സിനിമ കണ്ട് കരയുന്നവരാണോ നിങ്ങൾ? എന്നാൽ നിങ്ങൾ ഇത്തരക്കാരാണ് !

Web Desk
Posted on November 02, 2019, 10:46 pm

സിനിമയിലെ തികച്ചും സാങ്കല്‍പ്പികമായ രംഗങ്ങള്‍ കണ്ട് കരയുന്നവര്‍ ആണോ നിങ്ങൾ? എന്നാൽ മറ്റുള്ളവരോട് സഹാനുഭൂതി ഉള്ളവരും ജീവിതത്തിലെ വെല്ലുവിളികള്‍ നേരിടാന്‍ ശക്തരുമാണെന്ന് പഠന റിപ്പോര്‍ട്ട്. ക്ലെര്‍മൗണ്ട് സര്‍വകലാശാലയിലെ ന്യൂറോ ഇക്കോണമിസ്റ്റ് പോള്‍ ജെ സാക്ക് നടത്തിയ പഠനത്തിലാണ് ഇത്തരമൊരു കണ്ടെത്തല്‍.

മനുഷ്യവികാരങ്ങളെ നിയന്ത്രിക്കുന്ന ഓക്സിറ്റോസിന്‍ ഹോര്‍മോണാണ് വൈകാരിക രംഗങ്ങളോടുള്ള പ്രതികരണങ്ങളെ നിയന്ത്രിക്കുന്നത്. സിനിമ കണ്ട് കരയുന്ന എത്രയോ പേര്‍ നമുക്കിടയിലുണ്ട്. എന്നാല്‍ ഈക്കൂട്ടര്‍ പൊതുവേ ദുര്‍ബലരാണെന്നാണ് പൊതുവെ നമ്മള്‍ ധരിച്ചു വച്ചിരിക്കുന്നത്. എന്നാല്‍ ആ കാഴ്ച്ചപ്പാടിനെ പൂര്‍ണമായി തള്ളിയിരിക്കുകയാണ് പുതിയ പഠനം.

സിനിമയിലെ തികച്ചും സാങ്കല്‍പ്പികമായ രംഗങ്ങള്‍ കണ്ട് കരയുന്നവര്‍ മറ്റുള്ളവരോട് സഹാനുഭൂതി ഉള്ളവരും ജീവിതത്തിലെ ഏത് വെല്ലുവിളികളേയും നേരിടാന്‍ ശക്തിയുള്ളവരും എന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്. വികാരങ്ങള്‍ മറച്ചുവയ്ക്കാതെ പ്രകടിപ്പിക്കുന്നത് മാനസികമായി ശക്തി നേടാന്‍ സഹായിക്കുമെന്ന് സാക്ക് തന്റെ പഠനത്തില്‍ പറയുന്നു. സിനിമകള്‍ കണ്ട് കരയുന്നവര്‍ അത്തരത്തില്‍ വികാരങ്ങള്‍ പ്രകടിപ്പിക്കാന്‍ കഴിവുള്ളവരും തങ്ങളുടെ ചിന്തകളില്‍ ഉറച്ചു നില്‍ക്കാന്‍ കഴിയുന്നവരും ആണെന്നാണ് പഠനത്തില്‍ പറയുന്നത്.

ജീവിതത്തിലെ ഏത് പ്രതിസന്ധിയെയും സധൈര്യം നേരിടാനും ഇവര്‍ക്ക് കഴിയുമെന്ന് പഠനം സൂചിപ്പിക്കുന്നു. മാത്രമല്ല പെട്ടെന്ന് കരയുന്നവര്‍ മനസില്‍ കളങ്കമില്ലാത്തവരും മറ്റുള്ളവരോട് കൂടുതല്‍ വിശ്വസ്തത പുലര്‍ത്തുന്നവരും ചുറ്റിലുമുള്ള ജീവിതം കൂടുതല്‍ ആസ്വദിക്കുന്നവരുമാണ്. ആധികാരികമായ നിരീക്ഷണങ്ങളോടെയാണ് പോള്‍ ജെ സാക്ക് തന്റെ പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്.