Web Desk

കൊച്ചി

November 11, 2020, 5:35 pm

സ്വര്‍ണക്കടത്ത്; ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് അല്‍ ഷൗക്രിക്ക് അറസ്റ്റ് വാറണ്ട്

Janayugom Online

യുഎഇ കോണ്‍സുലേറ്റിലെ സാമ്പത്തിക വിഭാഗം മേധാവിയായിരുന്ന ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദ് അല്‍ ഷൗക്രിക്ക് അറസ്റ്റ് വാറണ്ട്. കള്ളക്കടത്തു കേസില്‍ കസ്റ്റംസ് ഖാലിദിനെ മൂന്നാം പ്രതിയാക്കിയിരുന്നു. ഇതേത്തുടര്‍ന്നാണ് കൊച്ചിയിലെ സാമ്പത്തിക കുറ്റകൃത്യങ്ങൾക്കുള്ള കോടതി ഖാലിദിനെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. ഖാലിദ് തിരുവനന്തപുരം വിമാനത്താവളം വഴി വിദേശത്തേക്ക് 1.30 കോടി രൂപയ്ക്ക് തുല്യമായ യു‌എസ് ഡോളർ കടത്തിയതായി കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഡോളർ കടത്ത് കേസിൽ ഇയാൾ മൂന്നാംപ്രതിയാണ്.

ഈജിപ്ഷ്യന്‍ പൗരന്‍ ഖാലിദിന് നയതന്ത്ര പരിരക്ഷയില്ലെന്ന് വിദേശ കാര്യമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. സ്വര്‍ണക്കടത്തു കേസിലെ മുഖ്യ പ്രതികളായ സ്വപ്ന, പി.എസ്. സരിത് എന്നിവരുമായി ചേര്‍ന്നു ഖാലിദ് വഴിവിട്ട സാമ്പത്തിക ഇടപാടുകള്‍ നടത്തിയതിന്‍റെ തെളിവുകള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്.

ലൈഫ് മിഷന്‍റെ വടക്കാഞ്ചേരി ഭവനസമുച്ചയത്തിന്‍റെ നിര്‍മാണക്കരാര്‍ ലഭിക്കാന്‍ 3.80 കോടി രൂപ മതിക്കുന്ന വിദേശ കറന്‍സി ഖാലിദിനു കൈമാറിയെന്നു യൂണിടാക് ബില്‍ഡേഴ്സ് ഉടമ സന്തോഷ് ഈപ്പന്‍ മൊഴി നല്‍കിയിരുന്നു. ഖാലിദിനു കൈമാറിയതായി സന്തോഷ് ഈപ്പന്‍ പറയുന്ന 3.80 കോടി രൂപ എന്തിനു വിനിയോഗിച്ചെന്നും അന്വേഷിക്കുന്നുണ്ട്.

കോണ്‍സുലേറ്റിന്‍റെ മുഴുവന്‍ സാമ്ബത്തിക വിനിമയങ്ങളുടെ ചുമതലക്കാരന്‍ കൂടിയായിരുന്നു ഖാലിദ്. ഇന്ത്യ രണ്ടു തവണ വീസ നിഷേധിച്ചിട്ടും ഖാലിദ് യുഎഇ കോണ്‍സുലേറ്റിലെ ജീവനക്കാരനായി കേരളത്തില്‍ തങ്ങാന്‍ ഇടയായത് എങ്ങനെയെന്നും അന്വേഷിക്കുന്നുണ്ട്.

Eng­lish summary:Arrest war­rant against Khalid al Shoukri

You may also like this video: