Thursday
23 May 2019

ബിഎസ്എന്‍എല്ലിലെ കേന്ദ്ര നീക്കത്തിനെതിരെഅണിചേരുക

By: Web Desk | Friday 15 March 2019 10:35 PM IST


വി പി ശിവകുമാര്‍

ഇന്ത്യയിലെ തന്ത്രപ്രധാനമായ വാര്‍ത്താവിനിമയ സ്ഥാപനമാണ് ഭാരത് സഞ്ചാര്‍ നിഗം ലിമിറ്റഡ് (ബിഎസ്എന്‍എല്‍). രാജ്യത്തെ വാര്‍ത്താവിനിമയ സുരക്ഷയ്ക്കായി കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ ബിഎസ്എന്‍എല്‍ നിലനിന്നേ മതിയാകൂ. ഈ സാഹചര്യത്തിലാണ് കേന്ദ്ര സര്‍ക്കാര്‍ ബിഎസ്എന്‍എല്ലിനെ ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുന്നത്. രണ്ടു ലക്ഷത്തോളം വരുന്ന ജീവനക്കാരെയും അവരുടെ കുടുംബാംഗങ്ങളെയും വഴിയാധാരമാക്കുന്ന നടപടികളാണ് കേന്ദ്രം സ്വീകരിച്ചു പോരുന്നത്. 2000 ഒക്ടോബര്‍ ഒന്നിനു രൂപീകൃതമായ ബിഎസ്എന്‍എല്‍ എന്ന കേന്ദ്ര പൊതുമേഖലാ സ്ഥാപനം മാറി മാറി വന്ന കേന്ദ്ര സര്‍ക്കാരുകളുടെ പിടിപ്പുകേടു മൂലം 18 വര്‍ഷങ്ങള്‍ക്കു ശേഷം 2018 ല്‍ വന്‍ തകര്‍ച്ചയിലേക്കു നീങ്ങുകയാണ്. എന്നാല്‍ ബിഎസ്എന്‍എല്ലിനെ സഹായിക്കാന്‍ ഇപ്പോഴും കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടു വരുന്നില്ലയെന്നത് അത്യന്തം ദു:ഖകരമായ കാര്യമാണ്.
ഡിപ്പാര്‍ട്ടുമെന്റ് ഓഫ് ടെലികമ്മ്യൂണിക്കേഷനില്‍ (ഡിഒടി) നിന്നും ബിഎസ്എന്‍എല്‍ രൂപീകരിക്കുമ്പോള്‍ ജീവനക്കാര്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നിരവധി മോഹന വാഗ്ദാനങ്ങള്‍ നല്‍കിയിരുന്നു. അതിനെ തുടര്‍ന്ന് ആദ്യം നോണ്‍ എക്‌സിക്യൂട്ടീവ് ജീവനക്കാരും പിന്നീട് അഞ്ചുവര്‍ഷം കാലാവധി വാങ്ങി എക്‌സിക്യൂട്ടീവ് ജീവനക്കാരും കമ്പനിയിലേക്ക് വന്നു. ബിഎസ്എന്‍എല്ലിലേക്ക് ഓപ്ഷന്‍ നല്‍കാത്തവര്‍ ഡിഒടിയിലേക്ക് പോയി. പക്ഷേ 1500 ഓളം ഐടിഎസ് ഓഫീസര്‍മാര്‍ നാളിതുവരെ ബിഎസ്എന്‍എല്ലിലേക്ക് വരാതെ കമ്പനിയുടെ എല്ലാ ആനുകൂല്യങ്ങളും കൈപ്പറ്റി വിരുന്നുകാരെ പോലെ സ്ഥാപനത്തില്‍ തുടരുന്ന സ്ഥിതി വിരോധാഭാസമാണ്.
