പോർവിമാനത്തെ ഉരുക്കുവടങ്ങൾ കൊണ്ട് പിടിച്ചുകെട്ടുന്ന അറസ്റ്റഡ് ലാൻഡിംഗിന്റെ പരീക്ഷണം വിമാനവാഹിനിക്കപ്പലായ ഐഎൻഎസ് വിക്രമാദിത്യയിൽ ഇന്ത്യ വിജയകരമായി പൂർത്തീകരിച്ചു. അറബിക്കടലിൽ നിലയുറപ്പിച്ചിരിക്കുന്ന കപ്പലിലാണ് ഇന്ത്യ ചരിത്ര നേട്ടത്തിന് വേദിയൊരുക്കിയത്. നാവികസേനയ്ക്കായി പ്രത്യേകം നിർമ്മിച്ച കോമ്പാക്ട് എയർക്രാഫ്റ്റായ തേജസിലാണ് ഇന്ത്യ പരീക്ഷണം പൂർത്തിയാക്കിയത്. 30 വിമാനങ്ങൾ വഹിക്കാൻ ശേഷിയുള്ള യുദ്ധക്കപ്പലാണ് ഐഎൻഎസ് വിക്രമാദിത്യ. കരയിലെ പരീക്ഷണം വിജയകരമായി പൂർത്തിയാക്കിയതിന് ശേഷമാണ് യുദ്ധവാഹിനിക്കപ്പലിൽ പരീക്ഷണം നടത്തിയത്. കമാൻഡർ ജെ എ മാവ്ലങ്കാറാണ് വിമാനം കപ്പലിൽ ലാൻഡ് ചെയ്യിപ്പിച്ചതെന്ന് ഡിഫൻസ് റിസർച്ച് ഡെവലപ്പമെന്റ് ഓർഗനൈസേഷൻ (ഡിആർഡിഒ) അറിയിച്ചു. ഡിആർഡിഒയും എഡിഎയും (എയ്റോനോട്ടിക്കൽ ഡെവലപ്പ്മെന്റ് ഏജൻസി) സംയുക്തമായി ചേർന്നാണ് അറസ്റ്റഡ് ലാൻഡിംഗിന് സാധിക്കുന്ന തേജസ് വികസിപ്പിച്ചെടുത്തത്. വിദേശനിർമ്മിത മിഗ് 29ന്റെ മറ്റൊരു പതിപ്പാണ് തേജസ്. കരയിലെ അറസ്റ്റഡ് ലാൻഡിംഗ് പരീക്ഷണം കഴിഞ്ഞ സെപ്റ്റംബറിൽ ഇതേ പോർവിമാനം ഉപയോഗിച്ച് ഇന്ത്യ വിജയകരമായി പൂർത്തീകരിച്ചിരുന്നു. ഗോവയിലെ നാവികസേനാ പരിശീലനകേന്ദ്രത്തിൽവച്ചായിരുന്നു അന്നത്തെ പരീക്ഷണം. മണിക്കൂറിൽ 224 കിലോമീറ്റർ വേഗത്തിൽ പറന്ന തദ്ദേശനിർമ്മിത ലഘുപോർവിമാനം തേജസിനെ, ഏകദേശം രണ്ട് സെക്കൻഡുകൊണ്ടാണ് നിശ്ചലാവസ്ഥയിലെത്തിച്ചത്. അന്നും കമാൻഡർ ജെ എ മാവ്ലങ്കാറായിരുന്നു വിമാനം പറത്തിയത്. യുഎസ്, റഷ്യ, ബ്രിട്ടൻ, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾ വികസിപ്പിച്ച ഏതാനും യുദ്ധവിമാനങ്ങൾ മാത്രമേ ഇതുവരെ യുദ്ധക്കപ്പലുകളിൽ ‘അറസ്റ്റഡ് ലാൻഡിംഗ്’ നടത്തിയിട്ടുള്ളൂ. പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ചരിത്രനേട്ടം കൈവരിച്ച നാവികസേനയേയും ഡിആർഡിഒയെയും പ്രതിരോധമന്ത്രി രാജ്നാഥ് സിങ് അഭിനന്ദിച്ചു. റൺവേയിലിറങ്ങുന്ന വിമാനം അധികദൂരം ഓടും മുമ്പ് പിടിച്ചുകെട്ടിനിർത്തുന്നതിനെയാണ് ‘അറസ്റ്റഡ് ലാൻഡിംഗ്’ എന്നു പറയുന്നത്.
English summary:Arrested Landing’ India successfully completed
YOU MAY ALSO LIKE THIS VIDEO