ഭാവി അനിശ്ചിതത്വത്തിലാകുമെന്ന ഘട്ടത്തിൽ ഉന്നത നീതിപീഠത്തിന്റെ ഇടപെടൽ തുണയായതോടെ ആ കുട്ടികൾ പരീക്ഷയെഴുതി. സിബിഎസ്ഇ അംഗീകാരമില്ലാത്തതിനെ തുടർന്ന് പത്താം ക്ലാസ് പരീക്ഷ എഴുതാനാവാതെ വന്ന തോപ്പുംപടി അരൂജാസ് ലിറ്റിൽ സ്റ്റാർസ് സ്കൂളിലെയും പള്ളുരുത്തി അൽ-അസർ സ്കൂളിലെയും വിദ്യാർത്ഥികളാണ് ഹൈക്കോടതിയുടെ ഇടപെടലിന് പിന്നാലെ പരീക്ഷ എഴുതിയത്.
അരൂജാസ് ലിറ്റിൽ സ്റ്റാർ സ്കൂളിലെ 34 വിദ്യാർത്ഥികൾ വൈറ്റില ടോക്ക് എച്ച് സ്കൂളിലും പള്ളുരുത്തി അൽ-അസർ സ്കൂളിലെ നാല് വിദ്യാർത്ഥികൾ കാക്കനാട് ഭവൻസ് ആദർശ വിദ്യാലയത്തിലുമാണ് പരീക്ഷ എഴുതിയത്. സിബിഎസ്ഇ അംഗീകാരമില്ലാത്തതിനെ തുടർന്ന് പരീക്ഷ എഴുതാനാകാതെ ഭാവി ഇരുട്ടിലായ വിദ്യാർത്ഥികൾക്കാണ് കോടതി വിധി തുണയായത്.
സ്കൂൾ മാനേജ്മെന്റിന്റെ പിടിപ്പുകേടിനെതിരെ കുട്ടികൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവുണ്ടായത്. കുട്ടികൾക്കുള്ള ഹാൾ ടിക്കറ്റുകൾ പരീക്ഷാ കേന്ദ്രങ്ങളിൽ നിന്നാണ് വിദ്യാർത്ഥികൾക്ക് നൽകിയത്. ഇന്നത്തേയും 12, 18 തീയതികളിൽ നടക്കുന്ന പരീക്ഷകളും എഴുതാനാണ് ഹൈക്കോടതി അനുമതി നൽകിയത്. അതേസമയം പരീക്ഷാഫലം പ്രസിദ്ധീകരിക്കുന്നതടക്കമുള്ള കാര്യങ്ങൾ വിദ്യാർത്ഥികൾ നൽകിയ അപ്പീലിലെ അന്തിമ തീർപ്പിന് വിധേയമായിരിക്കുമെന്ന് കോടതി വ്യക്തമാക്കിയിരുന്നു.
English Summary; Arooja’s Little Stars School students followup
YOU MAY ALSO LIKE THIS VIDEO