കാശ്‌മീരിന് പ്രത്യേക അധികാരം; വാദം കേള്‍ക്കുന്നത് സുപ്രീം കോടതി മാറ്റി

Web Desk
Posted on August 31, 2018, 3:55 pm

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35 എ റദ്ദാക്കുന്നത് സംബന്ധിച്ച വാദം കേള്‍ക്കുന്നത് സുപ്രിം കോടതി അടുത്ത ജനുവരിയിലേക്ക് മാറ്റി. ഇക്കാര്യത്തില്‍ തീരുമാനമെടുക്കുന്നത് താഴ്‌വരയില്‍ സംഘര്‍ഷങ്ങളുണ്ടാക്കുമെന്നും വാദം കേള്‍ക്കുന്നത് മാറ്റിവയ്ക്കണമെന്നും കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് സുപ്രിം കോടതിയുടെ ഈ തീരുമാനം. ഈ വര്‍ഷം നടക്കാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിനെയും വിധി ബാധിക്കുമെന്ന് കേന്ദ്രം കോടതിയില്‍ വാദിച്ചു. അതേസമയം, ആര്‍ട്ടിക്കിള്‍ 35 എ സംബന്ധിച്ച സംവാദം കശ്മീര്‍ താഴ്‌വരയില്‍ സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കിയിട്ടുണ്ട്.

35എ വകുപ്പ് പ്രകാരം മറ്റു സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്ക് ജമ്മുകശ്മീരില്‍ വസ്തു വാങ്ങുന്നതിന് അധികാരമില്ല. മാത്രമല്ല തദ്ദേശവാസികള്‍ ആരെന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനാണ്. സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആളെ വിവാഹം കഴിക്കുന്ന കശ്മീരി സ്ത്രീക്ക് സംസ്ഥാനത്തെ ഭൂമിയുടെ മേലുള്ള അവകാശങ്ങള്‍ നഷ്ടമാകുകയും ചെയ്യും. ഈ നിയമത്തിന് കശ്മീരികള്‍ക്കിടയില്‍ വന്‍ സ്വീകാര്യത ലഭിക്കുമ്പോള്‍ ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണെന്നാണ് എതിര്‍വാദം. അതിനിടെ ആര്‍ട്ടിക്കിള്‍ 35 എ സുപ്രിം കോടതി റദ്ദാക്കിയെന്ന വ്യാജവാര്‍ത്ത താഴ്‌വരയില്‍ വന്‍ കുഴപ്പങ്ങള്‍ സൃഷ്ടിച്ചിരുന്നു. 35 എ റദ്ദാക്കണമെന്നാവശ്യപ്പെട്ട് വലതുപക്ഷനേതാവ് അശ്വിനി കുമാര്‍ ഗുപ്ത പുതുതായി ഹര്‍ജി സമര്‍പ്പിച്ച വാര്‍ത്തയാണ് തെറ്റായി പ്രചരിപ്പിക്കപ്പെട്ടത്.

അതേസമയം, 1954ല്‍ നടപ്പിലാക്കിയ ആര്‍ട്ടിക്കിള്‍ 35എ 60 വര്‍ഷങ്ങള്‍ക്ക് ശേഷം ചോദ്യം ചെയ്യപ്പെടുന്നതിലെ സാധുത എന്താണെന്ന് സുപ്രിം കോടതി ചോദിച്ചു. എന്നാല്‍ ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച വിഷയം വര്‍ഷങ്ങള്‍ക്ക് ശേഷമല്ലേ കോടതിയിലെത്തിയതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ശബരിമലയിലേത് ഭരണഘടനാ പ്രശ്‌നമല്ലെന്നും ക്രമസമാധാന പ്രശ്‌നങ്ങളുണ്ടാകുമെന്ന് സര്‍ക്കാരുകള്‍ നിലപാടെടുത്ത സ്ഥിതിക്ക് കേസിലെ വാദം മാറ്റിവയ്ക്കുകയാണെന്നും ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.