ജമ്മുകശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന ഇന്ത്യൻ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദുചെയ്തത് കശ്മീരിൽ പാകിസ്ഥാന്റെ നിഴൽ യുദ്ധങ്ങൾ തടസപെടുന്നതിനു കാരണമായെന്ന് കരസേന മേധാവി എം എം നരാവണെ. 72ആം ആർമി ദിനത്തോടനുബന്ധിച്ച് ഡൽഹിയിൽ നടന്ന പരിപാടിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പാകിസ്ഥാൻ അതിർത്തിയിലെ ഏത് ഭീഷണിയും നേരിടാൻ സൈന്യം തയ്യാറാണെന്നും നരാവണെ വ്യക്തമാക്കി. ആർട്ടിക്കിൾ 370 റദ്ദാക്കിയ നടപടി കേന്ദ്ര സർക്കാരിന്റെ ചരിത്രപരമായ മുന്നേറ്റമാണ്. ജമ്മു കശ്മീരിനെ മുഖ്യധാരയിലേക്ക് എത്തിക്കുന്നതിന് സഹായിക്കുന്ന തീരുമാനമായിരുന്നിതെന്നും നരാവണെ പറഞ്ഞു.
കരസേന മേധാവിയായി നരാവണെ സ്ഥാനമെടുത്ത ശേഷം പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരതയ്ക്കെതിരെ കടുത്ത നിലപാടാണ് സ്വീകരിക്കുന്നത്. ഭീകരതയോട് ഇന്ത്യൻ സൈന്യം ഒരു വിട്ടുവീഴ്ചയും സ്വീകരിക്കില്ല. തീവ്രവാദത്തെ പ്രോത്സാഹിപ്പിക്കുന്നവരെ ഇല്ലാതാക്കുവാനുള്ള നിരവധി മാർഗങ്ങൾ സൈന്യത്തിനുണ്ട്, അതുപയോഗിക്കാൻ ഞങ്ങൾ മടിക്കില്ല എന്നും നരാവണെ പറഞ്ഞു. ചുമതലയേറ്റ മണിക്കൂറുകൾക്കുള്ളിൽ തന്നെ നരാവണെ പാകിസ്ഥാന് കർശനമായ മുന്നറിയിപ്പ് നൽകിയിരുന്നു. പാകിസ്ഥാൻ സ്പോൺസർ ചെയ്യുന്ന ഭീകരത നിർത്തിയില്ലെങ്കിൽ, ഭീകരവാദ കേന്ദ്രങ്ങളിൽ മുൻകൂട്ടി ആക്രമണം നടത്താനുള്ള അവകാശം സൈന്യത്തിനുണ്ടെന്നും നരാവണെ വ്യക്തമാക്കിയിരുന്നു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.