എം എസ്‌ രാജേന്ദ്രൻ

ലോക ജാലകം

March 02, 2020, 5:35 am

യൂറോപ്പ് ഒരു നാഥനില്ലാ കളരിയായി മാറുന്നുവോ

Janayugom Online

ലോകചരിത്രത്തില്‍ യൂറോപ്പിനുള്ള സ്ഥാനം എത്ര വര്‍ണിച്ചാലും അധികമാവില്ല. നീരാവി യന്ത്രങ്ങള്‍ ചലിപ്പിക്കാനുള്ള ശക്തി കണ്ടുപിടിച്ച് വ്യാവസായിക വിപ്ലവത്തിന് തുടക്കം കുറിച്ച ഇംഗ്ലണ്ടിനാണ് പ്രഥമവും പ്രധാനവുമായ സ്ഥാനം. ആഫ്രിക്കയുടെ ഗുഡ്ഹോപ്പ് മുനമ്പ് ചുറ്റിയുള്ള ഒരു നാവിക ഗതാഗത മാര്‍ഗം കണ്ടുപിടിച്ച പോര്‍ച്ചുഗലിന്റെ വാസ്കോ ഡ ഗാമയാണ് ഏഷ്യയിലേക്കുള്ള നാവിക ഗതാഗത മാര്‍ഗം തുറന്ന് കോളനിവല്‍ക്കരണത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. മറുവശത്ത് സ്പെയിനില്‍ നിന്ന് അമേരിക്കന്‍ തീരത്തേക്ക് ഒരു വഴി തുറന്ന കൊളംബസും ഗാമയും ചേര്‍ന്നാണ് യൂറോപ്യന്‍ ശക്തികളുടെ കോളനി യുഗം ഉദ്ഘാടനം ചെയ്തത്. ഗാമയാണ് ഈ നാവിക ഗതാഗതത്തിന്റെ ഉദ്ഘാടനം നടത്തിയതെങ്കിലും പോര്‍ട്ടുഗലിന് ഇന്ത്യയില്‍ ഗോവയും മറ്റ് രണ്ട് തുരുത്തുകളും മാത്രമേ കൈവശപ്പെടുത്താന്‍ കഴിഞ്ഞുള്ളു. ഇംഗ്ലണ്ടിന്റെ ഈസ്റ്റ് ഇന്ത്യാ കമ്പനിയാണ് ഇന്ത്യയുടെ സിംഹഭാഗത്തും ആധിപത്യം സ്ഥാപിച്ച് ഇംഗ്ലണ്ടിന്റെ കോളനിയാക്കി മാറ്റിയത്.

അമേരിക്കന്‍ തീരത്ത് ആദ്യമെത്തിയ കൊളംബസിന്റെ രാജ്യമായ സ്പെയിനാണ് തെക്കേ അമേരിക്കയില്‍ കൂടുതല്‍ പ്രദേശങ്ങള്‍ വെട്ടിപ്പിടിച്ചെടുത്തത്. സ്പെയിനും പോര്‍ട്ടുഗലുമാണ് തെക്കേ അമേരിക്കയില്‍ കൂടുതല്‍ വെട്ടിപ്പിടിത്തം നടത്തിയതെങ്കിലും ഇംഗ്ലണ്ട് (ഗ്രേറ്റ് ബ്രിട്ടന്‍) ആണ് സൂര്യന്‍ അസ്തമിക്കാത്ത ഒരു കോളനിവാഴ്ച സ്ഥാപിച്ചെടുത്തത്. ബെല്‍ജിയം, നെതര്‍ലന്‍ഡ്, ഡച്ച് തുടങ്ങിയ മറ്റ് യൂറോപ്യരും അവരുടെ കൊക്കിലൊതുങ്ങുന്നത്ര പ്രദേശങ്ങള്‍ തങ്ങളുടെ അധീനതയില്‍ സ്ഥാപിച്ചെടുത്തു. നോര്‍വെ, ഡന്മാര്‍ക്ക്, സ്വീഡന്‍ എന്നീ സ്കാന്‍ഡ്നേവിയന്‍ രാജ്യങ്ങള്‍ ഒഴികെ മറ്റ് ഏതാണ്ടെല്ലാവരും കോളനി ഉടമകളായി മാറിയിരുന്നു. ഇവരെല്ലാവരും ചേര്‍ന്ന് ലോകത്തെ പങ്കിട്ടെടുക്കുകയാണുണ്ടായത്. ഇവര്‍ക്കുശേഷം 1934 ല്‍ ജര്‍മ്മനിയില്‍ അധികാരത്തിലെത്തിയ അഡോള്‍ഫ് ഹിറ്റ്ലര്‍ മറ്റെല്ലാ ഭൂപ്രദേശങ്ങളും ഒറ്റയടിക്ക് വെട്ടിപ്പിടിക്കാന്‍ 1939 ല്‍ ആരംഭിച്ച രണ്ടാം ലോകമഹായുദ്ധത്തില്‍ ഏതാണ്ട് പൂര്‍ണമായി വിജയിച്ചുകൊണ്ടിരുന്നപ്പോഴും ആ അധികാര ദുര്‍മോഹിയെ ഏതാണ്ടൊറ്റയ്ക്ക് സോവിയറ്റ് റഷ്യ പരാജയപ്പടുത്തിയപ്പോള്‍ മാത്രമാണ് യൂറോപ്യന്‍ കൊളോണിയൽ ശക്തികളുടെ ചിറകറ്റുപോയതും കോളനികള്‍ ഒന്നൊന്നായി സ്വാതന്ത്ര്യം നേടി കോളനി വാഴ്ചയുടെ യുഗത്തിന് അന്ത്യം കുറിച്ചതും.

