Web Desk

കൊച്ചി

October 29, 2020, 9:38 am

സ്വർണക്കടത്ത്; അറസ്റ്റിലായ എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Janayugom Online

സ്വർണക്കടത്ത് കേസിൽ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും. രാവിലെ 11 മണിക്ക് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലാണ് ഹാജരാക്കുന്നത്. കൂടുതല്‍ ചോദ്യം ചെയ്യാനായി എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കസ്റ്റഡിയില്‍ വാങ്ങും. ഏഴു വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമ പ്രകാരമാണ് ഇന്നലെ രാത്രി പത്തു മണിക്ക് ശിവശങ്കറെ എന്‍ഫോഴ്സ്മെന്റ് അറസ്റ്റു ചെയ്തത്.

ഹൈക്കോടതി ഇന്നലെ രാവിലെ മുൻകൂർ ജാമ്യാപേക്ഷ തള്ളി മിനിട്ടുകൾക്കകം തിരുവനന്തപുരത്തുനിന്ന് കസ്റ്റഡിയിലെടുത്ത ശിവശങ്കറെ ഉച്ചതിരിഞ്ഞ് കൊച്ചിയിൽ എത്തിച്ചു. ഏഴ് മണിക്കൂറോളം ചോദ്യം ചെയ്തശേഷം രാത്രി 10 മണിയോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. നടപടിക്രമങ്ങൾ പാലിച്ച് ശിവശങ്കറിനെ അറസ്റ്റ് ചെയ്യാവുന്നതാണെന്ന് മുൻകൂർ ജാമ്യ ഹർജി തള്ളിയ ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. പലഘട്ടങ്ങളിലായി ഇതിനകം 100 മണിക്കൂറിലേറെ ചോദ്യംചെയ്ത ശിവശങ്കറിനെ അറസ്റ്റ് ചെയ്യാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് ഉന്നതങ്ങളിൽ നിന്ന് നിർദ്ദേശം ലഭിച്ചതായാണ് സൂചന.

ഹൈക്കോടതി ഉത്തരവ് പുറത്തുവന്ന് 10.55 ഓടെ തിരുവനന്തപുരത്ത് ആശുപത്രിയിൽ എത്തി സമൻസ് കൈമാറിയാണ് ശിവശങ്കറിനെ കസ്റ്റഡിയിൽ എടുത്തത്. ആയുർവേദ ആശുപത്രിയിൽ എത്തി ശിവശങ്കറിനെ ചികിത്സിക്കുന്ന ഡോക്ടറുമായി ആരോഗ്യ സ്ഥിതി സംബന്ധിച്ച് ചർച്ച നടത്തിയ ശേഷമാണ് നോട്ടീസ് കൈമാറിയത്. ശിവശങ്കറിന് ഇപ്പോഴും നടുവ് വേദനയുണ്ടെന്നും കുറച്ച് ദിവസങ്ങൾ കൂടി ചികിത്സയിൽ തുടരേണ്ടതുണ്ടെന്നുമാണ് നേരത്തെ ആശുപത്രി വൃത്തങ്ങൾ അറിയിച്ചിരുന്നത്. എന്നാൽ പിന്നീടാകാമെന്നും ഇപ്പോൾ ഇദ്ദേഹത്തെ കൊച്ചിയിലേക്ക് കൊണ്ടുപോകുന്നതായും അറിയിക്കുകയായിരുന്നു.

സസ്‌പെന്‍ഷനെ തുടര്‍ന്ന് 115-ാം ദിവസമാണ് ശിവശങ്കര്‍ കസ്റ്റഡിയിലാവുന്നത്. ജൂലൈ 11ന് ശിവശങ്കര്‍ സ്വപ്നയ്ക്ക് വാടകയ്ക്ക് ഏര്‍പ്പാടാക്കി നല്‍കിയ ഫ്ലാറ്റില്‍ കസ്റ്റംസ് റെയ്ഡ് നടത്തിയിരുന്നു. ജൂലൈ 14ന് കസ്റ്റംസ് ശിവശങ്കറെ ഒമ്പത് മണിക്കൂര്‍ ചോദ്യം ചെയ്തു. ജൂലൈ 16ന് സര്‍വീസില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. ജൂലൈ 23നാണ് ആദ്യമായി ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തത്. ജൂലൈ 27ന് തുടര്‍ച്ചയായ രണ്ടുദിവസം എന്‍ഐഎ ചോദ്യം ചെയ്തു. ഓഗസ്റ്റ് 15നാണ് ശിവശങ്കറെ ആദ്യമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്തത്. സെപ്റ്റംബര്‍ 24ന് എന്‍ഐഎ വീണ്ടും ചോദ്യം ചെയ്തു. ഒക്‌ടോബര്‍ ഒമ്പതിനും 10നും ശിവശങ്കറെ കസ്റ്റംസ് ചോദ്യം ചെയ്തു.

Eng­lish sum­ma­ry: Sivasankar will be pro­duced in court today

You may also like this video: