സഹ്യനേക്കാളും പൊക്കം നിളയേക്കാള്‍ ആര്‍ദ്രത.….

Web Desk
Posted on August 04, 2019, 7:36 am

ഡോ. ആര്‍ എസ് രാജീവ്

ആധുനികതയുടെ സൂര്യവെളിച്ചം ആദ്യം തെളിഞ്ഞിറങ്ങിയത്. ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകളിലാണ്. കവിതയും ജീവിതവും ഈ കവിയെ സംബന്ധിച്ച് രണ്ടായിരുന്നില്ല. ആരെയും കൂസാതെ, നിലപാടുകളില്‍ തികഞ്ഞ സത്യസന്ധത പുലര്‍ത്തിയ ആറ്റൂര്‍ എല്ലാവിധ സ്വാര്‍ത്ഥ താല്‍പര്യങ്ങളെയും തന്റെ ജീവിതത്തിന് പുറത്തുനിര്‍ത്തി. സഹ്യനേക്കാളും തലപ്പൊക്കവും നിളയേക്കാള്‍ ആര്‍ദ്രതയുമെന്ന് പിയുടെ കവിതയുടെ വിശേഷിച്ചപ്പോള്‍ ആറ്റൂര്‍ ഓര്‍ത്തിരിക്കില്ല, വരുംതലമുറ അതേവിശേഷണം തനിക്കും ചാര്‍ത്തിത്തരുമെന്ന്. ഒന്നും പ്രതീക്ഷിക്കാതെ, എന്നാല്‍ ഏവരേയും സ്‌നേഹിച്ചുകൊണ്ട് ആറ്റൂര്‍ കവിതയെഴുതി, എണ്ണത്തില്‍ കുറവാണെങ്കിലും. ആരില്‍ നിന്നും ഒന്നും ആഗ്രഹിച്ചില്ല. അതിനാല്‍ നിരാശപ്പെട്ടതുമില്ല.
”അന്ധര്‍ നിന്‍ തുമ്പിയോ കൊമ്പോ,
പള്ളയോ തൊട്ടിടഞ്ഞിടാം
എനിക്ക് കൊതി നിന്‍ വാലിന്‍
രോമം കൊണ്ടൊരു മോതിരം”
എന്നെഴുതാന്‍ കഴിഞ്ഞതും അതുകൊണ്ടാണ്.

ഉത്സവങ്ങളും വേലകളും ആനയോട്ടവും പുലികളിയും യക്ഷികളും ഇരുട്ടും തോരാമഴയും നിറഞ്ഞ മലഞ്ചെരുവിലെ കൊച്ചുഗ്രാമത്തിന്റെ ആത്മാവിലായിരുന്നു കവി ജീവിതം തുടങ്ങിയത്. ‘എനിക്ക് മൗനമാണിഷ്ടം. പുലര്‍ച്ചെയ്‌ക്കോ വൈകുന്നേരമോ നടപ്പാതകളിലൂടെ നടത്തം. ഞാന്‍ മാത്രം. ഞാനുമില്ല, ഒപ്പം വാക്കുകള്‍. മൗനത്തില്‍ നിന്നാണ് എന്റെ കവിത പിറന്നത്… ഞാന്‍ മൗനം ശീലിക്കുന്നു. ആള്‍ക്കൂട്ടത്തില്‍പ്പെട്ടാലും അതുകൊണ്ടാണ് നിങ്ങള്‍ സംശയിച്ചപോലെ ഞാന്‍ നിശബ്ദനായിപ്പോയത്.’ അഭിമാനത്തോടെ, ആത്മബോധത്തോടെ, ഒരിക്കല്‍ ആറ്റൂര്‍ തന്റെ ജീവിതത്തെ വ്യാഖ്യാനിച്ചു. ഭീതി, പാപം, അറപ്പ്, കയ്പ്പ് എന്നിവയെ വാക്കുകള്‍ കൊണ്ട് പുറത്തുചാടിക്കുന്ന ഒരു കര്‍മ്മമായിട്ടാണ് കവിതയെഴുത്തിനെ അദ്ദേഹം കണ്ടത്.
