March 21, 2023 Tuesday

Related news

March 19, 2021
January 19, 2021
January 16, 2021
December 29, 2020
December 23, 2020
December 23, 2020
November 24, 2020
November 12, 2020
November 9, 2020
November 4, 2020

പുല്‍വാമ ഭീകരാക്രമണവും ബാലാക്കോട്ടിലെ തിരിച്ചടിയും അർണബ് നേരത്തേ അറിഞ്ഞു; സന്ദേശങ്ങൾ പുറത്ത്

Janayugom Webdesk
ന്യൂഡല്‍ഹി:
January 16, 2021 10:51 pm

പുല്‍വാമയിലെ ഭീകരാക്രമണവും തിരിച്ചടിയായി ഇന്ത്യ ബാലാക്കോട്ടില്‍ നടത്തിയ ആക്രമണവും റിപ്പബ്ലിക്ക് ടിവി എഡിറ്റര്‍ അര്‍ണബ് ഗോസ്വാമി നേരത്തേ അറിഞ്ഞിരുന്നുവെന്ന തെളിവുകള്‍ പുറത്തുവന്നു. പുല്‍വാമ ആക്രമണത്തെക്കുറിച്ചുള്ള അര്‍ണബിന്റെ ചാറ്റ് വിവരങ്ങളും പുറത്തുവന്നിട്ടുണ്ട്. കഴിഞ്ഞ ദിവസം ചോര്‍ന്ന, ബാര്‍ക് സിഇഒ പാര്‍ത്ഥോ ദാസ് ഗുപ്തയുമായുള്ള ചാറ്റുകളിലാണ് വിവരങ്ങളുള്ളത്. പുല്‍വാമ ആക്രമണമുണ്ടായ 2019 ഫെബ്രുവരി 14 ന് വൈകിട്ട് 4.19നും 5.45നും ഇടയിലുള്ള ചാറ്റില്‍ 20 മിനുട്ടിനുള്ളില്‍ ഈ വര്‍ഷത്തെ ഏറ്റവും വലിയ ഭീകരാക്രമണം കശ്മീരില്‍ നടക്കാന്‍ പോവുകയാണെന്ന് അര്‍ണബ് പറയുന്നുണ്ട്. ഈ ആക്രമണത്തില്‍ നമ്മള്‍ വിജയിച്ചുവെന്നും പറയുന്നു.

അതേ വര്‍ഷം ഫെബ്രുവരി 23ന് നടന്നെന്ന് പറയുന്ന ചാറ്റില്‍ ‘മറ്റൊരു വലിയ കാര്യം ഉടന്‍ സംഭവിക്കും’ എന്ന് അര്‍ണബ് മുന്നറിയിപ്പ് നല്‍കുന്നുണ്ട്. കൂടാതെ, അതിന് അര്‍ണബിന് ബാര്‍ക്ക് സിഇഒ ആശംസ അറിയിക്കുകയും ചെയ്യുന്നുണ്ട്.
ആ വര്‍ഷം ഫെബ്രുവരി 26നാണ് പുല്‍വാമ ആക്രമണത്തിന് തിരിച്ചടിയായി ബാലാക്കോട്ട് ആക്രമണം ഇന്ത്യ നടത്തുന്നത്. ബിജെപി ആ വര്‍ഷവും തെരഞ്ഞെടുപ്പില്‍ തൂത്തുവാരുമെന്ന അറിയിപ്പും ചാറ്റില്‍ നല്‍കുന്നുണ്ട്.

ടിആര്‍പി തട്ടിപ്പുമായി ബന്ധപ്പെട്ടും നേരത്തെ വാട്ട്‌സ്ആപ്പ് ചാറ്റുകള്‍ പുറത്ത് വന്നിരുന്നു. തട്ടിപ്പിലൂടെ ചാനല്‍ റേറ്റിങ് കൂട്ടാന്‍ റിപ്പബ്ലിക് ടിവി ഉടമ അര്‍ണബ് ഗോസ്വാമി ശ്രമിച്ചതിന്റെ വാട്സ് ആപ്പ് ചാറ്റുകളാണ് പുറത്തുവന്നത്. റേറ്റിങ് നിശ്ചയിക്കുന്ന ബ്രോഡ്കാസ്റ്റിങ് ഓഡിയന്‍സ് റിസര്‍ച്ച് കൗണ്‍സിലിന്റെ (ബാര്‍ക്) മുന്‍ സിഇഇ പാര്‍ത്ഥോ ദാസുമായി നടത്തിയതായി പറയുന്ന ചാറ്റില്‍ പ്രധാനമന്ത്രിയുടെ ഓഫീസിലും കേന്ദ്രത്തിലുമുള്ള അര്‍ണബിന്റെ ബന്ധവും അധികാര ദല്ലാളായി നടത്തിയ ഇടപെടലുകളും സൂചിപ്പിക്കുന്നു. പുറത്തായ ചാറ്റുകള്‍ 500 പേജ് വരുമെന്നാണു റിപ്പോര്‍ട്ടുകള്‍. റേറ്റിങ് തട്ടിപ്പു കേസില്‍ പാര്‍ത്ഥോ ദാസ് ജയിലിലാണ്. സെറ്റ് ടോപ് ബോക്‌സുകളില്‍ പ്രത്യേക സോഫ്റ്റ്‌വെയര്‍ സ്ഥാപിച്ച് ചാനലുകളുടെ റേറ്റിങ് കൃത്യമായി എടുക്കാനുളള ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) പദ്ധതി അട്ടിമറിക്കണമെന്ന് ദാസ് അര്‍ണബിനോട് അഭ്യര്‍ത്ഥിക്കുന്നതും ചാറ്റില്‍ ഉണ്ട്. ട്രായ് പദ്ധതി നടപ്പായാല്‍ റിപ്പബ്ലിക് ചാനലിനും ബിജെപിക്കും തിരിച്ചടിയാകുമെന്നും പറയുന്നു.

പാര്‍ത്ഥോ ദാസ് ഗുപ്ത ഗുരുതരാവസ്ഥയില്‍; ജയിലിൽ പീഡിപ്പിക്കപ്പെട്ടുവെന്ന് മകൾ

ടിആര്‍പി തട്ടിപ്പ് കേസില്‍ ജയിലില്‍ കഴിയുന്ന ബാര്‍ക് മുന്‍ സിഇഒ പാര്‍ത്ഥോ ദാസ് ഗുപ്തയെ അതീവ ഗുരുതരാവസ്ഥയില്‍ മുംബൈയിലെ ജെജെ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.
പ്രമേഹരോഗിയായ ഗുപ്തയെ രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടിയതിനെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. തലോജ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ആശുപത്രിയിലെത്തിച്ചത്. ഓക്സിജന്‍ സഹായം നല്‍കുന്നുണ്ട്.

കഴിഞ്ഞ ഡിസംബർ 24നാണ് പാര്‍ത്ഥോ ദാസ് ഗുപ്തയെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തത്. റിപ്പബ്ലിക് ടിവി സിഇഒ അര്‍ണബ് ഗോസ്വാമി പാര്‍ത്ഥോ ദാസ് ഗുപ്തയുമായി നടത്തിയ വാട്‌സ് ആപ്പ് ആപ്പ് ചാറ്റുകളിൽ ഇന്ത്യ ടി വിയിലെ രജത് ശര്‍മ തന്നെ പിന്തുടരുന്നുണ്ടെന്നും പ്രധാനമന്ത്രിയോട് പറഞ്ഞ് തന്നെ രക്ഷിക്കണമെന്നും പാര്‍ത്ഥോ പറയുന്നുണ്ട്. താന്‍ ബിജെപിയേയും വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തേയും പല അവസരങ്ങളിലും സഹായിച്ചിട്ടുണ്ടെന്നും പാര്‍ത്ഥോ ചാറ്റില്‍ പറയുന്നു. ഈ ചാറ്റ് പുറത്തുവന്നതിന് പിന്നാലെയാണ് പാർത്ഥോയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. എന്നാൽ ജയിലിൽ തന്റെ അച്ഛൻ ശാരീരികമായി പീഡിപ്പിക്കപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ ജീവൻ രക്ഷിക്കണമെന്നും പാര്‍ത്ഥോ ദാസ് ഗുപ്തയുടെ മകൾ പ്രത്യുഷ പ്രധാനമന്ത്രി നരേന്ദ്ര മോഡിയോടും മറ്റുള്ളവരോടും ട്വിറ്ററിലൂടെ അപേക്ഷിച്ചു.

ENGLISH SUMMARY:Arnab already knew about the Pul­wa­ma ter­ror attack and the set­back in Bal­akot; Mes­sages out
You may also like this video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.