Janayugom Online
Studio/31.10.49,A22b Sardar Vallabhbhai Patel photograph on October 31, 1949, his 74th birthday.

സര്‍ദാര്‍ പട്ടേല്‍: പാടിദാര്‍ വോട്ടില്‍ കണ്ണുനട്ട് മോഡി-സംഘ്പരിവാര്‍ നുണപ്രചരണം

Web Desk
Posted on November 02, 2017, 1:00 am

രാജാജി മാത്യു തോമസ്

ഇന്ത്യയുടെ സ്വാതന്ത്ര്യ സമരചരിത്രത്തിലോ സ്വാതന്ത്ര്യപൂര്‍വ ചരിത്രത്തിലോ സ്വന്തമായി യാതൊന്നും അവകാശപ്പെടാനില്ലാത്ത ബിജെപിയും അതിന്റെ മാതൃസംഘടനയായ ആര്‍എസ്എസും സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ പേരും അദ്ദേഹത്തിന്റെ ജീവിതവും ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നതിന്റെ അര്‍ഥം ആര്‍ക്കും മനസിലാക്കാവുന്നതേയുള്ളു. 2017ല്‍ അതിന് അതീവ പ്രാധാന്യം കൈവന്നിരിക്കുന്നു. അത് ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിലാണ്. രാജ്യത്തിന്റെ പ്രഥമ ആഭ്യന്തര മന്ത്രിയും ഉപപ്രധാനമന്ത്രിയുമായിരുന്ന സര്‍ദാര്‍ പട്ടേല്‍ ഗുജറാത്തിലെ ഒരു പാടിദാര്‍ കര്‍ഷക കുടുംബത്തിലാണ് ജനിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ ദളിത്, പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും മതന്യൂനപക്ഷങ്ങള്‍ക്കുമൊപ്പം മുന്നാക്ക പാടിദാര്‍ സമുദായത്തിന്റെയും കടുത്ത എതിര്‍പ്പിനെയാണ് ബിജെപിക്ക് നേരിടേണ്ടി വരുന്നത്.
സര്‍ദാര്‍ പട്ടേലിന്റെ 142-ാം ജന്മവാര്‍ഷികം ഇക്കൊല്ലം വലിയ ആഘോഷത്തോടെ ആചരിക്കാന്‍ ബിജെപിയെയും സംഘ്പരിവാറിനെയും പ്രധാനമന്ത്രി നരേന്ദ്രമോഡിയേയും നിര്‍ബന്ധിതമാക്കിയത് മറ്റൊന്നല്ല. ‘സര്‍ദാര്‍ പട്ടേലിന്റെ സംഭാവനകള്‍ വിസ്മൃതിയിലാവണമെന്ന് ചിലര്‍ക്ക് താല്‍പര്യമുണ്ട്. പക്ഷേ ഇന്ത്യന്‍ യുവത അദ്ദേഹത്തേയും രാഷ്ട്രനിര്‍മാണത്തില്‍ അദ്ദേഹത്തിന്റെ സംഭാവനകളെയും ആദരവോടെയാണ് കാണുന്നത്,’ ആഘോഷങ്ങളുടെ ഭാഗമായി തലസ്ഥാനത്തെ മേജര്‍ ധ്യാന്‍ചന്ദ് നാഷണല്‍ സ്റ്റേഡിയത്തില്‍ നടന്ന ചടങ്ങില്‍ അദ്ദേഹം പ്രഖ്യാപിച്ചു. കഴിഞ്ഞ കാലങ്ങളില്‍ സംഘ്പരിവാര്‍ സര്‍ദാര്‍ പട്ടേലിനെ പ്രകീര്‍ത്തിച്ച് നടത്തിപോരുന്ന വാദമുഖങ്ങളുടെ ആവര്‍ത്തനമാണ് അത്. എന്നാല്‍ ആസന്നമായ തെരഞ്ഞെടുപ്പില്‍ ആ വാദഗതികള്‍ക്ക് പ്രതേ്യക ലക്ഷ്യം തന്നെയുണ്ട്. ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ നിര്‍ണായക ശക്തിയായ പട്ടേല്‍ സമുദായത്തിന്റെ വോട്ടുകള്‍ തന്നെയാണ് അത്. കഴിഞ്ഞ 22 കൊല്ലം ഗുജറാത്തില്‍ ഭരണം നിലനിര്‍ത്തുന്നതില്‍ ബിജെപിക്ക് നിര്‍ണായക പിന്തുണ നല്‍കിയിരുന്ന പാടിദാര്‍ സമുദായം ഇന്ന് അവര്‍ക്കെതിരെ തിരിഞ്ഞിരിക്കുന്നു.
