മാഞ്ചസ്റ്റര്‍ സിറ്റിയെ പഞ്ഞിക്കിട്ട് ആഴ്സണലിന്റെ സംഹാരതാണ്ഡവം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ ഒന്നിനെതിരെ അഞ്ച് ഗോളുകള്‍ക്കാണ് സിറ്റിയെ ആഴ്സണല്‍ പരാജയപ്പെടുത്തിയത്. മാർട്ടിൻ ഒഡെഗാർഡ്, തോമസ് പാർട്ടി, മൈൽസ് ലൂയിസ്-സ്കെല്ലി, കെയ് ഹവാർട്സ്, ഏഥന്‍ ന്വാനേരി എന്നിവരാണ് ആഴ്സണലിന്റെ സ്കോറര്‍മാര്‍. രണ്ടാം മിനിറ്റില്‍ ഒഡെഗാര്‍ഡ് നേടിയ ഗോളില്‍ ഗണ്ണേഴ്സ് മുന്നിലെത്തി. ലീഡ് ഉയർത്താൻ ഹവെർട്സിലൂടെ ആഴ്സണലിന് പിന്നെ അവസരം തെളിഞ്ഞെങ്കിലും ആദ്യ പകുതിയിൽ പിന്നെ അതിനായില്ല. ആദ്യപകുതിയില്‍ ഈ ഗോളിന്റെ ലീഡുമായി ആഴ്സണല്‍ മുന്നിട്ടുനിന്നു. രണ്ടാം പകുതി ആരംഭിച്ച് 55-ാം മിനിറ്റിലാണ് മാഞ്ചസ്റ്റർ സിറ്റി സമനില ഗോൾ പിടിച്ചത്. സാവിഞ്ഞോയുടെ ക്രോസിൽ നിന്ന് ഹെഡറിലൂടെ എര്‍ലിങ് ഹാളണ്ട് വല കുലുക്കുകയായിരുന്നു. തൊട്ടുപിന്നാലെ തന്നെ ആഴ്സണല്‍ ഗോള്‍വേട്ട വീണ്ടും ആരംഭിച്ചു. സമനില ഗോള്‍ വീണ് തൊട്ടടുത്ത മിനിറ്റില്‍ തോമസ് പാര്‍ട്ടിയാണ് വീണ്ടും സിറ്റിയുടെ വല കുലുക്കിയത്.
മൈൽസ് ലൂയിസ്-സ്കെല്ലി 62-ാം മിനിറ്റിലും കായ് ഹവാര്‍ട്സ് 76-ാം മിനിറ്റിലും ഗോള്‍ കണ്ടെത്തി. ഇതോടെ സിറ്റി തോല്‍വിയുറപ്പിച്ചു. എന്നാല്‍ ഇവിടംകൊണ്ടും ഗോള്‍വേട്ട അവസാനിച്ചില്ല. ഇഞ്ചുറി സമയത്ത് ഏഥന്‍ ന്വാനേരി സിറ്റിയുടെ നെഞ്ചത്ത് അവസാന ആണിയും അടിച്ചു. വിജയത്തോടെ പ്രീമിയർ ലീഗിൽ കിരീടപോരാട്ടം കടുപ്പിക്കാൻ ആഴ്സണലിന് കഴിഞ്ഞു. 24 മത്സരങ്ങളിൽ നിന്ന് 14 ജയവും എട്ട് സമനിലയും രണ്ട് തോൽവിയും ഉൾപ്പെടെ 50 പോയിന്റുള്ള ഗണ്ണേഴ്സ് പോയിന്റ് പട്ടികയിൽ രണ്ടാമതാണ്. 23 മത്സരങ്ങളിൽ നിന്ന് 17 ജയവും അഞ്ച് സമനിലയും ഒരു തോൽവിയും ഉൾപ്പെടെ 56 പോയിന്റുള്ള ലിവർപൂൾ ആണ് ഒന്നാം സ്ഥാനത്ത്. 41 പോയിന്റോടെ സിറ്റി നാലാം സ്ഥാനത്താണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.