ഐടിഎസ് ഓഫീസര്‍മാരെ എത്രയും വേഗം ബിഎസ്എന്‍എല്ലില്‍ ലയിപ്പിക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നോണ്‍ എക്‌സിക്യൂട്ടീവ്, എക്‌സിക്യൂട്ടീവ് സംഘടനകള്‍ നിരവധി തവണ സമരം നടത്തിയെങ്കിലും അവര്‍ ഇപ്പോഴും നിര്‍ബാധം ഡിഒടിയില്‍ തുടര്‍ന്ന് കൊണ്ട് ബിഎസ്എന്‍എല്ലിനെ നിയന്ത്രിച്ചു പോരുന്നു. കേന്ദ്ര സര്‍ക്കാര്‍ ഡിഒടിയെ കമ്പനിവല്‍കരിക്കുന്നതിനു മുമ്പ് നല്‍കിയ വാഗ്ദാനങ്ങളൊക്കെ പൊള്ളയായിരുന്നെന്നു ജീവനക്കാരും ഓഫീസര്‍മാരും ഇതിനോടകം തിരിച്ചറിഞ്ഞു കഴിഞ്ഞു. നിരവധി തവണ നഷ്ടത്തിന്റെ കണക്കു പറഞ്ഞ് സ്ഥാപനത്തെ സ്വകാര്യവല്‍ക്കരിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ കുത്സിത ശ്രമം നടത്തിയെങ്കിലും യൂണിയനുകളുടെയും അസോസിയേഷനുകളുടെയും ശക്തമായ ചെറുത്തു നില്‍പ്പു മൂലം ബിഎസ്എന്‍എല്ലിന്റെ ഒരു ശതമാനം ഓഹരി പോലും വില്‍ക്കാന്‍ കേന്ദ്രത്തിനായില്ലായെന്നത് ആശ്വാസകരമായ കാര്യമാണ്. വികസന പ്രവര്‍ത്തനങ്ങളെ കുറിച്ചു പറയുകയാണെങ്കില്‍ 2006 നു ശേഷം യാതൊരു വിധ വികസനവും ബിഎസ്എന്‍എല്‍ മേഖലയില്‍ നടന്നിട്ടില്ല.
സര്‍വ്വീസുകള്‍ ലഭ്യമാക്കാന്‍ വേണ്ടുന്ന അനുബന്ധ ഉപകരണങ്ങള്‍ പോലും കിട്ടാത്ത സ്ഥിതിയാണ്. ഇതുമൂലം പുതിയ ടെലിഫോണ്‍ കണക്ഷനുകള്‍ പോലും നല്‍കാന്‍ കഴിയുന്നില്ല. ഇതു ജീവനക്കാരും ഉപഭോക്താക്കളും തമ്മില്‍ നിലനില്‍ക്കുന്ന സുഖകരമായ ബന്ധത്തിനു വിള്ളല്‍ ഉണ്ടാക്കാന്‍ പോലും കാരണമാകുന്നു. ഉപഭോക്താക്കളിലധികവും ഡാറ്റ ഉപയോഗിക്കുന്ന കാലഘട്ടത്തില്‍, മോഡത്തിന്റെ ലഭ്യത കുറവു മൂലം ബ്രോഡ് ബാന്‍ഡ് കണക്ഷനുകള്‍ യഥാസമയം ലഭ്യമാക്കാന്‍ ബിഎസ്എന്‍എല്ലിന് കഴിയുന്നില്ല. അത്യാധുനിക സര്‍വ്വീസായ എഫ്ടിടിഎച്ച് സര്‍വ്വീസും കൊടുക്കാന്‍ കഴിയുന്നില്ല. മൊബൈല്‍ മേഖല സ്തംഭനാവസ്ഥയിലായിട്ട് കാലങ്ങളായി. മറ്റു സ്വകാര്യ കമ്പനികള്‍ 4ജിക്കു ശേഷം 5ജിയിലേക്കു ചുവടു മാറ്റുമ്പോള്‍ പുതിയ സ്‌പെക്ട്രം നല്‍കാതെ ബിഎസ്എന്‍എല്ലിനെ ഇപ്പോഴും 3ജി സര്‍വീസില്‍ തളച്ചിട്ടിരിക്കുകയാണ്. ഇതുമൂലം ഡാറ്റ കൂടുതല്‍ ഉപയോഗിക്കുന്ന പുത്തന്‍ തലമുറ ബിഎസ്എന്‍എല്ലിനെ കൈയൊഴിഞ്ഞ് സ്വകാര്യ ഓപ്പറേറ്റര്‍മാരുടെ സര്‍വ്വീസുകളിലേക്ക് പോകുന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ എത്തി നില്‍ക്കുന്നു.
ലാന്‍ഡ് ലൈന്‍ സര്‍വീസുകള്‍ ഉപേക്ഷിക്കുന്നവരുടെ നീണ്ട നിരയാണ് കസ്റ്റമര്‍ സര്‍വ്വീസ് സെന്ററുകളില്‍ കാണുന്നത്. ബിഎസ്എന്‍എല്ലിന്റെ അടിത്തറയാണ് ലാന്‍ഡ് ഫോണ്‍ സര്‍വ്വീസ് മേഖല. ഉപകരണങ്ങളുടെ അഭാവം മൂലം സേവനം കാര്യക്ഷമമാക്കാന്‍ കഴിയാത്തതിനാലാണ് ഉപഭോക്താക്കള്‍ കൊഴിഞ്ഞു പോകുന്നത്. ബിഎസ്എന്‍എല്‍ സര്‍വ്വീസുകള്‍ കാര്യക്ഷമമാക്കുക, ബിഎസ്എന്‍എല്ലിന് 4ജി സേവനം ഉടന്‍ ലഭ്യമാക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് ജീവനക്കാരുടെയും ഓഫീസര്‍മാരുടെയും സംയുക്ത വേദിയായ ആള്‍ യൂണിയന്‍സ് ആന്റ് അസോസിയേഷന്‍സ് (എയുഎബി) നിരവധി തവണ പണിമുടക്ക് ഉള്‍പ്പെടെയുള്ള പ്രക്ഷോഭ പരിപാടികള്‍ സംഘടിപ്പിച്ചെങ്കിലും കേന്ദ്ര സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിച്ചു പോരുകയാണ്.
