20 September 2024, Friday
KSFE Galaxy Chits Banner 2

ആയുധവും ആരണ്യവും; സീതാ-രാമ സംവാദം

സ്വാമി വിശ്വഭദ്രാനന്ദ ശക്തിബോധി
രാമായണ പാഠങ്ങള്‍ 20
August 4, 2024 4:12 am

വാല്മീകി രാമായണത്തിലെ അരണ്യകാണ്ഡത്തിലുള്ള ഒമ്പതും പത്തും സർഗങ്ങൾ എക്കാലത്തും പ്രസക്തിയുള്ള പരിചിന്തനീയ പ്രമേയങ്ങളാൽ സമൃദ്ധമായ സീതാ-രാമ സംവാദമാണ്. ഈ സംവാദം ഉയർത്തുന്ന പ്രമേയങ്ങളെ അടിസ്ഥാനമാക്കിത്തന്നെ ഒരു വലിയ ഗ്രന്ഥം എഴുതാവുന്നതാണ്. അതിലേക്കൊന്നു ശ്രദ്ധചെലുത്താം. അഹിംസയാണോ ഹിംസയാണോ ശരിയായ വാഴ്‌വിന്റെ വഴി? ഈ ചോദ്യത്തിന് മനുഷ്യനാഗരികതയോളം പഴക്കമുണ്ട്. ബുദ്ധനും മാർക്സും തമ്മിലും ലെനിനും ഗാന്ധിയും തമ്മിലും അയ്യങ്കാളിയും നാരായണഗുരുവും തമ്മിലും നിലനിന്നിരുന്ന സമീപന ഭേദങ്ങളുടെ കാരണങ്ങളിൽ ഒന്നു അഹിംസയാണോ ഹിംസയാണോ ശരിയായ ജീവിതപ്പാത എന്നതായിരുന്നുവെന്നും പറയാം. ഈ വിഷയം തന്നെയാണ് രണ്ടായിരം വർഷത്തിലേറെ പഴക്കമുണ്ടെന്നു നിസംശയമായി പറയാവുന്ന വാല്മീകി രാമായണത്തിലെ സീതാരാമ സംവാദത്തിലും ഉള്ളത്. 

സീത പറയുന്നത് ധർമ്മനാശകമായ മൂന്നു ദോഷങ്ങളുണ്ടെന്നാണ്. അതിലൊന്നാമത്തേത് അസത്യഭാഷണവും രണ്ടാമത്തേത് പരസ്ത്രീഗമനവും മൂന്നാമത്തേത് വൈരം കൂടാതെയുള്ള ഹിംസയും ആകുന്നു. ഇതിൽ മൂന്നാമത്തേതായ വൈരമില്ലാതെ പരപ്രാണാഭി ഹിംസനം (തൃതീയം യദിദം രൗദ്രം പരപ്രാണാഭി ഹിംസനം) എന്ന ദോഷം രാമനെ ബാധിച്ചിരിക്കുന്നു. എന്തുകൊണ്ടെന്നാൽ താപസന്മാരുടെ ആരണ്യത്തിൽ താപസവ്രതം വരിച്ചുകഴിയുമ്പോഴും രാമൻ വില്ലും അമ്പും വാളും ധരിച്ചിരുന്നു എന്നതിനാൽ. ക്ഷത്രിയർക്ക് ധനുസും അഗ്നിക്ക് വിറകും എത്താവുന്നിടത്തിരുന്നാൽ തേജോബലം വർധിപ്പിക്കും എന്നാണ് സീതയുടെ യുക്തി.
താപസവ്രത ദീക്ഷ വരിച്ച രാമന് ആരണ്യത്തിൽ ആയുധധാരിയായ ക്ഷത്രിയത്വം വേണ്ടതില്ല; അയോധ്യയിൽ മടങ്ങിച്ചെന്നു രാജ്യഭരണമേൽക്കുമ്പോൾ മതി ആയുധധാരണം എന്നൊക്കെയാണ് സീതയുടെ വാദഗതികൾ. ഇതിനെല്ലാം ഉപോൽബലകമായി സീത ഒരു കഥയും പറയുന്നുണ്ട്. പണ്ടൊരു താപസനുണ്ടായിരുന്നു. അദ്ദേഹത്തിന്റെ തപസ് തന്നെ തകർക്കുമോ എന്നു ശങ്കിച്ച ദേവേന്ദ്രൻ ഒരു ഭടന്റെ വേഷത്തിൽ ആശ്രമത്തിൽ ചെല്ലുകയും ഒരു വാൾ താപസന്റെ പക്കൽ സൂക്ഷിക്കാൻ ഏല്പിക്കുകയും ചെയ്തു. താപസൻ വാള്‍ സംരക്ഷിക്കാനുള്ള വ്യഗ്രതയിൽ എപ്പോഴും എവിടെയും വാളോടുകൂടി വാഴാൻ തുടങ്ങി. വാള്‍ കയ്യിലുള്ള അദ്ദേഹം അതു പ്രയോഗിച്ചു ഹിംസ ചെയ്യാനും തുടങ്ങി. അങ്ങനെ ആയുധ സംസർഗത്താൽ തപസിൽ നിന്നു പതിതനായി ഹിംസകളിൽ രതം കൊണ്ട തപസ്വി നരകത്തിൽ വീണു. ഇതാണ് സീത പറഞ്ഞ കഥ. തപസിനു വ്രതം ദീക്ഷിച്ച താങ്കൾ ആയുധത്താൽ അധഃപതിക്കാനിടവരരുതെന്ന് രാമനെ സീത ഈ കഥയിലൂടെ ഭംഗ്യന്തരേണ ഉപദേശിക്കുന്നു. 

