇതിനെതിരെ നടത്തിയ സമരമാണ് അച്ചിപ്പുടവ സമരം.
ഓരോ അവയവങ്ങള്‍ക്കും തൊഴിലുപകരണങ്ങള്‍ക്കും കരംചുമത്തിയിരുന്ന അക്കാലത്ത് ഈഴവരാദി പിന്നാക്കക്കാര്‍ക്ക് മാറുമറയ്ക്കാനുള്ള അവകാശം ഉണ്ടായിരുന്നില്ല. ഒരു ഈഴവ യുവതി നാണം മറയ്ക്കാന്‍ മേല്‍മുണ്ട് ധരിച്ച് കായംകുളം കമ്പോളത്തില്‍ ചെന്നത് സവര്‍ണര്‍ക്കും മുസ്‌ലിം സമുദായത്തിനും സഹിക്കാന്‍ കഴിഞ്ഞില്ല. അവര്‍ ആ സ്ത്രീയുടെ വസ്ത്രം കീറി അപമാനിച്ചു. തന്റെ സമുദായത്തിലെ സ്ത്രീകളെ അപമാനിക്കുന്നത് ഒട്ടും ക്ഷമിക്കാന്‍ കഴിയാത്ത പണിക്കര്‍ സുഹൃത്തുക്കളുമായി പെട്ടെന്ന് അവിടെ എത്തുകയും എല്ലാവര്‍ക്കും മേല്‍മുണ്ട് വാങ്ങി നല്‍കുകയും ഇനി മുതല്‍ ഇതില്ലാതെ നടക്കരുതെന്ന് ശക്തമായി താക്കീത് ചെയ്യുകയും ഉപദ്രവിച്ചവരെ ശാരീരികമായി കൈകാര്യം ചെയ്യുകയുമാണുണ്ടായത്. 1859 ലാണ് ഈ മേല്‍മുണ്ട് സമരം.
ഓരോരുത്തരും അണിയുന്ന ആഭരണങ്ങള്‍ കണ്ട് അവരുടെ ജാതി തിരിച്ചറിയുന്ന കാലമായിരുന്നു. ഈഴവ സ്ത്രീകള്‍ക്ക് മൂക്കുത്തി അണിയാന്‍ അവകാശമില്ലാതിരുന്ന അക്കാലത്ത് പന്തളത്ത് ഒരു ഈഴവ യുവതി ആചാരം ലംഘിച്ച് സ്വര്‍ണ്ണമൂക്കുത്തി ധരിച്ച് പോകുന്നതു കണ്ടപ്പോള്‍ ഉയര്‍ന്ന ജാതിക്കാര്‍ കോപാകുലരായി. ആ സ്ത്രീയുടെ മൂക്കുത്തി ധരിച്ചിരുന്ന മൂക്കുള്‍പ്പെടെ മുറിച്ചുകളഞ്ഞു. രക്തപ്പുഴയൊഴുകി. പണിക്കരും സംഘവും സ്ഥലത്തെത്തി മൂക്കു മുറിച്ച എല്ലാ കൈകളെയും നിശ്ചലമാക്കി. അവര്‍ണ സ്ത്രീകളെയെല്ലാം അവിടെ വിളിച്ചുചേര്‍ത്ത് ഒരുകിഴി സ്വര്‍ണ്ണ മൂക്കുത്തി കൊണ്ടുവന്ന് എല്ലാവരെയും ധരിപ്പിച്ചു. ആ മൂക്കുത്തി ഊരിക്കളയാനോ ഊരിക്കാനോ ആര്‍ക്കും ധൈര്യമുണ്ടായിരുന്നില്ല. കുറച്ചു ദിവസം അവര്‍ അവിടെ താമസിച്ച് വീണ്ടും പ്രശ്‌നമുണ്ടാക്കാനുള്ള അവസരം നല്‍കാതെ കാര്യങ്ങള്‍ നന്നായി പര്യവസാനിച്ചതിനുശേഷമാണ് പണിക്കര്‍ മടങ്ങിയത്.
കേരള ചരിത്രത്തിലെ ആദ്യ കര്‍ഷകത്തൊഴിലാളി സമരങ്ങളിലൊന്നായി അറിയപ്പെടുന്നത് അയ്യന്‍കാളിയുടെ നേതൃത്വത്തില്‍ നടന്ന സമരമാണ്. ഇതിനെക്കാള്‍ എത്രയോ മുമ്പാണ് കായംകുളത്ത് പത്തിയൂരില്‍ ഒരു ഈഴവ സ്ത്രീ മുണ്ട് മുട്ടിനുതാഴെ നീട്ടിയുടുത്ത് വയല്‍വരമ്പിലൂടെ നടന്നത് അവര്‍ണര്‍ക്ക് സഹിച്ചില്ല. അവര്‍ ആ സ്ത്രീയുടെ മുഖത്ത് വെറ്റില മുറുക്കി തുപ്പി. ഈഴവ സ്ത്രീകള്‍ക്ക് ഇത്തരം അവകാശങ്ങള്‍ ലംഘിക്കുന്നതിനെതിരെ പണിക്കര്‍ ഒരു പ്രത്യേക സമരരീതി അവലംബിച്ചു. അവരുടെ കൃഷിയിടങ്ങളില്‍ പണിയെടുക്കരുതെന്ന് ആഹ്വാനം ചെയ്തു. പട്ടിണിയായ ഈഴവ സ്ത്രീകളുടെ കുടുംബങ്ങള്‍ക്ക് കൃത്യമായി ഭക്ഷണം എത്തിച്ചുകൊടുക്കാനും അദ്ദേഹം മറന്നില്ല. പത്തിയൂരിലെ സ്ത്രീയെ അപമാനിച്ചതിന് പരസ്യമായി മാപ്പു പറയിപ്പിക്കുകയും ഇനി ഒന്നിനും തടസം നില്‍ക്കില്ലെന്ന് ഉറപ്പു പറഞ്ഞതിനും ശേഷമാണ് സമരം അവസാനിപ്പിച്ചത്.