ഇതുകൂടാതെ ഇക്കാലയളവില്‍ ജീവനക്കാരുടെയും പെന്‍ഷന്‍കാരുടെയും ആനുകൂല്യങ്ങള്‍ ഓരോന്നായി കവര്‍ന്നെടുക്കുകയും ചെയ്യുന്നു. മെഡിക്കല്‍ അലവന്‍സുകള്‍, എല്‍ടിസി, ടിഎ, ഡിഎ അലവന്‍സുകള്‍ ഇപ്പോള്‍ നല്‍കാതായി. ഇനി മുതല്‍ ജീവനക്കാര്‍ക്ക് കൃത്യമായി ശമ്പളം പോലും നല്‍കാന്‍ കഴിയില്ലെന്നാണ് ബിഎസ്എന്‍എല്‍ മാനേജ്‌മെന്റില്‍ നിന്നും അറിയാന്‍ കഴിഞ്ഞത്. ജീവനക്കാരുടെ ജിപിഎഫ് വിഹിതം കൂടി ഉപയോഗിച്ചാണ് ഇപ്പോള്‍ ശമ്പളം നല്‍കുന്നത് എന്നത് സ്ഥാപനത്തിന്റെ ഇപ്പോഴത്തെ സാമ്പത്തിക നില എത്രത്തോളമാണെന്ന് വ്യക്തമാക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തില്‍ ജീവനക്കാര്‍ക്ക് മൂന്നു മാസത്തിലൊരിക്കല്‍ ശമ്പളം നല്‍കിയാല്‍ മതിയെന്ന തീരുമാനത്തില്‍ മാനേജ്‌മെന്റ് എത്തുന്നുവെന്നാണറിയുന്നത്. തന്മൂലം ഇനിയുള്ള കാലം ബിഎസ്എന്‍എല്‍ ജീവനക്കാര്‍ക്ക് ജീവന്മരണ പോരാട്ട കാലഘട്ടമാണ്. കേന്ദ്ര സര്‍ക്കാര്‍ ഓരോ ദിവസവും ഇഞ്ചിഞ്ചായി കൊന്നു കൊണ്ടിരിക്കുന്ന ബിഎസ്എന്‍എല്ലിനെ സുവര്‍ണ്ണ കാലഘട്ടത്തിലേക്ക് കൊണ്ടു വരാന്‍ ഓരോ ജീവനക്കാരനും അവരുടെ കുടുംബാംഗങ്ങളും പോരാട്ടത്തിനിറങ്ങിയാല്‍ മാത്രമേ നമ്മുടെ പൊതുമേഖലാ സ്ഥാപനത്തെ രക്ഷപ്പെടുത്താനാവൂ.
ബിഎസ്എന്‍എല്ലിന് കേന്ദ്ര സര്‍ക്കാരിന്റെ സഹായം ഇല്ലാതെ ഒരടി പോലും മുന്നോട്ടു പോകാന്‍ കഴിയില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ബിഎസ്എന്‍എല്ലിനെ അനുദിനം ക്ഷയിപ്പിച്ച് ടെലികോം കമ്പോളത്തില്‍ അപ്രസക്തമാക്കുകയെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്. 2014 ല്‍ മോഡി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിനുശേഷം ബിഎസ്എന്‍എല്ലിന്റെ വളര്‍ച്ചയ്ക്കും വികസനത്തിനും ആവശ്യമായ ഒരു പ്രഖ്യാപനവും നടപടിയുമുണ്ടായിട്ടില്ല. സാങ്കേതിക വിദ്യയുടെ മുന്നേറ്റങ്ങളിലൂടെ മാറി വരുന്ന ഇന്ത്യന്‍ ടെലികോം മേഖലയില്‍ ബിഎസ്എന്‍എല്ലിന്റെ സാധ്യതകളെ പ്രയോജനപ്പെടുത്താനല്ല കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നത്. മറിച്ച് സ്വകാര്യ മൂലധന താല്‍പര്യങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാനാണ്. ശമ്പള പരിഷ്‌ക്കരണം ബിഎസ്എന്‍എല്ലിന് താങ്ങാന്‍ കഴിയില്ലെന്ന മുടന്തന്‍ വാദമാണ് ഡിഒടി മുന്നോട്ടു വയ്ക്കുന്നത്. ബിഎസ്എന്‍എല്ലിന്റെ വരുമാനത്തില്‍ ഗണ്യമായ കുറവ് വന്നു കൊണ്ടിരിക്കുന്നുവെന്നും അതിനാല്‍ ശമ്പള പരിഷ്‌ക്കരണം അസാധ്യമാണെന്നുമാണ് ഡിഒടിയുടെ കണ്ടു പിടുത്തം. 