Thursday
23 May 2019

ചിതാഭസ്മനിമജ്ജനം എന്ന പരിഹാസ്യപദ്ധതി

By: Web Desk | Thursday 6 September 2018 10:22 PM IST


Vajpayee ashes- Janayugom

ഴുതാന്‍ വൈകിയ ചിത്രകഥയിലെ ഏഴഴകുള്ളൊരു നായിക നീ” എന്നതുപോലെയാണ് വര്‍ത്തമാനകാല രാഷ്ട്രീയ സംഹിതകള്‍. നായികയാവാം, നായകനാവാം എന്ന വ്യത്യാസം മാത്രമേയുള്ളൂ. നായകനോ നായികയോ മരിച്ചുകിട്ടിയാല്‍ ലക്ഷ്യവും പരിപ്രേക്ഷ്യവും രാഷ്ട്രീയ ലാഭക്കണ്ണോടെയും കച്ചവടത്തോടെയും ഉള്ളതാണ്. അവര്‍ പിന്നെ ഫ്‌ളക്‌സ് ബോര്‍ഡുകളിലെ സുന്ദര ചിത്രങ്ങളാണ്. പക്ഷേ, ജീവിക്കുന്ന നേതാക്കളുടെ വലിയ ചിത്രങ്ങളുടെ ചുവട്ടില്‍ ചെറിയ ഇടം മാത്രമേ നായികാനായകന്മാര്‍ക്ക് കിട്ടൂ.
ശവഘോഷയാത്രകള്‍, വിലാപയാത്രകള്‍, കണ്ണുനീര്‍ക്കടലുകള്‍ സൃഷ്ടിക്കലുകള്‍, ചിതാഭസ്മവുമായുള്ള നാടൊട്ടുക്കുമുള്ള നെട്ടോട്ടയാത്രകള്‍, ചിതാഭസ്മ നിമജ്ജനം ചെയ്യലുകള്‍ ഇതൊക്കെ പുതുകാലത്തെ അധമരാഷ്ട്രീയത്തിന്റെ അവിഭാജ്യഭാഗങ്ങളാണ്. അവയൊക്കെയും എന്ത് അനീതിയെയും സമീകരിക്കുമെന്നും ഏത് രാഷ്ട്രീയ നീചത്വത്തെയും ന്യായീകരിക്കുമെന്നും പുതുകാല വിലാപഗാഥ കര്‍ത്താക്കളുടെ ഗാനങ്ങളും പുതിയ രാഷ്ട്രീയ വിശകലനപ്രതിഭകളുടെ അത്യുജ്ജ്വല നിരൂപണങ്ങളും സാക്ഷ്യപ്പെടുത്തുന്നു.
മരണവും ശവസംസ്‌കാരവും പോലും തെരഞ്ഞെടുപ്പ് ആയുധവും രാഷ്ട്രീയ മുതലെടുപ്പ് തന്ത്രവുമാകുന്ന അത്യന്തഹീനമായ ഒരു അപചയകാലത്തിലൂടെയാണ് ഇന്ത്യന്‍ ജനത കടന്നുപോകുന്നത്. ഇത് ഇന്ത്യന്‍ ജനതയുടെയും ജനാധിപത്യത്തിന്റെയും ഭരണഘടനാതത്വങ്ങളുടെയും തെരഞ്ഞെടുപ്പ് – ജനാധിപത്യമൂല്യങ്ങളുടെയും അത്യന്തം അപകടകരമായ അവസ്ഥയെന്നു മാത്രമേ നിസഹായരായ സമ്മതിദായകര്‍ക്കു പറയുവാനാവൂ. അവര്‍ സമ്മതിദാനാവകാശം രേഖപ്പെടുത്തുവാന്‍ മാത്രം വിധിക്കപ്പെട്ടവര്‍.