കറവപ്പശുക്കളെ വളര്‍ത്താനുള്ള അവകാശം നേടിയെടുക്കാനും മിശ്രവിവാഹം ആര്‍ഭാടത്തോടെ നടത്താനും എല്ലാം ചെയ്യുന്നതോടൊപ്പംതന്നെ പണിക്കരുടെ ദാനശീലവും ഏറെ പ്രശസ്തമായിരുന്നു.
പ്രശസ്തി വര്‍ധിക്കുന്നവര്‍ക്ക് എതിര്‍പ്പ് ഉണ്ടാവുകയെന്നത് സ്വാഭാവികമാണ്. അനുകൂലമായ അവസരം ഉണ്ടാകുന്നതുവരെ കാത്തിരിക്കുക എന്നതാണ് അവരുടെ അടവ്.
ഒരു കേസിന്റെ ആവശ്യത്തിനായി തണ്ടുവച്ച ബോട്ടിലൂടെ കൊല്ലത്തേയ്ക്ക് പോകുകയായിരുന്ന പണിക്കരും കൂട്ടരും കായംകുളം കായലിലെത്തിയപ്പോള്‍ അര്‍ധരാത്രിയായിരുന്നു. തണ്ടുവലിക്കാരൊഴികെ ബാക്കി എല്ലാവരും നല്ല ഉറക്കത്തിലായിരുന്നു. കേവു വള്ളത്തില്‍ വന്ന ചിലര്‍ തണ്ടുവലിക്കുന്നവരെ തെറ്റിദ്ധരിപ്പിച്ച് ബോട്ടില്‍ കയറി. പണിക്കരെ പ്രധാനപ്പെട്ട കാര്യം ധരിപ്പിക്കാനുണ്ടെന്ന് പറഞ്ഞ് കയറിയവരില്‍ ഒരാള്‍ കഠാര ഉപയോഗിച്ച് കുത്തിക്കൊല്ലുകയാണുണ്ടായത്. പണിക്കര്‍ അപ്പോള്‍ ഉറക്കത്തിലായിരുന്നു. 1874 ജനുവരിയില്‍ 49-ാമത്തെ വയസില്‍ ആ ചരിത്രപുരുഷന്‍ ചരിത്രത്തിന്റെ ഭാഗമായി.
സ്വന്തം സഹോദരിയെ അന്യജാതിക്കാര്‍ക്ക് വിവാഹം കഴിച്ചുകൊടുത്ത് മാതൃക കാണിച്ച ഈ സാഹസികതയെ ചരിത്രത്തിന്റെ പുറമ്പോക്കിലാക്കിയെന്നത് നന്ദികേടുതന്നെയാണ്. കൈയൂക്ക് ചിലപ്പോഴെങ്കിലും ശ്ലാഘനീയമാകുകയും ചങ്കൂറ്റം ആഭരണമാകുകയും ചെയ്യുന്ന നിമിഷങ്ങള്‍ കോള്‍മയിര്‍ കൊള്ളുന്നത് പണിക്കരിലൂടെയാണ്. വീര ചരിത്ര കഥകളിലേതുപോലെ കുതിരപ്പുറത്തു കയറി റോന്തുചുറ്റുന്ന വേലായുധ പണിക്കര്‍ എന്ന സുന്ദരരില്‍ സുന്ദരനായ ദൃഢഗാത്രന്‍. ഏതു പോരാളിക്കും പ്രചോദനമാകുകയാണ്.
യുവകലാസാഹിതി ദേശീയത — മാനവികത — ബഹുസ്വരത എന്ന ആശയം മുന്‍നിര്‍ത്തി നടത്തുന്ന സാംസ്‌കാരിക ജാഥയുടെ വിളംബരം അറിയിച്ചുകൊണ്ട് യുവകലാസാഹിതി ആലപ്പുഴ ജില്ലാ കമ്മിറ്റി ആറാട്ടുപുഴ വേലായുധപ്പണിക്കരുടെ അനുസ്മരണം സംഘടിപ്പിച്ചു. അദ്ദേഹം സ്ഥാപിച്ച മംഗത്ത് ജ്ഞാനേശ്വര ക്ഷേത്രത്തിലെ വേലായുധ പണിക്കര്‍ സ്മാരക ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് സാംസ്‌കാരിക ജാഥയുടെ ക്യാപ്റ്റന്‍ സംസ്ഥാന പ്രസിഡന്റ് ആലങ്കോട് ലീലാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
പണിക്കരുടെ ഭവനം സര്‍ക്കാര്‍ ഏറ്റെടുത്ത് നവോത്ഥാന സ്മാരകമാക്കണമെന്ന് ആവശ്യപ്പെട്ട് ക്ഷേത്ര പരിസരത്ത് അദ്ദേഹത്തിന്റെ വെങ്കല പ്രതിമ സ്ഥാപിക്കുവാന്‍ ഫൗണ്ടേഷന്‍ പ്രവര്‍ത്തനവും നടത്തുന്നുണ്ട്.