Saturday
23 Feb 2019

ആര്‍പ്പോ……………..

By: Web Desk | Sunday 5 August 2018 7:58 AM IST


jawaharlal Nehru janayugom
ജവഹര്‍ലാല്‍ നെഹ്രു നടുഭാഗം ചുണ്ടന്റെ ക്യാപ്റ്റന്‍ പയ്യനാട് ചാക്കോമാപ്പിളയ്ക്ക് ട്രോഫി സമ്മാനിക്കുന്നു

ടി കെ അനില്‍കുമാര്‍
ഫോട്ടോ: വി.എന്‍. കൃഷ്ണപ്രകാശ്

പുന്നമട ഒഴുകുകയാണ്… ശാന്തമായി. പമ്പയും അച്ചന്‍കോവിലാറും മീനച്ചിലാറും മണിമലയാറുമെല്ലാം തള്ളിവിടുന്ന മലവെള്ളത്തിന്റെ രൗദ്രതയൊന്നും പുന്നമടയ്ക്കില്ല. പകരം കുട്ടനാടിന്റെ കണ്ണീരുപ്പിന്റെ ചുവയുണ്ട്. എല്ലാ ജീവിത ദുരിതങ്ങളും മനസ്സിലൊതുക്കി ചിരിക്കുന്ന കുട്ടനാടുകാരെപ്പോലെയാണവള്‍. കര്‍ക്കിട കെടുതികള്‍ക്ക് എന്നും ഇരയാകുന്നവരാണ് കുട്ടനാട്ടുകാര്‍. നോക്കാത്താദൂരത്തോളം ദുരിതക്കാഴ്ചകള്‍ ഉണ്ടെങ്കിലും ആരോടും പരിഭവം പറയാതെ അവരെത്തും. ചിങ്ങപ്പുലരിക്ക് മുന്‍പുള്ള നെഹ്രുട്രോഫി ജലമാമാങ്കത്തില്‍ അലിഞ്ഞുചേരാന്‍.
ജലോത്സവങ്ങളുടെ ഉത്ഭവങ്ങളെപ്പറ്റി ചരിത്ര രേഖകളില്ല. ചെറുതും വലുതുമായ മുപ്പതോളം ജലോത്സവങ്ങളാണ് കേരളത്തിലുള്ളത്. ധനസമൃദ്ധിയും ജലസമൃദ്ധിയും സമഞ്ജസമായി ഒത്തുചേരുന്ന ഓണക്കാലത്താണ് കൂടുതല്‍ ജലോത്സവങ്ങളും. അതില്‍ രാജസ്ഥാനം അലങ്കരിക്കുന്നത് നെഹ്രുട്രോഫി ജലോത്സവമാണ്. എല്ലാവര്‍ഷവും ആഗസ്റ്റ് മാസത്തിലെ രണ്ടാം ശനിയാഴ്ചയാണ് ഈ ജലമാമാങ്കം. മധ്യതിരുവിതാംകൂറിന്റെ സംസ്‌കൃതിയുമായി വേര്‍പെടുത്താനാവാത്തവിധം ഇഴചേര്‍ന്നിരിക്കുന്നവയാണ് ഓരോ ജലോത്സവങ്ങളും. കൈക്കരുത്തിന്റെയും കൂട്ടായ്മയുടേയും സമന്വയം കൂടിയാണത്. കയ്യില്‍ തുഴയുമേന്തി പായുന്ന അരോഗ ദൃഢഗാത്രരായ ഗ്രാമീണരുടെ കായികാഭ്യാസത്തിന്റൈ മനോഹാരിത ആവോളം നുകരാന്‍ എല്ലാവര്‍ഷവും ലോകം പുന്നമടയിലേയ്ക്ക് ഒഴുകിയെത്തും. വഞ്ചിപ്പാട്ടിന്റെയും വായ്ത്താരിയുടേയും നതോന്നതതാളത്തില്‍ കരയില്‍ ആര്‍പ്പുവിളികളുടെ മേളം. ഓളങ്ങളില്‍ ഒഴുകിയും ആരവങ്ങളില്‍ അമര്‍ന്നും പുരുഷാരവം പിന്നെ ആവേശത്തിന്റെ കൊടുമുടിയിലേയ്ക്ക്. ചുണ്ടനും ഓടിയും വെപ്പും ഇരുട്ടുകുത്തിയും ദൃശ്യവിസ്മയങ്ങള്‍ തീര്‍ക്കും. കരങ്ങളുടെ കരുത്ത് അറിയിക്കുന്ന ജലരാജാക്കന്മാര്‍ കണക്ക് തീര്‍ക്കാന്‍ കൂടിയാണ് ഓളപ്പരപ്പില്‍ എത്തുക. ഓഗസ്റ്റ് 11ന് ചേരുന്ന നെഹ്രുട്രോഫി ജലോത്സവത്തില്‍ 25 ചുണ്ടന്‍വള്ളങ്ങള്‍ ഉള്‍പ്പെടെ 74 കളിവള്ളങ്ങള്‍ അണിനിരക്കും. ക്രിക്കറ്റ് ഇതിഹാസം സച്ചന്‍ ടെണ്ടുല്‍ക്കറാണ് മുഖ്യാതിഥി.

