June 25, 2022 Saturday

Latest News

June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022
June 25, 2022

ഉയരുക രക്തനക്ഷത്രമേ

By Janayugom Webdesk
March 14, 2020

കവി, ഭാഷാശാസ്ത്രജ്ഞൻ, പരിഭാഷകൻ, ഗവേഷകൻ, ചരിത്രകാരൻ, വ്യാഖ്യാതാവ്, അധ്യാപകൻ, സംഘാടകൻ, പ്രഭാഷകൻ, വിശ്രുത പണ്ഡിതൻ എന്നിങ്ങനെ വിവിധ വിശേഷണങ്ങൾക്ക് അർഹനെങ്കിലും ഡോ. പുതുശ്ശേരി രാമചന്ദ്രൻ ആത്യന്തികമായി കവിയും ഭാഷാഗവേഷകനും ഭാഷാ പണ്ഡിതനുമാണ്. പുതുശ്ശേരിയിലെ സംഘാടക വൈദഗ്ധ്യത്തിന്റെ മികവ് തെളിയിച്ച ഒന്നായിരുന്നു 1977 ൽ അദ്ദേഹം സംഘടിപ്പിച്ച ഒന്നാം ലോകമലയാള സമ്മേളനം. മലയാളഭാഷയുടെയും സംസ്കാരത്തിന്റെയും ഇന്നലെകളെയും ഇന്നിനേയും സുവ്യക്തമാക്കുകമാത്രമല്ല, ഭാവിയിലേക്ക് വെളിച്ചം വീശാനും സഹായിച്ച ഒന്നായിരുന്നു അത്. അതുകൊണ്ടുതന്നെ കേന്ദ്ര ഗവൺമെന്റ് മന്ത്രാലയത്തിൽ ഒരു പ്രവാസി വകുപ്പുണ്ടായി. കേരള സർവകലാശാല അന്താരാഷ്ട്ര പഠന കേന്ദ്രം ആരംഭിച്ചു. പഠന കേന്ദ്രത്തിലെ ഡയറക്ടർ പുതുശ്ശേരിയായിരുന്നു. ഇന്ത്യയ്ക്ക് അകത്തും പുറത്തുനിന്നുമുളള നിരവധി പ്രതിനിധികൾ പങ്കെടുത്ത ലോക മലയാള സമ്മേളനം അന്താരാഷ്ട്ര ശ്രദ്ധപിടിച്ചുപറ്റി എന്നു മാത്രമല്ല, തത്ഫലമായി 1983 ൽ അമേരിക്കയിലെ മലയാളികളുടെ “ഫൊക്കാന’ എന്ന സംഘടന രൂപീകരിക്കപ്പെട്ടു.

1971 ൽ ഗ്രന്ഥരൂപത്തിൽ പ്രസിദ്ധപ്പെടുത്തിയ ഗവേഷണ പ്രബന്ധമായ “കണ്ണശ്ശ രാമായണത്തിന്റെ വിവരണാത്മക പഠനം’, ഭാഷാപഠനത്തിന് ഏറെ സഹായകമായ “പ്രാചീനമലയാളം’ എന്ന കൃതി, 2007 ൽ പ്രസിദ്ധീകരിച്ച “കേരള ചരിത്രത്തിന്റെ അടിസ്ഥാനരേഖകൾ’, “കേരള പാണിനീയം എന്ന മലയാള വ്യാകരണവും വിമർശനങ്ങളും’ തുടങ്ങി പലകൃതികളും ഗവേഷണ വഴിയിലെ വിലപ്പെട്ട നേട്ടങ്ങളാണ്. സ്വാതന്ത്യ്രസമര പ്രവർത്തനങ്ങൾ കത്തിക്കാളി നിന്ന കാലത്താണ് വിദ്യാർഥി കോൺഗ്രസിലൂടെ തന്റെ പൊതുപ്രവർത്തനം ആരംഭിച്ചതെന്ന് അദ്ദേഹം തന്നെ സൂചിപ്പിച്ചിട്ടുണ്ട്. അക്കാലത്തുതന്നെ പ്രസംഗകലയിൽ തന്റെ പാടവം പ്രകടിപ്പിച്ചു തുടങ്ങിയിരുന്നു. ശ്രോതാക്കളെ ആവേശഭരിതരാക്കാൻ തക്ക ശക്തിമത്തായിരുന്നു ആ പ്രഭാഷണങ്ങൾ. മറ്റു പലരെയും പോലെ സ്വരാജ്യ സ്നേഹത്തിലൂന്നി ഗാന്ധിയൻ മനോഭാവത്തോടെ, സോഷ്യലിസ്റ്റ് ആശയങ്ങളിലൂടെ, കമ്യൂണിസ്റ്റ് പ്രത്യയശാസ്ത്രത്തിന്റെ പ്രകാശത്തിലേക്ക് കടന്നുവന്ന ഒരു പുരോഗമന മനസിന്റെ ഉടമയായിരുന്നു പുതുശ്ശേരി രാമചന്ദ്രൻ. പതിനാലാം വയസിൽ രാഷ്ട്രീയത്തിൽ ആകൃഷ്ടനാവുക മാത്രമല്ല, വിദ്യാർഥി സംഘടനയിലൂടെ പ്രവർത്തനവും തുടങ്ങിക്കഴിഞ്ഞിരുന്നു.

