അമരാവതിയിലെ സ്ത്രീകൾക്കെതിരെ അപകീര്‍ത്തിപരമായ പരാമര്‍ശം നടത്തിയെന്നാരോപിച്ച് അറസ്റ്റ് ചെയ്ത മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകൻ കൊമ്മിനേനി ശ്രീനിവാസ റാവുവിനെ വിട്ടയയ്ക്കാൻ സുപ്രീം കോടതിയുടെ ഉത്തരവ്. അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശം റാവു നടത്തിയിട്ടില്ലെന്ന് വ്യക്തമായതോടെയാണ് കോടതി നടപടി. അപമാനകരമായ പ്രസ്താവന കേട്ട് ചിരിച്ചതുകൊണ്ട് ഒരാള്‍ കുറ്റക്കാരനാകില്ലെന്ന് ജസ്റ്റിസുമാരായ പ്രശാന്ത് കുമാർ മിശ്ര, മൻമോഹൻ എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. തുടര്‍ന്ന് ആവശ്യമായ വ്യവസ്ഥകളോടെ റാവുവിന് ജാമ്യം അനുവദിക്കാൻ വിചാരണക്കോടതിയോട് ബെഞ്ച് നിര്‍ദേശിച്ചു.
സാക്ഷി ടിവിയിലെ അവതാരകനായ റാവു നടത്തിയ ചര്‍ച്ചയ്ക്കിടെ മാധ്യമപ്രവര്‍ത്തകനായ കൃഷ്ണം രാജു അമരാവതിയെ ‘ലൈംഗികത്തൊഴിലാളികളുടെ തലസ്ഥാനം’ എന്ന് വിശേഷിപ്പിച്ചതാണ് വിവാദങ്ങള്‍ക്ക് തുടക്കം. തുടര്‍ന്ന് സംസ്ഥാന മഡിഗ കോർപറേഷൻ ഡയറക്ടർ ഖമ്പംപടി സിരിഷയുടെ പരാതിയില്‍ ആന്ധ്രാ പൊലീസ് റാവുവിനെ അറസ്റ്റ് ചെയ്യുകയായിരുന്നു. പ്രസ്താവന നടത്തിയ വ്യക്തിയെ തടയുന്നതിന് പകരം റാവു അതുകേട്ട് ചിരിക്കുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു. എന്നാല്‍ അദ്ദേഹം അത്തരം പ്രസ്താവന നടത്തിയിട്ടില്ലെന്ന് വ്യക്തമാണെന്ന് ബെഞ്ച് വിലയിരുത്തി. മാധ്യമപ്രവർത്തകരുടെ ആവിഷ്കാര സ്വാതന്ത്ര്യം സംരക്ഷിക്കേണ്ടത് കോടതിയുടെ കടമയാണെന്നും ബെഞ്ച് കൂട്ടിച്ചേര്‍ത്തു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.