nehru trophy janayugom

നെഹ്രുവിന്റെ കയ്യൊപ്പ്
1952 ഡിസംബര്‍ 22ന് പ്രഥമ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്രുവിന്റെ ആദ്യസന്ദര്‍ശനമാണ് ഈ ജലവിസ്മയത്തിന് വഴിയൊരുക്കിയത്. ജലോത്സവം കാണാനായി നെഹ്രു കോട്ടയത്ത് നിന്നും ബോട്ടില്‍ ആലപ്പുഴയ്ക്ക് തിരിച്ചു. കൂടെ മകള്‍ ഇന്ദിരയും അവരുടെ മക്കളായ രാജീവും സഞ്ജയനും. നെറ്റിപ്പട്ടം ചാര്‍ത്തിയ ഗജവീരന്റെ ഗരിമയോടെ ഒന്‍പത് ചുണ്ടന്‍വള്ളങ്ങള്‍ ഓളപ്പരമ്പില്‍ വിസ്മയങ്ങള്‍ തീര്‍ക്കുകയാണ്. ഒടുവില്‍ ആവേശം അലകടലായി ഉയര്‍ന്നപ്പോള്‍ നെഹ്രു വിജയിയായ നടുഭാഗം ചുണ്ടനിലേയ്ക്ക് ചാടിക്കയറി. മടങ്ങിപോകുമ്പോള്‍ സംഘാടകര്‍ക്ക് ഒരു നിര്‍ദ്ദേശം കൂടി അദ്ദേഹം നല്‍കി. എല്ലാവര്‍ഷവും മത്സരവള്ളം കളി സംഘടിപ്പിക്കണമെന്ന്. നടുഭാഗത്തിന്റെ ക്യാപ്റ്റന്‍ പയ്യനാട് ചാക്കോ മാപ്പിളയ്ക്ക് ട്രോഫി സമ്മാനിച്ചശേഷമാണ് അദ്ദേഹം മടങ്ങിയത്. പിന്നീട് ഡല്‍ഹിയിലെത്തിയ അദ്ദേഹം തന്റെ കയ്യൊപ്പ് ചാര്‍ത്തിയ വെള്ളിക്കപ്പ് ആലപ്പുഴയിലെ ജലോത്സവ സംഘാടകര്‍ക്ക് അയച്ചുകൊടുത്തു. തൊട്ടടുത്ത വര്‍ഷം മുതലാണ് പുന്നമട കായലില്‍ നെഹ്രുട്രോഫി ജലോത്സവം ആരംഭിച്ചത്.

