19 April 2024, Friday

കേരളത്തിലെ കലാരംഗവും കമ്മ്യൂണിസ്റ്റ് പാർട്ടിയും

അജിത് കൊളാടി
വാക്ക്
July 30, 2022 5:15 am

കേരളത്തിന്റെ സാംസ്കാരിക ജീവിതത്തിൽ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്ക് നിസ്തുലവും നിർണായകവുമാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് കലാരംഗവുമായി അഗാധമായ അടുപ്പവുമുണ്ട്. വിദേശപ്രേരിതമായിട്ടല്ലല്ലൊ പ്രസ്ഥാനം കേരളത്തിൽ ഉണ്ടായത്. മാർക്സിസം — ലെനിനിസത്തിന്റെ സൈദ്ധാന്തിക ബലം അതിനുണ്ട്. ഒക്ടോബർ വിപ്ലവം നൽകിയ ആവേശവും അതിന്റെ വളർച്ചയെ സഹായിച്ചു. അതേസമയം, ഇന്ത്യൻ സ്വാതന്ത്ര്യസമരത്തിലും സാമൂഹിക പരിഷ്കരണത്തിലും സജവമായി പങ്കെടുത്തവരാണ് പിന്നീട് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിൽ എത്തിച്ചേർന്നത് എന്നത് സത്യം മാത്രം. രാഷ്ട്രീയത്തിലെ അവരുടെ പാരമ്പര്യം അതുകൊണ്ടു തന്നെ മാതൃഭൂമിയുടെ സംസ്കാരത്തിലുറച്ചതും അതിന്റെ ഏറ്റവും നല്ല വശങ്ങൾ ഉൾക്കൊള്ളുന്നതുമായിരുന്നു. അതാണ് അവരുടെ സാംസ്കാരിക രംഗത്തെ പ്രവർത്തനത്തിൽ പ്രതിഫലിച്ചതും.
ഇംഗ്ലീഷ് വിദ്യാഭ്യാസം കൊണ്ടും ഇംഗ്ലീഷ് സംസ്കാരം കൊണ്ടും മാത്രമെ ഇന്ത്യക്കാരെ നന്നാക്കാൻ കഴിയു എന്ന് ബ്രിട്ടീഷുകാർ വിശ്വസിച്ചിരുന്നു. ചിരപുരാതനമായ സംസ്കാരത്തിന്റെ അനന്തരാവകാശികളാണ് ഭാരതീയർ എന്ന് അവർ മനസിലാക്കാൻ വൈകി. ഇന്ത്യയിലെ വരേണ്യവർഗത്തിന്റെ സംസ്കാരം മാത്രമാണ് ഇന്ത്യൻ സംസ്കാരമെന്ന ധാരണയും അവർക്കുണ്ടായിരുന്നു. ഈ ധാരണകളെ തിരുത്തിയവരാണ് രാജാറാം മോഹൻറായിയും ശ്രീനാരായണഗുരുവും ഡോ. ബി ആര്‍ അബേദ്കറും രാമസ്വാമി നായ്ക്കരുമെല്ലാം. അവരുടെ നേതൃത്വത്തിൽ നടന്ന സാമൂഹ്യപരിഷ്കരണ പ്രസ്ഥാനങ്ങൾ ഇതിന്റെ തെളിവാണ്. ഗാന്ധിജി പിന്നീട് തൊട്ടുകൂടായ്മക്കും മറ്റും എതിരായ സമരങ്ങളെ ദേശീയ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാക്കി തീർത്തു. സ്ത്രീ വിമോചനത്തിനു വേണ്ടിയുള്ള നിരവധി സമരങ്ങളും നടന്നു. കേരളത്തിൽ ഈ പാരമ്പര്യം സമരവീര്യത്തോടെ പിന്തുടർന്നത് കമ്മ്യൂണിസ്റ്റുകാരായിരുന്നു.


