January 28, 2023 Saturday

സ്നേഹം മീട്ടിയ ഈണങ്ങൾ

പ്രമോദ് പയ്യന്നൂർ
April 12, 2020 7:30 am

 മലയാണ്മയുടെ തുടിപ്പും മിടിപ്പും അറിയുന്ന ചലച്ചിത്ര സംഗീതത്തിന്റെയും നാടക-ലളിതഗാനങ്ങളുടെയും അർത്ഥപൂർണ്ണമായ സമന്വയത്തിന്റെ പ്രയോക്താവിനെയാണ് അർജ്ജുനൻ മാസ്റ്ററുടെ വേർപാടിലൂടെ സാംസ്കാരിക കേരളത്തിന് നഷ്ടമായത്. മലയാളിക്ക് എന്നും അഭിമാനിക്കാവുന്ന സംഗീത സംവിധായകരിലെ, മാസ്റ്റർമാരിലെ അവസാന കണ്ണി കൂടിയായിരുന്നു അർജ്ജുനൻ മാസ്റ്റർ. പ്രതിസന്ധികൾ നിറഞ്ഞ ജീവിതത്തോട് പൊരുതി നേടിയ സർഗ്ഗസംഗീതമായിരുന്നു അർജ്ജുനൻ മാസ്റ്റർ കാലത്തിനായി സമർപ്പിച്ചത്. 1961 ലാണ് ദേവരാജൻ മാസ്റ്ററുടെ ഹാർമോണിസ്റ്റായി അർജ്ജുനൻ മാസ്റ്റർ കാളിദാസ കലാകേന്ദ്രത്തിലേക്ക് എത്തുന്നത്. തുടർന്നങ്ങോട്ട് കാലം മറക്കാത്ത ഈണങ്ങളിലൂടെ എം കെ അർജ്ജുനൻ മാസ്റ്റർ എന്ന നാമം അനശ്വര സംഗീതത്തിന്റെ പര്യായമായി. അർജ്ജുനൻ മാസ്റ്ററുമൊത്തുള്ള അനർഘവേളകൾ ഓർക്കുമ്പോൾ ആർദ്രതയുടെയും ഗുരുഭക്തിയുടെയും ദീപസ്തംഭമായി നിലകൊണ്ട ജീവിത ചിത്രങ്ങളാണ് മിഴിവോടെ മനസ്സിൽ തെളിയുന്നത്.

ദേവരാജൻ മാസ്റ്ററുടെ സർഗ്ഗാത്മകജീവിതത്തെക്കുറിച്ച് ‘ദേവരാഗം‘ എന്ന പേരിൽ കൈരളി ടി വിയിൽ 32 എപ്പിസോഡുകളിലായി ഒരുക്കിയ ദൃശ്യപാഠങ്ങളിലൊന്നിൽ ഗുരുവായ ദേവരാജൻ മാസ്റ്ററെക്കുറിച്ച് പറയും മുന്നെ തെല്ലിടനേരം ധ്യാനനിമഗ്നനായിരുന്ന അർജ്ജുനൻ മാസ്റ്ററായിരുന്നു ആദ്യാനുഭവം. പിന്നീട് 2002 ൽ കെപിഎസിയുടെ അമ്പതാം വർഷത്തെ നാടകമായ ‘ഇന്നലെകളിലെ ആകാശം’ സംവിധാനം ചെയ്യുമ്പോൾ സംഗീത സംവിധായകനായി എത്തിയതും പ്രിയപ്പെട്ട അർജ്ജുനൻ മാസ്റ്റർ ആയിരുന്നു. ആദ്യം ദേവരാജൻ മാസ്റ്റർ സംഗീതം ഒരുക്കാമെന്ന് പറഞ്ഞെങ്കിലും മാഷിന്റെ ശാരീരികാസ്വാസ്ഥ്യത്തെത്തുടർന്ന് ദേവരാജൻ മാസ്റ്ററുടെ നിർദ്ദേശ പ്രകാരം അർജ്ജുനൻ മാസ്റ്റർ ആ ദൗത്യം ഏറ്റെടുക്കുകയായിരുന്നു. ഗാനരചന ഒരുക്കിയ ഒഎൻവി സാറിന് ദേവരാജനെപ്പോലെ പ്രിയപ്പെട്ടവനായിരുന്നു അർജ്ജുനനും. അങ്ങനെ ഇന്നലെകളിലെ ആകാശത്തിലെ നാല് ഗാനങ്ങൾക്ക് അർജ്ജുനൻ മാസ്റ്റർ മനസ്സിൽ തൊടുന്ന ഈണം പകർന്നു.

‘മഴ മഴ മഴ മഴ… പുതുമഴയേൽക്കേ മദതരമാം മദമുതിരും കന്യയാമീ മണ്ണിനെവേൾക്കാൻ വന്നതാരാരോ.…’

എന്ന ഗാനം ഇതിൽ ഏറെ ശ്രദ്ധേയമായി. കെപിഎസി ജോൺസൺ മാഷും മേള രഘുവും കെപിഎസിയിലെ പ്രഗത്ഭരായ അഭിനേതാക്കളും ഒത്തുചേർന്ന സവിശേഷമായ കൊറിയോഗ്രാഫിയുടെ പശ്ചാത്തലത്തിലായിരുന്നു ആ ഗാന ദൃശ്യങ്ങളിൽ അഭിനയിച്ചത്. നാടകത്തിന്റെ പശ്ചാത്തല സംഗീതവും മാഷിന്റേതായിരുന്നു. സ്കൂൾ ഓഫ് ഡ്രാമ പഠനശേഷം അന്വേഷണാത്മക നാടക ങ്ങളുമായി ഊരുചുറ്റിയ കാലം. സംഗീതനാടക അക്കാദമി സംസ്ഥാനതല നാടക മത്സരത്തിൽ ഡോ. ശിവരാമ കാരന്തിന്റെ ‘ചോമനതുടി’ എന്ന നോവൽ, ‘ഉയിർതുടി’ എന്ന നാടകമായി സംവിധാനം ചെയ്ത് ആ വർഷത്തെ സംവിധാന പുരസ്കാരത്തിന് അർഹത നേടിയ വർഷം. കെപിഎസിയുടെ 2002 ലെ നാടകം ചെയ്യുവാനുള്ള ക്ഷണം ലഭിച്ചത് ആ വർഷമായിരുന്നു. തിരുവനന്തപുരത്ത് സൂര്യാ ഫെസ്റ്റിൽ ‘ഉയിർതുടി’ അരങ്ങേറിയപ്പോൾ സദസ്സിൽ കെപിഎസി ചെയര്‍മാന്‍ ആയിരുന്ന പ്രിയപ്പെട്ട പികെവിയും ലെനിൻ രാജേന്ദ്രനും ഭരത് മുരളിയും ഉണ്ടായിരുന്നു. അവിടുന്നങ്ങോട്ട് കെപിഎസിയുടെ കമ്മിറ്റി തീരുമാന പ്രകാരമാണ് ഡോ. എ കെ നമ്പ്യാരുടെ നിർദ്ദേശപ്രകാരം ഞാൻ കെപി എസിയിൽ എത്തുന്നത്. കിളിച്ചുണ്ടൻ മാവിന്റെ ചോട്ടിൽ സ്മരണളിരമ്പുന്ന സർഗ്ഗാത്മക ഭൂമികയിലേക്ക് ആദരവോടെ മനസ്സർപ്പിച്ച നാളുകൾ. മുന്നിൽ ജനകീയ നാടക പ്രസ്ഥാനത്തിലെ മഹാമേരുക്കളായ പ്രതിഭകൾ. അവരിൽ പ്രിയപ്പെട്ട അർജ്ജുനൻ മാസ്റ്ററും.

