Thursday
12 Dec 2019

പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിന് ‘ആരോഗ്യ ജാഗ്രതാ’ പരിപാടി

By: Web Desk | Saturday 9 February 2019 8:47 PM IST


കോഴിക്കോട്: പകര്‍ച്ചവ്യാധികളെ പ്രതിരോധിക്കുന്നതിനായി ‘ആരോഗ്യ ജാഗ്രതാ’ പരിപാടിയുമായി ആരോഗ്യ വകുപ്പ്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തോടെ നടത്തുന്ന ആരോഗ്യ ബോധവത്ക്കരണ പകര്‍ച്ചവ്യാധി പ്രതിരോധ നിയന്ത്രണ ബോധവത്ക്കരണ പരിപാടിയാണ് ആരോഗ്യ ജാഗ്രത. കഴിഞ്ഞ വര്‍ഷങ്ങളില്‍ പകര്‍ച്ചവ്യാധികള്‍ കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സാഹചര്യത്തില്‍ 2019ല്‍ ഇത് ആവര്‍ത്തിക്കാതിരിക്കാനുള്ള ഊര്‍ജ്ജിത പ്രവര്‍ത്തനങ്ങളുടെ ഭാഗമാണിത്.

2020ഓടെ മലമ്പനി, മന്ത് രോഗം, ടൈഫോയ്ഡ്, തുടങ്ങിയ രോഗങ്ങളുടെ നിവാരണം, കുഷ്ഠരോഗത്തിന്റെ പ്രിവിലന്‍സ് റേറ്റ് 1000ന് 0.1 നെക്കാള്‍ താഴെ തൊണ്ടുവരിക, വയറിളക്കം, ഹെപ്പറൈറ്റിസ് തുടങ്ങിയ ജലജന്യ രോഗങ്ങളുടെ തോത് 50 ശതമാനമായി കുറയ്ക്കുക, മലബനി മൂലമുള്ള മരണം ഇല്ലാതാക്കുക എന്നിവയാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്. അതിന്റെ ഭാഗമായി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ജനുവരിയില്‍ തുടക്കം കുറിച്ചിട്ടുണ്ട്. ആരോഗ്യ പ്രവര്‍ത്തകര്‍ക്കും മറ്റു അനുബന്ധ വകുപ്പ് ജീവനക്കാര്‍ക്കും പരിശീലനം നല്‍കി. ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ആവശ്യമായ പ്രവര്‍ത്തന രൂപരേഖകള്‍ തയ്യാറാക്കുകയും വാര്‍ഡ് തലം മുതല്‍ നടപ്പിലാക്കേണ്ട പ്രവര്‍ത്തനങ്ങള്‍ക്കായി പഞ്ചായത്ത് ബ്ലോക്ക് തല കര്‍മ്മസമിതി രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. പ്രവര്‍ത്തനങ്ങളുടെ അവലോകനയോഗം രണ്ടാഴ്ച്ചയിലൊരിക്കല്‍ കലക്ടറുടെ അധ്യക്ഷതയില്‍ നടത്തുന്നുമുണ്ട്.

ആരോഗ്യ ജാഗ്രത പരിപാടിയുടെ ജില്ലാതല ഉദ്ഘാടനം തിങ്കളാഴ്ച്ച രാവിലെ 10ന് സിവില്‍ സ്റ്റേഷന്‍ പ്ലാനിംഗ് കോണ്‍ഫറന്‍സ് ഹാളില്‍ വെച്ചു മന്ത്രി ടി. പി രാമകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുമെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. ചടങ്ങില്‍ മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ അധ്യക്ഷത വഹിക്കും. ചടങ്ങില്‍ മറ്റ് ജനപ്രതിനിധികളും ത്രിതല പഞ്ചായത്ത് പ്രസിഡന്റുമാരും പങ്കെടുക്കും. പരിപാടിയുടെ ഭാഗമായി 11മുതല്‍ 16 വരെ ആരോഗ്യ സന്ദേശയാത്ര 16 ആരോഗ്യബ്ലോക്ക് തലത്തില്‍ നടത്തും. ആരോഗ്യയാത്രയുടെ ഫഌഗ് ഓഫും ചടങ്ങില്‍ വെച്ചു മന്ത്രി നിര്‍വ്വഹിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ അഡീഷണല്‍ മെഡിക്കല്‍ ഓഫീസര്‍ ആശാ ദേവി, ഡെപ്യൂട്ടി ഡി. എം. ഒ ശ്രീകുമാര്‍ മുകുന്ദന്‍, കെ. പ്രകാശ് കുമാര്‍, എം. പി മണി എന്നിവര്‍ സംബന്ധിച്ചു.

Related News