ആഭ്യന്തര ഉല്‍പ്പാദനം; മോഡിയുടെ മാനദണ്ഡങ്ങള്‍ തെറ്റെന്ന് ആവര്‍ത്തിച്ച് അരവിന്ദ് സുബ്രഹ്മണ്യം

Web Desk
Posted on July 11, 2019, 11:05 pm

ന്യൂഡല്‍ഹി: മൊത്തം ആഭ്യന്തര ഉല്‍പ്പാദനം കണക്കാക്കുന്നതില്‍ മോഡി സര്‍ക്കാര്‍ സ്വീകരിക്കുന്ന മാനദണ്ഡങ്ങള്‍ തെറ്റാണെന്ന് ആവര്‍ത്തിച്ച് പ്രധാനമന്ത്രിയുടെ മുന്‍ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം വീണ്ടും രംഗത്തെത്തി. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം ഏഴ് ശതമാനമായി ഉയര്‍ന്നെന്നാണ് മോഡി സര്‍ക്കാര്‍ വ്യക്തമാക്കിയത്. എന്നാല്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം 4.5 ശതമാനമാണെന്ന കണക്കുകളാണ് അരവിന്ദ് സുബ്രഹ്മണ്യം മുന്നോട്ടുവച്ചത്. എന്നാല്‍ ഈ നിലപാടുകളെ ഖണ്ഡിക്കുന്ന കണക്കുകളും സമീപനങ്ങളുമാണ് മോഡി സര്‍ക്കാരും ഇപ്പോഴത്തെ സാമ്പത്തിക ഉപദേഷ്ടാവുമായ കാര്‍ത്തികേയന്‍ സുബ്രഹ്മണ്യവും പറഞ്ഞത്. ഖണ്ഡനാത്മകവും മണ്ഡനാത്മകവുമായ നിലപാടുകള്‍ സാമ്പത്തിക വിദഗ്ധര്‍ക്കിടയില്‍ ചര്‍ച്ചയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്റെ നിലപാടുകള്‍ തെളിയുന്നതിനായി കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിടുമെന്ന അരവിന്ദ് സുബ്രഹ്മണ്യത്തിന്റ പുതിയ നിലപാട്.
രാജ്യത്തെ കയറ്റുമതി, കടങ്ങളിലുള്ള വര്‍ധന, ഉല്‍പ്പാദന മേഖലയിലെ കുറവ്, കാര്‍ഷിക മേഖലയിലെ ഉല്‍പ്പാദനം തുടങ്ങിയ സുപ്രധാന ഘടകങ്ങള്‍ ഗുരുതരമായ പ്രതിസന്ധിയാണ് നേരിടുന്നത്. ഈ സാഹചര്യത്തില്‍ മൊത്തം ആഭ്യന്തര ഉല്‍പ്പാദനം വര്‍ധിച്ചുവെന്ന കണക്കുകള്‍ ശുദ്ധ അസംബന്ധമെന്ന നിലപാടാണ് അരവിന്ദ് സുബ്രഹ്മണ്യം സ്വീകരിച്ചത്. എന്നാല്‍ സേവന മേഖലയിലെ വളര്‍ച്ച, നികുതി വരുമാനത്തിലെ വര്‍ധന തുടങ്ങിയ കാര്യങ്ങള്‍ പരിഗണിക്കാതെയാണ് സുബ്രഹ്മണ്യം കണക്കുകള്‍ പുറത്തുവിട്ടതെന്ന നിലപാടാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇപ്പോഴും സ്വീകരിക്കുന്നത്. ഈ നിലപാടുകളെ സുബ്രഹ്മണ്യം പ്രതിരോധിച്ചു. മൊത്തം ആഭ്യന്തര ഉല്‍പ്പാദനം കണക്കാക്കുകയല്ല മറിച്ച് സര്‍ക്കാരിന്റെ കണക്കുകളെ വിലയിരുത്തുക മാത്രമാണ് താന്‍ ചെയ്തതെന്ന് അരവിന്ദ് സുബ്രഹ്മണ്യം നാഷണല്‍ കൗണ്‍സില്‍ അപ്ലൈഡ് ഇക്കോണോമിക് റിസര്‍ച്ച് സംഘടിപ്പിച്ച ശില്‍പ്പശാലയില്‍ വ്യക്തമാക്കി.
