വിജ്ഞാനത്തിന്‍റെ ചെപ്പ് തുറന്ന പുരാവസ്തു പ്രദര്‍ശനം

Web Desk
Posted on May 27, 2018, 5:26 pm
തൃക്കരിപ്പൂരില്‍ നടന്ന പുരാവസ്തുക്കളുടെ പ്രദര്‍ശനം

തൃക്കരിപ്പൂര്‍: സംസ്ഥാന സാക്ഷരത മിഷനും പുരാവസ്തു രേഖാ വകുപും തുല്യതാ പഠനകേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ വിവിധ ജില്ലകളില്‍ സംഘടിപ്പിച്ചു വരുന്ന പ്രദര്‍ശനത്തിന്‍റെ കാസര്‍ഗോഡ് ജില്ലയിലെ ആദ്യ പ്രദര്‍ശനം തൃക്കരിപ്പൂരില്‍ സംഘടിപ്പിച്ചു. കളരികളില്‍ ഉപയോഗിച്ചു വന്ന ഉറുമിയും, വീടുകളിലെ ഓട്ടു കിണ്ണവും വിളക്കും, കാര്‍ഷിക ഉപകരണമായ ഉവ്വേണി, സമയമറിയാന്‍ പതീറ്റാണ്ടുകള്‍ക്ക് മുമ്പ് ഉപയോഗിച്ചു വന്ന നാഴിക വട്ട, ഇന്ത്യയിലെയും വിദേശത്തെയും നൂറ്റാണ്ടുകള്‍ പഴക്കമുള്ള നാണയങ്ങള്‍, കറന്‍സികള്‍, ഫിലിം ഉപയോഗിച്ച് ഫോട്ടോ എടുക്കുന്ന നാല്‍പത് വര്‍ഷം പഴക്കമുള്ള കാമറ, ദേശീയ നേതാക്കളുടെ പ്രസിദ്ധമായ പുസ്തകങ്ങളില്‍പെടുന്ന മഹാത്മാ ഗാന്ധിയുടെ ആത്മകഥ, നെഹ്‌റുവിന്‍റെ ‘ഇന്ത്യയെ കണ്ടെത്തല്‍’ കേരള ചരിത്രം, ഭഗവത് ഗീതയുടെ പഴയ പതിപ്പ്, പഴയകാല സുവനീറുകള്‍, ഉരല്‍, ഉലക്ക, ഉറി, മന്ത്, ചെല്ലം, ആഭരണപെട്ടി തുടങ്ങി വീടുകളില്‍ ഉപയോഗിച്ചതും അല്ലാത്തതുമായ 130 ല്‍പരം ഇനങ്ങളാണ് പഠിതാക്കള്‍ വഴി പ്രദര്‍ശനത്തില്‍ എത്തിച്ചത്. പ്രദര്‍ശനം പഞ്ചായത്ത് പ്രസിഡന്റ് വി പി ഫൗസിയ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ എ.ജി. സറീന അധ്യക്ഷത വഹിച്ചു. സാക്ഷരതാ മിഷന്‍ ജില്ലാ കോഓര്‍ഡിനേറ്റര്‍ ഷാജുജോണ്‍ പദ്ധതി വിശദീകരണം നടത്തി. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്‍ വി.കെ. ബാവ, ബ്ലോക്ക് പഞ്ചായത്തംഗം സി. രവി, സാക്ഷരതാ മിഷന്‍ അസി. കോഓര്‍ഡിനേറ്റര്‍ പി.പി. സിറാജ്, കെ വി. രാഘവന്‍, ചിത്ര ആലക്കാട്ട്, ടി.വി. പ്രീന, തുല്യതാ കേന്ദ്രങ്ങളിലെ അധ്യാപകരായ സി എം. ബാലകൃഷ്ണന്‍, ടി വി വിനോദ് കുമാര്‍, എം സദാനന്ദന്‍ എന്നിവര്‍ പ്രസംഗിച്ചു. ചരിത്ര രേഖാ പ്രദര്‍ശനത്തിന് പഠിതാക്കള്‍ നേതൃത്വം നല്‍കി.