കാല്‍പ്പനികത, ആധുനികത, ഉത്തരാധുനികത തുടങ്ങിയ പ്രസ്ഥാനങ്ങളെ അതിജീവിച്ച് നില്‍ക്കുന്ന കവിതയാണ് ആറ്റൂരിന്റേത്. ആധുനിക ജീവിതത്തിന്റെ അസ്വസ്ഥതകളൊക്കെയും കവിതകളെ സ്വാധീനിച്ചു. ഒറ്റപ്പെടലും ഭയവും വിഹ്വലതയും നിറഞ്ഞ ആറ്റൂരിന്റെ മനസ്സ് കവിതകള്‍ക്ക് വളക്കൂറുള്ള മണ്ണായി മാറി. പദപ്രയോഗങ്ങളില്‍ കര്‍ക്കശക്കാരനായ കവി കൃത്യമായ ആശയസംവേദനത്തിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും തയ്യാറായിരുന്നില്ല.
നീയിന്നാ മേഘരൂപന്റെ
”ഗോത്രത്തില്‍ ബാക്കിയായവന്‍
ഏതോ വളകിലുക്കം കേ-
ട്ടലിയും ഭ്രഷ്ടകാമുകന്‍
അണുധൂളിപ്രസരത്തിന്ന-
വിശുദ്ധ ദിനങ്ങളില്‍
മുങ്ങിക്കിടന്നു നീ പൂര്‍വ
പുണ്യത്തിന്റെ കയങ്ങളില്‍”
എന്ന വരികള്‍ നോക്കുക. വ്യാഖ്യാനങ്ങള്‍ക്കും പുകഴ്ത്തലുകള്‍ക്കും ഇകഴ്ത്തലുകള്‍ക്കും ചൊല്‍ക്കാഴ്ചകള്‍ക്കും അകലെ കവിതയ്ക്ക് മറ്റൊരു വഴികൂടിയുണ്ടെന്ന് ഈ കവി നമ്മെ ബോധ്യപ്പെടുത്തുന്നു. വ്യാഖ്യാനിക്കുമ്പോള്‍ നഷ്ടപ്പെടുന്നതാണ് കവിതയെന്ന് അത് നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. കവിയുടെ ബിംബം കടമെടുത്താല്‍ ‘പൗര്‍ണമിയ്ക്കുള്ള പൂര്‍ണതയാണ്’ ആറ്റൂരിന്റെ കവിത നേടിയെടുത്തത്.
‘ഇടിത്തീവെടിക്കും വാക്കി‘നെ പുണര്‍ന്ന എം ഗോവിന്ദനായിരുന്നു ആറ്റൂരിന്റെ മാനസഗുരു. ഭാഷയ്ക്ക് വളരെ പ്രാധാന്യം കൊടുക്കുന്ന ആറ്റൂരിന്റെ സ്വഭാവം ഈ സ്വാധീനത്തില്‍ നിന്ന് കിട്ടിയതാകണം.

aattoor
”മീനച്ചലാറിന്നറിയില്ല
നീന്തല്‍ക്കുളം പോലൊരു ഞാനും
തണ്ണീര്‍ക്കുഴലായ് മെരുങ്ങാനും”
എന്ന് തുടങ്ങുന്ന എം ഗോവിന്ദനെ കുറിച്ചുള്ള ആറ്റൂരിന്റെ കവിത ധ്വനിസുന്ദരാമായത് ആ രചനാരീതികൊണ്ടാണ്. ‘ഭാഷയും ഞാനും തമ്മിലുള്ള തര്‍ക്കത്തില്‍ നിന്നും നര്‍മത്തില്‍ നിന്നും ചങ്ങാത്തത്തില്‍ നിന്നും ഉണ്ടാകുന്നതെന്തോ അത് എന്റെ കവിത’ എന്നു പറയുവാന്‍ ആറ്റൂരിന് മാത്രമേ കഴിയൂ. കാരണം അത് എം ഗോവിന്ദന്റെ കളരിയില്‍ ചിട്ടപ്പെടുത്തിയതാണ്.