കുത്തകമുതലാളിത്തശക്തികളും രാഷ്ട്രീയ കുതന്ത്രശക്തികളും ജനാധിപത്യത്തിലെ കുബുദ്ധിമാനസങ്ങളും നിര്‍ണയിക്കുന്ന അജന്‍ഡകളോട് പ്രതികരിക്കുവാന്‍ ശേഷിയില്ലാത്ത കേവലം പാവങ്ങള്‍. ഏറ്റവും ഒടുവില്‍ ഇന്ത്യ കണ്ടത് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയിയുടെ ശവഘോഷയാത്രയും ചിതാഭസ്മനിമജ്ജനയഞ്ജവുമാണ്. വിവിധങ്ങളായ സംസ്ഥാനങ്ങളില്‍ ഈ പ്രക്രിയ അരങ്ങേറി. ത്രിവേണി സംഗമഭൂമിയായ കന്യാകുമാരിയില്‍ കേന്ദ്രസഹമന്ത്രി പൊന്‍രാധാകൃഷ്ണന്‍ തന്നെ ചിതാഭസ്മനിമജ്ജനം നടത്തി വാജ്‌പേയ്ക്ക് സ്വര്‍ഗാരോഹണവഴി സൃഷ്ടിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷനായി തക്കവിതര്‍ക്കങ്ങള്‍ക്കൊടുവില്‍, സ്വന്തം സംസ്ഥാനത്തെ പ്രതിനിധികളുടെ പിന്തുണ തെല്ലുമില്ലാതെ ഊടുവഴികളിലൂടെ കടന്നുകൂടിയ അഡ്വ. പി എസ് ശ്രീധരന്‍പിള്ളയും തിരുവല്ലം പരശുരാമ ക്ഷേത്രസന്നിധിയില്‍ ചെന്ന് ചിതാഭസ്മം നിമജ്ജനം ചെയ്തു. ഇത്രമേല്‍ ചിതാഭസ്മം രാജ്യമാസകലം നിമജ്ജനം ചെയ്യുവാന്‍ കൃശഗാത്രനായ വാജ്‌പേയിയുടെ ശരീരത്തില്‍ ശേഷിച്ചിരുന്നുവോ എന്ന് സാമാന്യവിവേകമുള്ളവരാകെ അതിശയപ്പെടും. ശ്രീധരന്‍പിള്ളയുടെ ചിതാഭസ്മനിമജ്ജന യാത്രയുടെ ഫ്‌ളക്‌സ് ബോര്‍ഡുകളില്‍ വാജ്‌പേയിയുടെ ചിത്രം കേവലം നാമമാത്രം, ശ്രീധരന്‍പിള്ളയുടെ ചിത്രമാകട്ടെ വമ്പന്‍ രൂപത്തിലും. വാജ്‌പേയിക്ക് പ്രസക്തിയൊന്നുമില്ലെന്ന് സാരം. വാജ്‌പേയിയുടെ കവിതകള്‍ ഇക്കൂട്ടര്‍ വായിച്ചിരുന്നുവെങ്കില്‍, ഈ ദുരാഗ്രഹവൃത്തിക്ക് ഇവര്‍ മുതിരുമായിരുന്നില്ല. ചിതാഭസ്മം ആരുടേതുമാകട്ടെ ഫ്‌ളക്‌സ് ബോര്‍ഡിലെ പടം ഏറ്റവും വലുത് എന്റേതായിരിക്കണമെന്ന് ചിന്തിക്കുന്ന ദുരാഗ്രഹികള്‍ നയിക്കുന്ന അല്‍പരാഷ്ട്രീയത്തിന് കേരളവും ഇന്ത്യയും അടിപ്പെട്ടുപോയിരിക്കുന്നു.
‘മരണം ആസന്നമായ ഒരു കാവ്യവ്യവസ്ഥയാണെന്നും രംഗബോധമില്ലാത്ത കോമാളിയാണെന്നും പ്രതിഭാശാലികള്‍ രേഖപ്പെടുത്തുകയും ഉച്ചൈസ്തരം ഘോഷിക്കുകയും ചെയ്തിട്ടുണ്ട്. എന്നിട്ടും നവ അല്‍പരാഷ്ട്രീയ സ്ഥാപിത മോഹികള്‍ മരണത്തെയും ഭൗതികശരീരത്തെയും വോട്ടുപിടുത്തത്തിനുള്ള രാഷ്ട്രീയ ആയുധമായി കൗശലപൂര്‍വം പ്രയോഗിക്കുന്നുണ്ട്. യോഗി ആദിത്യനാഥും വസുന്ധര രാജെ സിന്ധ്യയും രാജ്‌സിങ് ചൗഹാനും ഇവിടെ ഇങ്ങേയറ്റത്ത് പി എസ് ശ്രീധരന്‍പിള്ളയും നടത്തിയ നാണംകെട്ട നാടകീയതകള്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ അനുകരിച്ചുകൊണ്ടായിരുന്നു. നരേന്ദ്രമോഡിയും