‘ഇന്നലെകളിലെ ആകാശ’ത്തിലെ പശ്ചാത്തലസംഗീതം അർജ്ജുനൻ മാസ്റ്ററുടേതായിരുന്നു. ക്ലൈമാക്സിനോടടുക്കുന്ന രംഗത്തിന്റെ വികാര വിക്ഷുബ്ധതകൾ സംഭാഷണങ്ങളില്ലാതെ അനുക്രമായി വികസിക്കുന്ന രംഗ ചലനങ്ങളിലൂടെ സംഗീതത്തിന്റെ സാന്നിദ്ധ്യത്തിനായി രൂപ കല്പന ചെയ്തുവച്ചത് മ്യൂസിക് നൊട്ടേഷൻ വേളയിൽ മാഷ് കണ്ടു. നീണ്ട ഈ രംഗത്തിനിടയിൽ സംഭാഷണ ങ്ങൾ വന്നുപോകുന്നതല്ലേ നല്ലതെന്ന് മാഷ്. പതിവു ശൈലിയിൽ നിന്നും കുതറി മാറാൻ, ചെയ്ത ഭാഗം അങ്ങനെ തന്നെ വേണമെന്ന് സംവിധായകൻ. പൊതുവെ സ്വച്ഛന്ദ ശാന്തമായി മ്യൂസിക് നൊട്ടേഷനായി രംഗങ്ങൾ കണ്ട്, സംവിധായകന്റെ മനക്കണ്ണ് കൂടി സ്നേഹത്തോടെ ചോദിച്ചറിയുന്ന മാഷ് അതൊന്നുകൂടി ആലോചിക്കണമെന്ന് പറഞ്ഞു. എത്ര ആലോചിച്ചിട്ടും അത് മാറ്റാൻ തോന്നുന്നില്ലെന്ന് പറഞ്ഞപ്പോൾ മാഷിന്റെ മുഖമൊന്ന് ചുവന്നു. അന്നത്തെ മ്യൂസിക് നൊട്ടേഷൻ അവിടം കൊണ്ട് നിർത്തി. റിഹേഴ്സൽ ക്യാമ്പിൽ കനത്ത മൗനങ്ങൾ തളം കെട്ടി നിന്നു. അടുത്ത ദിവസം രാവിലെയാണ് വീണ്ടും നൊട്ടേഷനായി ഒത്തു ചേരേണ്ടത്. അന്നുരാത്രി പലയാവർത്തി ആലോചിച്ചു. അഭിനേതാക്കളുമായും സംസാരിച്ചു. മനസ്സുരുകി മെനഞ്ഞ ആ രംഗം മാറ്റാൻ നമുക്കാർക്കും തോന്നിയില്ലെന്നതാണ് നേര്. സംഘർഷഭരിതമായ മനസ്സ്, ഉറങ്ങാതെ കടന്നുപോയ യാമങ്ങൾ, മാറ്റി ചിന്തിച്ചില്ലെങ്കിൽ അത്രമേൽ പ്രിയപ്പെട്ട മാഷിനെ ധിക്കരിച്ചെന്ന് തോന്നുമോ? പക്ഷേ ശരിയെന്ന് തോന്നുന്നത് മാറ്റിയാൽ അത് സർഗ്ഗാത്മക മനസ്സിനെ വഞ്ചിക്കലാകില്ലേ, അങ്ങനെ ചിന്തകളുടെ തിരയടങ്ങാത്ത മനസ്സുമായി പുലർച്ചയ്ക്കെപ്പഴോ ഉറങ്ങി. വൈകാതെയാണ് വാതിൽക്കൽ മുട്ട് കേട്ടത്. ഉറക്ക ച്ചടവിൽ നോട്ടം ഘടികാരത്തിലേക്ക് പാഞ്ഞപ്പോഴറിഞ്ഞു നേരം 6 മണി.