ഇതുകൂടി വായിക്കൂ: തിരസ്കൃതരുടെ സുവിശേഷങ്ങൾ


ഭാരതീയ കലാപാരമ്പര്യത്തിന്റെ പുനരുത്ഥാനം കേരളത്തിൽ ആരംഭിച്ചത് ഇരുപതുകളുടെ മധ്യത്തോടെയാണ്. അതിന്റെ ദൃഷ്ടാന്തമാണ് കലാമണ്ഡലത്തിന്റെ പിറവി. മഹാകവി വള്ളത്തോളും മുകുന്ദരാജാവും കൂടി ആരംഭിച്ച സംരംഭം. ദേശീയ പ്രസ്ഥാനവുമായി ബന്ധപ്പെട്ട പുരോഗമന സാംസ്കാരിക നായകന്മാരായിരുന്നു അവർ. ഫ്യൂഡലിസ്റ്റ് സംരക്ഷണയിൽ വളർച്ച മുട്ടിനിന്ന കഥകളിയും മോഹിനിയാട്ടവും കൂടിയാട്ടവും എല്ലാം സാർവജനീനമാകാൻ തുടങ്ങി. പാരമ്പര്യ കലകളെ വളർത്താൻ ജനകീയ പക്ഷത്തുനിന്ന് നീക്കങ്ങൾ ആരംഭിച്ചു. പി എസ് വാരിയരുടെ കോട്ടയ്ക്കൽ നാടക സംഘവും കഥകളി സെറ്റുമൊക്കെ കലയെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ കടമ നിർവഹിച്ചു. സാമൂഹിക പരിഷ്കരണ പ്രസ്ഥാനങ്ങൾ വളരെ സജീവമാകാൻ തുടങ്ങി. അന്ധവിശ്വാസങ്ങൾക്കും അനാചാരങ്ങൾക്കും ചൂഷണ വ്യവസ്ഥയ്ക്കും അധമബോധത്തിനും എതിരായി ജനങ്ങളെ ഉത്തേജിപ്പിച്ചു. ഈ പ്രക്രിയയ്ക്ക് ഏറ്റവും ഉതകിയ മാർഗമായി അവർ കലയെ കണ്ടു. സാങ്കേതിക ജടിലമായ ക്ലാസിക്ക് കലകളെക്കാളേറെ ബഹുജനാടിസ്ഥാനമുള്ള നാടകങ്ങളും പാട്ടും നാടൻ കലകളുമൊക്കെയാണ് അവർ ലക്ഷ്യം നേടുവാൻ പ്രയോഗിച്ചത്. ഇക്കൂട്ടത്തിൽ നാടകത്തിന് പ്രത്യേകമായ സ്ഥാനം കിട്ടി. അനേകം കലകളുടെ സംഘാതമാണല്ലോ നാടകം. രചയിതാവും പാട്ട് എഴുതുന്നവരും പാടുന്നവരും സംഗീതവാദ്യ വിദഗ്ധരും വേണം. നര്‍ത്തകരും അഭിനയപ്രതിഭകളും ചിത്രകാരന്മാരും കരകൗശലവിദഗ്ധരും ഉണ്ടാവണം. ഇതെല്ലാം അടങ്ങിയ നാടകങ്ങൾ ജനങ്ങളെ സ്വാധീനിച്ചു.