ഇക്കാലമത്രയും കോളനികളുടെ സമ്പത്ത് കൊള്ളയടിച്ച് പള്ളവീര്‍പ്പിച്ചിരുന്ന യൂറോപ്പിന്റെ സമ്പല്‍സമൃദ്ധിയും അതോടെ അവസാനിച്ചു. അങ്ങനെ യുദ്ധാവസാനത്തില്‍ കോളനിവാഴ്ചക്കാരെല്ലാം ഓടിത്തളര്‍ന്ന കിഴട്ടുകുതിരകളായി മാറിയപ്പോള്‍ യുദ്ധത്തില്‍ കാര്യമായ പരിക്കുകളൊന്നും ഏല്‍ക്കാതെ തടിച്ചു കൊഴുത്തുകൊണ്ടിരുന്ന യുഎസ്എ എന്ന അമേരിക്ക, സോവിയറ്റ് യൂണിയനെപ്പറ്റിയുള്ള ഒരു സാങ്കല്പിക ഭീതി സൃഷ്ടിച്ച് ‘രക്ഷകനായി’ മാറുകയും ലോകത്തെയാകെ ചൂഷണം ചെയ്ത് ഒരു ലോകമഹാശക്തിയായി വളരുകയുമാണ് ചെയ്തത്. സോവിയറ്റ് യൂണിയനെപ്പറ്റി ഭീതിയുടെ പുകമറ സൃഷ്ടിച്ചുകൊണ്ടാണ് അമേരിക്ക ലോക ചാമ്പ്യനായതെങ്കിലും സോവിയറ്റ് യൂണിയന്‍ ഒരൊറ്റ രാജ്യത്തിനുപോലും എതിരായി യാതൊരു കരുനീക്കവും നടത്തിയില്ലെന്ന് മാത്രമല്ല ഇന്ത്യയെപ്പോലുള്ള രാജ്യങ്ങള്‍ക്ക് സ്വന്തം കാലില്‍ നില്‍ക്കാന്‍ കഴിയുമാറ് ഘനവ്യവസായങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ എല്ലാവിധ സഹായവും ചെയ്തുകൊടുക്കുകയാണ് ഉണ്ടായത്. സോവിയറ്റ് ഭീഷണിയുടെ ഉമ്മാക്കി സൃഷ്ടിച്ചുകൊണ്ട് ആ ഭീഷണിക്ക് തടയിടാനെന്ന പേരില്‍ ‘നാറ്റൊ’ എന്ന സൈനിക സഖ്യത്തിനും അമേരിക്ക രൂപം കൊടുത്തു. ‘നാറ്റൊ‘യുടെ പട്ടാളക്കാരെ പോറ്റുന്നതിനുള്ള ചെലവിന്റെ ഭാരവും യൂറോപ്പിന് താങ്ങേണ്ടിവന്നു. ‘സിയാറ്റൊ’, ‘സെന്റോ’ തുടങ്ങിയ സൈനിക സഖ്യങ്ങള്‍ക്കും അമേരിക്ക