സീതയുടെ അഹിംസാധിഷ്ഠിത തപോവ്രതാനുഷ്ഠാന വാദഗതികൾ ഒറ്റനോട്ടത്തിൽ സൗമ്യദീപ്തവും ഉത്കൃഷ്ടവുമാണെന്നു തോന്നും. താപസനെന്തിനാണ് വാൾ എന്ന സീതയുടെ ചോദ്യം തന്നെയാണ് ആത്മീയ മാനവരെന്തിനാണ് രാഷ്ട്രീയവും സാമൂഹികവുമായ ഇടപെടലുകൾ നടത്തി ഇടതുപക്ഷത്തോ വലതുപക്ഷത്തോ നിലയുറപ്പിക്കുന്നത് എന്ന ചോദ്യമായി പലരിലൂടെയും പുനരവതാരം കൊള്ളുന്നത്. തീർച്ചയായും തപസ്വിക്കെന്തിനാണ് അമ്പും വില്ലും എന്ന ചോദ്യം യഥാർത്ഥത്തിൽ സീത തന്റെ സ്വയംവരം നടന്നതിനിടവന്നതെങ്ങനെ എന്നോർമ്മിച്ചിരുന്നെങ്കിൽ ചോദിക്കുമായിരുന്നോ!
ക്ഷത്രിയ കുലജാതനായിരുന്നിട്ടും തപസിലൂടെ വസിഷ്ഠനു പോലും ആദരിക്കേണ്ട വിധം ബ്രഹ്മർഷിത്വം നേടിയ വിശ്വാമിത്രൻ, തന്റെ തപസിന്റെ ഭാഗമായ യാഗത്തെ അക്രമികളിൽ നിന്നു രക്ഷിക്കാൻ ആയുധപാണികളായ രാമലക്ഷ്മണന്മാരെ സജ്ജരാക്കിനിര്‍ത്തുന്നു. യാഗം പൂർത്തിയായ ശേഷം വിശ്വാമിത്രമഹർഷിയോടൊപ്പം മിഥിലയിൽ ചെന്നു ശൈവചാപം കുലച്ചാണല്ലോ രാമൻ സീതയെ വേൾക്കുന്നത്. ആയുധരക്ഷ ആരണ്യ തപസ്യക്ക് ആവശ്യമാണ്. തപസ് മഹത്തരമായ കർമ്മമാണ്. അതിനെ രക്ഷിക്കലും മഹത്തരമാണ്. രക്ഷയ്ക്ക് ആയുധ പ്രയോഗം യുദ്ധക്കളത്തിലായാലും ശസ്ത്രക്രിയാസ്ഥാനത്തായാലും കൂടിയേ തീരൂ. വാളില്ലാതെ വാഴാൻ ഗാന്ധിജിമാർക്കാവും. പക്ഷേ നിരായുധനായ ഗാന്ധിജിയുടെ ജീവൻ സായുധനായ ഗോഡ്സേയിൽ നിന്നു രക്ഷിക്കാൻ ആയുധമേന്തിയ ഭഗത് സിങ്ങുമാരും വേണം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.