പാടിനടക്കാവുന്ന ലളിതതാളങ്ങളെ ഒഴിവാക്കുന്നുണ്ടെങ്കിലും ആറ്റൂരിന്റെ കവിത താളബദ്ധം തന്നെയാണ്. വൃത്തബദ്ധമായി എഴുതുമ്പോള്‍ പോലും അതില്‍ തന്റേതായ അഴിച്ചുപണി നടത്താറുണ്ട്. വാക്കുകളില്‍ മാത്രമല്ല, മൗനത്തിലും അര്‍ത്ഥവിരാമത്തിലുമെല്ലാം ഭാഷയുടെ താളമുണ്ടെന്ന് ഈ കവി കരുതുന്നു.

സ്ത്രീപുരുഷ ബന്ധത്തിന്റെ കാല്‍പ്പനികത കലര്‍ന്ന, എന്നാല്‍ യാഥാര്‍ത്ഥ്യബോധത്തിന് പ്രാധാന്യമുള്ള കവിതകളാണ് ആറ്റൂര്‍ കൂടുതലും എഴുതിയിട്ടുള്ളത്. ആറ്റൂരിന്റെ കവിതകളില്‍ ഒറ്റപ്പെട്ടുനില്‍ക്കുന്ന ‘നഗരത്തില്‍ ഒരു യക്ഷന്‍’ എന്ന കവിത വൈലോപ്പിള്ളിയുടെ ‘കണ്ണീര്‍പ്പാട’ത്തോട് ചേര്‍ത്തുവായിക്കാവുന്ന കവിതയാണ്. കുടുംബജീവിതത്തിലെ സ്ത്രീപുരുഷ ബന്ധത്തിലെ സൗന്ദര്യവും വൈരസ്യവും നിര്‍വൃതിയും വേദനയും ഈ കവിതകളില്‍ ഇടകലര്‍ന്ന് നിറയുന്നു. ജീവിതമാകുന്ന കണ്ണീര്‍പാടത്തിന്റെ കഥ പറയുന്ന വൈലോപ്പിള്ളിയില്‍ നിന്ന് വ്യത്യസ്തമായി യാഥാര്‍ത്ഥ്യബോധത്തോടെ, പ്രസാദോജ്ജ്വലമായി, ജീവിതത്തെ സമീപിക്കുന്ന ആറ്റൂര്‍ ജീവിതത്തെക്കുറിച്ചുള്ള തന്റെ ദര്‍ശനമാണ് അവതരിപ്പിക്കുന്നത്. വിഷാദത്തിന്റെ നേരിയ ഒരു അകമ്പടിയോടെ, ഗൃഹാതുരതയുടെ സുഖകകരമായ വേദനയോടെ ആര്‍ദ്രതാപൂര്‍ണമായി നമ്മുടെ ഹൃദയത്തിലേയ്ക്കിറങ്ങുന്നതാണ് ‘നഗരത്തില്‍ ഒരു യക്ഷന്‍’ എന്ന കവിത.
”മാഞ്ഞു പുതുമ; വിവാഹിതയാം മുമ്പ്
നീ അണിയാറുള്ള ഭംഗികള്‍ക്കൊക്കെയും’
എന്ന് ശോകാര്‍ദ്രമായി തുടങ്ങിയ കവിത
‘പോയ മധുവിധു കാലത്തിനേക്കാളു-
മിന്നു പ്രിയമുണ്ടെനിക്ക് നിന്നോടെടോ”
എന്ന് പൂര്‍ത്തിയാകുന്നത് നമ്മുടെ മനസ്സിലാണെന്നതാണ് സത്യം.