രൂപം നല്‍കിയിരുന്നു. ബന്ധപ്പെട്ട രാജ്യങ്ങളുടെ സുരക്ഷയെക്കാള്‍ അമേരിക്കയുടെ ധാര്‍ഷ്ട്യമാണ് ഇതെല്ലാംവഴി ശക്തിപ്പെട്ടതെന്ന് ആ രാജ്യങ്ങളിലെ ജനങ്ങള്‍ക്ക് ബോധ്യമായിട്ടുണ്ട്. അങ്ങനെ അരനൂറ്റാണ്ടിന് ശേഷമാണ് അമേരിക്കയുടെ ‘സംരക്ഷണ’ത്തില്‍ കഴിഞ്ഞിരുന്ന യൂറോപ്പിലെ 28 രാജ്യങ്ങള്‍ക്ക് ഒറ്റയ്ക്കൊറ്റയ്ക്കുള്ള നിലനില്‍പ് വേണമെന്ന് തോന്നിത്തുടങ്ങിയത്. അപ്പോഴാണ് യൂറോപ്പിന് ഒന്നിച്ചു നില്‍ക്കാനുള്ള മോഹം തലപൊക്കാന്‍ തുടങ്ങിയത്. ഈ സഹസ്രാബ്ദത്തിന്റെ തുടക്കമായപ്പോഴേക്ക്, 2000 ല്‍ ആ ആഗ്രഹം സഫലമായി വരുന്നുണ്ടായിരുന്നു. യൂറോപ്യന്‍ സാമ്പത്തിക സമൂഹം ഇഇസി എന്ന സംഘടനാരൂപത്തോടൊപ്പം മറ്റ് പലവിധ യൂണിയനുകളും ഇതിന്റെ ഭാഗമായി രൂപംകൊണ്ടു. 2000-ാം ആണ്ട് പിറന്നതോടെ യൂറോപ്യന്‍ യൂണിയന്‍ എന്ന ഏകീകകൃത രാഷ്ട്രസമുച്ചയത്തിന് ജന്മം കൊടുക്കാനും അവര്‍ക്ക് സാധിച്ചു. യൂറോപ്യന്‍ സാമ്പത്തിക സമൂഹം (ഇഇസി) എന്ന നിലയിലായിരുന്നു ഇതിന്റെ തുടക്കം. 1994 വരെ ആ പേരിലായിരുന്നു അത് അറിയപ്പെട്ടത്. യൂറോപ്യന്‍ പൊതുവിപണി തുടങ്ങിയ മൂന്നു സംഘടനകള്‍‍ ലയിച്ചാണ് ഇയു എന്ന സംഘടനയായി അത് വളര്‍ന്നത്. തുടക്കത്തില്‍ 28 ‍രാജ്യങ്ങളില്‍ പകുതിയോളം രാജ്യങ്ങള്‍ മാത്രമേ ഇതില്‍ അംഗങ്ങളായിരുന്നുള്ളു. ഇംഗ്ലണ്ട് (ഗ്രേറ്റ്‍ ബ്രിട്ടന്‍) തുടക്കം മുതല്‍ പാതിമനസോടെയാണ് ഇയുവില്‍ പ്രവേശിച്ചത്.