NTBR janayugom

ചുണ്ടന്‍വള്ളങ്ങളുടെ ചരിത്രം
അമ്പലപ്പുഴ ആസ്ഥാനമായിരുന്ന ചെമ്പകശ്ശേരി രാജാക്കന്മാരും കായംകുളം രാജാക്കന്മാരും പണ്ടുകാലത്ത് ആജന്മ ശത്രുക്കളായിരുന്നു. ഈ നാട്ടുരാജ്യങ്ങള്‍ തമ്മിലുള്ള യുദ്ധം സര്‍വ്വസാധാരണമായിരുന്നു. കായംകുളം രാജാവിനെ യുദ്ധത്തില്‍ തോല്‍പ്പിക്കാന്‍ ജലമാര്‍ഗ്ഗമുള്ള പടയോട്ടമാണ് വേണ്ടതെന്ന് ചെമ്പകശ്ശേരി രാജാവ് ദേവനാരായണന്‍ തിരിച്ചറിഞ്ഞു. ഇതിനായി അതിവേഗം പായുന്ന വള്ളങ്ങള്‍ വേണമെന്ന് അദ്ദേഹം ഉത്തരവിട്ടു. കൊടുപ്പുന്ന വെങ്കിടിയില്‍ നാരായണന്‍ ആചാരി കൊതുമ്പില്‍ തീര്‍ത്ത വള്ളത്തിന്റെ മാതൃക രാജാവിന് ബോധിച്ചു. പിന്നീട് ഇതേ മാതൃകയില്‍ പടക്കപ്പല്‍ അദ്ദേഹം നിര്‍മ്മിച്ചു. ഇത് അറിഞ്ഞ കായംകുളം നാട്ടുരാജ്യം നാരായണന്‍ ആചാരിയെ സ്വാധീനിച്ച് അതേപോലൊന്ന് നിര്‍മിച്ചു. ഇതറിഞ്ഞ ചെമ്പകശ്ശേരി പട അമ്പരന്നു. ആശാരി വഴിയാണ് രാജ്യരഹസ്യം ചോര്‍ന്നതെന്ന് മനസ്സിലാക്കിയ ചെമ്പകശ്ശേരി രാജാവ് അദ്ദേഹത്തിന് വധശിക്ഷ വിധിച്ചു. എന്നാല്‍ രാജാവിന്റെ കാല്‍ക്കല്‍വീണ അദ്ദേഹം ചെമ്പകശ്ശേരിയുടെ വിജയം ഉറപ്പാക്കുന്ന തരത്തിലാണ് കായംകുളത്തിന്റെ പടക്കപ്പല്‍ പണിതതെന്ന് ബോധിപ്പിച്ചു. ഒടുവില്‍ യുദ്ധം തുടങ്ങി. ചെമ്പകശ്ശേരിയുടെ പടക്കപ്പലില്‍ നിന്നും പീരങ്കി ഒരുതവണ പൊട്ടുമ്പോള്‍ വള്ളം ഒരടി മൂന്നോട്ട് നീങ്ങും. എന്നാല്‍ കായംകുളത്തിന്റെ പടക്കപ്പലില്‍ നിന്ന് പീരങ്കി പൊട്ടുമ്പോള്‍ വള്ളം ഒരടി പിന്നോട്ടും. ആശാരിയുടെ തന്ത്രം ഫലിച്ചു. യുദ്ധത്തില്‍ ചെമ്പകശ്ശേരി ജയിച്ചു. ഈ സംഭവത്തില്‍ സന്തുഷ്ടനായ രാജാവ് ആശാരിയെ തടവില്‍ നിന്ന് മോചിപ്പിക്കുകയും ഭൂമി ഉള്‍പ്പെടെയുള്ള ഒട്ടേറെ പാരിതോഷികങ്ങള്‍ നല്‍കുകയും ചെയ്തു. ഈ ജലവാഹനം പിന്നീട് കൊടപ്പുന്നക്കാര്‍ക്കായി അദ്ദേഹം നല്‍കി. ഈ പടക്കപ്പലാണ് പിന്നീട് ചുണ്ടന്‍വള്ളങ്ങളായി മാറിയതെന്നാണ് ഐതിഹ്യം.

