സമാധാനവും നിയമവാഴ്ചയും കാംക്ഷിക്കുന്നവരെല്ലാം ഭയപ്പെട്ടതുപോലെ രാഷ്ട്ര തലസ്ഥാനം കൊലയും കൊള്ളിവെയ്പും കാട്ടുതീപോലെ പടര്‍ന്നുപിടിക്കുന്ന കലാപവും കൊണ്ട് യുദ്ധഭൂമിയായിരിക്കുന്നു. ഇതിനകം പത്ത് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകഴിഞ്ഞു. അനേകം പേര്‍ ഗുരുതരമായ പരിക്കുകളോടെ ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടു. അവിടെപ്പോലും ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പെട്ടേയ്ക്കുമെന്ന ഭീതിദമായ അവസ്ഥയാണ് നിലനില്‍ക്കുന്നത്. വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ഒരു മാസക്കാലത്തേയ്ക്ക് നിരോധനാജ്ഞ നിലവില്‍വന്നു. അതിര്‍ത്തികള്‍ അടയ്ക്കണമെന്നും പട്ടാളത്തെ വിളിക്കണമെന്നും ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാള്‍ ആവശ്യപ്പെട്ടിരിക്കുന്നു. വാക്കുകള്‍ക്ക് വിശദീകരിക്കാന്‍ കഴിയാത്തത്ര ഗുരുതരവും സ്ഫോടനാത്മകവുമാണ് സ്ഥിതിഗതികള്‍.
കഴിഞ്ഞ മൂന്നു ദിവസങ്ങളായി വളര്‍ന്നുവന്ന ഹിംസാത്മകമായ അന്തരീക്ഷം യാതൊരു കാരണവശാലും യാദൃശ്ചികമല്ല. മറിച്ച്, അത്യുന്നത തലങ്ങളില്‍ ആസൂത്രണം ചെയ്ത് കൃത്യമായ കണക്കുകൂട്ടലുകളോടെ നടപ്പാക്കിയ പദ്ധതിയാണ് ഡല്‍ഹിയില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്ന കലാപം. മാസങ്ങളായി രാഷ്ട്ര തലസ്ഥാനത്തും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലുമായി പൗരത്വ ഭേദഗതി നിയമത്തിനും അനുബന്ധ നടപടികള്‍ക്കും എതിരെ വളര്‍ന്നുവന്ന സമാധാനപരമായ പ്രതിഷേധത്തെയും പ്രതിരോധത്തെയും ചോരയില്‍ മുക്കിക്കൊല്ലാനുള്ള മോഡി ഭരണകൂടത്തിന്റെ ആസൂത്രിത പദ്ധതിയാണ് കലാപത്തിന്റെ രൂപത്തില്‍ പൊട്ടിപ്പുറപ്പെട്ടിരിക്കുന്നത്. ഭീഷണികൊണ്ടോ വിഭാഗീയത കൊണ്ടോ പൗരത്വവിഷയത്തില്‍ വളര്‍ന്നുവന്ന പ്രതിഷേധത്തിന് അന്ത്യംകുറിക്കാനോ തെരഞ്ഞെടുപ്പില്‍ വിജയിക്കാനോ ആവില്ലെന്ന് ഡല്‍ഹി അസംബ്ലി തെരഞ്ഞെടുപ്പ് അസന്ദിഗ്ധമായി തെളിയിച്ചു. അതാണ് ‘ഗുജറാത്ത് മോഡല്‍’ രാഷ്ട്ര തലസ്ഥാനത്തും രാജ്യത്താകെയും നടപ്പാക്കാന്‍ ആ മാതൃകയുടെ ചോരമണക്കുന്ന അനുഭവസമ്പത്തുള്ള മോഡി-ഷാ പ്രഭൃതികള്‍ക്ക് പ്രേരണയായത്. എതിര്‍ക്കുന്നവരെ അരുംകൊല ചെയ്തും ആ ജനവിഭാഗങ്ങളെ വേണ്ടിവന്നാല്‍ ഉന്മൂലനം ചെയ്തും അവശേഷിക്കുന്നവരെ മുട്ടിലിഴച്ചും ഭരണഘടനാവിരുദ്ധവും ജനാധിപത്യ മൂല്യങ്ങള്‍ക്ക് നിരക്കാത്തതും വിവേചനപരവുമായ പൗരത്വ ഭേദഗതി നിയമം അടിച്ചേല്‍പ്പിക്കാനാണ് മോഡി ഭരണകൂടം ഒരുമ്പെട്ട് ഇറങ്ങിയിരിക്കുന്നത്.
വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ അഴിഞ്ഞാടിയ അക്രമികള്‍ പൊലീസിന്റെ സാന്നിധ്യത്തിലും സംരക്ഷണയിലുമാണ് സമാധാനപരമായ പ്രതിഷേധങ്ങളെ തല്ലിപ്പിരിക്കാന്‍ മുതിര്‍ന്നിരിക്കുന്നത്. അക്രമത്തെ നേരിടാനെന്നപേരില്‍ ആഭ്യന്തര മന്ത്രി അമിത് ഷാ വിളിച്ചു കൂട്ടിയ ആലോചനായോഗം അക്രമങ്ങളെയും അതിന് ആഹ്വാനം നല്‍കിയവരും നേതൃത്വം നല്‍കുന്നവരുമായ ബിജെപി-സംഘപരിവാര്‍ നേതാക്കള്‍ക്കെതിരെ നടപടിക്കോ അക്രമസംഭവങ്ങളെ അപലപിക്കാനോ മുതിര്‍ന്നില്ലെന്നത് ശ്രദ്ധേയമാണ്. തലസ്ഥാനത്ത് നടന്നുവരുന്ന തികച്ചും സമാധാനപരമായ പ്രതിഷേധങ്ങളാണ് അക്രമങ്ങള്‍ക്ക് കാരണമെന്നും അതുകൊണ്ട് അവ അവസാനിപ്പിക്കണമെന്നുമാണ് അമിത് ഷാ ഡല്‍ഹി പൊലീസിനു നല്‍കിയ നിര്‍ദ്ദേശം. നിരോധനാജ്ഞ നിലനില്‍ക്കുമ്പോഴും തീവ്ര ഹിന്ദുത്വവാദ ഗുണ്ടകള്‍ ആയുധങ്ങളുമായി യഥേഷ്ടം സംഘം ചേരുകയും അക്രമങ്ങളും കൊള്ളിവെയ്പും തുടരുകയും ചെയ്യുന്നത് ഷായുടെ ലക്ഷ്യം സ്ഥിരീകരിക്കുന്നു. നിരോധനാജ്ഞ നിലനില്‍ക്കുന്ന ഇടങ്ങളില്‍ അക്രമികള്‍ അഴിഞ്ഞാടുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവര്‍ അവിടങ്ങളില്‍ നിരോധനം ഏര്‍പ്പെടുത്തിയിരിക്കുന്നു.
മാധ്യമ പ്രവര്‍ത്തകര്‍ അക്രമങ്ങള്‍ക്ക് ഇരയാവുന്ന വാര്‍ത്തകളും ദൃശ്യങ്ങളും പുറത്തു വന്നുകൊണ്ടിരിക്കുന്നു. സംഘപരിവാര്‍ ഗുണ്ടാസംഘങ്ങളെ പൊലീസ് സംരക്ഷണയില്‍ കെട്ടഴിച്ചുവിട്ട് നിരോധനാജ്ഞയുടെ മറവില്‍ പ്രതിഷേധസമരങ്ങള്‍ അടിച്ചുപിരിക്കലാണ് കലാപങ്ങളുടെ ഒന്നാമത്തെ ലക്ഷ്യം. മുസ്‌ലിം മതന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന മേഖലകളില്‍ നടക്കുന്ന അക്രമങ്ങള്‍ അവരുടെ തൊഴിലും ബിസിനസും അടക്കം ജീവിതായോധന മാര്‍ഗങ്ങളും ഭവനങ്ങളും ആരാധനാലയങ്ങളും തകര്‍ത്ത് ആ ജനവിഭാഗത്തെ സ്വന്തം മണ്ണില്‍ അഭയാര്‍ത്ഥികളും അഗതികളുമാക്കി മാറ്റും. പൗരത്വ ഭേദഗതി നിയമത്തിന്റെയോ ജനസംഖ്യ രജിസ്റ്ററിന്റെയോ പൗരത്വ രജിസ്റ്ററിന്റെയോ പിന്‍ബലമില്ലാതെതന്നെ ഏറ്റവും വലിയ മതന്യൂനപക്ഷത്തെ എങ്ങനെ രണ്ടാംതരം പൗരന്മാരാക്കി മാറ്റാനാവുമെന്നാണ് മോഡി ഭരണകൂടം തീവ്ര ഹിന്ദുത്വ ഭീകരതയിലൂടെ രാജ്യത്തിന് കാട്ടിത്തരുന്നത്. ഫാസിസത്തെപ്പറ്റിയും അതിന്റെ വരവിനെപ്പറ്റിയും അതിന്റെ സമഗ്രാധിപത്യ ക്രൂരതയെപറ്റിയും എന്തെങ്കിലും സംശയം അവശേഷിച്ചിട്ടുള്ള സന്ദേഹികള്‍ക്ക് അത് അനുഭവിച്ച് അറിയാനുള്ള അവസരമാണ് മോഡി ഭരണം ഒരുക്കിയിരിക്കുന്നത്.
ENGLISH SUMMARY: Article about delhi attack
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.