അമിത്ഷായും കുമ്മനം രാജശേഖരനും പി എസ് ശ്രീധരന്‍പിള്ളയും മുന്നോട്ടുവയ്ക്കുന്നത് സവര്‍ണ പൗരോഹിത്യരാഷ്ട്രീയമാണ്. മാധവ് സദാശിവ് ഗോള്‍വാള്‍ക്കര്‍ ഉന്നയിച്ച ഉന്മൂലന, വംശഹത്യാ സിദ്ധാന്തമാണ്. മരണം ആഘോഷമാക്കുന്ന വിദൂഷക വേഷങ്ങളുടെ കപടരാഷ്ട്രീയം അവര്‍ മുറുകെപ്പിടിക്കുന്നു.
1984 ഒക്‌ടോബര്‍ 31ന് പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സ്വന്തം അംഗരക്ഷകരായ ബത്‌വന്ത് സിംഗും സത്‌വന്ത് സിംഗും ഉതിര്‍ത്ത വെടിയുണ്ടകളാല്‍ കൊലചെയ്യപ്പെട്ടപ്പോള്‍ രാഷ്ട്രം നടുങ്ങി. കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനത വിലപിച്ചു. പക്ഷേ, ഇന്ത്യന്‍ ജനതയൊഴുക്കിയ കണ്ണുനീരിനെ പിന്നാലെ രാഷ്ട്രീയ ദുഷ്ടലാക്കിനായി ദുര്‍വിനിയോഗം ചെയ്യുന്നതാണ് ഇന്ത്യ കണ്ടത്. താല്‍ക്കാലിക തെരഞ്ഞെടുപ്പ് ലാഭത്തിനായി മൃത്യുവിനെ പണയപ്പെടുത്തുന്ന പരമ്പര പിന്നീടും ആവര്‍ത്തിക്കപ്പെട്ടു.
1984ല്‍ ശ്രീപെരുമ്പത്തൂരില്‍ എല്‍ടിടിഇ തലവന്‍ ഒറ്റക്കണ്ണന്‍ ശിവരശന്റെ നേതൃത്വത്തില്‍ മനുഷ്യബോംബ് പൊട്ടിത്തെറിച്ചതുവഴി രാജീവ് ഗാന്ധി അതിദാരുണമായി കൊലചെയ്യപ്പെട്ടപ്പോഴും ഇന്ത്യന്‍ ജനത അത്യഗാധമായി വേദനിച്ചു. പക്ഷേ, പിന്നീട് കണ്ടത് രാജ്യമാസകലം നിലവിളക്കുകൊളുത്തിയുള്ള ചിതാഭസ്മ ഘോഷയാത്രകളാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് വോട്ടുസമാഹരണത്തിന് കൊലപാതകത്തെയും ചിതാഭസ്മത്തെയും ദുരുപയോഗം ചെയ്യുകയായിരുന്നു. വോട്ട് വാണിഭത്തിന് ചിതാഭസ്മം മികച്ച ആയുധമാണെന്ന് ആവര്‍ത്തിച്ച് തെളിയിക്കപ്പെടുകയായിരുന്നു.
ഇത്തവണ വാജ്‌പേയിയുടെ ചിതാഭസ്മമാണ് രാഷ്ട്രീയ ആയുധം. കാല്‍പനിക കവി കൂടിയായ വാജ്‌പേയി മരണാനന്തരം ഇത്തരമൊരു അപായം കാത്തിരിക്കുന്നുവെന്ന് പ്രതീക്ഷിച്ചിട്ടുണ്ടാവില്ല. മരിച്ചാലും മനുഷ്യരെ വെറുതെ വിടില്ലെന്ന് ശാഠ്യംപിടിക്കുന്ന അല്‍പ്പബുദ്ധിക്കാരെ എന്തുചെയ്യും. ശ്രീധരന്‍പിള്ളയെപ്പോലുള്ളവരുടെ കുടവുമായുള്ള ഓരോ മുങ്ങിത്താഴലും ജനങ്ങളുടെ മുന്നില്‍ തീര്‍ത്തും അപഹാസ്യമാവുമെന്നത് തീര്‍ച്ച.

Related News