ഒടുവില്‍ ഇതില്‍ ചേര്‍ന്നപ്പോഴും സ്വന്തം കറന്‍സിയായ പവന്‍ (പൗണ്ട്) അവര്‍ മുറുകെ പിടിച്ചിരുന്നു. മറ്റ് ചില രാജ്യങ്ങളും ഇയുവിനെ സ്വന്തം കറന്‍സിയാക്കാന്‍‍ മടിച്ചുനിന്നു. ഇപ്പോള്‍ ഈ യൂണിയന്റെ വിഘടനത്തിന്റെ തുടക്കമെന്ന പോലെ കഴിഞ്ഞ ഒക്ടോബര്‍ 30 മുതല്‍ക്ക് ബ്രിട്ടന്‍ ഇയുവില്‍ നിന്ന് പിരിഞ്ഞു പോന്നിരിക്കുകയാണ്. നോര്‍വെ തുടങ്ങിയ മറ്റ് പല രാജ്യങ്ങളും അറച്ചറച്ച രീതിയിലാണ് ഇയുവിനെ സമീപിച്ചത്. ബ്രിട്ടന്‍ വിട്ടുപോന്നതിനു ശേഷമുള്ള ഇയുവിന്റെ ഭാവിയെ ആശങ്കയോടെയാണ് എല്ലാവരും വീക്ഷിക്കുന്നത്. ജര്‍മ്മന്‍ ചാന്‍സലര്‍ ആംഗെലാ മെര്‍ക്കല്‍ ആയിരുന്നു ഇയുവിന്റെ ജീവനാഡി. നാലാം പ്രാവശ്യവും ആംഗെലാ മെര്‍ക്കല്‍ ഇതില്‍ നേതൃത്വപരമായ പങ്കുവഹിച്ചെങ്കിലും അവര്‍ തല്‍സ്ഥാനത്ത് നിന്ന് പിന്‍വാങ്ങുന്നതോടെ ഈ നേതൃത്വപരമായ പങ്ക് ആരു വഹിക്കുമെന്ന് നിശ്ചയമില്ലാത്ത സ്ഥിതിയാണ് നിലവിലുള്ളത്. ഫ്രാന്‍സിന്റെ പ്രസിഡന്റ് ഇമാനുവേല്‍ മാക്രോണ്‍ ആ പങ്കുവഹിക്കുമെന്നാണ് എല്ലാവരും പ്രതീക്ഷിച്ചിരുന്നതെങ്കിലും അദ്ദേഹവും ഇപ്പോള്‍ ഇക്കാര്യത്തില്‍ വലിയ ആവേശം കാണിക്കുന്നില്ല. അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് ഇയുവിനോടുള്ള സമീപനമാണ് മാക്രോണിന്റെ ആവേശക്കുറവിന് കാരണം. ഇയുവിന്റെ ജന്മത്തില്‍ ഒരു മിഡ്‌വൈഫിന്റെ (വയറ്റാട്ടി) കൃത്യം നിര്‍വഹിച്ചിരുന്ന അമേരിക്കയുടെ ഇപ്പോഴത്തെ പ്രസിഡന്റ് ട്രംപിന് ഇപ്പോള്‍ ഇക്കാര്യത്തില്‍ പഴയ ഉത്സാഹമില്ലാത്തതാണ് പ്രസിഡന്റ് മാക്രോണിന്റെ നിലപാടു മാറ്റത്തിന് കാരണമെന്ന് പറയപ്പെടുന്നുണ്ട്. ഇപ്രകാരം നാലു നൂറ്റാണ്ടുകാലത്തോളം കൊച്ച് യൂറോപ്പ് പ‍ഞ്ചഭൂഖണ്ഡങ്ങളെയും അടക്കിവാണിരുന്നെങ്കിലും ഇപ്പോള്‍‍ സ്വന്തം നിലനില്പിനുള്ള മാര്‍ഗത്തെപ്പറ്റിയാണ് അക്കൂട്ടര്‍ ആലോചിച്ചുകൊണ്ടിരുന്നത്; പ്രത്യേകിച്ചും ഇംഗ്ലണ്ട് ഇയുവില്‍ നിന്ന് വിട്ടുപോയതോടെ. ഇംഗ്ലണ്ടില്‍ നിന്നുപോലും ഉന്നതവിദ്യാഭ്യാസമുള്ളവര്‍ പുതി­യ മേച്ചില്‍പ്പുറങ്ങള്‍ തേടിക്കൊണ്ട് അമേരിക്കയിലേക്ക് ചേക്കേറിക്കൊണ്ടിരിക്കുകയാണ്. പക്ഷെ അമേരിക്കയിലെ തൊഴില്‍ കമ്പോളത്തിനുപോലും പരിധികള്‍ ഉണ്ട്. അതിനാല്‍ ആ വന്‍കിട രാജ്യത്തുപോലും പുതിയ കുടിയേറ്റക്കാരെ രണ്ടുകൈയും നീട്ടി സ്വീകരിക്കാന്‍ ആരും സന്നദ്ധത കാണിക്കുന്നില്ല. യന്ത്രമനുഷ്യരുടെ ആവിര്‍ഭാവവും എല്ലായിടങ്ങളിലും തൊഴില്‍ കമ്പോളത്തിന് ഭീഷണി ഉയര്‍ത്താന്‍ തുടങ്ങിയിട്ടുമുണ്ട്.

