കോവിഡ് വ്യാപനത്തിന്റെ വിവരങ്ങൾ അറിയിക്കാൻ കേന്ദ്രസർക്കാർ പുറത്തിറക്കിയ ആരോഗ്യസേതു ആപ്പ് വ്യക്തികളുടെ സ്വകാര്യതാ മാനദണ്ഡങ്ങൾ ലംഘിക്കുന്നുവെന്ന് കണ്ടെത്തൽ. കൂടാതെ ആപ്പ് വഴി ശേഖരിക്കുന്ന വിവരങ്ങൾ വീണ്ടും ഉപയോഗപ്പെടുത്താനുള്ള വ്യവസ്ഥയും യൂസർ എഗ്രിമെന്റിൽ ഉൾക്കൊള്ളിച്ചിട്ടുള്ളതായി സൈബർ സുരക്ഷാ സ്ഥാപനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ഇലക്ട്രോണിക്സ് ആന്റ് ഐടി മന്ത്രാലയവുമായി സഹകരിച്ചാണ് കഴിഞ്ഞ ദിവസം കേന്ദ്രസർക്കാർ ആരോഗ്യ സേതു പുറത്തിറക്കിയത്. കൊറോണ ട്രാക്കിങിനും ബോധവൽക്കരണത്തിനും രോഗലക്ഷണങ്ങൾ ഉണ്ടോയെന്ന് ആളുകൾക്ക് സ്വയം പരിശോധിക്കാനുമായിട്ടാണ് ആപ്പ് നിർമ്മിച്ചത്. ആൻഡ്രോയിഡ്, ഐഒഎസ് ഡിവൈസുകളിൽ 11 ഇന്ത്യൻ ഭാഷകളിൽ ആപ്ലിക്കേഷൻ ലഭ്യമാണ്.
ആരോഗ്യ സേതു യൂസറുടെ വ്യക്തിഗത വിവരങ്ങൾ, തത്സമയ ലൊക്കേഷൻ വിവരങ്ങൾ എന്നിവ ശേഖരിക്കുന്നതായും ഇതേ ആപ്പ് ഉപയോഗിക്കുന്നവർ അടുത്തുവരുന്നുണ്ടോ എന്നുള്ള സെർച്ച് നടത്തുന്നതായും പാരിസ് ആസ്ഥാനമായ ഡിഫൻസീല്‍ ലാബ് ഏജൻസി പറയുന്നു. ബ്ലൂടൂത്തും ലൊക്കേഷൻ ഡാറ്റയും ഉപയോഗിച്ചാണ് കൊറോണ വൈറസ് ബാധിച്ച വ്യക്തിയുമായി ഉപയോക്താവ് ബന്ധപ്പെട്ടിട്ടുണ്ടോയെന്ന് കണ്ടെത്തുക. ഇതിനായുള്ള അനുമതി നൽകേണ്ടിവരും. വിവരങ്ങൾ ഇന്ത്യാ സർക്കാരുമായി ഷെയർ ചെയ്യുമെന്നുമുള്ള വ്യവസ്ഥയടങ്ങിയ യൂസർ എഗ്രിമെന്റും അംഗീകരിക്കേണ്ടതുണ്ട്.
ഈ വിവരങ്ങൾ പിന്നീട് സർക്കാരിന്റെ നയരൂപീകരണത്തിൽ ഉപയോഗിച്ചേക്കാമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. കൂടാതെ സർക്കാർ സെർവറുകളിൽ ട്രേസിങ് വിവരങ്ങൾ എത്രനാൾ സൂക്ഷിക്കപ്പെടുന്നുണ്ടെന്നതിനെക്കുറിച്ച് അവ്യക്തതയുമുണ്ട്. സമ്പർക്കത്തിലേർപ്പെടുന്ന ആളുകളുടെ ട്രാക്കിങിലൂടെ ഒരു യൂസറെക്കുറിച്ചുള്ള ഒരു സാമൂഹികചിത്രം തയ്യാറാക്കാൻ സാധിക്കും. ഇതിനായി ആധാർ ഉൾപ്പെടെ സർക്കാർ ശേഖരിച്ചിട്ടുള്ള ഡാറ്റായും ഉപയോഗപ്പെടുത്താൻ കഴിയുമെന്നും ഇത് വ്യക്തികൾക്കുമേൽ സർക്കാരിന്റെ നിരീക്ഷണ പരിധി വർധിപ്പിക്കുകയാണെന്നും ഡിഫൻസീവ് ലാബ് ഏജൻസി പറയുന്നു. സാമൂഹിക അകലം പ്രോത്സാഹിപ്പിക്കുന്നതിനായി സിംഗപ്പൂർ പുറത്തിറക്കിയ ആപ്പ് ഇത്തരത്തിലുള്ള വിവരങ്ങളൊന്നുംകൂടാതെ പ്രയോജനകരമായി പ്രവർത്തിക്കുന്നുണ്ടെന്നും ഏജൻസി ചൂണ്ടിക്കാട്ടുന്നു.
പല രാജ്യങ്ങളിലും സുതാര്യത ഉറപ്പാക്കുന്നതിനായി സർക്കാർ ആപ്പുകളുടെ സോഴ്സ് കോഡ് ഓൺലൈനിൽ പ്രസിദ്ധീകരിക്കാറുണ്ട്. എന്നാൽ ഇന്ത്യയിൽ ഇത്തരം നടപടികളൊന്നും ഉണ്ടായിട്ടില്ല. ഡാറ്റാ സുരക്ഷാനിയമം പോലും ഇതുവരെ ഇല്ലാത്ത രാജ്യമായ ഇന്ത്യയിൽ ഡാറ്റയുടെ ദുരുപയോഗത്തിന് ഏറെ സാധ്യതയുള്ളതായും വിവിധ സുരക്ഷാ സ്ഥാപനങ്ങൾ പറയുന്നു. ഇന്ത്യയിൽ അമ്പതുകോടി സ്മാർട്ട്ഫോൺ യൂസര്‍മാരുണ്ട്. ഇതിനോടകം ഒരു കോടിയിലധികം ആളുകൾ ഗൂഗിൾ പ്ലേ സ്റ്റോറിൽനിന്നും ആരോഗ്യസേതു ആപ്പ് ഡൗൺലോഡ് ചെയ്തിട്ടുണ്ട്. ആപ്പിൾ ആപ്പ് സ്റ്റോറിലും നല്ല പ്രതികരണമാണ് ലഭിച്ചിട്ടുള്ളത്. ഇതേ ആപ്പിന്റെ ഒരു ഫീച്ചർ ഫോൺ പതിപ്പും ഉടൻ പുറത്തിറക്കുമെന്നാണ് സൂചനകൾ.
English Summary: Arogya setu app violates privacy standards
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.