1934–35 കാലഘട്ടത്തിലാണ് കണ്ണൂരിൽ തൊഴിലാളി പ്രസ്ഥാനം ഉടലെടുത്തത്. ബീഡി സിഗാർ യൂണിയൻ, നെയ്ത്ത് തൊഴിലാളി യൂണിയൻ എന്നിവ ആ കാലഘട്ടത്തിൽ തന്നെ രൂപീകരിച്ചിരുന്നു. 1934 കാലഘട്ടത്തിൽ ആറോൺ കമ്പനിയിൽ നടന്ന സമരമാണ് കണ്ണൂരിലെ തൊഴിലാളി പ്രസ്ഥാനം നടത്തിയ സമരത്തിലെ പ്രധാനപ്പെട്ട ഒന്നായി ചരിത്രം രേഖപ്പെടുത്തുന്നത്. പാപ്പിനിശ്ശേരിയിൽ കൈത്തറി, യന്ത്രത്തറി, ഓട് എന്നീ മൂന്ന് വിഭാഗങ്ങൾ ഉൾക്കൊള്ളുന്ന വ്യവസായ ശാലയാണ് ആറോൺ കമ്പനി. ആറോൺ കമ്പനിയിൽ അന്ന് മൂന്ന് വിഭാഗങ്ങളിലുമായി അഞ്ഞൂറില്പരം തൊഴിലാളികൾ ജോലി ചെയ്തുവന്നിരുന്നു. എന്നാൽ തൊഴിലാളികൾക്കാണെങ്കിൽ ട്രേഡ് യൂണിയനോ മറ്റ് സംഘടനകളോ ഉണ്ടായിരുന്നില്ല. തികച്ചും അസംഘടിതരായിരുന്നു അവിടുത്തെ തൊഴിലാളികൾ. കമ്പനിയിൽ അന്ന് തൊഴിലാളികളും ഉടമസ്ഥനും തമ്മിലുണ്ടായ ഒരു സംഭവമാണ് പീന്നിട് ഒരു യൂണിയൻ രൂപീകരിക്കാൻ കാരണമാവുന്നത്. യൂണിയന്റെ നേതൃത്വത്തിൽ അന്ന് നടന്ന സമരം കണ്ണൂരിലെ തൊഴിലാളികളുടെ സമരചരിത്രത്തിൽ ആദ്യസ്ഥാനം നേടുകയായിരുന്നു.
1934ലാണ് ആറോൺ കമ്പനിയിൽ തൊഴിലാളികളുടെ സമരചരിത്രത്തിന് വഴിയൊരുങ്ങുന്നത്. മാണിക്കോരൻ എന്ന തൊഴിലാളിയെ കമ്പനിയിലെ വീവിങ് മാസ്റ്റർ അകാരണമായി മർദ്ദിച്ചു. കമ്പനിക്കകത്ത് വച്ചുതന്നെ മാണിക്കോരൻ വീവിങ് മാസ്റ്ററെ തിരിച്ചടിച്ചു. മാണിക്കോരനെ മാനേജരായ സുമിത്രൻ ആറോൺ പിരിച്ചുവിട്ടു. ഇതിൽ പ്രതിഷേധിച്ച് പവർലൂം തൊഴിലാളികൾ ഒന്നടങ്കം ആരുടെയും പ്രേരണയോ നേതൃത്വമോ ഇല്ലാതെ പണിമുടക്കി. അന്നത്തെ കോൺഗ്രസ് നേതാക്കളായിരുന്ന കെ പി ആർ ഗോപാലൻ, കെ എ കേരളീയൻ, വിഷ്ണുഭാരതീയൻ, കെ പി ഗോപാലൻ എന്നിവർ തൊഴിലാളികളെ സമീപിച്ച് കാര്യങ്ങൾ അന്വേഷിച്ചു. പിരിച്ചുവിട്ട തൊഴിലാളിയെ തിരിച്ചെടുക്കണമെന്ന് വർക്ക്സ് മാനേജരോട് ആവശ്യപ്പെട്ടു. എന്നാൽ മാനേജർ അത് നിരാകരിച്ചു. കോൺഗ്രസിന്റെ പ്രധാന നേതാവുകൂടിയായിരുന്ന കമ്പനിയുടമ സാമുവൽ ആറോണിനോട് കാര്യങ്ങൾ പറഞ്ഞ് പ്രശ്നം പരിഹരിക്കാമെന്ന് നേതാക്കൾ ആശ്വസിച്ചു. എന്നാൽ ആ പ്രതീക്ഷയും അസ്ഥാനത്തായി. തന്റെ സഹോദരൻ സുമിത്രൻ ആറോണിന്റെ നടപടി ശരിവയ്ക്കുകയായിരുന്നു സാമുവൽ ആറോൺ.