പഴയ സംസ്കൃതനാടകങ്ങളുടെ ചുവടു പിടിച്ചല്ല പുതിയ നാടകസംഘങ്ങൾ പ്രവർത്തിച്ചത്. സാമൂഹിക പ്രതിബദ്ധത അവരുടെ മുഖമുദ്രയായിരുന്നു. കലാപരമായ ആഭിമുഖ്യവും ആശയപ്രചരണവ്യഗ്രതയും ഉള്ള സാമൂഹിക പ്രവർത്തകർ സമൂഹത്തെ കലകളിലൂടെ ചിന്തിപ്പിക്കാൻ മുന്നോട്ടുവന്നു. വി ടി ഭട്ടതിരിപ്പാടിന്റെ ‘അടുക്കളയിൽ നിന്ന് അരങ്ങത്തേക്കും’, എംആർബിയുടെ ‘മറക്കുടയ്ക്കുള്ളിലെ മഹാനരകവും’ അങ്ങനെ ഉണ്ടായി. പിന്നീട് പ്രേംജിയുടെ ‘ഋതുമതി’ ജനത്തെ സ്വാധീനിച്ചു. പുരോഗമന ആശയങ്ങൾ പ്രചരിപ്പിച്ച ധാരാളം നാടകങ്ങൾ അനേകശതം വേദികളിൽ അവതരിപ്പിക്കപ്പെട്ടു.
മഹാകവി കുട്ടമത്ത് അക്കാലത്തും അതിനു മുമ്പും എഴുതിയ പുരാണകഥാ പ്രധാനങ്ങളായ നാടകങ്ങളിലും ദേശാഭിമാനത്തിന്റെ സന്ദേശം കലാപരമായി തന്നെ പ്രചരിപ്പിക്കപ്പെട്ടു. വടക്കേ മലബാറിൽ ഏറ്റവും അധികം അവതരിപ്പിക്കപ്പെട്ട ‘ബാലഗോപാലൻ’ ഇതിന്റെ തെളിവാണ്. ദേവയാനി, ഹരിശ്ചന്ദ്ര, നചികേതസ് തുടങ്ങിയ നാടകങ്ങളിലും ജാതിവ്യത്യാസം, ഉച്ചനീചത്വഭേദം തുടങ്ങിയ സാമൂഹിക ദൂഷ്യങ്ങൾക്കെതിരെ ശക്തമായ ശബ്ദം ഉയർന്നിട്ടുണ്ട്. കേളപ്പൻ ആവശ്യപ്പെട്ടതനുസരിച്ച് കുട്ടമത്ത് തന്നെ എഴുതിയ ‘ചിത്രാന്തരങ്ങൾ’ എന്ന പ്രഹസനം ജാതിവ്യത്യാസത്തിനും ഉച്ചനീചത്വഭേദത്തിനും എതിരായ പ്രചരണമായിരുന്നു.