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ മൊത്തം ആഭ്യന്തര ഉല്‍പ്പാദനവും ഉപഭോക്തൃ വില സൂചികയും തമ്മിലുള്ള അന്തരം ഗണ്യമായി വര്‍ധിച്ചു. 2011 ന് മുമ്പ് ഇരു സൂചികകളും തമ്മിലുള്ള അന്തരം 0.6 ശതമാനം ആയിരുന്നത് ഇപ്പോള്‍ 2.6 ശതമാനമായി വര്‍ധിച്ചു. അന്തരം 2.6 ശതമാനമായി തുടരുമ്പോള്‍ ജിഡിപി ഒരിക്കലും ഏഴ് ശതമാനമായി വര്‍ധിക്കില്ല. അല്ലെങ്കില്‍ സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങളില്‍ ജിഡിപി ഉയരുന്നതിനുള്ള നടപടികള്‍ ഉണ്ടാകണം. അല്ലെങ്കില്‍ ഉല്‍പ്പാദനത്തില്‍ ഗണ്യമായ വര്‍ധന ഉണ്ടാകണം. എന്നാല്‍ ഇത് രണ്ടും ഉണ്ടായിട്ടില്ല. കൂടാതെ രാജ്യത്തെ പൊതുമേഖലാ ബാങ്കുകളിലെ നിഷ്‌ക്രിയ ആസ്തി ക്രമാതീതമായി വര്‍ധിക്കുന്നു. കോര്‍പ്പറേറ്റ് വായ്പകളുടെ ഭാഗമായുള്ള കിട്ടാക്കടവും റോക്കറ്റ് വേഗത്തിലാണ് വര്‍ധിക്കുന്നത്. ഈ രണ്ട് ഘടകങ്ങളും മൊത്തം ആഭ്യന്തര ഉല്‍പ്പാദനത്തെ ഗണ്യമായി കുറയ്ക്കുമെന്നും അരവിന്ദ് സുബ്രഹ്മണ്യം വ്യക്തമാക്കുന്നു.
വളര്‍ച്ചാ നിരക്ക് 4.5 ശതമാനമെന്നത് പ്രതിസന്ധി സൃഷ്ടിക്കുന്ന ഒന്നല്ല. അങ്ങനെയാണെങ്കില്‍ രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരുമായിരുന്നു. എന്നാല്‍ അത് ഉണ്ടായില്ല. സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ തെറ്റാണെന്നും അത് കണക്കാക്കുന്നതിന് ഉപയോഗിച്ച മാനദണ്ഡങ്ങള്‍ ശരിയല്ലെന്നുമാണ് തന്റെ വാദമെന്നും അരവിന്ദ് സുബ്രഹ്മണ്യം വ്യക്തമാക്കുന്നു.
രാജ്യത്തെ വളര്‍ച്ച ഏഴ് ശതമാനമെന്ന് പ്രഖ്യാപിച്ചപ്പോള്‍ അതിനെ അംഗീകരിക്കാന്‍ ഐഎംഎഫ് ഉള്‍പ്പടെയുള്ള ദേശാന്തര സാമ്പത്തിക സ്ഥാപനങ്ങള്‍ തയ്യാറായില്ല. രാജ്യത്തിന്റെ ജിഡിപി കണക്കാക്കുന്നതിന് തങ്ങളുടേതായ മാനദണ്ഡങ്ങള്‍ അവലംബിക്കുമെന്നാണ് ഐഎംഎഫിന്റെ മുഖ്യ സാമ്പത്തിക വിദഗ്ധ ഗീതാ ഗോപിനാഥ് പ്രതികരിച്ചത്. ഇതും അരവിന്ദ് സുബ്രഹ്മണ്യത്തിന്റെ വാദങ്ങളെ ബലപ്പെടുത്തുന്നു.