Wednesday
20 Mar 2019

ഭീമ കൊറെഗാവിന്‍റെ പേരിലുള്ള അറസ്റ്റുകള്‍ ഭരണകൂട ഭീകരത

By: Web Desk | Thursday 7 June 2018 10:19 PM IST


ഇക്കൊല്ലം ജനുവരി ഒന്നിന് മഹാരാഷ്ട്രയിലെ ഭീമ കൊറെഗാവില്‍ ദളിതര്‍ക്കുനേരെ സവര്‍ണ സമുദായ ഭ്രാന്തന്മാര്‍ അഴിച്ചുവിട്ട അതിക്രമങ്ങള്‍ക്ക് പുതിയ വ്യാഖ്യാനങ്ങളും അര്‍ഥതലങ്ങളും കണ്ടെത്താനുള്ള തത്രപ്പാടിലാണ് സംസ്ഥാനത്തും കേന്ദ്രത്തിലും അധികാരം കയ്യാളുന്ന ബിജെപി-സംഘ്പരിവാര്‍ ശക്തികള്‍. ദളിതര്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ ദളിത് പ്രവര്‍ത്തകരെയും അവരോട് ആഭിമുഖ്യം പുലര്‍ത്തുന്ന സാമൂഹ്യപ്രവര്‍ത്തകരെയും അറസ്റ്റ് ചെയ്തുകൊണ്ടാണ് ഭരണകൂട വിധ്വംസകപ്രവര്‍ത്തനം.

