അരൂര്‍ ഉപതെരഞ്ഞെടുപ്പ്; കോണ്‍ഗ്രസില്‍ ചരടുവലികള്‍ സജീവം

Web Desk
Posted on July 29, 2019, 9:53 pm
ടി കെ അനില്‍കുമാര്‍

ആലപ്പുഴ: അരൂര്‍ ഉപതെരഞ്ഞെടുപ്പ് സീറ്റിനായി കോണ്‍ഗ്രസില്‍ ചരട് വലികള്‍ സജീവം. സീറ്റ് ലക്ഷ്യം വെച്ച് എ ഗ്രൂപ്പും ഐ ഗ്രൂപ്പും മണ്ഡലത്തില്‍ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി.
എ ഗ്രൂപ്പില്‍ നിന്ന് സി ആര്‍ ജയപ്രകാശ്, എസ് ശരത്ത് എന്നിവരേയും ഐ ഗ്രൂപ്പില്‍ നിന്ന് ഷാനിമോള്‍ ഉസ്മാന്‍, എ എ ഷുക്കൂര്‍, എം ലിജു എന്നിവരെയുമാണ് പരിഗണിക്കുന്നത്. ജെ എസ് എസ്, യു ഡി എഫിലെ ഘടകകക്ഷിയായിരുന്നപ്പോള്‍ അവര്‍ മത്സരിച്ച സീറ്റില്‍ കഴിഞ്ഞ രണ്ട് തവണയായാണ് തുടര്‍ച്ചയായി കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ മത്സരിക്കുന്നത്. കഴിഞ്ഞ തവണ എ ഗ്രൂപ്പിലെ സി ആര്‍ ജയപ്രകാശും അതിന് മുന്‍പ് ഐ ഗ്രൂപ്പിലെ എ എ ഷുക്കൂറുമായിരുന്നു സ്ഥാനാര്‍ത്ഥികള്‍.

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്ന് സീറ്റില്‍ എ ഗ്രൂപ്പും നാല് സീറ്റില്‍ ഐ ഗ്രൂപ്പുമാണ് മത്സരിച്ചത്. രണ്ട് സീറ്റുകള്‍ ഘടകകക്ഷികള്‍ക്കും നല്‍കി. ഇതില്‍ ഒരു സീറ്റ് വിട്ടുനല്‍കി വിട്ടുവീഴ്ചയ്ക്കില്ലെന്ന നിലപാടിലാണ് എ ഗ്രൂപ്പ്. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടെങ്കിലും അരൂരില്‍ ഷാനിമോള്‍ ഉസ്മാന് ചെറിയഭൂരിപക്ഷം ലഭിച്ചിരുന്നു. അതിനാല്‍ ഷാനിമോളെ സ്ഥാനാര്‍ത്ഥി ആക്കണമെന്നാണ് ഐ ഗ്രൂപ്പിലെ ഒരു വിഭാഗത്തിന്റെ അഭിപ്രായം. എന്നാല്‍ തുടര്‍ച്ചയായി തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടുന്ന ഷാനിമോളെ പരീക്ഷിക്കാന്‍ സാധ്യത കുറവാണ്. അരൂരിലെ പ്രാദേശിക നേതാക്കള്‍ ഷാനിമോളുടെ സ്ഥാനാര്‍ത്ഥിത്വം അംഗീകരിക്കില്ല എന്ന നിലപാടിലുമാണ്.
ഐ ഗ്രൂപ്പിലെ ഒരു വിഭാഗം എ എ ഷുക്കൂറിന്റെ പേര് മുന്നോട്ട് വെയ്ക്കുന്നുണ്ടെങ്കിലും ഡി സി സിയില്‍ ഇതിന് ആവശ്യമായ പിന്തുണ ലഭിക്കില്ലെന്നാണ് സൂചന. അങ്ങനെ വന്നാല്‍ ഡി സി സി പ്രസിഡന്റായ എം ലിജുവിന് നറുക്ക് വീണേക്കും. സി ആര്‍ ജയപ്രകാശിന്റെ പേര് എ ഗ്രൂപ്പ് മുന്നോട്ട് വെയ്ക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേരും ഇതിന് എതിരാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ എ എം ആരിഫിനോട് 40,000 ലേറെ വോട്ടിനാണ് ജയപ്രകാശ് പരാജയപ്പെട്ടത്. ഇത് മണ്ഡലത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷവും ആയിരുന്നു.  എ കെ ആന്റണിയുടെ വിശ്വസ്തനായ എസ് ശരത്തിനാണ് ജയപ്രകാശിനേക്കാള്‍ എ ഗ്രൂപ്പില്‍ നിന്നും പിന്തുണ ലഭിക്കുന്നത്. സീറ്റ് ലക്ഷ്യം വെച്ച് നേതാക്കള്‍ അരൂര്‍ മണ്ഡലം കേന്ദ്രീകരിച്ച് പ്രവര്‍ത്തനവും ആരംഭിച്ചിട്ടുണ്ട്. ഇവിടത്തെ മരണവീടുകളിലും കല്യാണ വീടുകളിലും ഇവര്‍ സന്ദര്‍ശനം നടത്തുന്നുണ്ട്. എന്നാല്‍ പ്രാദേശിക നേതാക്കളെ ഇത്തവണ പരിഗണിക്കണമെന്നാണ് ഗ്രൂപ്പ് വ്യത്യാസത്തിന് അതീതമായി മണ്ഡലത്തിലെ പ്രവര്‍ത്തകരുടെ വികാരം.