NBTR janayugom 2

ചുണ്ടന്‍വള്ളങ്ങള്‍
പത്തി വിരിച്ച് നില്‍ക്കുന്ന സര്‍പ്പത്തിന്റെ മാതൃകയില്‍ അമരം ഉയര്‍ത്തി പണിയുന്ന വള്ളങ്ങളെ പാമ്പോടം എന്നാണ് ആദ്യകാലത്ത് വിളിച്ചിരുന്നത്. യുദ്ധ വാഹനങ്ങളായി ഉപയോഗിച്ച ഇവ പിന്നീട് യാത്രയ്ക്കും വരവേല്‍പ്പിനും എഴുന്നള്ളത്തിനും ഉപയോഗിച്ചു. അന്‍പത്തിയൊന്നിലധികം കോല്‍ നീളമാണ് ചുണ്ടന്‍വള്ളങ്ങള്‍ക്കുള്ളത്. നൂറിലേറെ തുഴച്ചില്‍ക്കാര്‍ക്ക് ഇതില്‍ കയറാനാകും. ചുണ്ടന്‍വള്ളത്തിന് 16 ഭാഗങ്ങളാണ് ഉള്ളത്. കൂമ്പ്, പറ, പൊതിവില്ല്, മണിക്കാലുകള്‍, ചുരുട്ടിക്കുത്ത്, വെട്ടിത്തടി, വില്ല്, ഇളംപാലം, പടികള്‍, കുമിളകള്‍, ആട, നെറ്റി, നെറ്റിപ്പൊട്ട്, അമരം, താണതട്ട്, മുന്‍തട്ട്. കൂടുതല്‍ പഴക്കം നില്‍ക്കേണ്ടതിനാല്‍ ആഞ്ഞിലിത്തടിയാണ് ഇതിന്റെ നിര്‍മാണത്തിനായി ഉപയോഗിക്കുന്നത്. 600 മുതല്‍ 750 വരെ ഘനഅടി തടി, മൂന്ന് ക്വിന്റല്‍ ഇരുമ്പ്, 300 കിലോ പിത്തള എന്നിവയാണ് നിര്‍മാണത്തിനായി വേണ്ടത്. ഇരുമ്പുപണി ഉള്‍പ്പെടെ 1300 ഓളം തച്ചാകും. 25 ലക്ഷം രൂപയോളം ചിലവ് വരും. ഓരോ വള്ളത്തിനും നാല് അമരക്കാരുണ്ടാകും. ഒന്നാമത്തെ അമരക്കാരനാണ് ഏറ്റവും പിന്നില്‍. നിലയാളുകളായി 16 പേരും. പാട്ടുപാടുകയും താളം പകരുകയുമാണ് ഇവരുടെ പ്രധാന ജോലി. ഈ പാട്ടിന്റെ താളത്തിന് അനുസരിച്ചാണ് തുഴ വെള്ളത്തില്‍ വീഴുന്നത്. വള്ളത്തിന്റെ മധ്യഭാഗത്തുള്ള വെടിത്തടിയിലാണ് പാട്ടുകാരുടെ സ്ഥാനം. യുദ്ധത്തിനായി പോകുമ്പോള്‍ പടക്കോപ്പുകള്‍ സൂക്ഷിച്ചിരുന്നത് ഇവിടെയാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ ചുണ്ടന്‍വള്ളങ്ങള്‍ നിര്‍മിച്ചത് കോയില്‍മുക്ക് നാരായണനാചാരിയാണ്.

ഓടിവള്ളം
നെഹ്രുട്രോഫിയില്‍ പങ്കെടുക്കുന്ന മറ്റൊരു വിഭാഗമാണ് ഓടിവള്ളം. രാജാക്കന്മാരുടെ പള്ളിയോടങ്ങള്‍ക്ക് അകമ്പടി സേവിച്ചിരുന്നത് ഇത്തരം വള്ളങ്ങളായിരുന്നുവെന്നാണ് ഐതിഹ്യം. പിന്നീട് ഇത് കായല്‍കൊള്ളക്കാരും കവര്‍ച്ചക്കാരും ഉപയോഗിക്കാന്‍ തുടങ്ങി. അമരവും അണിയവും ഒരുപോലെയാണ് എന്നതാണ് ഇതിന്റെ പ്രധാന സവിശേഷത. 87 അടിവരെ നീളമുള്ള ഈ വള്ളങ്ങളില്‍ അന്‍പതിലേറെപേര്‍ക്ക് തുഴയാന്‍ കഴിയും.

vallamkali janayugom

വെപ്പ് വള്ളം
ചുണ്ടന്‍വള്ളങ്ങള്‍ പടയോട്ടത്തിനായി ഉപയോഗിച്ചപ്പോള്‍ പാചകശാലകളായി ഉപയോഗിച്ചിരുന്നത് വെപ്പുവള്ളങ്ങളായിരുന്നത്രെ. അതുകൊണ്ടാണ് ഇവയ്ക്ക് ഈ പേര് ലഭിച്ചത്. സ്ത്രീകളും കുട്ടികളുമാണ് സാധാരണയായി ഇത്തരം വള്ളങ്ങളില്‍ മത്സരിക്കുക. 15 മുതല്‍ 30 വരെ തുഴച്ചില്‍ക്കാര്‍ ഇതിലുണ്ടാകും.