സ്വത്വാന്വേഷവും സ്വത്വസംഘര്‍ഷവും പലപ്പോഴും ഈ കവിയുടെ മനസ്സിന്റെ വിഹ്വലതകളെ വര്‍ദ്ധിപ്പിച്ചു. ‘പേടി’, ‘അവന്‍ ഞാനല്ലയോ’, ‘ആര്‍ക്കും’ തുടങ്ങിയ കവിതകളില്‍ ഇത് ദൃശ്യമാണ്. ഉള്ളിലെ ഭീതിയെ വാക്കുകള്‍ കൊണ്ട് പുറത്തുചാടിക്കുന്ന ഉച്ചാടന കര്‍മമായി കവിതയെ കാണുന്ന ആറ്റൂര്‍ ഇങ്ങനെ ചെയ്യുന്നതിലൂടെ മനസ്സിന്റെ ബാധ ഒഴിഞ്ഞുപോയെന്ന് കാവ്യാത്മകമായി വിശ്വസിക്കുന്നു. നാല്‍പ്പത് കഴിഞ്ഞാല്‍ പഞ്ചാരപ്പായസം പണ്ടേക്കാള്‍ മധുരിക്കുമെന്ന് കണ്ടെത്തിയ ഈ കവിക്ക്,
”ഹേ കൃഷ്ണാ താങ്കള്‍ക്കൊറ്റക്കാലൂന്നി
ചൊടികളിലോടക്കുഴല്‍ ഊതിടുമ്പൊഴോ
നിവേദ്യപാല്‍പ്പായസമൂതിക്കുടിക്കുമ്പഴോ
കൂടുതല്‍ സ്വാദുണ്ടായ്.…” എന്ന് ചോദിക്കാനും മടിയില്ല. അപ്പോഴും കവി അന്തരാത്മാവില്‍ മന്ത്രിക്കുന്നത് ചോദ്യോങ്ങളെല്ലാം സ്വയം ചോദിക്കേണ്ടവയാണെന്നാണ്.
ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകളില്‍ ഏറ്റവും ശ്രദ്ധേയമായത് ‘മേഘരൂപന്‍’ ആണ്. ചൊല്‍ക്കാഴ്ചകളിലൂടെ അത് സഹൃദയരുടെ ഹൃദയത്തില്‍ ചിരപ്രതിഷ്ഠ നേടിയിരിക്കുന്നു. ചില കവിതകള്‍ എഴുത്തുകാരന്റെ കാവ്യജീവിതത്തിന്റെ വ്യാഖ്യാനമോ നിര്‍വചനോ ആയി മാറാം. അത്തരം ഒരു കവിതയാണ് ‘മേഘരൂപന്‍’ ഒരു പുരുഷായുസ്സ് മുഴുവന്‍ നിത്യകന്യകയെ തേടിയലഞ്ഞ, തെറ്റും ശരിയുമായ ഒരുപാട് ധാരണകളെ മലയാളിയുടെ മനസ്സില്‍ ഉല്‍പ്പാദിപ്പിച്ച പി കുഞ്ഞുരാമന്‍നായരെക്കുറിച്ചുള്ള കവിതയാണിത്. എന്നാല്‍ ഇതിലൂടെ കടന്നുപോകുമ്പോള്‍ സഹൃദയന്റെ മനസ്സില്‍ തെളിയുന്നത് പി മാത്രമല്ല, ആറ്റൂര്‍ രവിവര്‍മ്മ എന്ന കവിയുടെ സ്വത്വം കൂടിയാണ്. മേഘരൂപനില്‍ ഒരിടത്തുപോലും പിയുടെ പേര് പറയുന്നില്ല. എന്നിട്ടും അതിലെ വാക്കുകളിലും ബിംബങ്ങളിലും ആ വലിയ കവിയുടെ പ്രകാശം വിളങ്ങിനില്‍ക്കുന്നത് നാം അറിയുന്നു.