4ജി സ്‌പെക്ട്രം അനുവദിക്കാന്‍ തയാറല്ലെന്നും അര്‍ഥശങ്കയ്ക്കിടയില്ലാത്ത വിധം പ്രഖ്യാപിച്ചു. 2006 ലെ കേന്ദ്ര സര്‍ക്കാര്‍ നിയമ പ്രകാരം പെന്‍ഷന്‍ കോണ്‍ട്രിബ്യൂഷന്‍ അടിസ്ഥാന ശമ്പളത്തെ ആസ്പദമാക്കിയാണ് കണക്കാക്കേണ്ടത്. എന്നാല്‍ ശമ്പള സ്‌കെയിലിന്റെ മാക്‌സിമത്തെ അടിസ്ഥാനമാക്കിയാണ് ബിഎസ്എന്‍എല്‍ നല്‍കി കൊണ്ടിരിക്കുന്നത്. ഇതു മാറ്റും എന്ന മന്ത്രിയുടെ ഉറപ്പും ഡിഒടി ലംഘിച്ചു. ബിഎസ്എന്‍എല്‍ അധികമായി 2000 കോടിയിലധികം തുക ഈ ഇനത്തില്‍ അടച്ചത് തിരികെ നല്‍കിയാല്‍ ശമ്പള പരിഷ്‌ക്കരണത്തിന് സാധ്യതയുണ്ടെന്ന മാനേജ്‌മെന്റ് വാദത്തെയും പൂര്‍ണ്ണമായും തള്ളിക്കളഞ്ഞു. ഫലത്തില്‍ സാമ്പത്തിക പ്രയാസം പറഞ്ഞ് ശമ്പള പരിഷ്‌ക്കരണം നിഷേധിക്കുന്നു.
പറഞ്ഞ വാക്കുകള്‍ക്ക് കടലാസിന്റെ വിലപോലും കല്‍പ്പിക്കാന്‍ ഡിഒടി തയാറാകുന്നില്ല. അന്നം നല്‍കേണ്ട കൈകള്‍ തന്നെ ഉദകക്രിയ ചെയ്യുന്ന സ്ഥിതിയാണ് സംജാതമായത്. ജീവനക്കാരുടെ സംഘടിതശ്രമങ്ങളുടെ ഭാഗമായി വീണ്ടെടുപ്പിന്റെ വെള്ളി രേഖകള്‍ ദൃശ്യമായ സ്ഥാപനമായിരിക്കുന്നു ബിഎസ്എന്‍എല്‍. എന്നാല്‍ ബിജെപി സര്‍ക്കാരിന്റെ അവസാന കാലത്ത് ബിഎസ്എന്‍എല്ലിന്റെയും അന്ത്യം കുറിക്കുമെന്ന ആശങ്കയില്‍ നിന്നാണ് തൊഴിലാളികളുടെ ശക്തമായ പ്രതിഷേധം ഉയരുന്നത്. ബിഎസ്എന്‍എല്ലിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ മരവിപ്പിച്ച് സ്ഥാപനത്തെ ശവപറമ്പാക്കി, സ്വകാര്യ കമ്പനികളുടെ കീശ വീര്‍പ്പിക്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ നയങ്ങള്‍ക്കെതിരെ ഇന്ത്യയിലെ പൊതുമേഖലയെ സ്‌നേഹിക്കുന്ന എല്ലാ ജനവിഭാഗങ്ങളും വര്‍ഗബഹുജന സംഘടനകളും എപ്പോഴും ഒപ്പമുണ്ടാകുമെന്ന പ്രതീക്ഷയാണ് ഈ പ്രതിസന്ധിഘട്ടത്തിലും ജീവനക്കാരെ മുന്നോട്ടു നയിക്കുന്നത്. ബിഎസ്എന്‍എല്ലിന്റെ ശോഭനമായ ഭാവി സ്വപ്‌നം കണ്ടുകൊണ്ട് ഒരുമിച്ച് കൈകോര്‍ക്കാം.

ബിഎസ്എന്‍എല്‍ എംപ്ലോയീസ് യൂണിയന്‍ സര്‍ക്കിള്‍ ഓഫീസ് ജില്ലാ ഓര്‍ഗനൈസിംഗ്
സെക്രട്ടറിയാണ് ലേഖകന്‍