Web Desk

പൂണെ

June 10, 2020, 7:42 pm

ദുരഭിമാന കൊല; ദലിത് യുവാവിനെ പെണ്‍കുട്ടിയുടെ വീട്ടുകാര്‍ തല്ലിക്കൊന്നു

Janayugom Online

രാജ്യത്ത് വീണ്ടും ദുരഭിമാന കൊല. ഇരുപതുകാരനായ വിരാജ്​ വിലാസ്​ ജഗ്​താപിനെയാണ് ഉയര്‍ന്ന ജാതിക്കാരായ പെണ്‍കുട്ടിയുമായി പ്രണയത്തിലായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ക്രൂരമായി കൊലപ്പെടുത്തിയത്. പൂനെയിലെ പിമ്ബിള്‍ സൗദാഗറിലാണ് സംഭവം. പെണ്‍കുട്ടിയുടെ ബന്ധുക്കളായ ആറ് പേരാണ് തന്നെ ആക്രമിച്ചതെന്ന് മരണമൊഴിയില്‍ വിരാജ്​ പൊലീസിനോട് വെളിപ്പെടുത്തിയത്. ദലിത് യുവാവ് ആയതിനാലാണ് പ്രതികള്‍ വിരാജിനെ കൊലപ്പെടുത്തിയത്.

ജൂണ്‍ ഏഴിന് രാത്രിയിലാണ് സംഭവം നടന്നത്. ഇരുചക്രവാഹനത്തില്‍ എത്തിയ യുവാവിനെ പ്രതികള്‍ മറ്റൊരു വാഹനം ഇടിച്ചു വീഴ്ത്തുകയായിരുന്നു.ഇടിയുടെ ആഘാതത്തില്‍ താഴെ വീണ വിരാജിനെ പ്രതികള്‍ ഇരുമ്പ് ദണ്ഡു കൊണ്ടും വലിയ കല്ലുകൊണ്ടും അക്രമിക്കുകയായിരുന്നു. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയാണ് യുവാവ് കുടുംബാംഗങ്ങളോട് സംഭവം വെളിപ്പെടുത്തുന്നത്.

അക്രമിച്ച് അവശനാക്കിയ ശേഷം പെണ്‍കുട്ടിയുടെ പിതാവ് ജഗദീഷ്​ കാ​തെ വിരാജിന്റെ മുഖത്ത് തുപ്പിയതായും പറയുന്നുണ്ട്. ആക്രമണത്തിന് ശേഷം പ്രതികള്‍ യുവാവിനെ വഴിയില്‍ ഉപേക്ഷിച്ചു പോവുകയായിരുന്നു. നാട്ടുകാരാണ് ഗുരുതരാവസ്ഥയിലായ യുവാവിനെ ആശുപത്രിയില്‍ എത്തിച്ചത്. യുവാവിന്റെ മരണമൊഴിയുടെ അടിസ്ഥാനത്തില്‍ ആറ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളില്‍ പ്രായപൂര്‍ത്തിയാകാത്ത രണ്ട് പേരെ ശിശു സംരക്ഷണ കേന്ദ്രങ്ങളിലേക്ക് മാറ്റി.

ENGLISH SUMMARY: arro­gant mur­der; dalit youth killed by girl’s family
You may also like this video