Friday
19 Jul 2019

സ്വപ്‌നത്തില്‍ ഭയന്നലറുന്ന അമൂല്‍ കുഞ്ഞുങ്ങള്‍

By: Web Desk | Friday 12 April 2019 10:34 PM IST


Valsan Ramamkulath

 

 

 

വത്സന്‍ രാമംകുളത്ത്‌

രാജ്യം അതിനിര്‍ണായകമായ തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ അമൂല്‍ കുഞ്ഞുങ്ങള്‍ സ്വപ്‌നത്തില്‍ ഭയന്നു നിലവിളിക്കുകയാണ്. കണ്ണടച്ചാല്‍ ദുഷ്ടപിശാചുക്കളെക്കാണുന്ന കുഞ്ഞുമനസാണ് ഇപ്പോഴും. വോട്ടടുക്കുന്തോറും മരണമണി കേള്‍ക്കുന്നതുപോലെയാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്കും പരിചാരങ്ങള്‍ക്കും. മാധ്യമങ്ങളും പാരമ്പര്യവാദികളും നല്‍കുന്ന അമിത രാജകീയതയും താരപ്പരിവേഷവും അനുഭവിച്ചു ശീലിച്ചതുകൊണ്ടാവാം ഈ ഭീതി. കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്മാര്‍ കീഴ്‌വഴക്കം പാലിച്ച് രണ്ടാം മണ്ഡലം തെരഞ്ഞെടുക്കുക പതിവാണ്. ദേശീയ രാഷ്ട്രീയത്തില്‍ ബിജെപിയാണ് മുഖ്യ ശത്രുവെന്ന് പ്രഖ്യാപിക്കുകയും വയനാട് കമ്യൂണിസ്റ്റ് പാര്‍ട്ടിക്കുനേരെ ഈസി വാക്കോവറെന്ന ധാരണയോടെ പത്രിക നല്‍കുകയും ചെയ്തത് ഏറെ വിമര്‍ശനങ്ങള്‍ക്കാണ് പാത്രമായത്. പരമ്പരാഗത മണ്ഡലമായ ഉത്തര്‍പ്രദേശിലെ അമേഠിയില്‍ നിന്ന് ബിജെപിയെ ഭയന്നോടിയെന്നതാണ് രാഷ്ട്രീയ വിമര്‍ശനം. അതിനെ ഗൗരവത്തില്‍ കാണാന്‍ കേരളത്തിലെ കോണ്‍ഗ്രസുകാര്‍ക്കാവില്ലെന്നത് വസ്തുതയാണ്. ഇവിടത്തെ മുന്നണി സംവിധാനങ്ങളും തെരഞ്ഞെടുപ്പുകളും അതിനുദാഹരണങ്ങളാണ്. പക്ഷെ വടക്കേ ഇന്ത്യയില്‍ കോണ്‍ഗ്രസ് പോലുള്ള മതേതര കക്ഷി നേരിടുന്നത് വലിയ വെല്ലുവിളിയാണ്.

അമേഠിയില്‍ തലയ്ക്കുനേരെ തോക്കിന്‍ നിഴല്‍ പതിച്ചതായൊരു തോന്നല്‍ വെറുതെയുണ്ടായതല്ല. രാഹുലിനും കോണ്‍ഗ്രസിനും ഉണ്ടായത് മരണഭയവുമല്ല. വയനാട് ഇടതുമുന്നണി സംഘടിപ്പിച്ചുകൊണ്ടിരിക്കുന്ന കിസാന്‍ പാര്‍ലമെന്റും ലോങ്മാര്‍ച്ചും അമേഠിയിലെ ലേസര്‍ പോയിന്റും ഉന്നം വയ്ക്കുന്നത് രാഹുലിന്റെ കനത്ത പരാജയമാണ്.  തെരഞ്ഞെടുപ്പും തെരഞ്ഞെടുപ്പിന്റെ രാഷ്ട്രീയവും അതിന്റെ പ്രചാരണപരിപാടികളും ഇന്നും ഇന്നലെയും തുടങ്ങിയതല്ല. രാഹുല്‍ യുഗത്തോടെയാണ് കോണ്‍ഗ്രസ് അതിന്റെ പാരമ്പര്യവും രാഷ്ട്രീയവും മറന്ന് പൂരക്കളി ആരംഭിച്ചത്. ഉദ്യോഗസ്ഥ നിയമനത്തിനെന്ന കണക്കെ പരീക്ഷയും കൂടിക്കാഴ്ചയും കോണ്‍ഗ്രസിനെ ആഘോഷമാക്കിയോ എന്ന് അവരുടെ നേതൃത്വമാണ് പരിശോധിക്കേണ്ടത്. കോണ്‍ഗ്രസിലെ പുതുതലമുറ നേതാക്കളുടെ പ്രതികരണങ്ങള്‍ രാഷ്ട്രീയ വേദികളില്‍ വെറുപ്പുളവാക്കുന്നു.
രാഹുലിന്റെ സ്ഥാനാര്‍ഥിത്വം വന്നതോടെ വയനാട്ടില്‍ നിന്ന് ഇടതു സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്ന് വി എം സുധീരന്‍ മുതല്‍ താഴോട്ടും മേലോട്ടും പറഞ്ഞുപോകുന്നിടത്ത് എന്ത് യുക്തിയാണുള്ളത്. ദേശീയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ അധ്യക്ഷനെന്ന പരിഗണനയാണ് തെരഞ്ഞെടുപ്പ് ഗോദയില്‍ എതിരാളികള്‍ രാഹുലിന് നല്‍കുന്നത്. മാധ്യമങ്ങളില്‍ ചിലര്‍ രാഹുലിന് നല്‍കുന്ന രാജകീയ പരിവേഷം കണക്കിലെടുത്ത് വോട്ടുചോദ്യവും രാഷ്ട്രീയം പറച്ചിലും അവസാനിപ്പിച്ച് സ്ഥാനാര്‍ഥിയെ പിന്‍വലിക്കണമെന്ന് പറയുന്നത് വലിയ പാരമ്പര്യത്തിന്റെ പതനം കൂടിയാണ്.

‘വോട്ട് ചോദിക്കും മുമ്പ് വയനാട്ടുകാരോട് മാപ്പ് ചോദിക്കുമോ? എന്ന ഇടതുമുന്നണിയുടെ ക്യാമ്പയിനാണ് ഏറ്റവുമൊടുവില്‍ വയനാട്ടില്‍ കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുന്നത്. ബിജെപിയെ എതിര്‍ക്കുന്നവര്‍ എന്തിന് രാഹുലിനെതിരെ സമരം നടത്തുന്നുവെന്നാണ് കോണ്‍ഗ്രസിലെ പുതു ചോറുണ്ണുന്നവരുടെ സംശയം. മൂത്ത കോണ്‍ഗ്രസുകാരിലും അതേറ്റുപാടുന്നവരുണ്ട്. അത്തരമൊരു ഭയം വയനാട്ടിലെ ഇടതുമുന്നണി സ്ഥാനാര്‍ഥിയുടെ പ്രധാന എതിരാളിയിലും അവരുടെ പാളയത്തിലും ഉണ്ടാക്കാനായെന്നതാണ് വിജയം.
ദേശീയ രാഷ്ട്രീയം കൈകാര്യം ചെയ്യുന്ന കോണ്‍ഗ്രസ് അധ്യക്ഷനോട് പത്ത് ചോദ്യങ്ങളുയര്‍ത്തിയാണ് വയനാട്ടില്‍ ഇടത് പക്ഷത്തോട് ഐക്യപ്പെടുന്ന കര്‍ഷകരെല്ലാം ഉന്നയിക്കുന്നത്. ചോദ്യം ദേശീയമാണെങ്കിലും ഉത്തരം വയനാട്ടില്‍ തന്നെ വേണമെന്നത് യാഥൃശ്ചികം. കോണ്‍ഗ്രസ് നയങ്ങള്‍ മൂലം വയനാട്ടിലെയും നൂറുകണക്കിന് കര്‍ഷകരാണ് ആത്മഹത്യ ചെയ്തത്. അതേ നയങ്ങള്‍ തന്നെയാണ് ഇന്നും കോണ്‍ഗ്രസ് തുടരുന്നത്. അതല്ലെന്ന് രാഹുല്‍ ഗാന്ധിക്ക് വയനാട്ടില്‍ പറയാനാവില്ല. കോണ്‍ഗ്രസ് തുടങ്ങിവച്ച നവ ഉദാരവല്‍ക്കരണ ആഗോളവല്‍ക്കരണ നയങ്ങളും ആസിയന്‍ കരാറുമാണ് കര്‍ഷകരെ ആത്മഹത്യയിലേക്ക് നയിച്ചത്. ഈ നയങ്ങള്‍ ഇതുവരെ തിരുത്തുമെന്ന് കോണ്‍ഗ്രസോ ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിക്കുന്ന രാഹുല്‍ഗാന്ധിയോ പറഞ്ഞിട്ടില്ല. നയങ്ങള്‍ തുടരുന്നിടത്തോളം കര്‍ഷകര്‍ പ്രതിസന്ധിയില്‍ തന്നെയാവും.

ഒരുവേള സമ്പത്‌സമൃദ്ധിയിലായിരുന്നു വയനാട്ടിലെ കാര്‍ഷിക മേഖല. അതെല്ലാം തകര്‍ത്തത് കോണ്‍ഗ്രസാണെന്നാണ് കര്‍ഷകസാക്ഷ്യം. കാര്‍ഷിക തകര്‍ച്ചയും ഉല്‍പ്പന്ന വിലയിടിവും കടബാധ്യതകളും മൂലം രാജ്യത്ത് ആത്മഹത്യ ചെയ്യുന്ന കര്‍ഷകരുടെ നാടായി വയനാടിനെ മാറ്റുകയായിരുന്നു. അതുകൊണ്ടുതന്നെ വയനാട്ടിലെ കര്‍ഷകര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് മറുപടി പറയാനുള്ള കടമ അവിടെ മത്സരിക്കുന്ന സ്ഥാനാര്‍ഥിക്കുണ്ട്. ആ കടമ നിറവേറ്റാന്‍ വോട്ടു ചോദിക്കാനിറങ്ങുന്ന പ്രവര്‍ത്തകര്‍ക്കാവില്ലെങ്കിലും കോണ്‍ഗ്രസ് അധ്യക്ഷനായ രാഹുല്‍ ഗാന്ധിക്കാവണം. കര്‍ഷകര്‍ക്കിടയിലേക്ക് ഇറങ്ങാനാവാത്ത സ്ഥിതിയാണ് ദേശീയമായി കോണ്‍ഗ്രസിനുള്ളത്.  ബിജെപിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരും കോണ്‍ഗ്രസ് നയങ്ങള്‍ തുടരുകയാണ് ചെയ്തത്. പുതിയ ആര്‍സിഇപി കരാര്‍ കര്‍ഷകരെ കൂടുതല്‍ ദുരിതത്തിലാക്കാന്‍ പോകുകയാണ്. ബിജെപി കൊണ്ടുവന്ന ഈ കരാറിനെ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പിന്തുണക്കുകയായിരുന്നു. ഇതോടെ പച്ചക്കറി ഉള്‍പ്പെടെ സര്‍വതും ഇറക്കുമതി ചെയ്യുന്ന അവസ്ഥാണ് രാജ്യത്തുണ്ടാവുന്നത്. പച്ചക്കറി ഉല്‍പാദനത്തിലേര്‍പ്പെട്ട കര്‍ഷകരും ആത്മഹത്യാമുനമ്പിലാണ്.
കര്‍ഷകര്‍ക്ക് എന്നും താങ്ങായി നിന്നത് ഇടതുപക്ഷമാണ്. 2005ല്‍ കേരളത്തില്‍ അധികാരത്തില്‍ വന്ന വി എസ് അച്യുതാനന്ദന്റെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ എടുത്ത നടപടികളുടെ ഭാഗമായാണ് അന്ന് വയനാട്ടിലെ കര്‍ഷക ആത്മഹത്യ ഇല്ലാതാക്കിയത്. ജപ്തി ഇല്ലാതാക്കുകയും കാര്‍ഷിക കടാശ്വാസ കമ്മിഷന്‍ രൂപീകരിച്ച് കടങ്ങള്‍ ഇല്ലാതാക്കുകയും ചെയ്തു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്ന വന്‍ കര്‍ഷക പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കിയതും ഇടതുപക്ഷമാണ്. ഇതെല്ലാം മറച്ചുവച്ച് കേവലം കവലപ്രസംഗത്തിലൂടെ മുടന്തന്‍ ന്യായങ്ങളാണ് തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസും യുഡിഎഫും നിരത്തുന്നത്.
വയനാടും അമേഠിയും രാഹുലിനെയും കോണ്‍ഗ്രസിനെയും വിയര്‍പ്പിക്കുന്നതിനുപിന്നില്‍ നിലപാടുകുറവാണ്. രാജ്യത്ത് ബിജെപിക്ക് ബദലായി മാറാന്‍ കോണ്‍ഗ്രസിന് കഴിയുന്നില്ലെന്ന് ആവര്‍ത്തിക്കുകയാണവര്‍. വയനാടിനെ പാകിസ്ഥാനോടുപമിച്ച് അമിത്ഷാ നടത്തിയ പരാമര്‍ശത്തിനെതിരെ നാവനക്കാന്‍ യുഡിഎഫ് സ്ഥാനാര്‍ഥി എന്നതിലുപരി കോണ്‍ഗ്രസ് പ്രസിഡന്റ് എന്ന നിലയ്ക്കുപോലും രാഹുല്‍ ഗാന്ധി തയ്യാറായില്ല. കോണ്‍ഗ്രസിനെയല്ല ബിജെപി ഭയക്കുന്നതെന്ന വസ്തുതയാണ് അമിത്ഷായുടെ പ്രസ്താവനകളും തെളിയിക്കുന്നത്. കേരളം പോലുള്ള രാഷ്ട്രീയ സമ്പന്നമായ സംസ്ഥാനത്ത് ഇടതുപക്ഷത്തിന് ഉള്ള പൊതു സ്വീകാര്യതയും വിജയപ്രതീക്ഷകളും തെല്ലൊന്നുമല്ല ബിജെപിയെ അലട്ടുന്നത്. ദേശീയമായി അപ്രസക്തമാവുകയാണ് ബിജെപി. ഈയൊരു സാഹചര്യത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റില്‍ സംഘപരിവാര്‍ ഭയക്കുന്നത് ഇടതുപക്ഷ ശക്തിയെയാണ്.