പട്ടേലിന്റെ പാരമ്പര്യത്തിന് ആര്‍ക്കും ‘പകര്‍പ്പവകാശ’മില്ലെന്നും, ‘ഞാന്‍ ബിജെപിക്കാരനാണ്, സര്‍ദാര്‍ പട്ടേല്‍ കോണ്‍ഗ്രസുകാരനായിരുന്നു. എന്നിരിക്കിലും ഞാന്‍ അദ്ദേഹത്തിന്റെ ആദര്‍ശങ്ങളും വിശ്വാസങ്ങളും പിന്തുടരുന്നു. അതിന് പാര്‍ട്ടിയില്ല’ മോഡി വാദിക്കുന്നു. ഇത് ചരിത്രത്തേയും ചരിത്ര വസ്തുതകളേയും അപ്പാടെ നിരാകരിക്കുകയും കയ്യടക്കുകയും ചെയ്യുന്ന സംഘ്പരിവാര്‍ പാരമ്പര്യമാണ് അനാവരണം ചെയ്യുന്നത്. അതിന് ചരിത്രവുമായി പുലബന്ധം പോലുമില്ല. മോഡിയും ബിജെപി അധ്യക്ഷന്‍ അമിത്ഷായും വരുന്ന ഗുജറാത്തിലാണ് സര്‍ദാര്‍ പട്ടേലും ജനിച്ചത്. അതുകൊണ്ട് മാത്രം പട്ടേലിനെ സംഘപരിവാറിന്റേയും ആര്‍എസ്എസിന്റെ സ്വന്തമാക്കാന്‍ ചരിത്ര വസ്തുതകള്‍ അനുവദിക്കില്ല.
തികഞ്ഞ മതനിരപേക്ഷകനായ സര്‍ദാര്‍ പട്ടേല്‍ മഹാത്മാഗാന്ധിയുടെ വധത്തിന്റെ പൂര്‍ണ ഉത്തരവാദിത്വം ഹിന്ദു മഹാസഭയ്ക്കാണെന്ന് ഉറച്ചുവിശ്വസിച്ചിരുന്നു. 1948ല്‍ ആര്‍എസ്എസ് നിരോധനത്തില്‍ നിര്‍ണായക പങ്ക് വഹിച്ചത് പട്ടേലാണ്. ‘രാഷ്ട്രത്തിന്റെയും ഭരണകൂടത്തിന്റെയും നിലനില്‍പിന് ആര്‍എസ്എസ് പ്രവര്‍ത്തനം വ്യക്തമായ ഭീഷണിയാണ്. സംഘ് നേതാക്കളുടെ പ്രസ്താവനകള്‍ വിഷലിപ്തമാണ്. ആ വിഷമാണ് മഹാത്മാഗാന്ധിയുടെ വധത്തില്‍ കലാശിച്ചത്’. അദ്ദേഹം അടിവരയിടുന്നു. ഒരു വര്‍ഷത്തിനുശേഷം ആര്‍എസ്എസ് നിരോധനം നീക്കുമ്പോഴും അവര്‍ രാഷ്ട്രീയത്തില്‍ യാതൊരു കാരണവശാലും ഇടപെടരുതെന്ന് വ്യവസ്ഥ ചെയ്തിരുന്നു. ആ നിബന്ധനയാണ് പില്‍ക്കാലത്ത് ജനസംഘത്തിന് രൂപം നല്‍കാന്‍ അവരെ പ്രേരിപ്പിച്ചത്.