മാത്രമല്ല അച്ചടക്ക ലംഘനത്തിന്റെ പേരിൽ പണിമുടക്കിയ തൊഴിലാളികളിൽ ഒരു വിഭാഗത്തെ കൂടി പിരിച്ചുവിടുകയായിരുന്നു. മുൻമന്ത്രിയും സിപിഐ നേതാവുമായിരുന്ന കാന്തലോട്ട് കുഞ്ഞമ്പുവുൾപ്പെടെയുള്ളവർ അന്ന് പിരിച്ചുവിട്ട തൊഴിലാളികളിലുണ്ടായിരുന്നു. ഈ ഘട്ടത്തിലാണ് യൂണിയന്റെ ആവശ്യകത തൊഴിലാളികൾക്ക് ബോധ്യപ്പെട്ടത്. അവർ ഇതിനായി കോൺഗ്രസ് നേതാക്കളുമായി നിരന്തരമായി ആലോചന നടത്തുകയും ചെയ്തു. എന്നാൽ കമ്പനിയുടമ ഇതിനെതിരെ ശക്തമായ നീക്കം നടത്തി തുടങ്ങി. യോഗങ്ങളിൽ പങ്കെടുക്കുന്നവരെയെല്ലാം പിരിച്ചുവിടാൻ തുടങ്ങി. ഇതിനെതിരെ പാപ്പിനിശ്ശേരി, കല്ല്യാശ്ശേരി, മൊറാഴ, ആന്തൂർ, ഇരിണാവ്, കണ്ണപുരം എന്നീ വില്ലേജുകളിൽ കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധയോഗങ്ങൾ സംഘടിപ്പിച്ചു. അത്തരം യോഗങ്ങളാണ് ഈ പ്രദേശത്ത് തൊഴിലാളി കർഷക ഐക്യം കെട്ടിപ്പടുക്കുന്നതിനും കർഷസംഘം പടുത്തുയർത്തുന്നതിനും പ്രേരണയും പ്രചോദനവും നൽകിയത്. 1939ന്റെ അന്ത്യത്തിൽ രണ്ടാം ലോകമഹായുദ്ധം പൊട്ടിപുറപ്പെട്ടപ്പോൾ ഇന്ത്യകൂടി യുദ്ധത്തിൽ പങ്കാളിയാണെന്ന് ബ്രിട്ടൻ ഏകപക്ഷീയമായി പ്രഖ്യാപിച്ചതിനെതിരെ ഇന്ത്യയിലങ്ങോളമിങ്ങോളമുണ്ടായ പ്രതിഷേധത്തിൽ ഇന്ത്യൻ തൊഴിലാളികളും പങ്കെടുത്തു. ആറോൺ കമ്പനിയിൽ സംഘടിപ്പിച്ച യൂണിയനും പണിമുടക്കിന് ആഹ്വാനം നൽകി.
