ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്

Web Desk
Posted on September 14, 2018, 8:23 am

അണക്കെട്ട് പദ്ധതിക്കെതിരെ സമരം;ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും തെലുങ്ക് ദേശം പാര്‍ട്ടി നേതാവുമായ ചന്ദ്രബാബു നായിഡുവിന് അറസ്റ്റ് വാറന്റ്. മഹാരാഷ്ട്രയിലെ ധര്‍മബാദ് മജിസ്ട്രേറ്റ് കോടതിയാണ് വാറന്റ് പുറപ്പെടുവിച്ചത്. നായിഡു ഉള്‍പ്പെടെ പതിനഞ്ച് പേരെ അറസ്റ്റ് ചെയ്ത് സെപ്റ്റംബര്‍ 21നകം ഹാജരാക്കാനാണ് കോടതിയുടെ നിര്‍ദ്ദേശം.

2010‑ല്‍ ​ഗോദാവരി നദിയില്‍ നടപ്പാക്കാനിരുന്ന ബബ്ലി അണക്കെട്ട് പദ്ധതിക്കെതിരെ സമരം ചെയ്ത കേസിലാണ് വാറന്റ്. ആന്ധ്രാപ്രദേശ് വിഭജനത്തിന് മുന്‍പായിരുന്നു സമരം നടന്നത്. സമരത്തില്‍ നായിഡുവിനെ കൂടാതെ നിലവിലെ ആന്ധ്രാ ജലവിഭവവകുപ്പ് മന്ത്രി ദേവിനേനി ഉമേശ്വരറാവു, സാമൂഹികക്ഷേമവകുപ്പ് മന്ത്രി എന്‍.ആനന്ദ് ബാബു എന്നിവരും പങ്കെടുത്തിരുന്നു. അന്ന് ടിഡിപി എംഎല്‍എയും പിന്നീട് തെലങ്കാന രാഷ്ട്രസമിതിയില്‍ ചേരുകയും ചെയ്ത ജി.കമല്‍കറും കേസില്‍ പ്രതിയാണ്.

കേസില്‍ ചന്ദ്രബാബു നായിഡുവും മറ്റു നേതാക്കളും കോടതിയില്‍ ഹാജരാവുമെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ അറിയിച്ചു.