സംഘപരിവാര്‍ പ്രചരിപ്പിക്കുന്നതിന് വിപരീതമായി നെഹ്‌റുവിന് ആറ് മാസം മുമ്പ്, 1946 ഡിസംബറില്‍ തന്നെ സര്‍ദാര്‍ പട്ടേല്‍ ഇന്ത്യ വിഭജനമെന്ന യാഥാര്‍ഥ്യം അംഗീകരിച്ചിരുന്നു. ഇന്ത്യാ വിഭജന പദ്ധതിയുടെ ആസൂത്രകനായ വി പി മേനോന്‍ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്നുണ്ട്. സമാനമായ രീതിയില്‍ 1949ല്‍ ബാബ്‌റി മസ്ജിദില്‍ രാമപ്രതിമ സ്ഥാപിക്കപ്പെട്ടതിനെത്തുടര്‍ന്ന് നിയമലംഘകര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കാന്‍ അന്നത്തെ യുപി മുഖ്യമന്ത്രി ഗോവിന്ദ് വല്ലഭ് പന്തിന് നിര്‍ദേശം നല്‍കാനും പട്ടേല്‍ മടിച്ചില്ല.
വസ്തുതകള്‍ ഇതായിരിക്കെ നെഹ്‌റുവും പട്ടേലും തമ്മില്‍ ഉണ്ടായിരുന്ന ഭിന്നകാഴ്ചപ്പാടുകളെ ദുര്‍വ്യാഖ്യാനം ചെയ്ത് പട്ടേലിനെ നെഹ്‌റു വിരുദ്ധനായി ചിത്രീകരിക്കാനാണ് സംഘപരിവാര്‍ നിരന്തരം ശ്രമിച്ചുവരുന്നത്. ഗാന്ധിവധത്തെ തുടര്‍ന്ന് നെഹ്‌റു പട്ടേലിനയച്ച കത്തിന് അദ്ദേഹം നല്‍കിയ മറുപടി ആ നുണപ്രചരണത്തിന്റെ മുനയൊടിക്കാന്‍ പോന്നതാണ്.
‘നാം ഇരുവരും ഒരു പൊതുലക്ഷ്യത്തിനായി പ്രവര്‍ത്തിക്കുന്ന ജീവിതകാല സഖാക്കളാണ്. നമ്മുടെ രാജ്യത്തോടുള്ള സര്‍വോപരിയായ താല്‍പര്യവും പരസ്പര സ്‌നേഹവും പരിഗണനയും നമ്മുടെ കാഴ്ചപാടിലും ചിത്തവൃത്തിയിലുമുള്ള എല്ലാ ഭിന്നതകള്‍ക്കും ഉപരിയായി നമ്മെ ഒരുമിപ്പിച്ചു നിര്‍ത്തുന്നു’- പട്ടേല്‍ നെഹ്‌റുവിനുള്ള മറുപടിയില്‍ വ്യക്തമാക്കുന്നു. രാഷ്ട്രത്തിന്റെ സ്ഥാപക നേതാക്കള്‍ എന്ന നിലയിലും കോണ്‍ഗ്രസുകാര്‍ എന്ന നിലയിലും ഗാന്ധിജിയുടെ വത്സല ശിഷ്യന്മാര്‍ എന്ന നിലയിലും നെഹ്‌റുവിനും പട്ടേലിനുമിടയില്‍ നിലനിന്നിരുന്ന ബന്ധത്തിന്റെ ഊഷ്മളതയാണ് നിക്ഷിപ്ത രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി നിരാകരിക്കാന്‍ മോഡിയും സംഘപരിവാറും ശ്രമിക്കുന്നത്.
