Web Desk

November 06, 2020, 3:30 am

അർണബിന്റെ അറസ്റ്റും മാധ്യമസ്വാതന്ത്ര്യവും

Janayugom Online

ത്മഹത്യാ പ്രേരണാ കുറ്റത്തിന്​ റിപ്പബ്ലിക്ക് ടിവി ചീഫ് എഡിറ്റർ അർണബ് ഗോസ്വാമി അറസ്റ്റിലായതിനു പിന്നാലെ അടിയന്തരാവസ്ഥയെ ഓർമ്മിപ്പിച്ചും ഫാസിസത്തിന്റെ ശൈലിയെന്ന് വിമർശിച്ചും ജനാധിപത്യധ്വംസനമെന്ന് വിവരിച്ചും കേന്ദ്രമന്ത്രിമാരായ അമിത് ഷാ, സ്​മൃതി ഇറാനി, പ്രകാശ് ജാവദേക്കർ എന്നിവരുൾപ്പെടെ ബിജെപിയുടെ നിരവധി പ്രമുഖരായ നേതാക്കൾ പ്രതിഷേധത്തിനിറങ്ങി. അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള മഹാരാഷ്​ട്ര സർക്കാരിന്റെ കടന്നുകയറ്റമായി പൊലീസ്​ നടപടി വിശേഷിപ്പിക്കപ്പെട്ടു.

അർണബിന്റെ അറസ്റ്റിലേക്ക്​ നയിച്ച സംഭവവികാസങ്ങൾക്ക് തുടക്കം 2018ലാണ്​. 2017ലാണ്​ അർണബ്​ റിപ്പബ്ലിക് ടിവി എന്ന പേരിൽ പുതിയൊരു ചാനലുമായി രംഗത്തുവരുന്നത്​. ചാനൽ ഓഫീസിനായി ഇന്റീരിയർ വർക്കുകൾ ചെയ്തത് കോൺകോർഡ് ഡിസൈൻസ് എന്ന കമ്പനിയാണ്​. അതിന്റെ ഉടമ അൻവയ്​ നായിക്കും അമ്മ കുമുദ് നായിക്കും 2018ൽ ആത്മഹത്യചെയ്​തു. അൻവയുടെ ആത്മഹത്യാ കുറിപ്പിൽ അർണബിന്റെ പേരും എഴുതിവച്ചിട്ടുണ്ടായിരുന്നു. തെളിവില്ല എന്ന പേരിൽ ബിജെപി ഭരണകാലത്ത് പൊലീസ്​ അവസാനിപ്പിച്ച കേസ്​ അൻവയുടെ മകൾ അദന്യ നായിക് പരാതിയുമായി വീണ്ടും രംഗത്തുവന്നതോടെയാണ്​ മുംബൈ സി​ഐഡി വിഭാഗം ഏറ്റെടുക്കുന്നതും വീണ്ടും അന്വേഷിക്കുന്നതും. ഗോസ്വാമി ഉൾപ്പെടെ ആത്മഹത്യാകുറിപ്പിൽ പറഞ്ഞ പ്രതികൾക്കെതിരെ തെളിവുകൾ കണ്ടെത്തിയില്ലെന്ന് പറഞ്ഞ് പ്രാദേശിക റായ്​ഗഡ് പൊലീസ് 2019 ഏപ്രിലിൽ കേസ് അവസാനിപ്പിക്കുകയായിരുന്നു. തുടർന്ന്​ 2020 മെയ് മാസം അൻവയുടെ മകൾ കേസ് വീണ്ടും അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്​മുഖിനെ സമീപിച്ചു. അതേമാസം ആഭ്യന്തര വകുപ്പ് കേസ് സിഐഡിക്ക് കൈമാറി.

നിരവധി കേസുകളിൽ അർണബ്​ ഗോസ്വാമി അന്വേഷണം നേരിടുന്നുണ്ട്​. ടിആർപി കേസിൽ തെറ്റിദ്ധാരണ പരത്തിയതും ബാന്ദ്ര റയിൽവേ സ്റ്റേഷന് പുറത്ത് കുടിയേറ്റക്കാരെ ഒത്തുകൂടിയതിനെ വർഗീയവത്​കരിച്ചതിനും എഫ്​ഐആറുകൾ നിലവിലുണ്ട്​. പാൽഘറിൽ സന്ന്യാസിമാരെ തല്ലിക്കൊന്നെന്ന വ്യാജവാർത്ത നൽകിയതിനും കേസുണ്ട്​. എഫ്ഐആറുകൾക്കെതിരേ ഗോസ്വാമി സുപ്രീംകോടതിയെ സമീപിച്ചിരുന്നു. എന്നാൽ മുംബൈ ഹൈക്കോടതിയെ സമീപിക്കാൻ സുപ്രീംകോടതി ആവശ്യപ്പെടുകയായിരുന്നു. നടൻ സുശാന്ത് സിങ്​ രജ്​പുതിന്റെ മരണവുമായി ബന്ധപ്പെട്ട റിപ്പോർട്ടിങിൽ പ്രത്യേകാവകാശ പ്രമേയം ലംഘിച്ചതിന് മഹാരാഷ്ട്ര നിയമസഭ കാരണം കാണിക്കൽ നോട്ടീസും അർണബിന്​ നൽകിയിട്ടുണ്ട്​. ബിജെപിയുടെ പ്രതിഷേധത്തിൽ, അർണബിന്റെ അറസ്റ്റ് എങ്ങനെയാണ് മാധ്യമ സ്വാതന്ത്ര്യത്തിന്റെ ലംഘനമാകുന്നതെന്ന് ആവർത്തിച്ചായിരുന്നു മഹാരാഷ്ട്രാ സർക്കാരിന്റെ പ്രതിരോധം. സർക്കാരിൽ നിന്ന് മാധ്യമ സ്വാതന്ത്ര്യത്തിന് നേരെ പ്രതികാര നടപടിയോ ആക്രമണമോ ഇല്ലെന്ന് സർക്കാർ വൃത്തങ്ങൾ ആവർത്തിക്കുന്നു. ജനാധിപത്യത്തെ ശ്വാസംമുട്ടിച്ചില്ലാതാക്കിയ ഒരു സർക്കാർ അടിയന്തരാവസ്ഥയെന്ന് പറഞ്ഞ് നിലവിളിക്കുന്നത് അതിശയിപ്പിക്കുന്നു എന്നാണ് പ്രശാന്ത് ഭൂഷൻ പ്രതികരിച്ചത്.

ബിജെപിയുടെ ഭരണത്തിൽ പ്രതികാര നിയമനടപടികളിലേക്ക് വലിച്ചിഴയ്ക്കപ്പെടുകയും രാജ്യദ്രോഹക്കുറ്റം ചുമത്തി തുറുങ്കിലാവുകയും ചെയ്ത മാധ്യമ പ്രവർത്തകർ അനേകരാണ്. മലയാളിയായ മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പൻ, മണിപ്പൂരി മാധ്യമപ്രവർത്തകൻ​ കിഷോർചന്ദ്ര വാങ്വിം, ദി വയർ ഹിന്ദിയുടെ റിപ്പോർട്ടറായിരുന്ന സ്വതന്ത്ര മാധ്യമപ്രവർത്തകൻ കനോജിയ, ഗുജറാത്തി ന്യൂസ് പോർട്ടലിന്റെ എഡിറ്ററായ ധവാൽ പട്ടേൽ തുടങ്ങി പട്ടിക നീളമേറിയതാണ്. ഈ പശ്ചാത്തലത്തിൽവേണം അർണബിന്റെ അറസ്റ്റിനെ സമീപിക്കേണ്ടത്.

അർണബിന്റെ അറസ്റ്റിൽ എഡിറ്റേഴ്സ് ഗിൽഡും ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും പ്രതികരണവുമായെത്തി. സംസ്ഥാന സർക്കാർ മാധ്യമങ്ങളോട് മാന്യമായി പെരുമാറണമെന്നും പൊലീസ് നടപടി അപലപനീയമാണെന്നും എഡിറ്റേഴ്സ് ഗിൽഡ് പ്രസ്താവിച്ചു.

നടപടിയെ ന്യൂസ് ബ്രോഡ്കാസ്റ്റേഴ്സ് അസോസിയേഷനും ശക്തമായ ഭാഷയിൽ അപലപിച്ചു. അർണബിനെ അറസ്റ്റ് ചെയ്ത രീതിയും വിമർശനത്തിനിടയാക്കിയിട്ടുണ്ട്. അർണബിന്റെ മാധ്യമപ്രവർത്തനരീതി അത്യന്തം അപലപനീയവും പക്ഷപാതപരവും പലപ്പോഴും അസഹിഷ്ണുതയുടെ അങ്ങേയറ്റത്തെത്തുന്നതുമാണ്. വർഗീയ ഫാസിസത്തിന്റെയും അവരുടെ വിദ്വേഷ അജണ്ടകളുടെയും പ്രചരണായുധം മാത്രമായി ചാനൽതട്ടിൽ ഉഗ്രരൂപം പൂണ്ടുനില്ക്കുന്ന അർണബിനെ എത്രയോ തവണ നാമെല്ലാം കാണുകയും ചെയ്തിരിക്കുന്നു. എന്നാൽ, അദ്ദേഹത്തിന്റെ എല്ലാ നടപടികളോടും വിയോജിക്കുമ്പോഴും മാധ്യമസ്വാതന്ത്ര്യത്തിന്റെ വിഷയത്തിൽ മഹാരാഷ്ട്ര സർക്കാരിനോടും ഞങ്ങൾക്ക് വിയോജിക്കേണ്ടിവരുന്നു. വോൾട്ടയറുടെ വാക്കുകളാണ് ഇവിടെ ഉദ്ധരിക്കാനുള്ളത്. നിങ്ങളുടെ അഭിപ്രായങ്ങളോട് കടുത്ത വിയോജിപ്പാണ്. പക്ഷേ, നിങ്ങൾക്ക് ആ അഭിപ്രായം പ്രകടിപ്പിക്കുന്നതിനുള്ള സ്വാതന്ത്ര്യത്തിന് വേണ്ടി മരിക്കുന്നതിനും മടിയില്ല. അർണബ്, അതാണ് ഞങ്ങളുടെ നിലപാട്. നിങ്ങളിൽ നിന്ന് പ്രതീക്ഷിക്കാനാകാത്തതും.