ഇതുകൂടി വായിക്കൂ: മര്യാദയ്ക്ക്, മര്യാദയ്ക്ക് ജീവിച്ചോ! ആര്?


ഈ കാലഘട്ടത്തിൽ തന്നെ തെക്കൻ കേരളത്തിൽ, കവിതകളിലും ലേഖനങ്ങളിലുമൊക്കെ ഒക്ടോബർ വിപ്ലവത്തിന്റെ സന്ദേശം പ്രചരിച്ചിരുന്നു. അന്ന് സോഷ്യലിസത്തിന്റെയും ഒക്ടോബർ വിപ്ലവത്തിന്റെയും സന്ദേശം പ്രചരിപ്പിച്ചവർ എല്ലാം കമ്മ്യൂണിസ്റ്റുകാരായിരുന്നില്ല. നന്മ മുന്നിൽ കണ്ട സാമൂഹ്യ പരിഷ്കർത്താക്കളും ഉണ്ടായിരുന്നു. ട്രേഡ് യൂണിയനുകളും കർഷകസംഘങ്ങളും അതോടൊപ്പം രൂപംകൊള്ളാൻ തുടങ്ങി. സാംസ്കാരിക രംഗം വലിയ മാറ്റത്തിനു വിധേയമാകാൻ തുടങ്ങി. ഈകാലത്ത് ഏറ്റവും അധികം പ്രശസ്തിയാർജിച്ചത് കെ ദാമോദരന്റെ ‘പാട്ടബാക്കി‘യാണ്. ‘രക്തപാനം’ എന്ന നാടകവും അദ്ദേഹം എഴുതിയിട്ടുണ്ട്. രണ്ടും കർഷകത്തൊഴിലാളി പ്രശ്നങ്ങളെ ഉയർത്തിക്കാട്ടുന്നതും സോഷ്യലിസ്റ്റ് ആശയങ്ങളെ പ്രചരിപ്പിക്കുന്നതുമാണ്. 1937ൽ വൈലത്തൂരിൽ വച്ച് നടന്ന പൊന്നാനി താലൂക്ക് കർഷക സമ്മേളനത്തിൽ അവതരിപ്പിക്കുന്നതിനുവേണ്ടി എഴുതിയ നാടകമാണ് ‘പാട്ടബാക്കി’. അതിലെ കഥാപാത്രങ്ങൾ സോഷ്യലിസം പ്രസംഗിക്കുന്നുണ്ട്. സദസ്യർ അതു സ്വീകരിക്കുകയും ചെയ്തു.
ഈ സ്വീകാര്യതയ്ക്കു പിന്നിൽ സഖാവ് കെ ദാമോദരനോ, ദാമോദരന്റെ നാടകമോ മാത്രമല്ല ഉണ്ടായിരുന്നത്. അതിന്റെ പിന്നിൽ ഒരു പ്രസ്ഥാനവും അതിന്റെ പ്രവർത്തകരും ഉണ്ടായിരുന്നു. സഖാവ് ഇഎംഎസിന്റെ പൂർണ പിന്തുണ ആ നാടകത്തിന് ലഭിച്ചു. കലാസാംസ്കാരിക രംഗത്ത് സഖാവ് എക്കാലത്തും നിലനിന്നു. ആദരണീയനായ കേരളീയൻ അതിനു പിന്നണി ഗാനങ്ങൾ എഴുതി. നാടകത്തിൽ സഖാവ് ദാമോദരൻ, അമ്മയുടെ ഭാഗം തന്മയത്വത്തോടെ അഭിനയിച്ചു. ജന്മിയായി പ്രേംജിയും. ഇ പി ഗോപാലൻ, എ കെ ജി, കെ പി ആർ ഗോപാലൻ എന്നിവർ അഭിനയിച്ച ഭാഗങ്ങൾ വിസ്മരിച്ചു കൂടാ. പാട്ടബാക്കി ഒറ്റപ്പെട്ട സംഭവമല്ല. കെ രാമകൃഷ്ണപിള്ളയുടെ ‘പ്രതിമ’, കേശവദേവിന്റെ ‘മുന്നോട്ട്’, തകഴിയുടെ ‘തോറ്റില്ല’, പൊൻകുന്നം വർക്കിയുടെ ‘ജേതാക്കൾ’ എന്നിവ വളരെ പ്രാധാന്യമർഹിക്കുന്നു.