ചുരുളന്‍വള്ളം
നാട്ടുപ്രമാണിമാരുടെ അന്തസ്സിന്റെ ചിഹ്നങ്ങളായിരുന്നു ഒരുകാലത്ത് ചുരുളന്‍വള്ളങ്ങള്‍. ഇന്നത്തെ ഹൗസ് ബോട്ടുകള്‍ ഇതിന്റെ പുതിയ രൂപമാണ്. കേരളത്തിലെ ഭൂരിഭാഗം ജലോത്സവങ്ങളിലും ചുരുളന്‍ വള്ളങ്ങള്‍ പങ്കെടുക്കാറുണ്ട്.

സ്‌പോണ്‍സര്‍ഷിപ്പ്
ഒരുകാലത്ത് ഒരു നാടിന്റെ ഒരുമയുടേയും കരുത്തിന്റെയും പ്രതീകമായിരുന്നു ഓരോ ജലോത്സവങ്ങളും. ഓരോ കരക്കാരും അരിയും തേങ്ങയും പിരിവെടുത്താണ് വള്ളങ്ങള്‍ വാങ്ങിയത്. തുഴച്ചില്‍ക്കാര്‍ പരിശീലനത്തില്‍ ഏര്‍പ്പെടുമ്പോള്‍ അവര്‍ക്കുള്ള ചിലവിന്റെ പണവും സ്വരൂപിച്ചിരുന്നത് അതാത് കരയിലെ ജനങ്ങളില്‍ നിന്നായിരുന്നു. ജാതിയുടേയും മതത്തിന്റെയും വര്‍ഗ്ഗത്തിന്റെയും വര്‍ണ്ണത്തിന്റെയും വ്യത്യാസം മറന്ന് ജനങ്ങള്‍ ഒറ്റക്കെട്ടായി ഓരോ ചുണ്ടന്‍വള്ളങ്ങള്‍ക്ക് പിന്നിലും അണിനിരക്കുമായിരുന്നു. ഏഴ് മുതല്‍ 10 ദിവസങ്ങള്‍ വരെ മാത്രമാണ് അന്ന് പരിശീലനം നടത്തിയിരുന്നത്. എന്നാല്‍ സ്‌പോണ്‍സര്‍ഷിപ്പിന്റെ കാലം വന്നപ്പോള്‍ കരക്കാരുടെ വീറ് ക്ലബ്ബുകള്‍ക്ക് വഴിമാറി. ഇന്ന് ഏറെ ചിലവുള്ള ഒന്നായി ജലോത്സവങ്ങള്‍ മാറി. കളിക്കാരുടെ ശാരീരിക ക്ഷമത ഉറപ്പുവരുത്താന്‍ ദിവസങ്ങളോളം പരിശീലനങ്ങള്‍, മാസങ്ങളോളം സുഖവാസ കേന്ദ്രങ്ങളില്‍ താമസം, സുഭിക്ഷമായ ഭക്ഷണം, യോഗ എന്നിവ ഇപ്പോള്‍ മിക്ക ക്ലബ്ബുകള്‍ക്കും അനിവാര്യമാണ്. കൂടാതെ ആയിരക്കണക്കിന് രൂപ ദിവസക്കൂലി ഇനത്തില്‍ തുഴച്ചില്‍ക്കാര്‍ക്ക് നല്‍കണം. മുന്‍പ് കരയിലെ പ്രധാനിയായിരുന്നു വള്ളങ്ങളുടെ ക്യാപ്റ്റന്‍. ഇന്ന് പണം മുടക്കുന്ന വ്യവസായികള്‍ക്കും സെലിബ്രറ്റികള്‍ക്കുമായി ക്യാപ്റ്റന്‍ സ്ഥാനം വഴിമാറി.

NBTR vallamkali janayugom

വഞ്ചിപ്പാട്ട്
വള്ളംകളിക്കുവേണ്ടി രചിക്കപ്പെട്ടവയാണ് വഞ്ചിപ്പാട്ടുകള്‍. ആദ്യകാലഘട്ടങ്ങളില്‍ നാടോടി പാട്ടുകളാണ് കളിക്കാര്‍ പാടിയിരുന്നത്. അവ എഴുതപ്പെട്ടവയായിരുന്നില്ല. വഞ്ചിപ്പാട്ട് നിലവില്‍ വന്നതോടെ മലയാളഭാഷയിലെ ഒരു സാഹിത്യശാഖയായി അത് മാറി. രാമപുരത്ത് വാര്യരുടെ കുചേലവൃത്തം വഞ്ചിപ്പാട്ടിനാണ് അതില്‍ പ്രഥമ സ്ഥാനം. നതോന്നതയാണ് വഞ്ചിപാട്ടിന്റെ വൃത്തമെന്ന് അറിയപ്പെടുന്നതെങ്കിലും തുഴച്ചലിന് വേഗം പകരാന്‍ ഈണം മാറ്റാറുണ്ട്. വൃത്തവും ഭാവപുഷ്ടിയും ഊടുംപാവും പോലെ ഇഴുകിചേര്‍ന്നവയാണ് വഞ്ചിപ്പാട്ടുകള്‍. വള്ളം തുഴയുന്നവരുടെ ആയാസം കുറക്കാനായാണ് വഞ്ചിപ്പാട്ടുകള്‍ പാടിതുടങ്ങിയത്. നല്ല പാട്ടുകാരനായ അമരക്കാരന്റെ കണ്ഠമൊന്ന് ഇടറിയാല്‍ തുഴക്കാരുടെ താളം തെറ്റും. പുരാണ ഇതിഹാസ വൃത്തങ്ങളേയും സാമൂഹ്യ പ്രശ്‌നങ്ങളേയും പ്രമേയമാക്കിയവയാണ് ഭൂരിഭാഗം വഞ്ചിപ്പാട്ടുകളും.

jawaharlal nehru janayugom

പ്രതിസന്ധി
ഓരോ ചുണ്ടന്‍വള്ളങ്ങളേയും വിജയത്തിലേയ്ക്ക് എത്തിക്കുന്നതില്‍ പ്രധാന പങ്ക് വഹിക്കുന്നത് ബോട്ടുക്ലബ്ബുകളാണ്. ആലപ്പുഴ, എറണാകുളം, കൊല്ലം, കോട്ടയം ജില്ലകളിലായി 54 ഓളം ബോട്ടുക്ലബ്ബുകളാണ് ഉള്ളത്. നെഹ്രുട്രോഫി ജലോത്സവത്തില്‍ മത്സരിക്കുന്ന ഓരോ ക്ലബ്ബുകള്‍ക്കും പരിശീലനത്തിനായി മാത്രം വേണ്ടത് 25 ലക്ഷം രൂപയോളമാണ്. ചുണ്ടന്‍വള്ളത്തിന് വാടകയിനത്തില്‍ ഒരു ലക്ഷം മുതല്‍ രണ്ട് ലക്ഷം രൂപവരെ നല്‍കണം. മിക്ക ക്ലബ്ബുകളും 20 ദിവസമെങ്കിലും കുറഞ്ഞത് പരിശീലനം നടത്തും. ഓരോ തുഴച്ചില്‍ക്കാര്‍ക്കും ആയിരം മുതല്‍ 2000 രൂപവരെയാണ് നല്‍കുന്നത്. നല്ലവരുമാനമുള്ള തൊഴില്‍പോലും നഷ്ടപ്പെടുത്തി വള്ളംകളിയുടെ ആവേശത്തില്‍ എത്തുന്നവരാണ് ഭൂരിഭാഗം തുഴച്ചില്‍ക്കാരും. നെഹ്രുട്രോഫി ജലോത്സവത്തില്‍ കയ്യൊപ്പ് ചാര്‍ത്തിയ പല ബോട്ടുക്ലബ്ബുകളും ഇന്ന് പ്രതിസന്ധിയിലാണ്. ഭാരിച്ച സാമ്പത്തിക ചിലവുകളാണ് ഇവര്‍ നേരിടുന്ന പ്രധാന വെല്ലുവിളി. പലപ്പോഴും ക്ലബ്ബ് അംഗങ്ങള്‍ സ്വന്തം നിലയില്‍ കഠിനാധ്വാനം ചെയ്തിട്ടാണ് പിടിച്ചുനില്‍ക്കുന്നത്. വള്ളംകളിയെ ഏറെ ഇഷ്ടപ്പെടുന്ന സ്‌പോണ്‍സര്‍മാരാണ് ഇവരുടെ ഏക പ്രതീക്ഷ.