aattoor

സഹ്യനേക്കാള്‍ തലപ്പൊക്കമുള്ള, നിളയേക്കാള്‍ ആര്‍ദ്രതയുള്ള കവിയ്ക്ക് എഴുതുവാന്‍ ഭാരതപ്പുഴ മണല്‍വിരിക്കുമ്പോള്‍ ആകാശം വര്‍ണ്ണപുസ്തകം നിവര്‍ത്തുന്നുവെന്നും തിരുവാതിരകള്‍ മഞ്ഞക്കുപ്പായം തുന്നുന്നുവെന്നും സങ്കല്‍പ്പിക്കുമ്പോള്‍ ആറ്റൂര്‍ പിയുടെ ഓര്‍മ്മകളോട് കൂറ് പ്രഖ്യാപിക്കുകയാണ് ചെയ്യുന്നത്. ആറ്റൂരിന്റെ കാവ്യദര്‍ശനത്തിലേയ്ക്ക് തന്നെ വളരുന്ന ഒരു ഭാവപ്രപഞ്ചമാണ് മേഘരൂപനിലേത്. പുതിയ ലോകത്തിന്റെ ദുരന്തങ്ങളെയും അവിശുദ്ധികളെയും പൂര്‍വപുണ്യത്തിന്റെ നീര്‍ക്കയങ്ങളില്‍ മുങ്ങിക്കിടന്ന് പ്രതിരോധിക്കാമെന്ന് ഈ കവി കരുതുന്നു. സര്‍വനാശത്തിന്റെ പുതുയുഗത്തെ പാരമ്പര്യത്തിന്റെ ശക്തികൊണ്ട് നേരിടാമെന്ന് വിശ്വസിക്കുന്നു. ‘ഞാന്‍ വളരെ കുറിച്ച് മാത്രമേ എഴുതിയിട്ടുള്ളു. വിഷം പോലെയും മരുന്ന് പോലെയുമാണ് എന്റെ എഴുത്ത്. സദ്യപോലെയല്ല. എന്നിട്ടും അത് സ്വീകരിക്കപ്പെടുന്നു എന്നതില്‍ സന്തോഷമുണ്ട്’ എന്ന് സാത്വിക വിശുദ്ധിയോടെ പറയുന്ന ആറ്റൂര്‍ രവിവര്‍മ്മ കാളിദാസ പാരമ്പര്യത്തില്‍ നിന്നുകൊണ്ട് കവിതയെഴുതിയ ആളാണ്. ഒരു സാധാരണ മനുഷ്യനായി മാത്രം സ്വയം വിലയിരുത്തുന്ന ആറ്റൂര്‍ രവിവര്‍മ്മയ്ക്ക് മലയാളി സഹൃദയന്‍ നല്‍കുന്നത് മലയാള കാവ്യലോകത്തെ ഒറ്റയാന്റെ പരിവേഷമാണ്. ആറ്റൂര്‍ രവിവര്‍മ്മയുടെ കവിതകളുടെ ആമുഖത്തില്‍ കെ സി നാരായണന്‍ എഴുതി ‘ഒരു തിടമ്പിനും കുനിക്കാത്ത ശിരസോടെ, ഒരു ക്ഷയത്തിലും പതിക്കാതെ മനസ്സോടെ, തന്റെ അനുഭവങ്ങളുടെ നേര്‍വര പിടിച്ചുള്ള സഞ്ചാരം. നേരിന്റെയും ശ്രദ്ധയുടെയും സൂക്ഷ്മതയുടെയും ആയ സഞ്ചാരത്തില്‍ അദ്ദേഹം രചിച്ച കവിതകളുടെ എണ്ണം കുറവാണ്. എങ്കിലും അവയുടെ ഈട് സംശയാതീതമാണ്.’ അതുകൊണ്ടാണല്ലോ ആറ്റൂര്‍ രവിവര്‍മ്മയെന്ന കവി സഹ്യനേക്കാള്‍ തലപ്പൊക്കത്തില്‍ മലയാളിയുടെ മനസ്സില്‍ ജ്വലിച്ചുനില്‍ക്കുന്നത്.