ഇതുകൂടി വായിക്കൂ:  കരൾ പിളർക്കുന്ന കല്ലവിപ്പൂക്കൾ


അങ്ങനെ തുടക്കം മുതൽക്കു തന്നെ കേരളത്തിലെ കമ്മ്യൂണിസ്റ്റുകാർ കലാരംഗത്തിന് വളരെ പ്രാധാന്യം കൊടുത്തു. പാട്ടുകളും നൃത്തങ്ങളും നാടൻ കലാരൂപങ്ങളും നാടകങ്ങളുമെല്ലാം ജനങ്ങളിൽ സ്വാതന്ത്ര്യബോധവും ദേശസ്നേഹവും സമരവീര്യവും തട്ടിയുണർത്താൻ ഉപയോഗിക്കപ്പെട്ടു. ദേശീയതലത്തിൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി സഖാവ് പി സി ജോഷി തന്നെ സാംസ്കാരിക രംഗത്ത് നേതൃത്വം നൽകി. അഖിലേന്ത്യാ അടിസ്ഥാനത്തിൽ ‘ഇപ്റ്റ’ രൂപീകരിക്കപ്പെട്ടു. ഒരുപാട് പ്രശസ്തരായ കലാകാരന്മാരെ ഉൾക്കൊള്ളാൻ ‘ഇപ്റ്റ’യ്ക്കു കഴിഞ്ഞു. ഒട്ടേറെ കലാസമതികൾ പട്ടണങ്ങളിലും ഗ്രാമങ്ങളിലും രൂപംകൊണ്ടു.
മലബാറിൽ അമ്പതുകളിൽ കലാസമിതി പ്രസ്ഥാനം ഉണ്ടായി. എസ് കെ പൊറ്റക്കാട്, എൻ വി കൃഷ്ണവാരിയർ, പി സി കുട്ടികൃഷ്ണൻ തുടങ്ങിയ പ്രഗത്ഭ സാംസ്കാരിക നായകരായിരുന്നു അതിൽ പ്രാമുഖ്യം. സഖാക്കള്‍ പവനനെയും പി ടി ഭാസ്കരപണിക്കരെയും പോലുള്ള കമ്മ്യൂണിസ്റ്റുകാരും അതിൽ ഉണ്ടായിരുന്നു. ഇടശേരിയുടെ ‘കൂട്ടുകൃഷി’ എന്ന നാടകവും പൊന്നാനിയിലെ കൃഷ്ണപ്പണിക്കർ വായനശാലയും മറ്റുമാണ് സമിതിയുടെ പ്രാരംഭത്തിന് കാരണമായത്. കേന്ദ്ര കലാസമിതിയുടെ ആവിർഭാവവും അതിന്റെ നേതൃത്വത്തിൽ നടന്ന കലാചർച്ചകളും കലാമേളകളും നാടകോത്സവങ്ങളും സാംസ്കാരിക രംഗത്ത് സൃഷ്ടിച്ച ചലനം അങ്ങേയറ്റം പുരോഗമനപരമായിരുന്നു. അക്കാലത്ത് നാടകങ്ങൾ എഴുതിയ പ്രഗത്ഭരായിരുന്നു, കെ ടി മുഹമ്മദും തിക്കോടിയനും ചെറുകാടും വാസു പ്രദീപും മറ്റും. കുഞ്ഞാണ്ടി, ശാന്താദേവി, വത്സല, കെ പി ഉമ്മർ എന്നിങ്ങനെ എത്രയെത്ര നടീനടന്മാർ അരങ്ങു തകർത്തു. കെ എ കൊടുങ്ങല്ലൂർ, പി എം കാസിം, കെ പി രാമൻനായർ, എം അബ്ദുറഹ്‌മാൻ തുടങ്ങി ഭാവനാസമ്പന്നരായ എത്രയെത്ര പ്രവർത്തകർ ഈ പ്രസ്ഥാനത്തിനു വേണ്ടി നിസ്വാർത്ഥമായി പ്രവർത്തിച്ചു.
ഏതാണ്ട് അതേ കാലയളവിൽ തന്നെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതൃത്വത്തിൽ കെപിഎസി രൂപംകൊണ്ടു. തോപ്പിൽ ഭാസിയുടെ ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകം മലയാള നാടക ചരിത്രത്തിലെ സംഭവം തന്നെ. എത്രയെത്ര പ്രഗത്ഭമതികൾ ആണ് കെപിഎസിയുമായി ബന്ധപ്പെട്ടിരിക്കുന്നത്. തോപ്പിൽ ഭാസിക്കു പുറമെ, തോപ്പിൽ കൃഷ്ണപ്പിള്ള, കാമ്പിശേരി, രാജഗോപാലൻ നായർ, ജനാർദ്ദനക്കുറുപ്പ്, ഖാൻ, ലളിത, സുലോചന, കെ എസ് ജോർജ് അങ്ങനെ എണ്ണംപറഞ്ഞ എത്ര പേരുകളെ കെപിഎസി സംഭാവന നല്‍കി. പിന്നീട് കെപിഎസി വിട്ടുപോയ കലാകാരന്മാരും സ്വന്തം സംഘങ്ങൾ ഉണ്ടാക്കി കലാരംഗത്ത് ഉറച്ചു നിന്നു, കമ്മ്യൂണിസ്റ്റ് ആശയങ്ങൾ പ്രചരിപ്പിച്ചു.


