ഡോ. ചേരാവള്ളി ശശി

June 14, 2020, 4:15 am

ചെറിയ മനുഷ്യരുടെ വലിയ ലോകം വരച്ച അരവിന്ദന്‍

Janayugom Online

ദേശീയ‑സംസ്ഥാന അവാര്‍ഡുകള്‍ ഉള്‍പ്പെടെ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയ ‘ഉത്തരായണ’ത്തിന്റെ സംവിധായകന്‍ ജി അരവിന്ദനെ ഒരുപറ്റം വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കോളജിലെ വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുന്നതിനായി ആഘോഷപൂര്‍വം കൊണ്ടുപോയി. ഉദ്ഘാടകന്‍ നിലവിളക്ക് തെളിച്ച് കൂപ്പുകൈകളോടെ നിറഞ്ഞ സദസിനെ നോക്കി താഴ്ന്ന സ്വരത്തില്‍ പറഞ്ഞു. ‘സുഹൃത്തുക്കളേ, എനിക്ക് പ്രസംഗം വശമില്ല. വേണമെങ്കില്‍ നാലുവരി രവീന്ദ്രസംഗീതം പാടാം…’. സദസ് അത് ഉറക്കെ ശബ്ദമുണ്ടാക്കി സമ്മതിച്ചപ്പോള്‍ അരവിന്ദന്‍ ടാഗോര്‍ കവിത നാലേ നാലുവരി ഭംഗിയായി പാടി. തുടര്‍ന്ന് നന്ദി പറഞ്ഞു. ചടങ്ങും തീര്‍ത്തു.
അതായിരുന്നു അരവിന്ദന്‍. വ്യക്തിജീവിതത്തിലെന്നപോലെ കലാജീവിതത്തിലും വാചാലത പാടേ ഒഴിവാക്കി സകലതിലും മിതത്വവും സംയമനവും ലാളിത്യവും പാലിച്ച ആള്‍. അദ്ദേഹത്തിന് മാധ്യമം പ്രസംഗമായിരുന്നില്ല, എഴുത്തായിരുന്നില്ല. മനസില്‍ പൊന്തുന്ന ആശയങ്ങള്‍ ആവിഷ്കരിക്കാന്‍ അദ്ദേഹത്തിന് ആദ്യകാലത്ത് ഒരുവഴിയേ അറിയാമായിരുന്നുള്ളു- ചിത്രം വര.

വ്യത്യസ്തമായ വര രീതികളിലൂടെ നിശിതവും ശക്തവുമായ കാര്‍ട്ടൂണുകള്‍ സൃഷ്ടിക്കുക അതൊന്നായിരുന്നു തന്റെ ശക്തിയെന്ന് അദ്ദേഹം ദൃഢമായി വിശ്വസിച്ചു. വരയ്ക്കുന്ന കാര്‍ട്ടൂണുകള്‍ ശ്രദ്ധേയമാക്കാന്‍ മനസതില്‍ അര്‍പ്പിച്ചു. കാര്‍ട്ടൂണ്‍ എന്നാല്‍, മലയാളിക്ക് പൊളിറ്റിക്കല്‍ — രാഷ്ട്രീയ കാര്‍ട്ടൂണാണ്. അതിനപ്പുറം ‘ബോബനും മോളിയും’ പോലെ സാമൂഹിക വിഷയങ്ങളിലൂന്നല്‍ നല്കുന്ന കാര്‍ട്ടൂണുകള്‍ 1960 കാലത്ത് ചുരുക്കമായിരുന്നു. ഇല്ലായിരുന്നു എന്നുതന്നെ പറയാം. മനോരമ വീക്കിലിയുടെ അവസാന പുറങ്ങളില്‍ നിറഞ്ഞുനിന്ന ‘ബോബനും മോളിയും’. പക്ഷേ, ചിന്ത വേണ്ടാത്ത ശുദ്ധ പൊട്ടിച്ചിരി ലാക്കാക്കി വരയ്ക്കപ്പെട്ട കാര്‍ട്ടൂണ്‍ പരമ്പരയായിരുന്നു. അതിലവര്‍ എതിരില്ലാത്ത വിജയവും നേടി.