ഒരു സംസ്ഥാനങ്ങളിലും ബിജെപിയും കോണ്‍ഗ്രസും പ്രധാന ശക്തികളായി തെരഞ്ഞെടുപ്പിനെ നേരിടുന്നില്ലെന്നതാണ് സംഘപരിവാര്‍ ഭയത്തിനാധാരം. ഇടതുമുന്നണിയുടെ ആശയങ്ങളുടെ ബലത്തില്‍ പ്രാദേശിക കക്ഷികളുടെ ഐക്യനിരയാണ് ഇവര്‍ക്ക് വെല്ലുവിളി. ഈ തിരിച്ചറിവ് കോണ്‍ഗ്രസിനും ഉണ്ടെന്നതിന്റെ തെളിവാണ് പശ്ചിമബംഗാളിലെ തെരഞ്ഞെടുപ്പ് കൂട്ടുകെട്ടിനുവേണ്ടിയുള്ള ചര്‍ച്ചകളില്‍ അവരെടുത്ത നിലപാടുകള്‍. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഉത്തരം കിട്ടാത്ത ഒരുപാടു ചോദ്യങ്ങള്‍ക്ക് നടുവിലായിരിക്കും കോണ്‍ഗ്രസും ബിജെപിയുമെന്നതാണ് പുതിയ രാഷ്ട്രീയ വര്‍ത്തമാനം.