കൊല്ലം ശ്രീനാരായണ കോളജിൽ നടന്ന വിദ്യാർഥി സമരത്തെത്തുടർന്ന് അറസ്റ്റും പൊലീസ് മർദ്ദനവുമേൽക്കേണ്ടിവന്നു. ക്രമേണ പ്രാദേശിക രാഷ്ട്രീയ പ്രവർത്തനങ്ങളിൽ ഇടപെട്ട് പടിപടിയായി വള്ളിക്കുന്നത്തെ കമ്യൂണിസ്റ്റ് പാർട്ടിയുടെ പ്രാദേശിക നേതൃത്വത്തിലെത്തി. തോപ്പിൽ ഭാസിയുടെയും കാമ്പിശേരിയുടെയും മറ്റും സ്നേഹ സൗഹൃദങ്ങളും രാഷ്ട്രീയ വ്യക്തിത്വവും സ്വമനസിൽ നിറഞ്ഞുനിന്നു. ജന്മി-മുതലാളിത്ത ഫ്യൂഡൽ കാലത്തെ തന്റെ ചുറ്റുമുള്ള കർഷക-കർഷക തൊഴിലാളി സാധാരണ മനുഷ്യരുടെ അധ്വാനിക്കുന്ന നിസ്വവർഗത്തിന്റെ ധർമസങ്കടങ്ങളും കണ്ണുനീരും പുതുശ്ശേരിയിലെ കവി മനസിൽ മനുഷ്യസ്നേഹത്തിന്റെ തിരയിളക്കി. വിപ്ലവാവേശത്തിന്റെ കനലുകത്തി. പുതുശേരിയിലെ കവി ആവുന്നത്ര ഉച്ചത്തിൽ പാടിത്തുടങ്ങി. ഗ്രാമീണ ഗായകന്റെ സംഗ്രാമപ്പാട്ടുകൾ കൂടിയായ ആ കവിതകൾ സമൂഹമനസിൽ ഒഴുകിയെത്തി. കൊല്ലം ശ്രീ നാരായണ കോളജിലെ വിദ്യാർഥി സമരത്തെ അടിച്ചമർത്താൻ പൊലീസ് നടത്തിയ ക്രൂരമർദ്ദനം ഏൽക്കേണ്ടിവന്നപ്പോൾ ആ മർദ്ദനത്തിന്റെ മാനസികാഘാതത്തിൽ പുതുശ്ശേരി ഇങ്ങനെ പാടി:

ആ മർദ്ദനത്തിന്റെയാദ്യത്തെ വാർഷിക-

മാണിന്നുയരുക രക്തനക്ഷത്രമേ!

നീയെന്റെ കൈത്തിരിയാ, ണെന്റെ ജീവിത-

യാനം നിയന്ത്രിച്ച കൈചൂണ്ടിയാണു നീ

തൂകി വെളിച്ചമെൻ ജീവിതപ്പാതയി-

ലാകെ വെളിച്ചം വിതയ്ക്കും വെളിച്ചമേ!