എന്നാല്‍ 1961 മുതല്‍ 1973 വരെയുള്ള ഒരു വ്യാഴവട്ടക്കാലം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ അവസാന പുറങ്ങളില്‍ നിറഞ്ഞാടിയ ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന രാഷ്ട്രീയേതര കാര്‍ട്ടൂണ്‍ പരമ്പര വായനക്കാരെ പൊട്ടിച്ചിരിപ്പിക്കാന്‍ വേണ്ടി സൃഷ്ടിച്ച ഒന്നായിരുന്നില്ല. ആ കാര്‍ട്ടൂണുകള്‍ വായിച്ച് ഒരാളും പൊട്ടിച്ചിരിച്ചിട്ടുമില്ല. മറിച്ച്, സങ്കടം പുരണ്ട ഒരു ചിരിയോ, കാപട്യങ്ങള്‍ക്കെതിരെയുള്ള ഒരു സഹതാപമോ, നിസഹായതയില്‍ കുതിര്‍ന്ന വിദ്വേഷമോ ഒക്കെ അത് വായനക്കാരില്‍ ഉയര്‍ത്തിയിരിക്കാം. അതിനുപരി, മൗനമന്ദഹാസം എന്ന ദാര്‍ശനികതലത്തിലേക്ക് അവ അവനെ കൊണ്ടുപോയിരിക്കാം.

കാര്‍ട്ടൂണുകള്‍ കേവലം ഹാസ്യ ഫലിത സംസ്കാരം ഉളവാക്കുക മാത്രമല്ല, അവ വായനക്കാരന്റെ ബുദ്ധിയേയും നിരീക്ഷണ ശക്തിയേയും ത്വരതപ്പെടുത്താനും സഹായിക്കണം. ഈ ലക്ഷ്യത്തോടെ മലയാളത്തിലാദ്യമായിട്ടൊരു കാര്‍ട്ടൂണ്‍ പരമ്പര സൃഷ്ടിച്ചത് നിശ്ചയമായും അരവിന്ദനാണ്. ആ പരമ്പര — ‘ചെറിയ മനുഷ്യരും വലിയ ലോകവുമാണ്.…’.

‘ബോബനും മോളി‘യേയും പോലെ അരവിന്ദന്റെ വരകളും സാമൂഹിക വിഷയങ്ങളാണ് കൈകാര്യം ചെയ്യുന്നതെങ്കിലും അവ തമ്മില്‍ കടലും കടലാടിയും പോലെ അസദൃശങ്ങളാണ്. രണ്ടും രണ്ടുവഴിയേ പോകുന്നവയാണ്. കാലമെത്ര കഴിഞ്ഞാലും ബോബനും മോളിക്കും അതിലെ ഇതര കഥാപാത്രങ്ങള്‍ക്കും ഒരു മാറ്റവും വളര്‍ച്ചയുമില്ല. അരവിന്ദന്റെ വലിയ ലോകത്തിലെ ചെറിയ മനുഷ്യര്‍ക്കാകട്ടെ, കാലം കഴിയുംതോറും രൂപ‑ഭാവ മാറ്റങ്ങള്‍ സംഭവിച്ചുകൊണ്ടിരുന്നു. 1961 ല്‍ എന്‍ വി കൃഷ്ണവാരിയരുടെ പ്രോത്സാഹനത്തില്‍ അരവിന്ദന്‍ വര തുടങ്ങുമ്പോള്‍ കണ്ട രാമുവിന്റെ രൂപമല്ല (മറ്റ് കഥാപാത്രങ്ങളുടെയും) 1970കളില്‍ നാം കാണുന്നത്. കാലം വരുത്തുന്ന ബാഹ്യാഭ്യന്തര മാറ്റങ്ങള്‍ കഥാപാത്രങ്ങളിലും പ്രകടമാണ്.