ഇതുകൂടി വായിക്കൂ: ജനകീയ കലാപ്രസ്ഥാനം എണ്‍പതിലേക്ക്


ഫാസിസത്തിനെതിരെ സഖാവ് കണിയാപുരം രാമചന്ദ്രൻ എഴുതിയ ‘ഭഗവാൻ കാലുമാറുന്നു’ എന്ന നാടകം കേരളത്തെ ഇളക്കി മറിച്ചു. ഇക്കൂട്ടത്തിൽ എടുത്തു പറയേണ്ട ഒന്നാണ് ചെറുകാടിന്റെ ‘നമ്മളൊന്ന്’ എന്ന നാടകം അവതരിപ്പിച്ച കേരള കലാവേദി. അത് പുതിയ ഒരു നാടക സംസ്കാരത്തിനു വഴിതെളിയിച്ചു. സി അച്ചുതക്കുറുപ്പും ടി എൻ നമ്പൂതിരിയുമായിരുന്നു കേരള കലാവേദിയുടെ മുഖ്യ സംഘാടകർ. ‘നമ്മളൊന്നിൽ’ ജന്മിയുടെ വേഷമണിഞ്ഞത് അച്ചുതക്കുറുപ്പായിരുന്നു. പ്രധാന നടൻ പ്രേംജിയും. എം എസ് നമ്പൂതിരി മറ്റൊരു പ്രധാന വേഷം ചെയ്തു. ‘നമ്മളൊന്ന്’ ആദ്യമായി അവതരിപ്പിച്ചപ്പോൾ വേഷമിട്ടത് ടി പി ഗോപാലൻ, പള്ളം, എം എസ് നമ്പൂതിരി, നാണു, ശങ്കരനാരായണൻ തുടങ്ങിയവർ.
ഒ മാധവന്റെ നേതൃത്വത്തിൽ രൂപീകരിച്ച കാളിദാസ കലാകേന്ദ്രം നാടക രംഗത്ത് വലിയ മാറ്റം സൃഷ്ടിച്ചു. ‘നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി’ എന്ന നാടകത്തിലെ അഭിനയ പാടവം കൊണ്ട് ജനലക്ഷങ്ങളുടെ ഹൃദയം കവർന്ന വിജയലക്ഷ്മി മാധവനോടൊപ്പം ചേർന്നു. പി ജെ ആന്റണിയുടെ പ്രതിഭ ആർട്സ് അതിനു മുമ്പെ നിലവിൽ വന്നു. രചന, സംവിധാനം, അഭിനയം എല്ലാ രംഗങ്ങളിലും കൃതഹസ്തനായ പി ജെ ആന്റണിയെ പോലെ ഒരാൾ രംഗത്തുവന്നിട്ടുണ്ടാകുമോ? അദ്ദേഹത്തിന്റെ സഹപ്രവർത്തകനായ തിലകനെ പോലെ കഴിവുറ്റ സ്വഭാവനടനുണ്ടോ? ദേശാഭിമാനി തിയേറ്റേഴ്സ്, എസ് എൽ പുരത്തിന്റെ ‘അഗ്നിപുത്രി’, ‘ഒരാൾ കൂടി കള്ളനായി’ തുടങ്ങിയ നാടകങ്ങൾ അവതരിപ്പിച്ചു.
നാടൻ കലകളെയും നാടോടിപ്പാട്ടുകളെയും കലാകാരന്മാരെയും സംരക്ഷിക്കുന്നതിലും കലാ പ്രവർത്തനം വ്യാപിപ്പിക്കുന്നതിലും കമ്മ്യൂണിസ്റ്റ് പ്രസ്ഥാനം വഹിച്ച പങ്ക് നിസ്തുലമാണ്. സഖാവ് കൊങ്ങശ്ശേരി കൃഷ്ണൻ, രാഷ്ട്രീയ നേതാവു മാത്രമായിരുന്നില്ല, കവി കൂടിയായിരുന്നു. അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതം മാത്രമല്ല, കലയും സംരക്ഷിക്കുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് എത്രയോ വലുതാണ്. സിനിമാരംഗത്ത് രാമു കാര്യാട്ട്, പി ജെ ആന്റണി, പ്രേംജി, മധു അങ്ങനെ എത്ര മഹാരഥന്മാരായ കലാകാരന്മാർ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലൂടെ വളർന്നുവന്നു. സംഗീത സംവിധായകരുടെ ചക്രവർത്തി ദേവരാജൻ മാസ്റ്റർ, അതുല്യപ്രതിഭകളായ പി ഭാസ്കരൻ, വയലാർ, ഒഎൻവി… അനശ്വരരായ ഇവരെല്ലാം പ്രസ്ഥാനത്തോടൊപ്പം നിന്നു.


