സഭ അനീതികൾക്ക് കൂട്ടുനിൽക്കുന്നുവെന്ന് സിസ്റ്റർ ലൂസി കളപ്പുരക്കൽ

Web Desk
Posted on October 12, 2019, 7:21 pm

കൊച്ചി: സഭയില്‍ നിന്ന് ഇപ്പോഴും നീതി ലഭിച്ചിട്ടില്ലെന്നും അനീതിക്ക് കൂട്ട് നില്‍ക്കുകയാണ് സഭാനേതൃത്വമെന്നും സിസ്റ്റര്‍ ലൂസി കളപ്പുരക്കൽ. ഇരയ്ക്കൊപ്പം നില്‍ക്കാന്‍ സഭ തയ്യാറാകണം. തന്നെയും കന്യാസ്ത്രീ സമൂഹത്തെയും അപകീര്‍ത്തിപ്പെടുത്തിയ ഫാ. നോബിള്‍ തോമസിനെപ്പോലുള്ളവരെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് സഭ സ്വീകരിക്കുന്നതെന്നും അവര്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. നീതി നിഷേധത്തിനെതിരെ ജസ്റ്റിസ് ഫോര്‍ സിസ്റ്റര്‍ ലൂസി കൂട്ടായ്മയുടെ നേതൃത്വത്തില്‍ എറണാകുളം വഞ്ചി സ്ക്വയറില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ്മയില്‍ പങ്കെടുക്കുവാന്‍ എത്തിയതായിരുന്നു അവര്‍.

സമൂഹ മാധ്യമങ്ങളിലൂടെ അപകീര്‍ത്തിപ്പെടുത്തിയെന്ന പരാതിയില്‍ പൊലീസ് ഇതുവരെ നടപടിയെടുത്തിട്ടില്ലെന്ന് പരാതിയുണ്ട്. ചൂഷണങ്ങള്‍ക്ക് വിധേയരായി മഠങ്ങളില്‍ കഴിയുന്ന നിരവധി സന്യാസിനികളുണ്ട്. ഫ്രാങ്കോക്കെതിരെ നിലപാടെടുത്തപ്പോള്‍ ഒരു സന്യാസിനിയെ പ്രതിക്കൂട്ടിലാക്കുന്ന സാഹചര്യമാണുണ്ടായതെന്നും സിസ്റ്റര്‍ ലൂസി പറഞ്ഞു.

പ്രതിഷേധകൂട്ടായ്മ്മയില്‍ സാമൂഹ്യ പ്രവര്‍ത്തക കെ എം സോയ അധ്യക്ഷത വഹിച്ചു. മലങ്കര ആക്ഷന്‍ കൗണ്‍സില്‍ ഫോര്‍ ചര്‍ച്ച് ആക്ട് ബില്‍ ഇംപ്ലിമെന്റേഷന്‍ (മക്കാബി) ഡയറക്ടര്‍ യൂഹാനോന്‍ റമ്പാന്‍ ഉദ്ഘാടനം ചെയ്തു. സ്വയം മാറുകയല്ലാതെ മറ്റാര്‍ക്കും ഒരുവ്യക്തിയെ സന്യാസത്തില്‍ നിന്ന് നീക്കുവാന്‍ കഴിയില്ലെന്ന് അദ്ദേഹം പറഞ്ഞു. സിസ്റ്റര്‍ ലൂസി കളപ്പുരക്കലിന് പുറമേ ഡോ. വില്‍സണ്‍ തമ്പു, ഡോ. എം പി മത്തായി, അഡ്വ. ജോസ് ജോസഫ്, സ്റ്റീഫന്‍ മാത്യു, ഷാജു ജോസ് താക്കോല്‍കാരന്‍, അഡ്വ. ബോറിസ് പോള്‍, അഡ്വ. സി ജെ ജോസ്, ജോസഫ് വര്‍ഗീസ്, ഇന്ദുലേഖ ജോസഫ്, ഷൈജു ആന്റണി തുടങ്ങിയവര്‍ സംസാരിച്ചു.