വാസ്തവത്തില്‍ ശ്ലാഥമായ ഒരു നോവലാണ് അരവിന്ദന്റെ പരമ്പരയെന്നു പറയാം. ഒരു നിരീക്ഷകന്‍ ചൂണ്ടിക്കാണിച്ചപോലെ മലയാളത്തിലെ ട്രാഫിക് നോവലിന്റെ പ്രാഗ് രൂപമാകാം അത്. ‘ബോബനും മോളിക്കും’ എന്നപോലെ തൊഴില്‍ തേടുന്ന രാമു എന്ന യുവാവിനും ഒരു കുടുംബമുണ്ട്. അവിടെ അച്ഛനും അമ്മയും അനുജത്തിയും പിന്നെ സുഹൃത്‌വലയത്തില്‍പ്പെട്ട ഗുരുജിയും മമ്മദും മകന്‍ അബുവും സ്വാമിയും ഒക്കെയുണ്ട്. അവരെല്ലാം നമുക്ക് പരിചിതരാണ്. നിത്യജീവിതത്തില്‍ കണ്ടുമുട്ടുന്നവരാണ്. അവരിലൂടെ നാം സമൂഹത്തിലെ പതലരം ഹിപ്പോക്രസികളും നാട്യങ്ങളും യാഥാര്‍ത്ഥ്യങ്ങളും വിവരക്കേടുകളും ശുദ്ധഗതികളും വൈരുദ്ധ്യങ്ങളും തൊട്ടറിയുന്നു. ശുദ്ധനും സഹൃദയനും വിദ്യാസമ്പന്നനുമായ രാമുവും ബുദ്ധിജീവിയായ ഗുരുജിയും ഇതിലെ രണ്ട് മുഖ്യ കഥാപാത്രങ്ങളാണ്. തുടക്കത്തിലുള്ള തൊഴില്‍രഹിതനായ രാമുവിന്റെ രീതികളല്ല തുടര്‍ന്നങ്ങോട്ട്. ഒരു ഘട്ടം കഴിയുമ്പോള്‍ രാമുവിന്റെ നിഷ്ക്കളങ്കതയെല്ലാം നശിച്ച് അയാളൊരു ബൂര്‍ഷ്വാസിയാകുന്നു.

കള്ളക്കണക്കെഴുതാനും കള്ളക്കച്ചവടത്തിന് കൂട്ടുനില്ക്കാനും അനുജത്തിയുടെ അപഥസഞ്ചാരം കണ്ട് കണ്ണടയ്ക്കാനും അയാള്‍ മടിക്കുന്നില്ല. ഗുരുജി പുതിയ പുസ്തകങ്ങളുടെയും പുതിയ സിനിമകളുടെയും സാംസ്കാരിക ലോകത്തേക്ക് ഒരു പരിധിയോളം നമ്മെ കൂട്ടിക്കൊണ്ടുപോകുന്നു. ആധുനിക മനുഷ്യനെയും ലോകത്തേയും ആലോചനാപൂര്‍വം നോക്കിക്കാണാന്‍ സഹായിക്കുന്ന ഈ കാര്‍ട്ടൂണ്‍ പരമ്പര മലയാള വായനക്കാരനെ കുറച്ചൊന്നുമല്ല സ്വാധീനിച്ചിട്ടുള്ളത്. മധ്യവര്‍ഗത്തിനും ഉപരിവര്‍ഗത്തിനും വേണ്ടി രചിക്കപ്പെട്ടിട്ടുള്ള ഈ കാര്‍ട്ടൂണ്‍ സമൂഹത്തിലെ സാധാരണക്കാരെ അകറ്റിനിര്‍ത്തുന്നു. സാമാന്യം നല്ല ഇംഗ്ലീഷ് പരിജ്ഞാനവും ആധുനിക ജീവിത വിജ്ഞാനവും ചിന്താശീലവും ഉള്ളവര്‍ക്കല്ലാതെ അരവിന്ദന്റെ കാര്‍ട്ടൂണ്‍ ലോകം ഉള്‍ക്കൊള്ളാന്‍ കഴിയില്ല. ലാളിത്യത്തിനല്ല, ഗൗരവത്തിനാണ് ആ വരകളില്‍ സ്ഥാനമെന്ന് ചുരുക്കം.

അരവിന്ദന്‍ പിന്നീട് മലയാള സിനിമയിലേക്ക് തിരിഞ്ഞപ്പോള്‍ ‘ഉത്തരായണ’ത്തിലെ ചില കഥാപാത്രങ്ങളില്‍ രാമുവിന്റെയും ഗുരുജിയുടെയും സ്വാധീനം പതിഞ്ഞുപോയതായി അദ്ദേഹം പറഞ്ഞിട്ടുണ്ട്. വരയോടുള്ള താല്പര്യം അരവിന്ദന് കുട്ടിക്കാലം മുതല്‍ ഉണ്ടായിരുന്നു. ‘മലയാളത്തിന്റെ വുഡ് ഹൗസ്’ എന്ന് കേസരി വിശേഷിപ്പിച്ച ഹാസ്യസാഹിത്യകാരന്‍ അഡ്വ. എം എന്‍ ഗോവിന്ദന്‍ നായരുടെ മകന് നര്‍മ്മം ജന്മസിദ്ധമായതില്‍ അത്ഭുതമില്ല. 1935 ജനുവരി 23ന് കോട്ടയത്ത് ജനിച്ച അരവിന്ദന്‍ കോട്ടംയ നായര്‍ സമാജം സ്കൂളിലും സിഎംഎസ് കോളജിലും പഠിച്ച് തിരുവനന്തപുരം യൂണിയവേഴ്സിറ്റി കോളജില്‍ നിന്ന് ബോട്ടണി ബിരുദം നേടി (1954) 1956ല്‍ റബ്ബര്‍ ബോര്‍ഡില്‍ ഇന്‍സ്പെക്ടറായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് ഡെപ്യൂട്ടി ഡവലപ്മെന്റ് ഓഫീസറായി. സിനിമാ പ്രവേശനത്തോടെ ജോലി വിട്ടു. അരവിന്ദന്റെ പത്നി കൗമുദിയും റബ്ബര്‍ ബോര്‍ഡ് ഉദ്യോഗസ്ഥയായിരുന്നു. ഏക മകന്റെ പേര് രാമു.

