Web Desk

February 29, 2020, 8:47 am

കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്

Janayugom Online

നടിയെ ആക്രമിച്ച കേസിൽ ഹാജരാകാതിരുന്ന നടൻ കുഞ്ചാക്കോ ബോബന് അറസ്റ്റ് വാറന്റ്. കേസ് പരിഗണിക്കുന്ന പ്രത്യേക കോടതിയാണ് പൊലീസിന് ജാമ്യം നൽകാവുന്ന അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. വെള്ളിയാഴ്ച കുഞ്ചാക്കോ ബോബനോട് സാക്ഷിവിസ്താരത്തിന് ഹാജരാകാൻ കോടതി ആവശ്യപ്പെട്ടിരുന്നു. കേസിൽ പ്രധാനപ്പെട്ട സാകഷികളുടെ വിസ്താരം നടക്കുന്ന ദിവസമായിരുന്നു ഇന്നലെ എന്നാൽ കുഞ്ചാക്കോ ബോബൻ കോടതിയിൽ എത്തിയില്ല. കൂടാതെ ഇതുമായി ബന്ധപ്പെട്ട സമൻസ് കൈപ്പറ്റുകയോ സമൻസിന് മറുപടി നൽകുകയോ ചെയ്തില്ല. കൂടാതെ അന്വേഷണ സംഘത്തോട് എന്ന് സാക്ഷിവിസ്താരത്തിന് എത്താനാകുമെന്ന് അറിയിക്കുകയോ ഉണ്ടായില്ല. ഇതിനെ തുർന്നാണ് കേസ് പരിഗണിക്കുന്ന പ്രത്യേക കോടതി കുഞ്ചാക്കോ ബോബനെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്.

ആക്രമിക്കപ്പെട്ട നടിയും ദിലീപും തമ്മിലുള്ള പല പ്രശ്നങ്ങളിലും നേരിട്ട് സാക്ഷിയായിരുന്നു കുഞ്ചാക്കോ ബോബൻ. അതുകൊണ്ട് തന്നെ ഈ കേസിൽ കുഞ്ചാക്കോബോബന്റെ മൊഴി വളരെ നിർണായകവുമാണ്. നേരത്തേ ഇദ്ദേഹം വിശദമായ സാക്ഷിമൊഴി നൽകിയിട്ടുണ്ട്. എന്നാൽ പിന്നീടുള്ള ഘട്ടങ്ങളിൽ കോടതിയിൽ ഹാജരായിരുന്നില്ല. ഇതിനെ തുടർന്നാണ് ഇപ്പോൾ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇതൊരു സാങ്കേതിക നടപടിക്രമം മാത്രമാണ്. നാലാം തിയ്യതി വിസ്താരത്തിന് ഹാജരാകാൻ അറിയിച്ചിട്ടുണ്ട്. അന്ന് ഹാജരായില്ലെങ്കിൽ മാത്രമായിരിക്കും അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് കടക്കുക. പൊലീസ് അറസ്റ്റ് വാറന്റ് കുഞ്ചാക്കോ ബോബന് കൈമാറും. നടൻ സിദ്ദിഖ്,ബിന്ദുപണിക്കർ,സംവിധായകൻ ശ്രീകുമാർ മേനോൻ,റിമി ടോമി എന്നിവരുടെ സാക്ഷി വിസ്താരം അടുത്ത ദിവസം നടക്കും. ഇന്നലെ നടി ഗീതുമോഹൻദാസിന്റെ സാക്ഷി വിസ്താരം പൂർത്തിയായിരുന്നു.

Eng­lish Sum­ma­ry: Arrest war­rant against actor kunjakkoboban

You may also like this video