പ്രവാസികളെ സ്വീകരിക്കാൻ കൊച്ചി തുറമുഖം സുസജ്ജം

Web Desk

കൊച്ചി

Posted on May 08, 2020, 9:14 pm

കോവിഡ് 19 പശ്ചാത്തലത്തിൽ വിദേശ രാജ്യങ്ങളിൽ നിന്ന് കപ്പൽ വഴി ഇന്ത്യയിലെത്തുന്ന പ്രവാസികളെ സ്വീകരിക്കാൻ കൊച്ചി തുറമുഖത്ത് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായി. മാലിദ്വീപിൽ നിന്ന് 750 ഓളം പേരുമായി ആദ്യ കപ്പൽ ഞായറാഴ്ച രാവിലെ പത്തിന് കൊച്ചി പോർട്ട് ട്രസ്റ്റിന്റെ സാമുദ്രിക ടെർമിനലിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പേർ കൂടി കപ്പൽ വഴി തുറമുഖത്തെത്തും. കൊച്ചിയിൽ എത്തുന്നതിനുമുമ്പ് കപ്പലിൽ നിന്നുള്ള എല്ലാ യാത്രക്കാരിൽ നിന്നും നാവികസേന സെൽഫ് ഇ ഡിക്ലറേഷൻ ഡാറ്റ ശേഖരിക്കും. യാത്രക്കാരെ കോവിഡ് 19 പരിശോധനയ്ക്കും വിധേയമാക്കും.

രോഗലക്ഷണമുള്ള യാത്രക്കാരെ ആദ്യം ഇറക്കും. തുടർന്ന് ജില്ല തിരിച്ച് 50 പേരുടെ ബാച്ചുകളായി മറ്റു യാത്രക്കാരും ഇറങ്ങും. രോഗലക്ഷണങ്ങളുടെ യാത്രക്കാരെ ക്വാറന്റൈൻ കേന്ദ്രങ്ങളിലേക്ക് കൊണ്ടുപോകുന്നതിന് ജില്ലാഭരണകൂടമാണ് ആംബുലൻസ് ക്രമീകരിക്കുക. രോഗലക്ഷണങ്ങളുള്ള യാത്രക്കാർക്ക് പ്രത്യേക മേഖലയും ടെർമിനലിൽ നീക്കി വച്ചിട്ടുണ്ട്. കപ്പലിൽ നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരെ സാമുദ്രിക ക്രൂയിസ് ടെർമിനലിനുള്ളിൽ തുടർ പരിശോധനകൾക്ക് വിധേയമാക്കും. പോർട്ട് ഹെൽത്ത് ഓർഗനൈസേഷൻ നടത്തുന്ന സെൽഫ് ഡിക്ലറേഷൻ ഫോം പരിശോധനയും ഇവിടെയാണ്. സന്ദർശകരെയോ യാത്രക്കാരുടെ ബന്ധുക്കളെയോ ഒരുകാരണവശാലും ടെർമിനൽ പരിസരത്തേക്ക് കടക്കാൻ അനുവദിക്കില്ലെന്ന് തുറമുഖ അധികൃതർ അറിയിച്ചു.

Eng­lish Sum­ma­ry: arrange­ments com­plet­ed at the Cochin Port to wel­come expa­tri­ates

You may also like this video