ചെറുപ്പം മുതല്‍ വര തുടങ്ങിയ അരവിന്ദന്‍ ‘കേരള ഭൂഷണം’ തൊട്ടുള്ള പത്രമാസികകളില്‍ കഥകള്‍ക്ക് ചിത്രങ്ങള്‍ വച്ചു. അച്ഛന്റെ കൃതികള്‍ക്കും ചിത്രം വരഞ്ഞു. ധാരാളം സ്ട്രിപ്പുകള്‍ പ്രസിദ്ധീകരിച്ച ശേഷമാണ് ‘ചെറിയ മനുഷ്യരും വലിയ ലോകവും’ എന്ന പരമ്പരയിലേക്ക് കടക്കുന്നത്. 1973 ല്‍ സിനിമയിലേക്ക് തിരഞ്ഞതോടെ അരവിന്ദനിലെ കാര്‍ട്ടൂണിസ്റ്റ് പിന്നാമ്പുറത്തായി. ഉത്തരായണത്തെ തുടര്‍ന്നുണ്ടായ സിനിമകളെല്ലാം — കാഞ്ചനസീത, തമ്പ്, കുമ്മാട്ടി, എസ്തപ്പാന്‍, ചിദംബരം, വാസ്തുഹാരാ തുടങ്ങിയവയെല്ലാം മലയാളത്തില്‍ വേറിട്ടുനില്ക്കുന്ന മികച്ച ചലച്ചിത്രങ്ങളായി.

നിരവധി ദേശീയ‑സംസ്ഥാന പുരസ്കാരങ്ങള്‍ അവ അരവിന്ദന് നേടിക്കൊടുത്തു.
പൊതുവേ ശാന്തനും മിതഭാഷിയും പ്രകടനപരത ഇല്ലാത്തവനുമായ അരവിന്ദന്‍ തികഞ്ഞൊരു സംഗീതജ്ഞനുമാണ്. ഉത്തരേന്ത്യന്‍ സംഗീത പഠനത്തിനായി നാലഞ്ചുവര്‍ഷം ചെലവഴിച്ച അദ്ദേഹം അമേച്വര്‍ നാടകവേദികളിലും സജീവമായിരുന്നു. സി എന്‍ ശ്രീകണ്ഠന്‍ നായരുടെ ‘കലി‘യും കാവാലത്തിന്റെ ‘അവനവന്‍ കടമ്പ’യുമാണ് അദ്ദേഹം സംവിധാനം ചെയ്ത പ്രശസ്ത നാടകങ്ങള്‍. ‘ചെറിയ മനുഷ്യരും വലിയ ലോകവും’ മാത്രമല്ല, ‘രാമുവിന്റെ സാഹസിക യാത്രകള്‍’, ‘ഗുരുജി’ എന്നിവയും അരവിന്ദന്റെ ശ്രദ്ധേയങ്ങളായ കാര്‍ട്ടൂണ്‍ പരമ്പരകളാണ്. ജീര്‍ണ വ്യവസ്ഥികളോടും മൂല്യച്യൂതികളോടുമുള്ള സാധാരണക്കാരന്റെ പ്രതികരണവും പ്രതിഷേധവും രാമു എന്ന ശരാശരി മനുഷ്യനിലൂടെ വരച്ചുകാട്ടിയ അരവിന്ദന്‍ 1991 മാര്‍ച്ച് 15ന് അന്തരിച്ചു.