പാതിയുറക്കത്തിൽ വാതിൽ തുറന്നു. മുന്നിൽ നടക്കാനിറങ്ങിയ വേഷത്തിൽ മാഷ്. സ്നേഹത്തിന്റെയും വാത്സല്യത്തിന്റെയും ആർദ്രതയാൽ തിളങ്ങുന്ന കണ്ണുകൾ. ’ഇന്നലെ മോന്റെ മനസ്സ് വെഷമിപ്പിച്ചോ’ മറിച്ചെന്തെങ്കിലും പറഞ്ഞാൽ സ്വരമിടറുന്നതിനാൽ ഒരുൾത്തേങ്ങലോടെ ഞാൻ ആ വലിയ കലാ കാരന്റെ വാത്സല്യമറിഞ്ഞു. മാഷിന്റെ കൈകൾ പതിയെ കവിളിൽ ഒന്ന് തട്ടി, ആർദ്രമായി ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. സാരമില്ല ഇന്നതിന് നമുക്ക് നല്ല പശ്ചാത്തല സംഗീതം ചിട്ടപ്പെടുത്താം. റിഹേഴ്സൽ ഇടത്ത് കാണാമെന്നും പറഞ്ഞ് സ്നേഹവെളിച്ചം പരത്തുന്ന ചിരിയോടെ മാഷ് കെപിഎസിയുടെ മുറ്റത്തെ പ്രഭാത നടത്തത്തിലേക്കിറങ്ങി. എളിമയുടെ ആൾരൂപമായിരുന്നു അദ്ദേഹം. ഓരോ തവണയും മാഷിന്റെ സവിധത്തിലെത്തുമ്പോൾ കലവറയില്ലാത്ത സ്നേഹവും വാത്സല്യവും ഞങ്ങളറിഞ്ഞു. ആ വർഷം സംഗീത സംവിധാനത്തിനും മികച്ച നാടകത്തിനും സംവിധാനത്തിനുമടക്കും അഞ്ച് പുരസ്കാരങ്ങൾ കെപിഎസിയുടെ ‘ഇന്നലെകളിലെ ആകാശ’ത്തെ തേടിയെത്തി. അടുത്തവർഷം കുട്ടനാടിന്റെ ഇരുന്നൂറു വർഷത്തെ ചരിത്രം പറഞ്ഞ ‘ദ്രാവിഡവൃത്തം’ എന്ന നാടകത്തിനും സംഗീതം പകർന്ന് മാഷ് രംഗഭാഷയുടെ ഉള്ളുണർത്തി. അവതരണഗാനമായി അന്ന് ദേവരാജൻ മാസ്റ്ററുടെ ആലാപന ത്തിലുള്ള ‘തുഞ്ചൻ പറമ്പിലെ തത്തേ…’ എന്ന ഗാനമായിരുന്നു ഉപയോഗിച്ചിരുന്നത്. ഫൈനൽ റിഹേഴ്സലിലും മാസ്റ്റർ റിഹേഴ്സൽ വേളകളിലും ഈ അവതരണ ഗാനത്തിന്റെ അകമ്പടിയോടെ റിഹേഴ്സൽ തുടങ്ങുന്ന നേരത്തെല്ലാം മാഷ് എഴുന്നേറ്റ് നിൽക്കുമായിരുന്നു, കൂടെ ഞങ്ങളും.

ഗുരുവിനോടും സംഗീത സംസ്കൃ തിയോടുമുള്ള ആഴമുള്ള ആദരവ് അദ്ദേഹത്തിന്റെ ഭാവങ്ങളിൽ പ്രകടമായിരുന്നു. അർജ്ജുന സംഗീതം പോലെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിന്നും വന്നു ചേരുന്ന സ്വഭാവ സവിശേഷതയായിരുന്നു അത്. പത്ത് വർഷങ്ങളായി, ഒരു മണിക്കൂർ ദൈർഘ്യത്തിൽ രണ്ട് എപ്പിസോഡുകളിലായി അർജ്ജുനൻ മാഷിന്റെ ജീവിതം ഡോക്യുമെന്ററിയായി ചെയ്തിട്ട്. അന്ന് അദ്ദേഹത്തിന്റെ ജീവിതത്തിനൊപ്പം നടന്നവരുടെ അനുഭവ സാക്ഷ്യങ്ങളും മാഷിന്റെ ഓർമ്മക്കരുതലുകളും ഇഴചേർത്തപ്പോൾ രാത്രി എഡിറ്റ് ടേബിളിൽ ഉറങ്ങാതെ ഞമ്മൾ അമ്പരന്നിരുന്നു. ഒറ്റപ്പെടലിന്റെയും സഹനത്തിന്റെയും യാതനാപർവ്വത്തിലൂടെ സംഗീതത്തിന്റെ വസന്തങ്ങൾ വിരിയിച്ച പ്രതിഭയായിരുന്നു. ‘ദുഃഖമേ നിനക്ക് പുലർകാല വന്ദനം, കാലമേ നിനക്ക് അഭിനന്ദനം’ എന്ന ഗാനത്തിലൂടെ മാഷിന്റെ ജീവിതം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.