പണിമുടക്കിയ തൊഴിലാളികൾ കമ്പനിയുടെ മുന്നിൽ പിക്കറ്റിങ്ങും പ്രകടനവും നടത്തി. കമ്പനി അധികൃതർ പൊലീസിനെ ഉപയോഗിച്ച് പണിമുടക്കത്തെ പരാജയപ്പെടുത്തുവാൻ നിരന്തരമായി ശ്രമിച്ചു. എല്ലാവിധ എതിർപ്പുകളെയും അവഗണിച്ച് തൊഴിലാളികൾ പ്രതിഷേധ പ്രകടനങ്ങളും യോഗങ്ങളും നടത്തി. ഇതേ തുടർന്ന് സർക്കാർ പാപ്പിനിശ്ശേരിയിലും പരിസരത്തും 144 വകുപ്പനുസരിച്ച് നിരോധന ഉത്തരവ് പുറപ്പെടുവിച്ചു. പക്ഷെ തൊഴിലാളികൾ നിരോധന ഉത്തരവ് ലംഘിച്ച് പിക്കറ്റിങ് നടത്തുകയും പ്രസംഗിക്കുകയും ചെയ്തു. ഇതിന് തൊഴിലാളികളും തൊഴിലാളി പ്രവർത്തകരും അറസ്റ്റിനും ക്രൂരമർദ്ദനങ്ങൾക്കും വിധേയരായി. വിഷ്ണുഭാരതീയൻ, പി എം ഗോപാലൻ, മാണി കോരൻ, കാന്തലോട്ട് കുഞ്ഞമ്പു, ഇ കെ നായനാർ, പൂത്തേൻ കോരൻ, എ വി കുഞ്ഞിരാമൻ നായർ, കനിത്തോട്ടത്തിൽ ഗോപാലൻ, കടാങ്കോടൻ ഗോപാലൻ നമ്പ്യാര്, പണ്ണേരി കണ്ണൻ, മുളിയൻ കണ്ണൻ, നിട്ടൂർ കണ്ണൻ, കെ വി കുട്ടി, തറമ്മൽ അമ്പു തുടങ്ങിയവരെല്ലാം അന്ന് ശിക്ഷിക്കപ്പെട്ടവരിൽപ്പെടും.
ഈ പോരാട്ടത്തിൽ പങ്കെടുത്ത അമ്പതോളം സഖാക്കൾ ഒമ്പത് മാസം വരെ ജയിൽശിക്ഷ അനുഭവിക്കുകയും നിരവധി തൊഴിലാളികൾക്ക് ജോലി നഷ്ടപ്പെടുകയും ചെയ്തിട്ടുണ്ട്. 1942 വരെ തികച്ചും ഫാസിസ്റ്റ് രീതിയിലുള്ള മർദ്ദനവാഴ്ചയായിരുന്നു. 1942ലെ ക്വിറ്റ് ഇന്ത്യാ സമരത്തെ തുടർന്ന് കേരള സംസ്ഥാന കോൺഗ്രസിന്റെ ഒരു വിഭാഗം ദേശീയ തൊഴിലാളി യൂണിയന്റെ രൂപീകരണത്തെക്കുറിച്ച് ആലോചിച്ച സമയം കണ്ണൂരിൽ പാമ്പൻ മാധവൻ, കെ ടി ശ്രീധരൻ, പി എം കുഞ്ഞിരാമൻ നമ്പ്യാർ എന്നിവരുടെ നേതൃത്വത്തിലും അതിനൊരു ശ്രമം നടന്നു. ആറോൺ കമ്പനിയിലും അത്തരം ഒരു യൂണിയൻ രൂപീകരിക്കണമെന്ന് കമ്പനിയുടമ സാമുവൽ ആറോൺ തന്നെ ആവശ്യപ്പെട്ടു. തുടർന്ന് നടന്ന യോഗത്തിൽ സി യു കുഞ്ഞപ്പ സെക്രട്ടറിയായി കമ്പനിയിൽ തൊഴിലാളി യൂണിയൻ രൂപീകരിക്കപ്പെടുകയായിരുന്നു.
English Summary: Aron strike — AITUC national conference
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.