കഴിഞ്ഞ പൊതുതെരഞ്ഞെടുപ്പില്‍ അളവറ്റ ധനശേഷിയുടേയും കണ്ണുതള്ളിക്കുന്ന വാഗ്ദാന പെരുമഴയുടേയും പിന്തുണയോടെ കേന്ദ്രഭരണം കയ്യാളിയ നരേന്ദ്രമോഡിയുടെ പഴയ തന്ത്രങ്ങള്‍ക്ക് മങ്ങലേറ്റിരിക്കുന്നു. നോട്ട് അസാധൂകരണം, ചരക്ക് സേവന നികുതി തുടങ്ങിയ സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ക്കും അടിതെറ്റിയിരിക്കുന്നു. എല്ലാക്കാലത്തേക്കും എല്ലാവരേയും കബളിപ്പിക്കാനാവില്ലെന്ന് തെളിയിച്ചുകൊണ്ടാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് അന്തരീക്ഷം കൊഴുക്കുന്നത്. ഗുജറാത്ത് വികസന മാതൃക വെറും കാറ്റുപോയ ബലൂണാണെന്ന് ദളിതര്‍ക്കും പിന്നാക്ക ജനവിഭാഗങ്ങള്‍ക്കും പട്ടേല്‍ സമുദായത്തിനിടയിലും ഉയര്‍ന്നുവന്ന അസംതൃപ്തിയും രോഷവും സാക്ഷ്യപ്പെടുത്തുന്നു. ജനസംഖ്യയില്‍ ഏതാണ്ട് പതിനഞ്ച് ശതമാനം വരുന്ന പട്ടേല്‍ സമുദായത്തിന് ബിജെപിയുടെ ഗുജറാത്തിലെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കാണ് ഉണ്ടായിരുന്നത്, ഇപ്പോഴും ഉള്ളത്. ജനപ്രതിനിധികളില്‍ മൂന്നിലൊന്ന് അവിടെ ആ സമുദായത്തില്‍ നിന്നുള്ളവരാണ്. സാമൂഹ്യമായും സാമ്പത്തികമായും വിദ്യാഭ്യാസത്തിലും മുന്നണിയില്‍ നില്‍ക്കുന്ന ആ സമുദായത്തിന്റെ ബിജെപിക്കുള്ള പിന്തുണയ്ക്ക് കാര്യമായ ഉലച്ചില്‍ സംഭവിച്ചിരിക്കുന്നു.
ഉദ്ദേശകാര്യത്തിന് ഉപകാരസ്മരണ എന്ന നിലയില്‍ സര്‍ദാര്‍ സരോവര്‍ ഡാമില്‍ 3000 കോടി രൂപ ചെലവില്‍ ഗുജറാത്ത് രാഷ്ട്രത്തിന് സംഭാവന നല്‍കിയ സര്‍ദാര്‍ വല്ലഭായി പട്ടേലിന്റെ പ്രതിമ ഉയര്‍ത്താന്‍ 2010ല്‍ തന്നെ മോഡി പദ്ധതി തയാറാക്കിയിരുന്നു. 20,000 ചതുരശ്രമീറ്റര്‍ പദ്ധതി പ്രദേശത്ത് 597 അടി ഉയരത്തില്‍ നിര്‍മിക്കുന്ന ലോകത്തിലെതന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമയുടെ മാസ്മരികതയില്‍ ഒരു സമുദായത്തേയും ഒരു ജനതയെത്തന്നെയും ഒതുക്കിനിര്‍ത്താനാവുമെന്ന കണക്കുകൂട്ടലാണ് തകര്‍ന്നടിയുന്നത്. ആ പരിശ്രമത്തിന്റെ തുടര്‍ച്ചയാണ് ഇപ്പോള്‍ പാടിദാര്‍ സമുദായ വികാരത്തെ ഉണര്‍ത്തി അധികാരം നിലനിര്‍ത്താനുള്ള മോഡിപ്രഭൃതികളുടെയും സംഘ്പരിവാറിന്റെയും ലക്ഷ്യം. സര്‍ദാര്‍ പട്ടേല്‍ ഒരു വികാരവും ഒരു പ്രതീകവുമാണ്. ആ വികാരത്തിലും പ്രതീകത്തിലും യാതൊന്നും അവകാശപ്പെടാനില്ലാത്ത മോഡിയും സംഘ്പരിവാറുമാണ് ആ മഹാനായ ഗുജറാത്തിയെ, അതിലുപരി ആധുനിക ഇന്ത്യന്‍ ദേശീയതയുടെ മഹത്തായ ആ പ്രതീകത്തെ, സ്വന്തം കുത്സിത ലക്ഷ്യങ്ങള്‍ക്ക് വേണ്ടി കയ്യടക്കാന്‍ ശ്രമിക്കുന്നത്.