സ്മാർട്ട്‌ ഫോൺ ഉപയോഗിക്കുന്നവരേ നിങ്ങളിൽ ഈ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ ഉറപ്പിച്ചോളൂ നിങ്ങൾ ഫോമോയോ നോമോഫോബിയയോ ആണ്‌

Web Desk
Posted on November 15, 2019, 5:43 pm

ഒരു നിമിഷം പോലും ഫോണിൽ നോക്കാതെ ജീവിക്കാൻ പറ്റാത്തവരാണ് നമ്മൾ. സോഷ്യൽ മീഡിയയും ഫോണും അത്രത്തോളം നമ്മെ അടിമപ്പെടുത്തിയിരിക്കുന്നു. ഭക്ഷണം കഴിക്കുമ്പോഴും ജോലിയ്ക്കിടയിലും ഡ്രൈവിംഗിലും എന്തിന് ബാത്ത്റൂമിൽ പോകുമ്പോൾ വരെ ഫോൺ ഉപയോഗിക്കുന്നവരുണ്ട്. രാവിലെ മുതല്‍ രാത്രി ഉറങ്ങും വരെ ഫോണ്‍ ഉപയോഗിച്ച ശേഷം രാവിലെ ഉറക്കമെഴുന്നേറ്റാലും ആദ്യം കയ്യിൽ എടുക്കുക ഫോൺ ആയിരിക്കും. നമ്മൾ ഉറങ്ങിയ ആ കുറച്ച് മണിക്കൂർ എന്തൊക്കെ സംഭവിച്ചു എന്നാകും ഈ ആദ്യം നോക്കുക. ഫെയ്സ്ബുക്കിൽ ഒരു പോസ്റ്റിട്ടാൽ അതിന് എത്ര ലൈക്ക് കിട്ടി, കമ്മന്റ് കിട്ടി, അങ്ങനെ എപ്പോഴും എപ്പോഴും അത് നോക്കിക്കൊണ്ട് ഇരിക്കുക പതിവാണ്. നിങ്ങൾക്കും ഇത്തരത്തിലുള്ള പ്രശ്നങ്ങൾ ഉണ്ടോ?എങ്കിൽ ഉറപ്പിച്ചോളൂ… നിങ്ങള്‍ക്ക് ഫോമോ, നോമോഫോബിയ എന്നീ അവസ്ഥയാ. എന്താണ് ഫോമോ, നോമോഫോബിയ എന്ന് അറായാം,

ഫോമോ

എപ്പോഴൊക്കെ ഫെയ്സ്ബുക്കിൽ വന്ന് പോസ്റ്റിട്ടാലും ആ നിമിഷം ലൈക്കും കമ്മന്റും ചെയ്യുന്ന ഒരു സുഹൃത്ത് നമുക്ക് എല്ലാവർക്കും ഉണ്ടാകും. ഇങ്ങനെ എഫ്ബിയിൽ തന്നെ കുത്തിയിരിക്കുന്നവർക്ക് ഫോമോ(fomo)എന്ന പ്രശ്നമാണ്. താൻ ഓൺലൈനിൽ ഇല്ലാതിരുന്നാൽ എന്തൊക്കെയോ സുപ്രധാനമായ സംഭവങ്ങൾ നടന്നേക്കാം, അതിന്റെ ഭാഗമാകാൻ തനിക്ക് കഴിയാതെ പോകുമല്ലോ എന്നൊക്കെയുള്ള ഭീതികളാണ് ഫോമോയുടെ മുഖമുദ്ര. നേരത്തെ പറഞ്ഞ പോലെ ‍ഡ്രൈവ് ചെയ്യുമ്പോഴും ജോലിയിലും അങ്ങനെ എന്ത് പ്രവൃത്തി ചെയ്താലും ശ്രദ്ധ മുഴുവൻ ഫോണിൽ ആയിരിക്കുന്ന അവസ്ഥ. നിത്യജീവിതത്തില്‍നിന്നു വലിയ സംതൃപ്തി കിട്ടാത്തവര്‍ക്കും മോഹങ്ങള്‍ പലതും നടക്കാതെ പോയവര്‍ക്കും ഫോമോയ്ക്കു സാധ്യത കൂടുതലുണ്ട്. ഫോമോ മൂലം അവരുടെ അസംതൃപ്തിയും അസന്തുഷ്ടിയും പക്ഷേ പിന്നെയും വഷളാവുകയാണു പതിവ്.

നോമോഫോബിയ

‘നോ മൊബൈൽ ഫോബിയ’ എന്നതിന്റെ ചുരുക്ക രൂപമാണ് നോമോഫോബിയ. സ്വന്തം ഫോണിനെ കുറച്ച് നേരത്തേയ്ക്ക് പോലും പിരിഞ്ഞ് ഇരിക്കാൻ പറ്റാത്ത അവസ്ഥ, ഫോൺ ഇല്ലാത്ത ഒരു അവസ്ഥയെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാതെ വരിക, അത് ഓർക്കുമ്പോൾ ഉത്കണ്ഠയും വേവലാതിയും ഒക്കെ തോന്നുന്ന അവസ്ഥയാണ് നോമോഫോബിയ. രണ്ടിടത്തും നാല്പതു ശതമാനത്തോളം പേരെ നോമോഫോബിയ പിടികൂടിയിട്ടുണ്ടെന്നാണ് ബാംഗ്ലൂരിലെയും നാഗ്’പൂരിലെയും മെഡിക്കല്‍ വിദ്യാര്‍ത്ഥികളിലെ പഠനങ്ങളില്‍ക്കണ്ടത്. ഫോണിലൂടെയല്ലാതുള്ള ആശയവിനിമയത്തിന് പ്രാപ്തതക്കുറവുള്ളവരെ ഇതു കൂടുതലായി ബാധിക്കാം.