ആര്‍ട്ടിക്കിള്‍ 35 എ: വ്യാജ വാര്‍ത്തയെ തുടര്‍ന്ന് കശ്മീരില്‍ അക്രമം

Web Desk
Posted on August 27, 2018, 10:24 pm

ശ്രീനഗര്‍: ജമ്മു കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കിയെന്ന കിംവദന്തി പരന്നതിനെ തുടര്‍ന്ന് കശ്മീരില്‍ ഹര്‍ത്താല്‍. കശ്മീരിന്‍റെ വിവിധ ഭാഗങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ യുവാക്കള്‍ അക്രമം അഴിച്ചുവിട്ടു. തുടര്‍ന്ന് പല പ്രദേശങ്ങളിലും കടകളും മറ്റ് സ്ഥാപനങ്ങളും അടച്ചുപൂട്ടി ഹര്‍ത്താല്‍ ആചരിച്ചു.
കശ്മീരിലെ ജനങ്ങള്‍ക്ക് പ്രത്യേക പരിഗണന നല്‍കുന്ന ആര്‍ട്ടിക്കിള്‍ 35എ ക്ക് നിയമസാധുതയില്ലെന്ന ഹര്‍ജി സുപ്രിം കോടതിയുടെ പരിഗണനയിലിരിക്കുകയാണ്. എന്നാല്‍ ഈ ആര്‍ട്ടിക്കിള്‍ സുപ്രിം കോടതി റദ്ദാക്കിയെന്ന് സമൂഹ മാധ്യമങ്ങളിലൂടെ വാര്‍ത്ത പ്രചരിക്കുകയായിരുന്നു. ഇത് വിശ്വസിച്ചവരാണ് പ്രതിഷേധത്തിന് ആഹ്വാനം ചെയ്തത്.
ശ്രീനഗര്‍, ജമ്മു കശ്മീര്‍, അനന്ത്‌നാഗ് എന്നിവിടങ്ങളില്‍ പെട്ടെന്ന് ഹര്‍ത്താന്‍ പ്രതീതി അനുഭവപ്പെടുകയായിരുന്നു.

ആര്‍ട്ടിക്കിള്‍ 35എ റദ്ദാക്കിയെന്നും ജനങ്ങള്‍ പ്രതിഷേധിക്കണമെന്നും അനൗണ്‍സ്‌മെന്റുകളും തെരുവുകളില്‍ മുഴങ്ങി. തുടര്‍ന്ന് സ്ഥാപനങ്ങളെല്ലാം അടച്ചു. പ്രതിഷേധക്കാരില്‍ ചിലര്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കെതിരെ കല്ലെറിഞ്ഞു. എന്നാല്‍ പ്രതിഷേധം കൂടുതല്‍ ഇടങ്ങളിലേക്ക് പടരാതെ സുരക്ഷാ ഉദ്യോഗസ്ഥര്‍ നിയന്ത്രിച്ചുവെന്ന് അധികൃതര്‍ അറിയിച്ചു. സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വ്യാജവാര്‍ത്തകള്‍ വിശ്വസിക്കരുതെന്നും ജനങ്ങള്‍ സമാധാനം പാലിക്കണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു. ആര്‍ട്ടിക്കിള്‍ 35എയുമായി ബന്ധപ്പെട്ടുള്ള ഹര്‍ജിയില്‍ ഓഗസ്റ്റ് 31 നാണ് പ്രധാന വാദം കേള്‍ക്കലെന്നും പൊലീസ് പറഞ്ഞു.