അറസ്റ്റ് ചെയ്യപ്പെട്ട അഞ്ചുപേരുടേയും മേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത് ഉന്നത സിപിഐ (മാവോയിസ്റ്റ്) ബന്ധമാണ്. മുതിര്‍ന്ന ദളിത് അവകാശപ്രവര്‍ത്തകനും വിദ്രോഹി എന്ന പുരോഗമന മാസികയുടെ പത്രാധിപരുമായ സുധീര്‍ ധവാലെ, മുതിര്‍ന്ന മനുഷ്യാവകാശ അഭിഭാഷകന്‍ സുരേന്ദ്ര ഗാഡ്‌ലിങ്, കുടിയൊഴിപ്പിക്കല്‍ വിരുദ്ധ പ്രവര്‍ത്തകനും പ്രധാനമന്ത്രി ഗ്രാമവികസന മുന്‍ പ്രശസ്താംഗവുമായിരുന്ന മഹേഷ് റൗത്ത്, നാഗ്പൂര്‍ സര്‍വകലാശാലയിലെ അസോസിയേറ്റ് പ്രൊഫസര്‍ ഷോമ സെന്‍, ഡല്‍ഹി ആസ്ഥാനമായി രാഷ്ട്രീയ തടവുകാരുടെ മോചനത്തിനായി പ്രവര്‍ത്തിക്കുന്ന മലയാളി റോണ വില്‍സന്‍ എന്നിവരെയാണ് ജൂണ്‍ ആറിന് ഡല്‍ഹി, മുംബൈ, നാഗ്പൂര്‍ എന്നിവിടങ്ങളില്‍ നിന്നായി ആസൂത്രിതമായി അറസ്റ്റ് ചെയ്തത്. ഭീമാ കൊറെഗാവ് അക്രമങ്ങളുടെ പേരില്‍ ദളിത് നേതാവും ഗുജറാത്ത് എംഎല്‍എയുമായ ജിഗ്നേഷ് മേവാനിയടക്കം പല ദളിത് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ഭരണകൂട പ്രേരണയില്‍ പൊലീസ് വലവിരിച്ചിരിക്കുന്നതായും വാര്‍ത്തയുണ്ട്. 200 വര്‍ഷങ്ങള്‍ക്ക് മുമ്പ് പെഷ്വാ ബ്രാഹ്മണ ദുര്‍ഭരണത്തിനെതിരെ ബ്രിട്ടീഷുകാര്‍ക്കൊപ്പം ദളിത് സമുദായക്കാരായ മഹറുകള്‍ കൈവരിച്ച യുദ്ധവിജയത്തിന്റെ വാര്‍ഷികാചരണമായിരുന്നു ഇക്കഴിഞ്ഞ ജനുവരി ഒന്നിന് ഭീമ കൊറെഗാവില്‍ നടന്നത്. ദളിതരും ഇടതുപക്ഷ ചിന്താഗതിക്കാരും പങ്കെടുത്ത ‘എല്‍ഗാര്‍ പരിഷത്തി’ന്റെ ആഹ്വാനപ്രകാരമാണ് ‘ഭീമ കൊറെഗാവ് ശൗര്യദിന പ്രേരണ അഭിയാന്‍’ സംഘടിപ്പിക്കപ്പെട്ടത്. അതിനുനേരെയാണ് തീവ്രഹിന്ദുത്വ ശക്തികള്‍ അതിക്രമം അഴിച്ചുവിട്ടത്.
ഭീമ കൊറെഗാവ് അതിക്രമങ്ങള്‍ക്കുപിന്നില്‍ തീവ്രഹിന്ദുത്വവാദികളായ സംഭാജി ഭിണ്ഡേ, മിലിന്ദ് എക്‌ബോതെ എന്നിവരാണെന്ന് കണ്ടെത്തിയിരുന്നു. അക്രമത്തില്‍ ഇരുവരുടെയും പങ്ക് വ്യക്തമാക്കുന്ന തെളിവുകളും അനേ്വഷണസംഘം കണ്ടെത്തി. ഭീമ കൊറെഗാവ് ആഘോഷങ്ങള്‍ക്ക് തൊട്ടുമുമ്പ് എക്‌ബോതെയും അനുചരന്മാരും പൂനയിലെ ഒരു ഹോട്ടലില്‍ ഒത്തുചേര്‍ന്ന് ഗൂഢാലോചന നടത്തിയിരുന്നു. അവരുടെ പക്കലുണ്ടായിരുന്ന ദളിത്‌വിരുദ്ധ ലഘുലേഖകള്‍, സന്ദേശങ്ങള്‍ എന്നിവയും പൊലീസ് പിടിച്ചെടുത്തു. മഹാരാഷ്ട്രയിലുടനീളം നടന്ന ദളിത് പ്രക്ഷോഭത്തെതുടര്‍ന്ന് എക്‌ബോതെയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നുവെങ്കിലും പൂനെ സെഷന്‍സ് കോടതി അയാളെ ജാമ്യത്തില്‍ വിട്ടയച്ചു.

ഭിണ്ഡേയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയിട്ടും അയാളെ നാളിതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. അയാള്‍ നിയമത്തെ വെല്ലുവിളിച്ച് പൊതുയോഗങ്ങളില്‍ പങ്കെടുക്കുകയും വിദേ്വഷപ്രസംഗങ്ങള്‍ നിര്‍ബാധം തുടരുകയുമാണ്. ഈ പശ്ചാത്തലത്തില്‍ വേണം ദളിതര്‍ക്കെതിരായ അതിക്രമങ്ങളെ പരസ്യമായി അപലപിച്ചും മനുഷ്യാവകാശ പ്രവര്‍ത്തനങ്ങളില്‍ സധൈര്യം പങ്കെടുത്തുംവരുന്ന അഞ്ച് പ്രമുഖരുടെ അറസ്റ്റിനെയും മറ്റ് നിരവധിപേര്‍ക്കെതിരെ അറസ്റ്റ് ഭീഷണി ഉയരുകയും ചെയ്യുന്ന സാഹചര്യം വിലയിരുത്തപ്പെടാന്‍. ദളിതരെ ആക്രമിക്കുകയും അവര്‍ യാത്ര ചെയ്ത നിരവധി വാഹനങ്ങള്‍ അഗ്നിക്കിരയാക്കുകയും പൊതുമുതലും കച്ചവട സ്ഥാപനങ്ങളും ആക്രമിക്കുകയും ഭീകരത സൃഷ്ടിക്കുകയും ചെയ്ത യഥാര്‍ഥ കുറ്റവാളികള്‍ നിയമത്തെ വെല്ലുവിളിച്ച് സൈ്വരവിഹാരം തുടരുമ്പോഴാണ് അഞ്ച് പ്രമുഖ പ്രവര്‍ത്തകരെ മാവോയിസ്റ്റ് ഗൂഢാലോചനയുടെ മറവില്‍ അറസ്റ്റ് ചെയ്തിരിക്കുന്നത്.

