കശ്മീരില്‍ കൊല്ലം സ്വദേശിയായ സൈനികന്‍ വെടിയേറ്റ് മരിച്ചതായി സൂചന

Web Desk
Posted on August 06, 2019, 11:29 pm

ശൂരനാട്: കാശ്മീരില്‍ സേവനമനുഷ്ഠിക്കുന്ന കൊല്ലം പോരുവഴി സ്വദേശിയായ യുവ സൈനികന്‍ വെടിയേറ്റു മരിച്ചതായി ബന്ധുക്കള്‍ക്ക് വിവരം ലഭിച്ചു. കൊല്ലം പോരുവഴി കമ്പലടി തോട്ടത്തില്‍ കിഴക്കതില്‍ വിജയകുമാറിന്റെയും ശ്യാമളാകുമാരിയുടെയും മകന്‍ വിശാഖ് (23) നാണ് വെടിയേറ്റത്. ഇന്ന് വൈകിട്ട് മൂന്നു മണിയോടെയാണ് സഹപ്രവര്‍ത്തകര്‍ വീട്ടില്‍ വിവരം അറിയിച്ചത്. എന്നാല്‍, സൈനിക ക്യാമ്പുകളില്‍ നിന്നും വീട്ടിലേക്ക് ഒദ്യോഗിക അറിയിപ്പ് ലഭിച്ചിട്ടില്ല.

പൊലീസ് സംവിധാനം വഴിയും അറിയിപ്പ് ലഭിച്ചിട്ടില്ല. കാശ്മീരിലെ ഉറി സെക്ടറില്‍ മെഡിക്കല്‍ കോറിലാണ് വിശാഖ് ജോലി നോക്കുന്നത്. രണ്ടര വര്‍ഷം മുന്‍പാണ് ഇദ്ദേഹം സൈന്യത്തില്‍ ജോലിക്ക് പ്രവേശിച്ചത്. മൂന്നു മാസം മുന്‍പ് അവധിക്ക് നാട്ടിലെത്തിയിരുന്നു. നിലവിലെ സംഭവ വികാസങ്ങളെ തുടര്‍ന്ന് കശ്മീരില്‍, ഫോണ്‍, ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് നിയന്ത്രണമുള്ളതിനാല്‍ ബന്ധപ്പെടുന്നതിനുള്ള ബുദ്ധിമുട്ട് അനുഭവപ്പെടുന്നുണ്ട്. മാതാവ്: ശ്യാമളാ കുമാരി.ഏക സഹോദരന്‍ വിമലും സൈനികനാണ്.