ഇതിനിടയില്‍, മുതലാളിത്ത ലോകത്തിന്റെ സാമ്പത്തിക വളര്‍ച്ചയ്ക്ക് അടിത്തറ പാകിയെന്ന് കരുതപ്പെടുന്ന സ്വതന്ത്ര വ്യാപാരത്തിന്റെ കടയ്ക്കല്‍ കത്തിവച്ചുകൊണ്ടിരിക്കുകയാണ് പലരും. ചൈനയുടെ രംഗപ്രവേശത്തെയാണ് ഇപ്പോള്‍ അമേരിക്ക ഉള്‍പ്പെടെയുള്ളവര്‍ ഭയപ്പെടുന്നത്. സോവിയറ്റ് യൂണിയനില്‍ നിന്ന് ചൈനയെ അടര്‍ത്തി മാറ്റാന്‍ ആ രാജ്യത്തോടു എന്തു വിട്ടുവീഴ്ചയ്ക്കും തയാറായിരുന്ന അമേരിക്കയാണ് ചൈനയുമായുള്ള വ്യാപാര യുദ്ധത്തിന് മുന്‍കൈ എടുത്തുകൊണ്ടിരിക്കുന്നത്. 1971 ന് ശേഷം പുതിയ ഒരു സാമ്പത്തിക നയത്തിന്റെ അടിസ്ഥാനത്തില്‍ വളരെ വേഗത്തിലാണ് ചൈന കുതിച്ചുകയറിയതും ലോകത്തിലെ രണ്ടാമത്തെ വന്‍ശക്തിയായി സ്ഥാനമുറപ്പിച്ചതും. അമേരിക്കയും ചൈനയും തമ്മിലുള്ള വാണിജ്യ യുദ്ധത്തിൽ ചതയുന്നത് കൊച്ച് യൂറോപ്യന്‍ രാഷ്ട്രങ്ങളാണ്. ഒറ്റക്കെട്ടായി നിന്നാല്‍ മാത്രമേ യൂറോപ്പിന് ഈ ദുസ്ഥിതിയില്‍ നിന്ന് കരകയറാനാവു. ഇതിന് നേതൃത്വം ഏറ്റെടുക്കാന്‍ ജര്‍മ്മനിയിലെ ആംഗെലാ മെര്‍ക്കലിന് ശേഷം ഫ്രാന്‍സിലെ ഇമാനുവല്‍ മാക്രോണ്‍ ശങ്കിക്കുമ്പോള്‍ യൂറോപ്യന്‍ യൂണിയനില്‍ ശേഷിച്ച 26 പേരില്‍ ആരു മുന്നോട്ടുവരുമെന്ന് ആര്‍ക്കും ഖണ്ഡിതമായി പറയാനാവില്ല. മാക്രോണ്‍ ശങ്കിച്ചുനില്‍ക്കുന്നത് ഒരു രാഷ്ട്രീയ അടവായിരിക്കാം. 1945 ല്‍ രണ്ടാം ലോകയുദ്ധം അവസാനിച്ചപ്പോള്‍ ഫ്രാ‍ന്‍സിന്റെ ഡിഗോള്‍ യൂറോപ്യന്‍ നേതൃത്വത്തിന് തയാറെടുത്തിരുന്നതാണ്. അന്ന് അമേരിക്കയുടെ കരുത്തിന് മുന്നില്‍ അതിനെ വെല്ലുവിളിക്കാന്‍ ഡിഗോളിന് പോലും കഴിയുമായിരുന്നില്ല. അതിനുള്ള സാഹചര്യങ്ങള്‍ ഇപ്പോള്‍ ഒത്തിണങ്ങിയിട്ടുണ്ടെങ്കിലും മാക്രോണ്‍ അതിന് അമിതോത്സാഹം പ്രദര്‍ശിപ്പിക്കാത്തത് ഒരു തന്ത്രമാകാനേ വഴിയുള്ളൂവെന്ന് പറഞ്ഞത് അതുകൊണ്ടാണ്. യൂറോപ്പ് ഒരു നാഥനില്ലാക്കളരിയായി മാറുകയാണോ എന്ന സംശയം പ്രകടിപ്പിക്കുന്നതും അതുകൊണ്ടുതന്നെയാണ്. ”വീണിതല്ലോ കിടക്കുന്നു ധരണിയില്‍” എന്ന ചൊല്ല് പുതിയ യൂറോപ്പിന്റെ ഈ നിസ്സഹായാവസ്ഥയ്ക്കുള്ള നല്ല വിവരണമായിരിക്കും. അങ്ങനെയുള്ള യൂറോപ്പിന്റെ ഭാവി പ്രവചിക്കുന്നത് ഒരു അധിക പ്രസംഗമാകും.

ENGLISH SUMMARY: Arti­cle about Europe