നിര്‍ഭയരായി ഭരണകൂട ഭീകരതയെയും തീവ്രഹിന്ദുത്വ അരാജകവാദത്തെയും ചോദ്യം ചെയ്യുന്നവരെ നിശബ്ദരാക്കാന്‍ ബിജെപി നേതൃത്വം നല്‍കുന്ന കേന്ദ്ര, സംസ്ഥാന ഭരണകൂടങ്ങള്‍ ആസൂത്രിത ശ്രമമാണ് നടത്തിവരുന്നത്. തീവ്രഹിന്ദുത്വ സവര്‍ണ ഭീകരവാദികള്‍ ഭരണകൂട സംരക്ഷണയില്‍ തങ്ങളുടെ ഹിംസാത്മക വിധ്വംസക പ്രവര്‍ത്തനങ്ങള്‍ യഥേഷ്ടം തുടരുമ്പോഴാണ് വ്യക്തമായ യാതൊരു തെളിവുമില്ലാതെ കെട്ടിച്ചമച്ച ആരോപണങ്ങളുടെ അടിസ്ഥാനത്തില്‍ ബുദ്ധിജീവികളും മനുഷ്യാവകാശ പ്രവര്‍ത്തകരും ദളിത് നേതാക്കളുമൊക്കെ വിചാരണ കൂടാതെ ഇരുട്ടറകളില്‍ തള്ളപ്പെടുന്നത്. ഇപ്പോള്‍ അറസ്റ്റ് ചെയ്യപ്പെട്ട സുധീര്‍ ധവാലയെത്തന്നെ 2011ല്‍ നക്‌സലേറ്റ് എന്നാരോപിച്ച് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു. നീണ്ട 40 മാസത്തെ ദുരിതപൂര്‍വമായ കാരാഗൃഹവാസത്തിനുശേഷം തെളിവുകള്‍ യാതൊന്നും ഹാജരാക്കാന്‍ കഴിയാതെ കോടതി അദ്ദേഹത്തെ നിരുപാധികം വിട്ടയക്കുകയാണുണ്ടായത്. വിയോജിപ്പുകളെ തകര്‍ക്കാനും വിമര്‍ശനങ്ങളെ നിശബ്ദമാക്കാനും ധീരരായ സാമൂഹ്യ-മനുഷ്യാവകാശ പ്രവര്‍ത്തകരുടെ ആത്മവീര്യം കെടുത്താനും ബിജെപി ഭരണകൂടങ്ങള്‍ നടത്തുന്ന ആസൂത്രിത നീക്കങ്ങളുടെ ഏറ്റവും പുതിയ ഉദാഹരണമാണ് ഭീമ കൊറെഗാവിന്റെ പേരില്‍ നടന്ന അറസ്റ്റുകള്‍. സ്വാതന്ത്ര്യവും മനുഷ്യാവകാശവും ഉയര്‍ത്തിപ്പിടിക്കുന്ന എല്ലാ സാമൂഹ്യശക്തികളും ഇത്തരം ഭരണകൂടഭീകരതയ്‌ക്കെതിരെ രംഗത്തുവരണം.