നിന്നെ മാനിക്കുവാനില്ലെങ്കി, ലില്ലെങ്കി-

ലില്ലെനിക്കൊട്ടും കവിതയും ഗാനവും

ആവുന്നിടത്തോളമുച്ചത്തിലുത്തച്ചത്തി-

ലാ വെളിച്ചത്തിൻ കവിത പാടട്ടെ ഞാൻ

സ്വർഗലോകത്തിൻ പണിത്തിരക്കിൽപ്പെട്ടു

വർഗബോധം കെട്ടു ഞങ്ങൾ സുരാസുര

യുദ്ധതന്ത്രം പയറ്റുന്നു

സ്നേഹനദിവറ്റിക്കരിഞ്ഞൊരീണങ്ങളിൽ

മോഹനദി കത്തിയെരിയുന്നു.

ഞങ്ങളൊരു മരുഭൂമിയായി വളരുന്നു

ഞങ്ങളൊരു ചുടുകാടുപോലെയെരിയുന്നു. ”

വർത്തമാനകാല മനുഷ്യന്റെ ആത്മസ്പന്ദനമാണിത്. നവയുഗപ്പിറവിക്ക് ദാഹിക്കുന്ന ഒരു കവിയുടെ അന്തർദാഹമാണ് നമ്മിൽ പകരുന്നത്. ശക്തിയെ ഉപാസിക്കുന്ന കവിയെന്നാണ് പുതുശ്ശേരിയെ നിരൂപകർ വിശേഷിക്കുന്നത്. സർഗശക്തിയുടെ പൂജാരിയാണദ്ദേഹം. യാഥാർഥ്യങ്ങളുടെ നേർക്ക് കണ്ണടയ്ക്കാതെ വസ്തുതകളെ വസ്തുതകളായി കാണുകയും പ്രതികരിക്കുകയും ചെയ്യുക പുതുശ്ശേരിയുടെ പ്രത്യേകതയായിരുന്നു. കമ്യൂണിസ്റ്റ് ദർശനചക്രവാളത്തിൽ കുങ്കുമപ്രഭാത പിറവിക്ക് സ്വപ്നം കണ്ടവരുടെ ചങ്കു തകർത്ത 1964 ലെ രാഷ്ട്രീയ ദുരന്തം പുതുശ്ശേരിയിലെ കമ്യൂണിസ്റ്റ്കാരനേയും നൊമ്പരപ്പെടുത്തി. കേരള സാഹിത്യ അക്കാദമി വിശിഷ്ടാംഗത്വം നൽകി ആദരിച്ചു. 2015 ലെ എഴുത്തച്ഛൻ പുരസ്കാരം ഉൾപ്പെടെ നാൽപതിൽപരം അവാർഡുകൾ അദ്ദേഹത്തെ തേടിയെത്തിയെങ്കിലും ഒരപൂർണത മലയാളം തിരിച്ചറിയുന്നു. ഒരേ വഴിയിൽ സഞ്ചരിച്ചവരും ഒരേ സ്വപ്നം കണ്ടിരുന്നവരുമായ വയലാറിന്റെയും പുതുശ്ശേരിയുടെയും ആത്മബന്ധം സുദൃഢമായിരുന്നു. ആത്മമിത്രത്തിന്റെ പേരിലുള്ള പുരസ്കാരം പുതുശ്ശേരിക്ക് ലഭിച്ചില്ല. വയലാർ ദുഃഖിക്കുന്നുണ്ടാവും. സെപ്തംബർ 23ന് നവതിയിലേക്ക് പ്രവേശിച്ച മഹാഗുരുനാഥനായ ശ്രേഷ്ഠകവി ഇപ്പോൾ മാധവഗീതയുടെ സാദൃശ്യമുള്ള തമിഴിലെ “പട്ടന്നൂർ ഗീത’യെ പ്പറ്റിയുള്ള പഠനത്തിൽ മുഴുകിയിരിക്കുന്നു. കാവ്യ സംസ്കൃതിയുടെ ഈ നിലയ്ക്കാ പ്രവാഹത്തിൽ നമുക്ക് തീർഥസ്നാനം ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.