ഇതുകൂടി വായിക്കൂ: നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി തിരശ്ശീലയില്‍ അരനൂറ്റാണ്ട്‌


കഴിഞ്ഞ ആറ് ദശകങ്ങളിലെ കേരളത്തിന്റെ കലാരംഗത്ത് വർന്നു വന്ന മഹാപ്രതിഭകളുടെ പട്ടിക തയാറാക്കിയാൽ അതിൽ കമ്മ്യൂണിസ്റ്റുകാരോ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിനൊപ്പം നിൽക്കുന്നവരോ ആകും അധികവും. അല്ലാത്തവരുടെ എണ്ണം കുറയും. സാമൂഹിക പരിഷ്കരണത്തിന് കലയെ ഒരായുധമാക്കിയ സാംസ്കാരിക നായകന്മാരുടെ പിന്തുടർച്ചക്കാരാണിവർ. പാർട്ടിയുടെ നേതൃത്വം അംഗീകരിച്ച്, പ്രസ്ഥാനത്തിന്റെ വളർച്ചയ്ക്ക് പ്രയത്നിച്ച നിസ്വാർത്ഥരായ പ്രവർത്തകരാണിവരെല്ലാം. സഖാക്കൾ സി അച്ചുതമേനോൻ, എൻ ഇ ബാലറാം, സി ഉണ്ണിരാജ, കൊളാടി ഗോവിന്ദൻ കുട്ടി, എൻ സി മമ്മുട്ടി മാസ്റ്റർ, കണിയാപുരം രാമചന്ദ്രൻ എന്നിവരെല്ലാം കലാ സാംസ്കാരിക രംഗവുമായി അഭേദ്യബന്ധം പുലർത്തി. അവർ കലാരംഗത്തെ പ്രോത്സാഹിപ്പിക്കാൻ പരമാവധി യത്നിച്ചു.
ഇന്നത്തെ കാലഘട്ടത്തിൽ, ഫാസിസം മേധാവിത്വം ഉറപ്പിക്കുമ്പോൾ അതിനെതിരെ കലാ സാംസ്കാരിക രംഗം കൂടുതൽ ഉണർവോടെ പ്രവർത്തിക്കണം. സാംസ്കാരിക രംഗത്ത് പിടിച്ചടക്കുക എന്നതാണ് ഫാസിസത്തിന്റെ പ്രമുഖ ലക്ഷ്യം. നമ്മുടെ ഉദാത്തമായ പൈതൃകങ്ങളെയും പുരാണങ്ങളെയും ദുർവ്യാഖ്യാനിച്ച് രാജ്യത്തെ മലീമസമാക്കുന്ന ഫാസിസ്റ്റ് ആശയങ്ങൾക്കെതിരെ ഏറ്റവും ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കേണ്ടത് കമ്മ്യൂണിസ്റ്റുകാരാണ്. കലാ സാംസ്കാരിക പ്രവർത്തനം അതിന്റെ ഏറ്റവും നല്ല വേദിയാക്കാം. കാലഘട്ടം ആവശ്യപ്പെടുന്നത് മാനവികതയാണ്.
കലാ സാംസ്കാരിക രംഗം മനുഷ്യനെ സർഗാത്മകമാക്കും. സങ്കുചിതത്വത്തിന്റെ മാളങ്ങളിൽ നിന്ന് അകറ്റും. സാമൂഹിക പ്രതിബദ്ധതയുള്ള കലാരൂപങ്ങൾ എന്നും സമൂഹത്തിന്റെ അനാചാരങ്ങളെ എതിർത്ത്, സർഗാത്മകമായ മാറ്റം വരുത്തിയിട്ടുണ്ട്. ഫാസിസത്തെ നേരിടാൻ, ആശയത്തെ മുറുകെ പിടിച്ച്, മാനവികതയെ ചേർത്തു പിടിക്കുന്ന സന്ദേശങ്ങൾ കലാ സാംസ്കാരിക രംഗങ്ങളിൽ ജനങ്ങളിലേക്ക് പ്രചരിപ്പിക്കേണ്ടത് ഈ കാലത്തിന്റെ ആവശ്യകതയാണ്. അതാണ് നമ്മുടെ കടമ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.